ADVERTISEMENT

മധ്യകേരളത്തിലെ ഒരു മലയാളി നാട്ടിൽ വീട് പണിയാൻ തുടങ്ങി. വീട് കണ്ടാൽ ആരുമൊന്ന് അമ്പരക്കണം, ഉള്ളിലേക്ക് കയറിയാൽ ഒരു ലക്ഷുറി ഹോട്ടലിലേക്ക് കയറിയ പ്രതീതി ആയിരിക്കണം. ഇങ്ങനെ ഒരുപാട് ഫാന്റസികൾ നിറഞ്ഞ സങ്കൽപമായിരുന്നു അയാൾക്കുണ്ടായിരുന്നത്.  ഭാര്യയ്ക്കാണെങ്കിൽ ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, വർക്ക് ഏരിയ തുടങ്ങി ഫുട്‍ബോൾ കളിക്കാനുള്ള സ്ഥലം വേണം അടുക്കളയിൽ. കുട്ടികൾക്കാണെങ്കിൽ മാർവൽ സൂപ്പർഹീറോസിന്റെ തീമിൽ ഒരുക്കിയ കിടപ്പുമുറി വേണം. ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റ് കേട്ട്, പണിയേറ്റെടുത്ത ഡിസൈനറിന്റെ കണ്ണുകൾ ബമ്പർ ലോട്ടറിയടിച്ച പോലെമിന്നി.

ഒരു ഫൈവ്സ്റ്റാർ ഹോട്ടൽ ലോബി പോലെയാണ് വീടിന്റെ സ്വീകരണമുറികൾ ചിട്ടപ്പെടുത്തിയത്. മുന്തിയ തേക്ക് പൊതിഞ്ഞ ഗോവണിയും ഫർണിച്ചറുകളും. നിലത്ത് വുഡൻ ഫ്ളോറിങ്. ചിലയിടത്ത് വോൾപേപ്പർ, നിലത്ത് ഇറക്കുമതി ചെയ്ത റഗ്ഗും പരവതാനികളും. വീടിന്റെ സ്ട്രക്ചറിനു മുടക്കിയ തുകയുടെ അടുത്തുനിൽക്കുന്ന തുകതന്നെ വീടിനെ 'ബ്യൂട്ടിപാർലറിൽ കയറ്റി സുന്ദരി'യാക്കാനായി അയാൾ പൊടിപൊടിച്ചു. ഏറ്റവും വലിയ വിരോധാഭാസം ഇദ്ദേഹം കുടുംബസമേതം നാട്ടിൽ സ്ഥിരതാമസമില്ല. വർഷത്തിൽ ഒരു തവണ വല്ലതും നാട്ടിൽ വന്നാലായി. 

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വീടിന്റെ സ്ട്രക്ചർ പണി നടക്കുന്ന സമയത്തായിരുന്നു 2018 ലെ മഹാപ്രളയം. അന്ന് വീടിനകത്ത് മുഴുവൻ വെള്ളം കയറി പണി മാസങ്ങളോളം തടസ്സപ്പെട്ടിരുന്നു. പക്ഷേ അതൊരു ഒറ്റപ്പെട്ട സംഭവമായി മിക്ക മലയാളികളെയും പോലെ അയാളും തള്ളിക്കളഞ്ഞു.

ഒടുവിൽ ആഗ്രഹിച്ച പോലെതന്നെ വീട് പൂർത്തിയായി. നാട്ടുകാരെ മുഴുവൻ വിളിച്ച് വർണാഭമായി ഗൃഹപ്രവേശം നടന്നു. കുറച്ചു ദിവസങ്ങൾക്ക്ശേഷം വീട് പൂട്ടിയിട്ട് ഗൃഹനാഥനും കുടുംബവും വിദേശത്തെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി.

ഇനിയാണ് വില്ലന്റെ റീഎൻട്രി. 2019 ലും പ്രളയം സംഹാരതാണ്ഡവമാടി. സമീപത്തുകൂടിയുള്ള പുഴ നിറഞ്ഞുകവിഞ്ഞു ഇദ്ദേഹത്തിന്റെ വീടിനുള്ളിൽ നിറയെ പ്രളയജലം ഇരച്ചെത്തി. താഴത്തെ നില മുഴുവൻ മുങ്ങി. ആഴ്ചകൾ കഴിഞ്ഞാണ് വീട്ടിലെ പൊറുതി മതിയാക്കി പ്രളയജലം ഇറങ്ങിപ്പോയത്.

അപ്പോഴേക്കും അയാൾ നാട്ടിലെത്തി. വീടിന്റെ പുറംകാഴ്ച കണ്ടയാൾ നടുങ്ങി. പുൽത്തകിടി വിരിച്ച മുറ്റം കാണാനില്ല. നിറയെ ചെളി അടിഞ്ഞുകൂടിയിരിക്കുന്നു. ഒരുവിധത്തിൽ അയാൾ വാതിൽ തുറന്നു. അകത്തെ കാഴ്ച അതിലും പരിതാപകരമായിരുന്നു. ലക്ഷങ്ങൾ പൊടിച്ചു പണിത ഇന്റീരിയർ മുഴുവൻ ചെളിയടിഞ്ഞു നശിച്ചു. അസഹീനമായ ദുർഗന്ധം, ഇഴജന്തുക്കൾ... മുന്തിയ വോൾപേപ്പർ, പാനലിങ്, വുഡൻ ഫ്ലോർ,  ലൈറ്റിങ്... മുഴുവൻ ഈർപ്പം കയറി നശിച്ചു. ഒടുവിൽ നിരവധി തൊഴിലാളികൾ അഹോരാത്രം പരിശ്രമിച്ചാണ് വീടിനെ വൃത്തിയാക്കിയെടുത്തത്.

 

ഗുണപാഠം...

പ്രളയം ഉണ്ടായത് അയാളുടെ തെറ്റ് കൊണ്ടല്ല. പക്ഷേ വീടുപണി നടക്കുമ്പോൾത്തന്നെ സ്ഥലം പ്രളയബാധിതമാണെന്ന് പ്രകൃതി നൽകിയ സൂചന അയാൾ കാര്യമായി എടുത്തില്ല എന്നത് ആദ്യത്തെ തെറ്റ്. അതിനനുസരിച്ച് ഇന്റീരിയർ ലളിതമാക്കിയിരുന്നെകിൽ ഇത്രയും നാശനഷ്ടം വരില്ലായിരുന്നു. സ്ഥിരതാമസം ഇല്ലാഞ്ഞിട്ടുകൂടി ആഡംബര ഹോട്ടൽ പോലെ വീടിന്റെ ഇന്റീരിയർ ഒരുക്കിയത് രണ്ടാമത്തെ തെറ്റ്. പ്രകൃതിവിഭവങ്ങളുടെ അനാവശ്യചൂഷണമാണ് അവസാനം പ്രളയമായും മറ്റു പ്രകൃതിദുരന്തങ്ങളായുമെത്തി എല്ലാം നശിപ്പിക്കുന്നത് എന്നോർക്കണം.

 

രത്നച്ചുരുക്കം..

വീടുകളുടെ അകത്തളം അനാവശ്യമായ കെട്ടുകാഴ്ചകൾ കൊണ്ട് നിറയ്ക്കുന്ന പ്രവണത കേരളത്തിൽ വർധിച്ചുവരികയാണ്. കാശുള്ളവർ ചെയ്യുന്നതുകണ്ട് സാധാരണക്കാർ പോലും ഇത് അനുകരിക്കുന്നു. വീട് ആഡംബരഹോട്ടലോ റിസോർട്ടോ അല്ല, നമുക്ക് കുടുംബസമേതം സമാധാനത്തോടെ താമസിക്കാനുള്ളതാണ് എന്ന ചിന്ത ഇനിയെങ്കിലും മലയാളികൾ മനസ്സിലാക്കണം.

English Summary- Malayali Spend Lakhs for House Interior; Mistakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com