ADVERTISEMENT

ഏതാനും വർഷം മുൻപാണ് ഞാൻ ഒരു ഹിമാലയൻ യാത്രയുടെ ഭാഗമായി കുടുംബവുമൊത്ത് ഹരിദ്വാറിൽ എത്തുന്നത്. ഹരിദ്വാർ, ഗംഗാ നദിയുടെ തീരത്തുള്ള മനോഹരമായ ഒരു പട്ടണമാണ്. അതിൽത്തന്നെ നദീതീരത്തേക്കു തുറക്കുന്ന ബാൽക്കണിയുള്ള ഒരു ഹോട്ടലിലാണ് ഞങ്ങൾ താമസിക്കുന്നത്. പക്ഷെ ഹോട്ടലിൽ ചെക് ഇൻ ചെയ്തപ്പോൾ ഒരു പ്രശ്നം. ഞങ്ങൾക്കൊപ്പമുള്ള കുടുംബ സുഹൃത്തായ അഭിലാഷിനും കുടുംബത്തിനും കുറച്ചു അപ്പുറത്തെ റൂം ആണ് ഇഷ്യൂ ചെയ്തത്.

'തൊട്ടടുത്തുള്ള റൂമുകൾ ഇല്ലേ ..?'

റിസപ്‌ഷൻ സ്റ്റാഫ് പരസ്പരം നോക്കി.

'അത് വേണ്ട സാർ, ആ റൂം ഞങ്ങൾ അങ്ങനെ ആർക്കും കൊടുക്കാറില്ല'.

എന്തോ പന്തികേട് മണക്കുന്നു. ഞാൻ കൂടുതൽ ഡീറ്റെയിൽസ് ചോദിച്ചു.

'അത് പതിമൂന്നാം നമ്പർ റൂം ആണ്, അടച്ചിട്ടിരിക്കുകയാണ്. കുറച്ചുകാലമായി ആരും അതിനുള്ളിലേക്ക്  പോകാറില്ല'.

ഇത്രയുമായപ്പോൾ എന്റെ ഉള്ളിലെ ഡോക്ടർ സണ്ണി ഉയിർത്തെഴുന്നേറ്റു, ചൂണ്ടുവിരൽ കൊണ്ട് കണ്ണട മൂക്കിലേക്കമർത്തിയ ശേഷം ശരീരം ഇടതുവശത്തോട്ടു അൽപം ചെരിച്ചു , വലതു കൈപ്പത്തി ശരീരത്തിന് ലംബമായി പിടിച്ച ശേഷം ലാലേട്ടൻ ശൈലിയിൽ ഞാൻ ചോദിച്ചു :

'രാത്രി കാലങ്ങളിൽ ആ റൂമിനുള്ളിൽ ചിലങ്ക കെട്ടി, ആരോ തമിഴ് പാട്ടു പാടി നൃത്തം ചെയ്യുന്നു, ഇതല്ലേ പ്രശ്നം.'

'അല്ല'

'അതുമല്ലെങ്കിൽ ഹോട്ടലിലെ ജനാല ചില്ലുകൾ എറിഞ്ഞുടക്കുന്നു, വസ്ത്രങ്ങൾക്ക് തീയിടുന്നു, അതിഥികൾക്കുള്ള ചായയിൽ ആരോ വിഷം കലർത്തുന്നു ..?'

'ഇതത്ര വലിയ വിഷയമല്ല, ഒരു ഡമ്മിയും, സൈക്കിൾ ചെയിനും വലിയൊരു പൈപ്പും കിട്ടിയാൽ  മതി, ഞാൻ സോൾവ് ചെയ്തു തരാം'.

'എന്റെ സാറേ, മണിച്ചിത്രത്താഴ് സിനിമയുടെ ഡബ്ബിങ് ഞങ്ങളൊക്കെ കണ്ടതാ, ഇത് പെയിന്റിങ്ങിന്റെ പ്രശ്നമാണ്. ആ റൂമിലെ പെയിന്റിങ് ആകെ പൊളിഞ്ഞിളകി വൃത്തികേടായതുകൊണ്ട് ഞങ്ങൾ ആർക്കും കൊടുക്കാറില്ല, സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു  എന്നേയുള്ളൂ'.

എന്റെ ഉള്ളിലെ ഡോക്ടർ സണ്ണി മരിച്ചു, റിസപ്‌ഷൻ സ്റ്റാഫ് കൊന്നു.എങ്കിലും ഞാൻ വിട്ടുകൊടുത്തില്ല, ആ റൂം എനിക്കൊന്നു കാണണമെന്ന് പറഞ്ഞപ്പോൾ മാനേജർ റൂം ബോയിയുടെ കയ്യിൽ അതിന്റെ താക്കോൽ കൊടുത്തു വിട്ടു. റൂം ബോയിക്കൊപ്പം ആ റൂം തുറന്ന ഞാൻ കണ്ട കാഴ്ച അതിനുള്ളിലെ ഒരു ഭിത്തിയിലെ പെയിന്റിങ് മൊത്തം പൊളിഞ്ഞിളകി വൃത്തികേടായ കാഴ്ചയാണ്.

wall-plaster-peel
Shutterstock image by vajaraphol

സംഗതി പിടികിട്ടി. എൻജിനീയർമാരുടെ ഭാഷയിൽ 'എഫ്‌ളോറസെൻസ്' എന്ന് വിളിക്കുന്ന ഒരു പ്രതിഭാസമാണിത്. മനഃശാസ്ത്രജ്ഞരുടെ ഭാഷയിൽ എന്താണ് ഇതിനെ വിളിക്കുക എന്നറിയില്ല. എങ്ങനെയാണ് ഇത് ഉണ്ടാവുന്നതെന്നു പറയാം.

ഭിത്തി നിർമ്മാണ വേളയിൽ ഉപയോഗിക്കുന്ന മെറ്റീരിയൽസിൽ  അടങ്ങിയിരിക്കുന്ന ലവണങ്ങൾ,  വെള്ളത്തോടൊപ്പം സഞ്ചരിക്കുന്നു. ഗുരുത്വാകർഷണ ബലം താഴോട്ടായതിനാൽ വെള്ളം മുകളിൽ നിന്നും താഴോട്ടാണ് വരിക. അങ്ങനെ താഴോട്ടു സഞ്ചരിച്ചു സഞ്ചരിച്ചു പ്ലിന്ത് ബെൽറ്റിൽ എത്തുന്നതോടെ ഈ വെള്ളത്തിനു വീണ്ടും താഴോട്ടു പോകാൻ കഴിയാതെ വരുന്നു. കാരണം, പ്ലിന്ത് ബെൽറ്റ് വെള്ളം പ്രായോഗിക തലത്തിൽ വെള്ളം ആഗിരണം ചെയ്യുന്ന ഒന്നല്ല.

ഇങ്ങനെ താഴോട്ടു പോകാൻ കഴിയാതെ വരുന്ന വെള്ളം ഭിത്തിയുടെ വശങ്ങളിലേക്ക് വരുന്നു, അവിടെ വച്ച് അന്തരീക്ഷവും ആയി സമ്പർക്കത്തിൽ വന്നു ബാഷ്പീകരിച്ചു സ്വർഗ്ഗത്തിലോട്ടു പോവുന്നു. എന്നാൽ ഇവിടെയാണ് പ്രശ്നം, വെള്ളത്തിന് ബാഷ്പീകരിച്ചു പോകാമെങ്കിലും, ഇത്ര നേരം കൂടെ വന്ന ലവണങ്ങൾക്ക്  അങ്ങനെ പോകാനാവില്ല. അവ പ്ലാസ്റ്ററിങ്ങിന്റെയും, പെയിന്റിങ്ങിന്റെയും പ്രതലത്തിൽ അടിയുന്നു, പ്ലാസ്റ്ററിങ്ങും, പെയിന്റിങ്ങും ഒക്കെ നശിപ്പിക്കുന്നു.

കാപ്പിലറി ആക്‌ഷനും ഇതിനു കാരണം ആകാമെങ്കിലും അതിനുള്ള സാധ്യത ചെറിയൊരു ശതമാനമാണ്. കാരണം ബഹുനില കെട്ടിടങ്ങളുടെ ഉയർന്ന നിലകളിൽ പോലും ഇത് കാണപ്പെടാറുണ്ട്. ഹരിദ്വാറിലെ ഹോട്ടൽ റൂമിൽ കണ്ടതും അതാണ്. പക്ഷെ സൈക്കോസിസിന്റെ ഇത്ര ഭീകരമായ ഒരു വേർഷൻ ഞാൻ ആദ്യമായി കാണുകയായിരുന്നു എന്ന് മാത്രം.

എഫ്‌ളോറസെൻസിന്റെ കാരണം പറഞ്ഞല്ലോ, എന്നാൽ എന്തുകൊണ്ടാണ് സമീപകാലത്തായി ഈ പ്രശ്നം ഇത്രയധികം രൂക്ഷമായത് ..?അതിനു മറുപടി പറയും മുൻപ് നമുക്ക് അൽപം ഭൂതകാലത്തിലേക്ക് പോകാം. ഗംഗയുടെ ഭൂതകാലം അന്വേഷിച്ചു സൈക്കിളിൽ പോയ ഡോക്ടർ സണ്ണിയെപ്പോലെ. മുൻപൊക്കെ ഒരു വീട് നിർമ്മിച്ചിരുന്നത് മിക്കവാറും മൂന്നു ഘട്ടങ്ങൾ ആയാണ്.

ഫൗണ്ടേഷൻ വർക്ക്‌ കഴിഞ്ഞാൽ കുറച്ചുകാലം പിന്നെ വർക്ക്‌ നിർത്തിവയ്ക്കും..അതുപോലെ സ്ട്രക്ച്ചറൽ വർക്കുകൾ കഴിയുമ്പോൾ വീണ്ടും നിർത്തും, മിക്കവാറും ഒരു വർഷം കഴിഞ്ഞേ പ്ലാസ്റ്ററിങ് അടക്കമുള്ള ഫിനിഷിങ് വർക്കുകൾ തുടങ്ങൂ. ഇതിനിടക്ക്‌ ചുവരിന് നന്നായി ഉണങ്ങാൻ സമയം കിട്ടും. അതിനുള്ളിലെ ജലാംശം മിക്കവാറും നഷ്ടപ്പെട്ടിരിക്കും എന്നർത്ഥം.

എന്നാൽ ഇന്ന് അങ്ങനെ അല്ല. സ്ട്രക്ച്ചറൽ വർക്കുകൾ കഴിഞ്ഞു ഏതാണ്ട് ഒന്നോ ഒന്നരയോ മാസം കഴിയുന്നതോടെ ചുവരുകൾ പ്ലാസ്റ്റർ ചെയ്യപ്പെടും.ഫലം ചുവരുകൾക്കുള്ളിലെ വെള്ളത്തിനു ബാഷ്പീകരിക്കപ്പെടാനുള്ള അവസരം നഷ്ടപ്പെടുന്നു, കാരണം പ്ലാസ്റ്ററിങ് ചുവരിലെ പൊതിയുന്നു. പിന്നെ അതിനുള്ളത് ഗുരുത്വാകർഷണ വിധേയമായി താഴോട്ടു പോവുക എന്ന ഓപ്‌ഷൻ മാത്രമാണ്. 

അതിനാൽ സമയം കിട്ടുമെങ്കിൽ സ്ട്രക്ച്ചറൽ വർക്കുകൾക്കു ശേഷം ഒരു വേനൽക്കാലമെങ്കിലും ചുവരുകൾ ഉണങ്ങാനായി കാത്തിരിക്കുക. എന്നാൽ റെയിൻ ഷേഡുകൾ ഇല്ലാത്ത കന്റെംപ്രറി മാതൃകയിൽ ഉള്ള വീടുകളിൽ ഈ പ്രശ്നം തുടർന്നുകൊണ്ടേയിരിക്കും.കാരണം ഓരോ മഴക്കും ചുവരുകൾ നനയുന്നു എന്നത് തന്നെ.

'ഇറ്റ് ഈസ് ഇൻക്യൂറബിൾ, അതിനു പരിഹാരം ല്ല്യാ' എന്നാണു സുപ്രസിദ്ധ വാസ്തുവിദ്യാ വിദഗ്ധൻ പുല്ലാറ്റുപുറം ബ്രഹ്മദത്തൻ തിരുമേനി ഇതേക്കുറിച്ചു പറഞ്ഞിട്ടുള്ളത്.എന്തായാലും ഹരിദ്വാറിലെ വിഷയത്തിൽ ഞാൻ ഒന്ന് ഇടപെടാൻ തീരുമാനിച്ചു.

റിസപ്‌ഷനിലേക്കു വിളിച്ചു മാനേജരോട് മെയിന്റനൻസ് സൂപ്പർവൈസറെ ഒന്ന് അയക്കാൻ പറഞ്ഞു. സ്ഥിരമായ ഒരു പരിഹാരം നിർദ്ദേശിക്കാൻ കഴിയാത്തതു കൊണ്ട് ചുവരിൽ നിന്നും ഒന്നോ ഒന്നരയോ ഇഞ്ചു വിട്ടു മാറി ഒരു വുഡൻ ക്ലാഡിങ് കൊടുക്കാൻ നിർദ്ദേശിച്ചു. പിന്നെ പെയിന്റ്  എത്ര പൊളിഞ്ഞിളകിയാലും അത് ക്ലാഡിങ്ങിനു പുറകിലായിരിക്കും, ആരും അറിയുക പോലും ഇല്ല. കാരണം ഒരു ദിവസത്തിനു മൂവായിരമോ, നാലായിരമോ രൂപ വാടക കിട്ടുന്ന റൂമാണ് ഈ ഒരൊറ്റ കാരണം കൊണ്ട് ഉപയോഗശൂന്യമായിരിക്കുന്നത്.  

വൈകുന്നേരം മാനേജർ എന്നെ വിളിച്ചു, ഒരുപാട് നന്ദി പറഞ്ഞു. രാവിലെ റൂം ഒഴിയുമ്പോൾ തന്നെ കണ്ടിട്ടേ പോകാവൂ എന്ന് പറഞ്ഞു.

'വലിയൊരു കാര്യം ചെയ്തു കൊടുത്തതല്ലേ, ചിലപ്പോൾ വാടക ഫ്രീ ആയി വിട്ടുതരാൻ ആയിരിക്കും' ശ്രീമതി പറഞ്ഞു.

'ഹേയ്, എന്തെങ്കിലും സ്‌പെഷൽ ബ്രേക്ക്ഫാസ്റ്റ് ആവാനേ വഴിയുള്ളൂ' ഞാൻ മനസ്സിൽ പറഞ്ഞു.

എന്തായാലും റൂം ഒഴിയുമ്പോൾ മാനേജരെ കണ്ടു. അദ്ദേഹം ഒരുപാട് നന്ദി പറഞ്ഞു. പിന്നെ അദ്ദേഹത്തിൻറെ ക്യാബിനിലേക്കു വിളിച്ചു ഒരു ചെറിയ പ്ലാസ്റ്റിക്ക് കവർ എന്റെ കയ്യിൽ തന്നു. ഒരു ലഡ്ഡുവും, ഒന്നുരണ്ടു ചെണ്ടുമല്ലിപ്പൂക്കളും, ഏതാനും ഉണക്കമുന്തിരിയും പിന്നെ ചുവന്ന ഒരു തുണിക്കഷണവും പുറമെനിന്ന് കാണാം.

'ഗംഗാമാതാ ക്ഷേത്രത്തിലെ പ്രസാദമാണ്. സാറിനെ ഗംഗാദേവി അനുഗ്രഹിക്കട്ടെ.' ഗ്ലാസ്സിട്ട ജനാലക്കപ്പുറം ശാന്തമായി ഒഴുകുന്ന ഗംഗാ നദിയെ നോക്കി ഞാൻ സർവ്വശക്തിയുമെടുത്തു വിളിച്ചു.

'ഗംഗേ'

അപ്പോൾ അപ്പുറത്തുനിന്നും ഗംഗാനദി മറുപടി പറയുന്നതുപോലെ എനിക്ക് തോന്നി.

'എന്നെ വെറുക്കല്ലേ നകുലേട്ടാ'

****

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com