ADVERTISEMENT

'വിശ്വാസം അതല്ലേ എല്ലാം'എന്നത് വെറുമൊരു പരസ്യ വാചകമായി കാണേണ്ട ഒന്നല്ല. വീടുപണിയിൽ അത്യാവശ്യം വേണ്ട ഒന്നാണീ 'വിശ്വാസം'.

ഞാൻ പഠിക്കാൻ വലിയ തരക്കേടില്ലായിരുന്നു എങ്കിലും സ്കൂൾ കഴിഞ്ഞ് പ്രീഡിഗ്രിക്ക് പോയപ്പോൾ കുറച്ച് നാൾ അടച്ചിട്ട പട്ടിയെ കൂട്ടിൽ നിന്ന് തുറന്ന് വിട്ട അവസ്ഥയായിരുന്നു.

അല്ലറ ചില്ലറ രാഷ്ട്രീയവും അത്യാവശ്യം നല്ല ഉഴപ്പുമായപ്പോൾ നാട്ടുകാർക്കും വീട്ടുകാർക്കും എന്നിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്താണെന്നല്ലേ? മറ്റൊന്നുമല്ല, മിക്ക നാട്ടുകാരെയും ബന്ധുക്കളെയും പോലെ ഇവൻ നന്നാവില്ല എന്ന 'വിശ്വാസം'! അതുകൊണ്ട്  ഈ വിശ്വാസവഞ്ചകന് വിശ്വാസത്തെ പറ്റി പറയാൻ യാതൊരു അവകാശവുമില്ലെന്ന് അറിയാം. എങ്കിലും പറയാതെ വയ്യ താനും!

നമ്മൾ മലയാളികൾ പലപ്പോഴും വീടു കെട്ടിപൊക്കുന്നത് പരസ്പര വിശ്വാസത്തിന്റെ മുകളിലാണ്. മണൽ കൊണ്ടു വരുന്നവർ അളവിലും ഗുണത്തിലും മായം കലർത്തില്ല എന്ന 'വിശ്വാസം'. മണൽവണ്ടിയിൽ വഴിയിലെ ഏതെങ്കിലും പൈപ്പിൽ നിന്ന് വെള്ളമടിച്ചിട്ട് ഇപ്പോൾ ആറ്റിൽനിന്ന് വാരിയ മണലാണെന്ന് പറഞ്ഞ് പറ്റിക്കില്ല എന്ന 'വിശ്വാസം'. തച്ചിന് നിർത്തുന്ന പണിക്കാർ അവർ ഒരു ദിവസം മാന്യമായ അധ്വാനം ചെയ്യുമെന്നുള്ള 'വിശ്വാസം'. കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോ പണിയാനുള്ള സുഖത്തിന് മണലും വെള്ളവും പരിധിയിൽ കൂടുതൽ ചേർക്കില്ല എന്നുള്ള 'വിശ്വാസം'.

കോൺക്രീറ്റ് ദിവസം, 'കുട്ടയെട്, ചട്ടി തട്ട്, ഒന്നുക്ക് മൂന്ന്'....അങ്ങനെ പല നാടൻ പ്രയോഗങ്ങളുമായി ലഹളയുണ്ടാക്കി വിയർത്തുകുളിച്ച് കോൺട്രാക്ടർ അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് കണ്ട് മിക്ക വീട്ടുടമസ്ഥരും റിലേ പോയി സിമൻറ് എത്രയാ ഇട്ടത് എന്ന് ചോദിക്കാൻ പോലും ത്രാണിയില്ലാതെ, ഉച്ചക്ക് കൊടുക്കാൻ പൊറോട്ടയോ ബിരിയാണിയോ വാങ്ങിക്കാൻ പോകുന്ന തക്കം നോക്കി  സിമൻറ് കുറച്ചിട്ട് കോൺക്രീറ്റ് ചെയ്യില്ല എന്നുള്ള 'വിശ്വാസം'.

കോൺക്രീറ്റിന് ശേഷം അടുത്ത സൈറ്റിലേക്ക് പതിനാല് ദിവസത്തിന് മുൻപ് തന്നെ തട്ടിളക്കി കൊണ്ട് ഓടില്ല എന്ന 'വിശ്വാസം'. പണി കഴിയുമ്പോ കൂലി കടം പറയാതെ കിട്ടും എന്നുള്ള പണിക്കാരന്റെയും കോൺട്രാക്ടുടെയും 'വിശ്വാസം'.

ഏതേലും വകയിലെ മാമൻ വഴി തടി ചുളുവ് വിലയ്ക്ക്  വാങ്ങിക്കുമ്പോ ഭാവിയിൽ അത് ചിതൽ പുറ്റ് ആകില്ല എന്ന 'വിശ്വാസം' (ചുളുവ് വിലയ്ക്ക്/ കൊള്ളലാഭത്തിന് ഒരു പരിചയക്കാരൻ വഴിയല്ലാതെ ഒരാളും വീടു പണിഞ്ഞിട്ടില്ല ! അപ്പോൾ  ഈ തടി വിറ്റവരെല്ലാം നഷ്ടത്തിൽ വിറ്റതാണോ എന്ന് ചോദിക്കല്ലേ)

400 Sqft നാല് ലക്ഷത്തിന് പണിഞ്ഞ് തരാം (1000/Sqft) എന്ന് പണി പിടിക്കാൻ വേണ്ടി പണിപിടിച്ച കോൺട്രാക്ടർ പാതിവഴിയാകുമ്പോൾ പണി നിർത്തില്ല എന്നുള്ള 'വിശ്വാസം'. ഇങ്ങനെ ഒരു കൂട്ടം വിശ്വാസത്തിന്റെ മേലെയാണ് നമ്മുടെ വീടുകൾ നിലനില്ക്കുന്നത്. വിശ്വാസവഞ്ചനകളില്ലാതെ പരസ്പര വിശ്വാസത്തിന്റെ ചുടുകട്ടയിൽ വീടുകൾ ഉയർത്താൻ നമുക്ക് സാധിക്കട്ടെ

വേറെ എവിടെയെങ്കിലും ലേശം മായം ചേർത്താലും (ചായയ്ക്ക് ലേശം കടുപ്പം കുറയുന്നത് പോലെയുള്ള ചെറിയ ഐറ്റംസ് ആണേ....) ഒരിക്കലും വീടു പണിയിൽ വിശ്വാസവഞ്ചന കാട്ടരുതേ എന്ന് വിനയപൂർവം അഭ്യർഥിക്കുന്നു.

***

ലേഖകൻ ചാർട്ടേർഡ് എൻജിനീയറായി ജോലിചെയ്യുന്നു.

English Summary-House Built Upon Trust- Designer Share Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com