ADVERTISEMENT

എന്റെ കോളജ് കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഗ്ളാമറുള്ള വ്യക്തി ആരാണെന്നു ചോദിച്ചാൽ നിങ്ങൾ കരുതുന്നപോലെ അത് ഞാൻ ആയിരുന്നില്ല. ഷാജി ആയിരുന്നു ആ ഒടുക്കത്തെ ഗ്ളാമറുകാരൻ. സത്യത്തിൽ ഈ ഷാജി എന്ന പേരിന് പ്രത്യേകിച്ച് അർഥം ഒന്നും ഇല്ലെങ്കിലും മതഭേദമില്ലാതെ ആളുകൾ സ്വീകരിച്ച പേരാണ് ഇതെന്നതിനാൽ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു നാലഞ്ചു ഷാജിമാർ.അതുകൊണ്ടുതന്നെ ആളെ തിരിച്ചറിയാനായി ഓരോ ഷാജിമാർക്കും ഞങ്ങളുടെ നാട്ടുകാർ ഓരോ വിളിപ്പേര് നൽകിയിരുന്നു. കോഴി ഷാജി, ഓട്ടോ ഷാജി, അലവലാതി ഷാജി, എന്നിങ്ങനെ.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ കഥാനായകനായ ഗ്ളാമർ ഷാജിക്ക് അങ്ങനെ വിശേഷിച്ചൊരു വിളിപ്പേര് ഉണ്ടായിരുന്നില്ല. ഷാജി ആളൊരു സുന്ദരക്കുട്ടപ്പനാണ്. ക്രീം പുരട്ടി മിനുക്കിയ തലമുടി, കൂളിങ് ഗ്ളാസ്, ആപ്പിൾ കവിളുകൾ, ഷേവ് ചെയ്തു മിനുക്കിയ മുഖം, ഇസ്തിരിയിട്ടു വടിപോലെ നിർത്തിയ കളർഫുൾ ഷർട്ട്, ബെൽറ്റ്‌, വടിവ് ഉലയാത്ത പാന്റ്, ബെൽറ്റിന് മാച്ചു ചെയ്യുന്ന തിളങ്ങുന്ന ഷൂ. ഇത്രയുമായാൽ ഷാജി ആയി.

ഷാജിയെപ്പോലെത്തന്നെ ഒരു ഗ്ളാമർ താരമാണ് ഷാജിയുടെ യമഹാ ബൈക്കും, കഴുകി തുടച്ച ആ ബൈക്കിൽ ഒരിക്കൽ പോലും ഒരിത്തിരി ചെളിയോ പൊടിയോ കണ്ടതായി ഞാൻ ഓർക്കുന്നില്ല. ഉച്ചക്ക് ടൗണിലെ പാരലൽ കോളേജുകൾ ഒക്കെ വിട്ടു പെൺകുട്ടികൾ ടൗണിലേക്ക് ഒഴുകുന്നതോടെ ഷാജിയും ടൗണിൽ എത്തും, അതോടെ പുള്ളിയുടെ ഗ്ളാമറിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഞാൻ അടക്കാനുള്ള മറ്റുള്ളവർ പത്തി താഴ്ത്തി പതിയെ മാളങ്ങളിലേക്കു മടങ്ങും, ഇതാണ് പതിവ്.

അങ്ങനെയിരിക്കെ ഷാജിക്ക് ഒരക്കിടി പറ്റി. ഒരക്കിടിയല്ല, ഒന്നൊന്നര അക്കിടി. പതിവുപോലെ ഷാജി തന്റെ ബൈക്കിൽ വരുമ്പോഴാണ് അത് സംഭവിക്കുന്നത്. മുന്നിൽ പോയിരുന്ന ഓട്ടോ ഒറ്റ വെട്ടിത്തിരിക്കൽ. അതോടെ ഷാജിയുടെ ബൈക്ക് ഓട്ടോയിൽ ഇടിച്ചു, അയാൾ താഴെ വീഴുകയും ചെയ്തു. ഷർട്ടും പാന്റും ഒക്കെ കീറിയതും ദേഹത്ത് അവിടവിടെ ചെറുമുറിവുകൾ ഉണ്ടായതും ഒഴിച്ചാൽ വേറെ കാര്യമായ പരിക്കൊന്നും പുള്ളിക്ക് പറ്റിയില്ല.

പക്ഷേ ഒരു പ്രശ്നമുണ്ട്.

ഒരു അപകടം നടന്നാൽ അത് ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്നതിനൊക്കെ വിദേശ രാജ്യങ്ങളിൽ കൃത്യമായ സംവിധാനം ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇതൊക്കെ കൈകാര്യം ചെയ്യുന്നത് ഓടിക്കൂടിയ നാട്ടുകാരാണ്. ഇവിടെയും അതുതന്നെ സംഭവിച്ചു. സന്തോഷ് ട്രോഫി നേടിയ കേരളാടീമിനെപ്പോലെ ഷാജിയേയും പൊക്കിപ്പിടിച്ചു ഞങ്ങളുടെ നാട്ടുകാർ വലിയൊരു ഘോഷയാത്രയായി അടുത്തുള്ള ആശുപത്രിയിലേക്ക് പോയി.

ആശുപത്രി ഒന്നും വേണ്ട, താൻ വീട്ടിൽ പോയി മരുന്ന് വച്ചുകൊള്ളാം എന്നൊക്കെ ഷാജി പറയുന്നുണ്ടെങ്കിലും ആതുരസേവാ തല്പരരായ ചെർപ്പുളശ്ശേരിക്കാർ അതൊന്നും ചെവിക്കൊണ്ടില്ല. അങ്ങനെ കേസ് ആശുപത്രിയിൽ എത്തി. മുറിവ് വച്ചുകെട്ടാനായി നഴ്സ് ഷാജിയുടെ വസ്ത്രങ്ങൾ ഊരി മാറ്റാൻ പറഞ്ഞപ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്.

ജീവൻ പോയാലും താൻ പാന്റ് അഴിച്ചുമാറ്റില്ലെന്നായി ഷാജി.

അതോടെ ഹെഡ് നഴ്‌സ് സാറാമ്മ രംഗത്തെത്തി.

'നിന്നെക്കാൾ വല്യവന്മാരെ ഞാൻ കണ്ടിട്ടുണ്ട്. ഊരടാ ചെറുക്കാ പാന്റ്'.

സംഗതി വഴക്കായി, നല്ല മുട്ടൻ വഴക്ക്. അതോടെ കേസിൽ നാട്ടുകാരും ഡ്യൂട്ടി ഡോക്ടർമാരും കക്ഷി ചേർന്നു. സംഗതി കൈവിട്ടുപോകും എന്ന അവസ്ഥ എത്തിയപ്പോൾ ഷാജി ഡ്യൂട്ടി ഡോക്ടറുടെ ചെവിയിൽ ആ നഗ്നസത്യം വെളിപ്പെടുത്തി. അതായത് ഇസ്തിരിയിട്ട തിളങ്ങുന്ന പാന്റും ഷർട്ടും ഒക്കെ ഇട്ടിട്ടുണ്ടായിരുന്നെങ്കിലും പുരുഷന്മാർ അവശ്യം ധരിക്കേണ്ടുന്ന ചില 'അധോലോക' വസ്ത്രാലങ്കാരങ്ങൾ ഷാജി ധരിച്ചിട്ടുണ്ടായിരുന്നില്ല. ഷാജി ആ ടൈപ്പല്ല. അതോടെ അന്നുവരെ വിളിപ്പേര് ഇല്ലാതിരുന്ന ഷാജിക്കും ഒരു വിളിപ്പേരായി.

'ഷഡ്‌ജം ഷാജി'.

***

ഇക്കഴിഞ്ഞ ദിവസം ഒരു വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ആണ് ഞാൻ വീണ്ടും ഷാജിയെ കുറിച്ചോർക്കുന്നത്. പ്രവാസിയായ ഒരു സുഹൃത്തിനു വേണ്ടിയാണ് കൊളോണിയൽ മാതൃകയിൽ ഉള്ള നടുമുറ്റത്തോടുകൂടിയ ആ വീട് ഞാൻ രൂപകൽപന  ചെയ്യുന്നത്.

രൂപകൽപന ചെയ്തത് ഞാൻ ആണെങ്കിലും അതിന്റെ സൂപ്പർവിഷൻ ചെയ്തിരുന്നത് ഉടമയുടെ സഹപാഠിയായ ഒരു എൻജിനീയർ തന്നെയായിരുന്നു. അതിനിടക്കാണ് പണിയുടെ പുരോഗതി അറിയിക്കാനായി ഓണർ ചുമ്മാ അയച്ചുതന്ന ഒരു ഫോട്ടോയിൽ എന്റെ കണ്ണുടക്കുന്നത്.

നടുമുറ്റത്തിനു ചുറ്റുമുള്ള തൂണുകൾക്ക് അസാധാരണമായ വീതിക്കുറവ്. 24 സെന്റീമീറ്റർ വീതി ഉദ്ദേശിച്ച തൂണുകൾക്ക് 20 സെന്റീമീറ്റർ മാത്രമാണ് വീതി തോന്നുന്നത്. എന്നാൽ അത്തരം ഒരു സാഹചര്യത്തിൽ വേണ്ടുന്ന സ്റ്റീലും അതിൽ ഉള്ളതായി തോന്നിയില്ല. തീർന്നില്ല.

pillar-house-mistakes
Representative Shutterstock Image © Dietmar Rauscher

ഏഴര അടിയോളം മാത്രം ഉയരം കൽപിച്ച അതേ തൂണുകളുടെ ഉയരം ഏതാണ്ട് ഒമ്പതടിയോളം എത്തി നിൽക്കുന്നു. ഒരു ഫോട്ടോയിൽ നിന്നും എങ്ങനെ ഇത് കണ്ടെത്താം എന്നല്ലേ ..? ഒരു കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങൾക്കും മുൻ നിശ്ചയിക്കപ്പെട്ട ഒരു വലുപ്പം ഉണ്ട്. അതുമായി താരതമ്യം ചെയ്‌താൽ ഒരു മൊബൈൽ ക്ലിക്കിൽ നിന്ന് പോലും പരിചയസമ്പന്നനായ ഒരാൾക്ക് ഇത് കണ്ടെത്താം.

'എന്തിനാണ് തൂണിന്റെ വീതി കുറച്ചതും നീളം വർധിപ്പിച്ചതും..?'

'ഭംഗി കൂട്ടാനാണ്'.

അപ്പോൾ അതാണ് കാര്യം. ബാഹ്യമായ ഭംഗി. കേരളത്തിൽ വീട് നിർമ്മാണ രംഗത്തെ നിലവിലുള്ള അവസ്ഥ ഇതാണ്. ഭംഗിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും ആളുകൾ ഒരുക്കമാണ്. അവിടെ നഷ്ടപ്പെടുന്നത് കെട്ടിടത്തിന്റെ ഉറപ്പോ, ഉപയുക്തതയോ എന്നത് ഒന്നും ഒരു വിഷയമല്ല.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന നല്ലൊരു ശതമാനം വീടുകളുടെ ചിത്രങ്ങളിലും ഈ പ്രവണത കാണാം. സുരക്ഷിതമല്ലാത്ത നീണ്ട തൂണുകൾ, അശാസ്ത്രീയമായ കാന്റിലിവറുകൾ, അശാസ്ത്രീയമായ റൂഫുകൾ. ഇതൊക്കെ ഉണ്ടാക്കുന്ന പരിണതഫലങ്ങൾ എങ്ങനെയെന്ന് ഒരാളും ചിന്തിക്കുന്നില്ല. ഇതൊക്കെ ചിന്തിക്കേണ്ട എൻജിനീയർമാർ തന്നെയാണ് ഇതൊക്കെ ചെയ്തുവെക്കുന്നത് എന്നതാണ് ഏറെ ഖേദകരം.

നമുക്ക് വീണ്ടും പഴയ തൂണിലേക്കു തന്നെ വരാം. എന്താണ് ഭാരം താങ്ങുന്ന തൂണുകൾക്കു ഒരു പരിധിയിൽ അധികം വീതി കുറഞ്ഞുപോയാൽ സംഭവിക്കുക ..?

അതറിയണമെങ്കിൽ സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിന്റെ ചില അടിസ്ഥാന തത്വങ്ങൾ നിങ്ങൾ അറിയണം.

കാരണം, ഐഎഎസ് എന്താണെന്നറിയുന്നതിനു മുൻപ് ഇന്ത്യ എന്താണെന്ന് അറിയണം എന്ന് മമ്മൂക്ക പണ്ട് കോഴിക്കോട് കളക്ടർ ആയിരുന്ന കാലത്തേ നമ്മളോട് പറഞ്ഞിട്ടുണ്ട്.

സത്യത്തിൽ ഏതൊരു വസ്തുവിന്റെയും ഉയരവും വീതിയും തമ്മിൽ ഒരു അനുപാതം ഉണ്ട്. ആ വസ്തുവിന്റെ സ്റ്റെബിലിറ്റിയിൽ ഈ അനുപാതം വഹിക്കുന്ന പങ്ക് വളരെ വലുതാണ് . ഈ അനുപാതത്തെയാണ് എൻജിനീയർമാർ 'സ്ലെണ്ടർനെസ് റേഷ്യോ' എന്ന് വിളിക്കുന്നത്.

ഉദാഹരിക്കാം.

കോൺക്രീറ്റിനേക്കാൾ എത്രയോ ബലമേറിയ ഒരു വസ്തുവാണ് സ്റ്റീൽ. എന്നാൽ ഈ സ്റ്റീൽ കൊണ്ടുണ്ടാക്കിയ ഒരു കുടക്കമ്പിയിൽ നേരിയ ഒരു ലോഡ് കൊടുത്താൽ അത് പൊട്ടുകയല്ല, മറിച്ചു വളഞ്ഞുപോവുകയാണ് ചെയ്യുക. കാരണം കുടക്കമ്പിയുടെ നീളം കൂടുതലും വണ്ണം നീളത്തെ അപേക്ഷിച്ചു വളരെ കുറവുമാണ്. ഇതാണ് നമ്മുടെ കേസിൽ സംഭവിച്ചതും.

കൂടുതൽ വ്യക്തമാക്കാം.

സ്ട്രക്ച്ചറൽ എൻജിനീയർമാരുടെ കണക്ക് അനുസരിച് ഒരു തൂണിന്റെ നീളത്തെ വീതി കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ 12 ൽ താഴെ ആണെങ്കിൽ അതിനെ ;ഷോർട്ട് കോളം' എന്നാണു വിവക്ഷിക്കുന്നത്. ഈ ഷോർട്ട് കോളങ്ങൾ താരതമ്യേന സുരക്ഷിതമാണ്.

എന്നാൽ ഈ സംഖ്യ 12 നും മുകളിലേക്ക് പോയാൽ അത് 'ലോങ്ങ് കോളം' ആയി മാറും. ഈ സംഖ്യ പന്ത്രണ്ടിൽ നിന്നും എത്രമാത്രം വർദ്ധിക്കുന്നുവോ അത്രമാത്രം റിസ്കും കൂടും. അവയ്ക്കു വളയാൻ ഉള്ള സാധ്യത ഏറെയാണ്, ഭൂചലനങ്ങളിലോ മറ്റ് അസാധാരണ സാഹചര്യങ്ങളിലോ അവ എളുപ്പത്തിൽ തകർന്നു പോകാം.

എന്നാൽ ലോങ്ങ് കോളം അസാധ്യമാണെന്നോ, നിർമ്മിക്കാൻ പാടില്ലാത്തതാണെന്നോ ഒരിടത്തും പറയുന്നില്ല. അവയുടെ ഡിസൈനിൽ സവിശേഷമായ സാങ്കേതികവിദ്യകൾ അവലംബിക്കണം എന്ന് മാത്രം. ഒടുവിൽ നമ്മുടെ കേസിൽ അധികമായ നീളം സുരക്ഷിതമായി പൊട്ടിച്ചു നീക്കാനുള്ള നിർദ്ദേശം നൽകി, അത് അവർ സ്വീകരിക്കുകയും ചെയ്തു.

പറഞ്ഞുവരുന്നത് ഇതാണ്.

ഒരു കെട്ടിടത്തിന്റെ ബാഹ്യമായ ഭംഗി മാത്രം കണ്ടു അതിനെ വിലയിരുത്തരുത്, അനുകരിക്കരുത്. ബാഹ്യഭംഗിയെ നിലനിർത്താൻ പര്യാപ്തമായ എന്തെങ്കിലും ഒക്കെ അകത്തും വേണം.അത് വീട് പണിയുടെ കാര്യത്തിൽ ആയാലും ശരി, വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ആയാലും ശരി. ഷഡ്‌ജം ഷാജിയുടെ കഥ നമ്മളോട് പറയുന്നതും അതാണ്.

ലേഖകൻ വിദേശത്ത് സിവിൽ എൻജിനീയറാണ്. ലേഖകന്റെ വാട്സ്ആപ് നമ്പർ- +971 50 731 0906

English Summary- Don't Judget A Building by its External Beauty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com