ADVERTISEMENT

പ്രിയപ്പെട്ടവരുടെ മരണം സൃഷ്ടിക്കുന്ന ശൂന്യതയിൽനിന്നും മുക്തരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മരിച്ചുപോയവരുടെ സ്വന്തമായിരുന്ന വസ്തുക്കൾ ഓരോ തവണ കാണുമ്പോഴും അവ പ്രിയപ്പെട്ടവരെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും. എന്നാൽ ഇത്തരം വേദനിപ്പിക്കുന്ന ഓർമ്മകളെ ചേർത്തുവച്ച് സ്വയം സാന്ത്വനിപ്പിക്കാനുള്ള മാർഗം ഒരുക്കി ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാവുകയാണ് 'സ്വീറ്റ് റൂട്ട്' എന്ന സംരംഭം. ബെംഗളൂരു സ്വദേശിനിയായ ഫറ അഹമ്മദാണ്  ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഫറയ്ക്ക് അമ്മയേയും സഹോദരനേയും നഷ്ടമായിരുന്നു. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന വിയോഗങ്ങൾ ഫറയുടെ ജീവിതംതന്നെ മാറ്റിമറിച്ചു. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന സമയത്ത് സ്വന്തമായി എന്തെങ്കിലും ചെയ്തു മനോബലം തിരികെനേടണം എന്ന് ഫറ ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് വീട് വൃത്തിയാക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അലമാരയിൽ നിറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചത്. അത് കളയാനോ മറ്റാർക്കെങ്കിലും കൊടുക്കാനോ മനസ്സ് അനുവദിച്ചില്ല. 

quilt-decor-view

നവജാത ശിശുക്കൾക്കായി വാങ്ങുന്ന വസ്ത്രങ്ങളിൽനിന്നും ഉപയോഗശൂന്യമാകുന്നവ ചേർത്ത് പുതപ്പുകൾ നിർമ്മിക്കുന്ന ഒരു സംരംഭത്തിന് മുൻപ് തന്നെ ഫറ തുടക്കം കുറിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ച് അമ്മയുടെ വസ്ത്രങ്ങൾ തുന്നിച്ചേർത്ത് സ്വയം ഒരു പുതപ്പ് അവർ നിർമ്മിച്ചെടുത്തു. മനസ്സ് കൈവിട്ടു പോകും എന്നു തോന്നുന്ന അവസരങ്ങളിൽ ആ പുതപ്പെടുത്ത് പുതയ്ക്കുമ്പോൾ അമ്മയുടെ സാമീപ്യവും കരുതലും തൊട്ടറിയുന്ന പ്രതീതിയാണ് ഫറയ്ക്ക് ഉണ്ടായത്. അങ്ങനെ സമാനമായ രീതിയിൽ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിഷമിക്കുന്നവർക്കായി പുതപ്പുകൾ നിർമ്മിച്ചുകൊടുക്കാം എന്ന ആശയത്തിൽ എത്തി. 

ഇതറിഞ്ഞ് സുഹൃത് വലയത്തിലുള്ളവരിൽതന്നെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പലരും പുതപ്പുകൾ വേണമെന്ന ആവശ്യവുമായി സമീപിച്ചു. അങ്ങനെ സ്വീറ്റ് റൂട്ട് ആളുകളുടെ മനസ്സിനോട് ചേർന്ന് വളർന്നു തുടങ്ങുകയായിരുന്നു. ഏതു സംരംഭത്തിലും പുതിയ ഒരു ഉത്പന്നം ഉണ്ടാക്കിയെടുക്കുന്നത് സംരംഭകർക്ക് സന്തോഷമാണ്. എന്നാൽ സീറ്റ് റൂട്ടിലെ ഓർമ്മ പുതപ്പുകളുടെ കാര്യത്തിൽ അത്തരമൊരു സന്തോഷം ഉണ്ടാവാറില്ല. വാങ്ങുന്നവർക്ക് അത് ഏറെ വിലപിടിപ്പുള്ളതാണെന്ന് തിരിച്ചറിയുന്നത് മാത്രമാണ് ഫറയുടെ സംതൃപ്തി. 

പുതപ്പുകൾ വാങ്ങുന്നവരിൽ പലരുടെയും കഥകൾ സ്വന്തം മനസ്സിന് ബലം നൽകാൻ സഹായിച്ചെന്നും ഫറ പറയുന്നു. മുൻപരിചയമില്ലാത്ത പലരുമായും ആത്മബന്ധം സൃഷ്ടിച്ചെടുക്കാനും സാധിച്ചു. ചെറിയ ഒരു കഷ്ണം വസ്ത്രത്തിൽ നിന്നും മറ്റൊരാൾക്ക് ലഭിക്കുന്ന സുരക്ഷിതത്വവും ആശ്വാസവും കാണുന്നതാണ് ഏറ്റവും വലിയ കാര്യം. ഇത്തരത്തിൽ ഓർമ്മകളെ ഒന്നായി ചേർത്ത് പിടിക്കുന്നതാണ് താൻ നിർമ്മിക്കുന്ന ഓരോ പുതപ്പിന്റെയും സമാനതകളില്ലാത്ത സവിശേഷത എന്ന് ഫറ പറയുന്നു. 

പുതപ്പുകൾ വാങ്ങുന്നവരിൽ പലരും ജീവിതത്തിലെ ഏറ്റവും വിഷമം തോന്നുന്ന ഘട്ടങ്ങളിലാണ് അത് ഉപയോഗിക്കുന്നത്. മരിച്ചുപോയവർ തൊട്ടടുത്തുണ്ടെന്ന് തോന്നുന്നു എന്നാണ് പലരുടെയും പ്രതികരണം. ചെറിയ തുക മാത്രം മുതൽമുടക്കി ആരംഭിച്ച സംരംഭം ഇപ്പോൾ പ്രതിവർഷം 80 ലക്ഷത്തിനടുത്ത് നേടുന്നുണ്ട്. ഒരുപക്ഷേ ഉപയോഗശൂന്യമായി വീടിനുള്ളിലെ സ്ഥലം കളയുമായിരുന്ന അല്ലെങ്കിൽ മാലിന്യ കൂമ്പാരത്തിൽ അവശേഷിക്കേണ്ടിയിരുന്ന ഒരുലക്ഷം കിലോഗ്രാമിൽപരം വസ്ത്രങ്ങളാണ് ഇക്കാലയളവിനുള്ളിൽ സ്വീറ്റ് റൂട്ടിലൂടെ പുനരുപയോഗം ചെയ്തെടുക്കാനായത്.  വീട് ഡിക്ലട്ടർ ചെയ്യാനും പഴയ സാധനങ്ങൾ റീസൈക്കിൾ- റീയൂസ് ചെയ്യാനും ഇതിലൂടെ ഉപകരിക്കുന്നു.

ഓൺലൈനിലൂടെ അയച്ചുതരുന്ന വസ്ത്രങ്ങളെപറ്റി ഓരോരുത്തരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വേണ്ട വലുപ്പവും ആകൃതിയും അറിഞ്ഞശേഷം അവ തുന്നിച്ചേർക്കാൻ ആരംഭിക്കും. രണ്ടാഴ്ച സമയമെടുത്താണ് പുതപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നത്. 2500 രൂപയാണ് ഏറ്റവും കുറഞ്ഞ വില. വലുപ്പം അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. മരണപ്പെട്ടവരുടെ വസ്ത്രങ്ങൾ മാത്രമല്ല ഉപയോഗശൂന്യമായ മറ്റു വസ്ത്രങ്ങളും കളയാൻ താല്പര്യമില്ലാതെ അതുപയോഗിച്ച് പുതപ്പുകൾ നിർമ്മിച്ചു നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ആളുകൾ ഫറയെ സമീപിക്കുന്നുണ്ട്.

English Summary- Memory Quilts from Old Clothes- Declutter House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com