ADVERTISEMENT

പഠനമൊക്കെ കഴിഞ്ഞു അൽപസ്വൽപം പ്ലാൻ വരപ്പും സൂപ്പർവിഷനും ഒക്കെയായി നാട്ടിൽ ചുറ്റിത്തിരിയുമ്പോഴാണ് തരക്കേടില്ലാത്ത ഒരു വീട് രൂപകൽപന ചെയ്യാൻ അവസരം കിട്ടുന്നത്. ഈ 'തരക്കേടില്ലാത്ത' വീട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് വലിയ വീട് എന്നല്ല. സൈറ്റിന്റെ പ്രത്യേകതകളും ആർക്കിടെക്ച്ചർ ശൈലിയും ഉടമയുടെ മനോഭാവവും അദ്ദേഹം തരുന്ന ഡിസൈൻ ഫ്രീഡവും ഒക്കെ അതിൽ ഉൾപ്പെടും. ലോകത്തു മറ്റെവിടെ ലഭിക്കുന്ന അംഗീകാരത്തെക്കാളും മികച്ചതാണ് സ്വന്തം നാട്ടിൽ ലഭിക്കുന്ന അംഗീകാരം എന്നതിനാൽ ആഴ്ചകൾ എടുത്തു മിനക്കെട്ടു പണിയെടുത്താണ് ആ ജോലി പൂർത്തീകരിച്ചത്. 

ഉടമ ഹാപ്പി, ഞാൻ ഡബിൾ ഹാപ്പി.

അങ്ങനെ കുറ്റിയടിക്കുന്ന ദിവസമെത്തി. ഉടമസ്ഥന്റെ കുടുംബത്തിലെ കാരണവന്മാരും മറ്റു ബന്ധുക്കളും ഒക്കെ വന്നിട്ടുണ്ട്. വീടിനടുത്തുതന്നെയുള്ള ഒരു വാസ്തുവിദ്യക്കാരനും വന്നിട്ടുണ്ട്. അദ്ദേഹം വന്നു പ്ലാൻ എടുത്തു നോക്കി.

'ഈ ടോയ്‌ലെറ്റ് ഇവിടെ നിൽക്കില്ല, സ്ഥാനം മാറ്റണം'.

ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഒരു പ്ലാനിൽ നിന്നും ഒരു ടോയ്‌ലറ്റിന്റെ സ്ഥാനം മാറ്റുക എന്നല്ല ഏതെങ്കിലും റൂമിന്റെ അളവ് അൽപം  കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‌താൽ പോലും അതിന്റെ താളം തെറ്റും, ആ ചെയ്യുന്നത് അടുക്കിവെച്ച അനേകം പ്ളേറ്റുകളുടെ ഇടക്കുനിന്നും ഒരെണ്ണം വലിച്ചെടുക്കുന്നതുപോലെയാണ്.

വാസ്തുവിദ്യയുടെ എബിസിഡി അറിയാതിരുന്ന ഞാൻ നിസ്സഹായനായി, കൂട്ടിനു കുറെ കാരണവന്മാരും ചേർന്നതോടെ ഒറ്റനിമിഷം കൊണ്ട് ആ പ്ലാൻ എനിക്ക് അന്യമായി. കുറ്റിയടിക്കൽ കഴിഞ്ഞു ഉടമ എന്റെ കയ്യിലേക്ക് വച്ചുതന്നെ ഏതാനും നൂറുരൂപാ നോട്ടുകൾ എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു. വീട്ടിലെത്തിയതും ഞാൻ വേദനയോടെ ആ പ്ലാൻ നൂറുനൂറു കഷണങ്ങളായി കീറിയെടുത്തു ക്ളോസറ്റിലിട്ടു ഫ്ലെഷ്‌ ചെയ്തു.

പെട്ടെന്നവിടെ ഒരു അദ്‌ഭുത സംഭവമുണ്ടായി, ക്ളോസറ്റിനുള്ളിൽനിന്നും ടോയ്‌ലറ്റ് ദേവത പ്രത്യക്ഷപ്പെട്ടു. ദേവതയ്ക്ക് നാല് കൈകളുണ്ട്. ഒരു കയ്യിൽ ഒരു ടോയ്‌ലറ്റ് ബ്രഷ്, മറ്റേ കയ്യിൽ ഹാർപ്പിക്കിന്റെ ഒരു ബോട്ടിൽ, മൂന്നാമത്തെ  കൈയിൽ കണ്ണാടി തുടയ്ക്കുന്ന സ്പോഞ്ച്. അവസാനത്തെ കൈ ഫ്രീയാണ്.

നാല് കയ്യിലെ ഒരെണ്ണം ഇടക്ക്  ജലദോഷം വന്നാൽ മൂക്ക് ചീറ്റാനോ കൊതുകിനെ തല്ലിക്കൊല്ലാനോ, പുറം ചൊറിയാനോ, ബസ്സിന്‌ കൈ കാണിക്കാനോ ഒക്കെ ആയി ഫ്രീയാക്കി ഇടുന്നതാണ് നല്ലതെന്നു ദേവതയ്ക്കും ബോധ്യപ്പെട്ടിട്ടുണ്ടാവാം. ദേവത എന്നോട് കാര്യം അന്വേഷിച്ചു, വാസ്തുവിദ്യക്കാരൻ ടോയ്‌ലറ്റിന്റെ കാര്യം പറഞ്ഞു എനിക്കിട്ടു പണിതന്ന കാര്യം ഞാനും ദേവതയെ ബോധിപ്പിച്ചു.

എന്നാൽ ഞാൻ പ്രതീക്ഷിച്ചപോലെ ദേവത എന്നെ ആശ്വസിപ്പിക്കുകയല്ല, മറിച്ചു എന്നോട് ചൂടാവുകയാണ് ചെയ്തത്.

'താനേതു കോത്താഴത്തെ എൻജിനീയറാടോ, നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ട വാസ്തു ഗ്രന്ഥങ്ങളിൽ വീട്ടിനകത്തിരുന്ന് അപ്പിയിടാനുള്ള കാര്യം എഴുതി വച്ചിട്ടുണ്ടെന്നു തനിക്കു തോന്നുന്നുണ്ടോ..?'

'അപ്പോൾ അങ്ങനെ ഒരു നിയമം ഇല്ലേ ..?'

'ഒലക്ക. എടോ, ഈ വാസ്തുവിദ്യയിലെ ഏറ്റവും പുതിയ ആധികാരിക ഗ്രന്ഥം, മനുഷ്യാലയ ചന്ദ്രിക എഴുതപ്പെട്ടതുതന്നെ പതിനാറാം നൂറ്റാണ്ടിലാണ്. ആ പുസ്തകം എഴുതിയ തിരുമംഗലത്തു നീലകണ്ഠൻ മൂസത്, ക്ളോസറ്റ്‌ എന്നൊരു സാധനം സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. മനുഷ്യരാരും വീട്ടിനകത്തിരുന്നു അപ്പിയിടുന്ന കാലം വരുമെന്നും ചിന്തിച്ചിട്ടില്ല. പിന്നെ എങ്ങനെയാടോ അക്കാലത്തെ ആചാര്യന്മാർ എഴുതിയ ഗ്രന്ഥങ്ങളിൽ വീട്ടിനകത്തെ ടോയ്‌ലെറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നത് ..?'

ഞാനാകെ ഇളിഭ്യനായി. പ്രബുദ്ധ കേരളത്തിൽ വസിക്കുന്ന അഭ്യസ്തവിദ്യനായ എന്നെ ഒരു തട്ടിപ്പുകാരൻ നൈസായി പറ്റിച്ചു, ഇനി പറഞ്ഞിട്ട് കാര്യമില്ല. കോടതി പിരിഞ്ഞ ശേഷം വക്കീലിന് വകുപ്പ് ഓർമ്മവന്നിട്ടു യാതൊരു കാര്യവും ഇല്ലെന്നാണ് പ്രമാണം. 

എന്തായാലും പറ്റിയത് പറ്റി, ഇനിയിപ്പോൾ ദേവതയോട് ടോയ്‌ലറ്റ് സംബന്ധമായ സംശയങ്ങൾ എല്ലാം ക്ലിയർ ചെയ്യുന്നതാണ് ബുദ്ധി.     

'ടോയ്‌ലറ്റ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ..?'

'അത് പറയാം, കുറച്ചധികം പറയാനുണ്ട്, ബോറടിക്കരുത്'.

'അതിനു മുൻപേ ചോദിക്കട്ടെ, എന്ത് പിണ്ണാക്കിനാണ് നിങ്ങൾ മലയാളികൾ വീട്ടിനകത്തു ഇത്രയും ടോയ്‌ലറ്റ് ഉണ്ടാക്കി കൂട്ടുന്നത് ..?'

'എടോ, നിങ്ങൾ മനുഷ്യർക്ക് ഒരു പ്രായം കഴിയുമ്പോൾ ഈ ടോയ്‌ലറ്റൊക്കെ മെയിന്റൈൻ ചെയ്യാൻ ബുദ്ധിമുട്ടാവും. ആഴ്ചയിൽ ഒന്നെങ്കിലും ഫ്ലെഷ് ചെയ്യാത്ത ടോയ്‌ലെറ്റിലെ വാട്ടർസീൽ വറ്റി ടാങ്കിനകത്തെ ദുർഗ്ഗന്ധം വീട്ടിനകത്തെത്തും'.

ഞാനോർത്തു. നേരാണ്. ടീവിയിലെ പരസ്യത്തിൽ നമ്മുടെ ടോയ്‌ലറ്റ് ക്ളീൻ ചെയ്യാൻ സിനിമാനടൻ അബ്ബാസും, അക്ഷയ് കുമാറും ഒക്കെ വരുമെങ്കിലും അതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല. ഇതൊക്കെ നമ്മൾ തന്നെ ഉരച്ചു കഴുകേണ്ടി വരും.

'ഇങ്ങനെ ചലനമില്ലാതെ കിടക്കുന്ന ടോയ്‌ലറ്റിലെ വാട്ടർ സീലിൽ നിന്നും വെള്ളത്തിലടങ്ങിയ ധാതുക്കൾ പതിയെ ക്ളോസറ്റിന്റെ പ്രതലത്തിൽ പറ്റിപ്പിടിക്കും, ക്ളോസറ്റ് കറുത്ത നിറത്തിലാവും. പിന്നെ ടോയ്‌ലറ്റ് ദേവതയായ ഈ ഞാൻ വിചാരിച്ചാൽ പോലും രക്ഷയില്ല'.

'ടോയ്‌ലെറ്റ് ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ എന്തൊക്കെയാണ്..?' 

'സത്യത്തിൽ ടോയ്‍ലറ്റുകൾ വീതി കുറച്ചു നീളം കൂട്ടി ചെയ്യുന്നതാണ് ബുദ്ധി. നമ്മൾ ഡോർ തുറന്നു ടോയ്‌ലറ്റിനകത്തു പ്രവേശിക്കുമ്പോൾ ആദ്യം കിട്ടേണ്ടത് വാഷ് ബേസിനും ക്ളോസെറ്റും അടങ്ങുന്ന ഡ്രൈ ഏരിയ ആണ്. അത് കഴിഞ്ഞാണ് ഷവർ നിൽക്കുന്ന വെറ്റ് ഏരിയ ഉണ്ടാവേണ്ടത്. ഈ ഷവർ ഏരിയ രണ്ടോ മൂന്നോ ഇഞ്ചു താഴ്ത്തി നിർത്തുന്നതും നല്ലതാണ്.'

അതുപോലെ വസ്ത്രങ്ങൾ തൂക്കിയിടാനുള്ള ഹുക്കുകളും ടവൽ റാഡുകളും ഒക്കെ ഈ ഡ്രൈ ഏരിയയിൽ ആയിരിക്കണം. 'അതുപോലെ വേറൊന്നു പറയാനുള്ളത് എത്ര നല്ല ടോയ്ലറ്റ് ഉണ്ടാക്കിയാലും നിങ്ങൾ മലയാളികൾ അതിനകത്തൊരു മൂലയിൽ ഒരു ബ്രഷും, രണ്ടു വൃത്തികെട്ട കുറ്റിച്ചൂലും കൊണ്ടുവന്നു വയ്ക്കും. എന്തോന്നെടെ ഇത് ..?' 

'അതുപിന്നെ ഓരോരോ കീഴ്വഴക്കങ്ങൾ ആവുമ്പൊ ..' ഞാൻ തല ചൊറിഞ്ഞു.

'അതാണ് പറയുന്നത്, ഇമ്മാതിരി കച്ചറ പിച്ചറ സാധനങ്ങൾ ഒക്കെ എടുത്തു വക്കാൻ ഡ്രൈ ഏരിയയിൽ ചുവരിനുള്ളിലേക്കായി ഒരു ക്യാബിനറ്റ് പണിയാം. ഡോർ തുറന്നിടുമ്പോൾ ആ വാതിൽ മറയ്ക്കുന്ന പോലെ ഒരു മൂലയിൽ ആണ് ഇതുള്ളതെങ്കിൽ അങ്ങനെയൊരു സാധനം അതിനകത്തുള്ള കാര്യം നാസയ്ക്കു പോലും പിടികിട്ടില്ല. മനസ്സിലായോടോ ..?'

'പിന്നെ സാനിറ്ററി ഫിറ്റിങ്ങുകളുടെ കാര്യം. കഴിവതും ക്ളോസെറ്റും, വാഷ് ബേസിനും ഒക്കെ വാൾ ഹാങ്ങിങ് ആകുന്നതാണ് ബുദ്ധി'

കാരണം..?

ഈ ഫിറ്റിങ്ങുകൾ ഒക്കെ ഫ്ളോറുമായി സന്ധിക്കുന്ന ഇടങ്ങളിൽ കാലക്രമേണ അഴുക്കു പറ്റും. മാത്രമല്ല ഫ്ലോർ ക്ളീനിംഗിനും അതാണ് നല്ലത്.

'അതുപോലെ ടൈലിങ് നടക്കുമ്പോഴും ശ്രദ്ധ വേണം. ടോയ്‌ലറ്റിനകത്തു ഇവിടെ വെള്ളം വീണാലും ഏതാണ് പത്തുപതിനഞ്ചു സെക്കന്റിനുള്ളിൽ അത് ഒഴുകിപ്പോകുന്ന വിധത്തിൽ ടൈലിനു ചെരിവ് കൊടുക്കണം.' 

'വെള്ളം കെട്ടിനിൽക്കുന്ന സമയം കൂടുംതോറും വഴുക്കൽ പിടിക്കാനുള്ള സാധ്യതയും കൂടും. പണി നടക്കുന്ന സമയത്തുതന്നെ ഒരു മഗ്ഗു വെള്ളം എടുത്തൊഴിച്ചു വീട്ടമ്മമാർക്കും കുട്ടികൾക്കും വരെ ഈ ഡ്രൈനേജ് സ്ലോപ്പ് ചെക്ക് ചെയ്യാവുന്നതേ ഉള്ളൂ'.

ദേവത ആള് പുലിതന്നെ, ഞാൻ മനസ്സിലോർത്തു.

'ടൈലിന്റെ സെലക്ഷനിൽ എന്തെങ്കിലും ..?'

'കഴിവതും ഇളം നിറത്തിലുള്ള ടൈൽ ആണ് നല്ലത്. കളർ ടൈലുകൾ ആദ്യകാലങ്ങളിൽ പുതുമ തോന്നിക്കും. എങ്കിലും കാലക്രമത്തിൽ അതിനു ഫേഡിങ് സംഭവിക്കുമ്പോൾ ടോയ്‌ലറ്റ് പഴഞ്ചനായി തോന്നും. മാത്രമല്ല വെളിച്ചം കിട്ടാനും ഇളം നിറമാണ് നല്ലത്. അതുപോലെ വലിയ വലുപ്പത്തിലുള്ള വാൾ ടൈലുകൾ ഉപയോഗിച്ചാൽ ടൈൽ ജോയന്റുകൾ കുറയും. ജോയന്റുകളിൽ ചളി പിടിച്ചുള്ള കാഴ്ചയും ഒഴിവാക്കാം. ഡിസൈനുകൾ ഉള്ള ടൈലുകളും കാലക്രമത്തിൽ പഴക്കം വിളിച്ചറിയിക്കും. 

'ഈ വെള്ളയും ഇളം നിറങ്ങളും എക്കാലത്തും ട്രെൻഡി ആണെന്ന് പറയാൻ എന്താണ് കാരണം ..?. ഞങ്ങൾ മലയാളികൾക്ക് വേറാരും ഉപയോഗിക്കാത്ത കളറുകൾ ഉപയോഗിക്കുക എന്നത് ഒരു വീക്നെസ്സായാണ്'.

'എടോ പ്രേം നസീറിന്റെ കാലത്തു വെള്ള ഷർട്ട് ഫാഷനാണ്, ഇപ്പൊ ദുൽഖർ സൽമാന്റെ കാലത്തും വെള്ള ഷർട്ട് ട്രെൻഡാണ്. പിടി കിട്ടിയോ ..?' മാത്രമല്ല ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഈ ഇളം നിറത്തിലുള്ള കോമ്പിനേഷനാണ് ടോയ്‌ലെറ്റുകളിൽ ഉപയോഗിക്കുന്നത്.

ലൈറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും ..?

'പൊതുവെ നിങ്ങൾ മലയാളികൾ ടോയ്‌ലറ്റിലെ ലൈറ്റിങ്ങിനെ കുറിച്ച് അധികം ചിന്തിക്കാറില്ല. മറ്റു സ്ഥലങ്ങളിലേതു പോലെ ടോയ്‌ലറ്റിനകത്തും നല്ല വെളിച്ചം വേണം. കണ്ണാടിക്കു മുകളിലായി മിറർ ലാമ്പും വേണം.'

'കൂടുതൽ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അത് പിന്നീടാകാം. എനിക്കും അൽപം ധൃതിയുണ്ട്. രാവിലെ മുതൽ തിരക്കിനിടക്ക് ബാത് റൂമിൽ പോകാൻ പോലും സമയം കിട്ടിയിട്ടില്ല'.

'എന്തായാലും ഞാനീ പറഞ്ഞ കാര്യങ്ങൾ നീ ലോകത്തോട് പറയണം. അങ്ങനെ കേൾക്കുന്നവർ ആ വിവരം മിനിമം അമ്പതു പേരോട് പറയണം. അങ്ങനെ ചെയ്യുന്നവർക്ക് ഗുണഫലങ്ങളുണ്ടാവും.'

അല്ലാത്തവർക്ക് ഞാൻ നല്ല മുട്ടൻ പണി കൊടുക്കും. ദേവത കണ്ണുരുട്ടി, പിന്നെ അപ്രത്യക്ഷയായി.

ഇക്കാര്യം എന്നിൽനിന്നറിഞ്ഞ നമ്മുടെ കോലറയ്ക്കൽ മൊയ്തുട്ടി ഹാജി 'ഇതൊക്കെ ഓന്റെ  വെറും തള്ള് ആണ്' എന്ന് പറഞ്ഞു ചിരിച്ചതിന്റെ രണ്ടാം ദിവസം അദ്ദേഹത്തിന്റെ ലേറ്റസ്റ്റ് ഐഫോൺ ക്ളോസറ്റിൽ വീണു കേടായി... ഈ സന്ദേശം വാട്സാപ്പിലൂടെ അനേകം ആളുകളുമായി പങ്കുവച്ച കാഞ്ഞിരപ്പള്ളി കറിയാച്ചന്റെ മോൻ സോണി  ക്ളോസറ്റിൽ  ഇരിക്കുമ്പോൾ ദുബായി ഡ്യൂട്ടിഫ്രീയുടെ ലോട്ടറിയടിച്ച വിവരം എസ് എം എസ്സായി ലഭിച്ചു...ആ വാട്സ്ആപ് മെസേജ് ഡിലീറ്റ് ചെയ്ത പാലക്കാട്ടെ സോമനാഥ അയ്യരുടെ ക്ളോസറ്റ്‌ രണ്ടു ദിവസത്തിനുള്ളിൽ ബ്ലോക്കായി ..

ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട് ..

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്

English Summary- Myths and Facts in Toilets in Malayali Houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com