ADVERTISEMENT

ഏതാനും വർഷം മുൻപ് മധ്യകേരളത്തിലെ സീനിയറായ ആ വക്കീലിന്റെ വീട്ടിലെത്തിയപ്പോഴാണ് എനിക്ക് കലശലായി മൂത്രമൊഴിക്കാൻ മുട്ടുന്നത്. എന്നാൽ ഞാൻ വക്കീലിന്റെ വീട്ടിലെത്തുന്നത് എന്തെങ്കിലും ജാമ്യം വാങ്ങാനോ , എന്റെ പേരിൽ എന്തെങ്കിലും കേസുണ്ടായിട്ടോ അല്ല, എന്റെ കൂട്ടുകാരൻ ഒരു വക്കീലിന് അദ്ദേഹത്തെ കാണണമായിരുന്നു, അവധിക്കുവന്നു പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുന്ന ഞാൻ ഡ്രൈവറായി കൂടെ പോയി, അത്രത്തന്നെ. അതുകൊണ്ടുതന്നെ കേവലം ഒരു സാരഥിയായ ഞാൻ, 'സാറേ, ഒന്നിന് പോകണം' എന്ന് പറഞ്ഞപ്പോൾ സീനിയറിന് ഇഷ്ടപ്പെട്ടില്ല, ആ ഇഷ്ടമില്ലായ്മ മുഖത്തു പ്രകടമാക്കിക്കൊണ്ടുതന്നെ അദ്ദേഹം വീട്ടിനകത്തുള്ള കോമൺ ടോയ്‌ലറ്റിലേക്കുള്ള വഴി കാണിച്ചു. 

മൂത്രമൊഴിക്കാൻ മുട്ടി നിൽക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും ആസ്വാദ്യകരമായ കാര്യങ്ങളിൽ ഒന്നാണ് അക്കാര്യം നിർവ്വഹിക്കൽ. അങ്ങനെ അത്യന്തം ആനന്ദത്തോടും ചാരിതാർത്യത്തോടും കൂടി ആ കർമ്മം നിർവ്വഹിക്കുന്നതിനിടയിലാണ് മൂത്രം മരവിച്ചുപോകുന്ന ആ ഭീകരദൃശ്യം ഞാൻ കാണുന്നത്. ബാത്റൂമിലെ വാൾ ടൈലുകൾ എല്ലാം പൊട്ടിയിരുന്നു. പൊട്ടിയിരിക്കുന്നു എന്ന്  പറഞ്ഞാൽ ചിലന്തിവല പോലെ പൊട്ടിയിരിക്കുന്നു.

മൂത്രമൊഴിക്കാൻ വലിഞ്ഞുകയറി വന്നവൻ അക്കാര്യം സാധിച്ചു തിരികെ പോവുക എന്നതാണ് ഒരു നാട്ടുമര്യാദ എങ്കിലും എന്റെ ജിജ്ഞാസ മൂലം വല്യ വക്കീലിനോട് ഞാനതിന്റെ കാരണം അന്വേഷിച്ചു. ഉള്ളത് പറയണമല്ലോ, അൽപം ഗൗരവക്കാരനായ മൂത്ത വക്കീലിന് അതൊട്ടും പിടിച്ചില്ല. 

ഒരു പരിചയവുമില്ലാത്ത ഒരുത്തൻ വീട്ടിലോട്ടു വലിഞ്ഞു കയറി വന്നു മൂത്രമൊഴിക്കണമെന്നു പറയുക, അതും കഴിഞ്ഞു വീട്ടിലെ ടോയ്‌ലറ്റിനെ കുറ്റം പറയുക എന്നൊക്കെ പറഞ്ഞാൽ വക്കീലെന്നല്ല സുപ്രീം കോടതി ജഡ്ജി പോലും ക്ഷമിക്കില്ല എന്നതിനാൽ അദ്ദേഹം എന്നോട് സ്മൂത്തായി പുറത്തു കാത്തിരിക്കാൻ പറഞ്ഞു. കാര്യങ്ങൾ ഇത്രയുമായപ്പോൾ ചെറിയ വക്കീൽ ഇടപെട്ടു.

'ആള് അങ്ങ് അബുധാഫിയിൽ കക്കൂസൊക്കെ പണിയുന്ന എൻജിനീയറാണ്, കക്കൂസ് നിർമ്മാണത്തിലെ ലോകപ്രസിദ്ധമായ രണ്ടു പ്രബന്ധങ്ങൾ തലയണ ആക്കി വച്ചാണ് വച്ചാണ് മൂപ്പര് കിടന്നുറങ്ങുന്നതുതന്നെ.'

അതോടെ മൂത്ത വക്കീൽ ഒന്നയഞ്ഞു, അദ്ദേഹം ആ കഥ പറഞ്ഞു. വക്കീലിന്റെ വീടുപണി നടക്കുകയാണ്, ഫൗണ്ടേഷൻ കീറി, അടിയിൽ നല്ല ഉറപ്പുള്ള വെട്ടുകല്ലാണ്, എൻജിനീയർ ഹാപ്പി, വക്കീൽ ഹാപ്പി. അങ്ങനെ എൻജിനീയർ നിർദ്ദേശം വച്ചു: 

'ഉറപ്പുള്ള മണ്ണായതിനാൽ പ്ലിന്ത് ബെൽറ്റ് വേണ്ട'

പണി മുന്നോട്ടു പോയി, ഏതാണ്ടൊരു ലിന്റൽ ലെവൽ എത്തിയപ്പോൾ ചില അനാരോഗ്യ പ്രശ്നങ്ങൾ പറഞ്ഞു എൻജിനീയർ സൈറ്റിന്റെ ഉത്തരവാദിത്വം  ഒഴിഞ്ഞു. എന്നാൽ എൻജിനീയർ സ്ഥലം വിട്ടതിന്റെ ഗുട്ടൻസ് നമ്മുടെ വക്കീലിന് പിടികിട്ടിയത് ഒന്നാം നിലയുടെ വാർപ്പ് കഴിഞ്ഞപ്പോഴാണ്.

സൈറ്റിൽ നിന്നും ഏറെ അകലെയല്ലാതെയാണ് റയിൽവെ ലൈൻ കടന്നു പോകുന്നത്, ട്രാക്കിലൂടെ തീവണ്ടി കടന്നു പോകുമ്പോൾ വീടിന്റെ പലഭാഗങ്ങളിലും നല്ല വൈബ്രേഷൻ അനുഭവപ്പെടുന്നു. സാധാരണ ഗതിയിൽ ഇത്തരം ചെറു ചലനങ്ങൾ സൃഷ്ടിക്കുന്ന പൊട്ടലുകളും വിള്ളലുകളും ഫൗണ്ടേഷന് മുകളിലേക്ക് കടത്തി വിടാതിരിക്കുക എന്നതാണ് പ്ലിന്ത് ബെൽറ്റിന്റെ ഒരു ധർമ്മം, അത് നിർമ്മിച്ചിട്ടില്ല, റയിൽവെ ലൈൻ സൃഷ്ടിച്ചേക്കാവുന്ന വൈബ്രേഷൻ മുൻകൂട്ടി കണ്ടില്ല, ഇതാണ് എൻജിനീയർ നൈസായി തടിയൂരാൻ കാരണം.

അങ്ങനെ വീടുപണി കഴിഞ്ഞു, ട്രെയിനുകൾ  സൃഷ്ടിക്കുന്ന പ്രകമ്പനം മൂലം വീടിന്റെ ഭിത്തികളിലും, ടൈലുകളിലും പൊട്ടലുകളുണ്ടായി, അവയിൽ പല പൊട്ടലുകളും വലുതായി വരുന്നു, ഇതാണ് വക്കീൽ പറഞ്ഞതും ഞാൻ കണ്ടതും. കുഴഞ്ഞ കേസാണ്, റെയിൽവെ സ്റ്റേഷനിൽ പോയി തീവണ്ടിയുടെ സ്പീഡ് കുറയ്ക്കാൻ പറയുന്നതോ, വക്കീലിന്റെ വീടെടുത്തു കുറച്ചങ്ങോട്ടു മാറ്റി സ്ഥാപിക്കുന്നതോ പ്രായോഗികമായ  കാര്യമല്ല.

നടപ്പുള്ള ഒരു കാര്യമേയുള്ളൂ, തീവണ്ടികൾ സൃഷ്ടിക്കുന്ന പ്രകമ്പനം വക്കീലിന്റെ വീട്ടിൽ എത്താതെ നോക്കണം, അല്ലെങ്കിൽ എത്തുന്നതിന്റെ തോത് കുറക്കണം. ഒന്നുകൂടി വ്യക്തമാക്കിയാൽ, റെയിൽവെ ട്രാക്കിനും വീടിനും ഇടക്ക്, ഈ വൈബ്രേഷനെ തടയാനുള്ള ഒരു സംവിധാനം ഒരുക്കണം.

മണ്ണിലൂടെയുള്ള ഇത്തരം പ്രകമ്പനങ്ങളുടെ സഞ്ചാരവും ആ മണ്ണിന്റെ സാന്ദ്രതയും തമ്മിൽ വലിയ ബന്ധമുണ്ട്. ഉറപ്പുള്ള മണ്ണിലൂടെയും വെട്ടുകല്ലിലൂടെയും ഈ കമ്പനങ്ങൾ എളുപ്പം കടന്നുപോകുമ്പോൾ ലൂസായ മണ്ണിലൂടെ ഇവയ്ക്കു കടന്നുപോകാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഇവിടെ നമുക്ക് വേണ്ടത് വീടിനും റെയിൽവെ ട്രാക്കിനു ഇടക്ക് ഉള്ള ഉറപ്പുള്ള മണ്ണിൽ, ലൂസ് സോയിലിന്റെ ഒരു ലെയർ സൃഷ്ടിച്ചെടുക്കുകയാണ്. 

അതുവഴി ഈ പ്രകമ്പനത്തെ ഒരു പരിധിവരെ തടയാമെന്നു ഞാൻ കണക്കുകൂട്ടി, ഭൗമശാസ്ത്ര വിദഗ്ധനായ എന്റെ ഒരു ഗുരുനാഥന്റെ സപ്പോർട്ടുകൂടി കിട്ടിയപ്പോൾ വക്കീലിന്റെ കേസ് ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ഏതാനും ദിവസങ്ങൾക്കു ശേഷം ഞങ്ങൾ  വക്കീലിന്റെ വീട്ടുവളപ്പിനുള്ളിൽ  റെയിൽവെ ട്രാക്കിനും , വീടിനും ഇടക്കായി മൊത്തം നീളത്തിൽ, ഫൗണ്ടേഷനെക്കാൾ അൽപം കൂടി ആഴത്തിൽ, ഏതാണ്ടൊരു ഒരടി വീതിയിൽ ഒരു ചാൽ കീറി.  

പിന്നെ ഈ ചാലിലേക്കു എൻജിനീയറിങ് ഭാഷയിൽ ഗ്രാവൽ എന്നറിയപ്പെടുന്ന മണൽ അരിച്ചതിന്റെ വേസ്റ്റ്‌ ഫിൽ ചെയ്തു. ഈ ഗ്രാവൽ എന്ന് പറയുന്നത് വെറും ചരൽക്കല്ലാണ്‌, തമ്മിൽ തമ്മിൽ ഒരു പിടുത്തവും അതിനില്ല, അതിനാൽ തന്നെ ട്രഞ്ചിന്റെ ഒരുവശത്തെത്തുന്ന വൈബ്രേഷനെ അത് അപ്പുറത്തേക്ക് കടത്തിവിടില്ല. അങ്ങനെ നമ്മുടെ വക്കീലിന്റെ വീട്ടിലെ വൈബ്രേഷൻ പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിലും ഗണ്യമായ തോതിൽ കുറക്കാൻ കഴിഞ്ഞു, പുള്ളി ആനന്ദ തുന്തുലിതനും, രോമാഞ്ച കുഞ്ചിതനുമായി, പിന്നീടൊരു ദിവസം ആ വകയിൽ വക്കീൽ നല്ലൊരു ശാപ്പാടും തന്നു. ശാപ്പാടടിച്ചു കയ്യും കഴുകി കാറിൽ കേറാൻ തുടങ്ങുമ്പോഴാണ് അദ്ദേഹം എന്നെ അൽപം മാറ്റി നിർത്തി പറയുന്നത് :

'എന്റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ  എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ അത് മനസ്സിൽ വച്ചേക്കരുത്'

'എന്താ വക്കീൽസാർ ഇത്, ഈ ലോകത്തു ഓർക്കാനിഷ്ടമുള്ള എത്രയോ കാര്യങ്ങൾ നമുക്കുചുറ്റുമുണ്ട്'

പിന്നെ അദ്ദേഹത്തിന്റെ  കൈ പിടിച്ചുകൊണ്ടു അൽപ്പം ഞാനല്പം ശബ്ദം താഴ്ത്തി പറഞ്ഞു.

'കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ...'  

അദ്ദേഹം പൊട്ടിച്ചിരിച്ചു, ഞാനും.

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്

English Summary- Mystery of Bathromm Unsolved; Designer Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com