ADVERTISEMENT

പാറുക്കുട്ടിയമ്മയുടെ മകൻ മുരളിക്ക് ഊട്ടിയിലെ ഏതോ ഹോട്ടലിൽ ആയിരുന്നു  ജോലി. പത്തുനാല്പത് ദിവസം കൂടുമ്പോൾ ഇയാൾ നാട്ടിൽ വരും, രണ്ടു മൂന്നു ദിവസം അമ്മയോടൊപ്പം നിൽക്കും, തിരികെ പോകും. അതാണ് പതിവ്. ഊട്ടിയിൽ നിന്നുള്ള ഓരോ വരവിനും മുരളി രണ്ടോ മൂന്നോ നായ്ക്കുട്ടികളെ കൊണ്ടുവരും. അതിനെ ഓരോന്നിനും പത്തോ അഞ്ഞൂറോ രൂപയ്ക്കു നാട്ടിൽ വിൽക്കും.

അന്നത്തെ അഞ്ഞൂറെന്നാൽ ഇന്നത്തെ ഒരു പതിനായിരമെങ്കിലും മതിപ്പുണ്ടാവും. എന്നാലും നഷ്ടമില്ല. കാരണം, ഊട്ടിയിലെ എസ്റ്റേറ്റ് ഉടമകളുടെയും, സായിപ്പന്മാരുടെയും, പട്ടാള ഉദ്യോഗസ്ഥരുടെയും ഒക്കെ വളർത്തുനായ്ക്കളുടെ കുഞ്ഞുങ്ങളെ ആണ് മുരളി ഇങ്ങനെ കൊണ്ടുവരുന്നത്.പട്ടിയെ വിറ്റ പണം മുരളി ഉടമയെ ഏൽപ്പിക്കും. അതിൽ നിന്ന് അയാൾ എന്തെങ്കിലും മുരളിക്ക് നൽകും, അതാണ് പുള്ളിയുടെ ലാഭം.

ഈ ജർമ്മൻ ഷെപ്പേർഡ്, ഡോബർമാൻ എന്നൊക്കെ കേട്ട് തുടങ്ങുന്നതിനുമുമ്പ്  ‌നമ്മുടെ നാട്ടിലെ അപ്പർ ക്ളാസുകാരുടെ ഒരു സ്റ്റാറ്റസ് സിംബലായിരുന്നു  ഊട്ടിയിൽ  നിന്നും കൊണ്ടുവരുന്ന നീണ്ട രോമമുള്ള ഈ പട്ടിക്കുട്ടികൾ. അക്കാരണം കൊണ്ടുതന്നെ മുരളിയുടെ ഓരോ വരവിനും ഞങ്ങളുടെ നാട്ടിലെ അപ്പർ ക്ളാസുകാരും, അപ്പർ ക്ലാസാണെന്നു കാണിക്കാൻ വ്യഗ്രത കൊള്ളുന്നവരും മുരളിയെ കാത്തിരിക്കും, നേരത്തെ പട്ടിക്കുട്ടിയെ ബുക്ക് ചെയ്യും.

മുരളി നാട്ടിൽ എത്തിയ ദിവസം തന്നെ ബുക്കുചെയ്തവർ ചൂടപ്പം പോലെ കുഞ്ഞുങ്ങളെ  കൊണ്ടുപോകും. കിട്ടാത്തവരെ അടുത്ത തവണ തരാമെന്നു പറഞ്ഞു മുരളി സമാധാനിപ്പിക്കും. എന്നാൽ നായ്ക്കളെ ചുമ്മാ അങ്ങ് വിൽക്കുക മാത്രമല്ല മുരളി ചെയ്യാറ്. അവയുടെ പരിപാലനത്തെ സംബന്ധിച്ചും ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഒക്കെ പുള്ളി നൽകും.

'പ്ലാന്റർ ബെർണാർഡിന്റെ ബംഗ്ളാവിൽ വളരേണ്ട കുഞ്ഞാണ്. ആട്ടിൻപാൽ മാത്രമേ കൊടുക്കാവൂ'..

'റിസ്‌ലി സായിപ്പിന്റെ ഭാര്യ കരഞ്ഞുകൊണ്ടാണ് ഇവനെ തന്നത്.നന്നായി നോക്കണം'.

ആയിടയ്ക്കാണ് ഏതോ സർക്കാരു കാര്യത്തിനായി മുരളി രാവിലെ അച്ഛനെ കാണാനെത്തുന്നത്.

'ചേട്ടാ, ബ്രിഗേഡിയർ ഗുൽബീന്ദർ സിംഗിന്റെ പട്ടി പ്രസവിച്ച ഒരു ചെറിയ  കുഞ്ഞുണ്ട്. അദ്ദേഹം ലുധിയാനയിലേക്ക് സ്ഥലം മാറ്റമായി  പോവുകയാണ്. പുള്ളി  പട്ടിയെ മാത്രമേ കൊണ്ട് പോകുന്നുള്ളൂ. കുഞ്ഞിനെ ചേട്ടന് വേണമെങ്കിൽ സഹായവിലക്കു തരാം "

മുറ്റത്തു ഊട്ടിയിൽ നിന്നുള്ള ഒരു പട്ടിയെ കെട്ടിയിടണമെന്നും അതിന്റെ പാരമ്പര്യത്തെ കുറിച്ച് പത്തുപേരോട് പറയണമെന്നും ഞങ്ങൾക്കും താൽപര്യം ഉണ്ടായിരുന്നെങ്കിലും അച്ഛൻ ആ ആഗ്രഹത്തിന് കത്തിവച്ചു.

'അന്യ നാട്ടിൽ നിന്നുള്ള ജീവികൾക്ക് ഇന്നാട്ടിലെ കാലാവസ്ഥ പിടിക്കില്ല, മാത്രമല്ല അവയെ പരിപാലിക്കാനും ബുദ്ധിമുട്ടാണ്'.

കാലം കടന്നുപോയി.

ഒരു കുടുംബസുഹൃത്തിന്റെ മകളുടെ കല്യാണ നിശ്ചയത്തിന് പോയപ്പോഴാണ് അച്ഛൻ അവിടെ  ഏതാനും ദിവസം മുമ്പ് മാത്രം ജനിച്ച  ഒരു പട്ടിക്കുട്ടിയെ കാണുന്നത്.

'നമ്മുടെ മുരളി തന്നതാണ്. ഊട്ടിയിലെ ബ്രിഗേഡിയർ ഗുൽബീന്ദർ സിങ് ലുധിയാനയിലേക്ക് സ്ഥലം മാറ്റം കിട്ടി പോയപ്പോൾ പട്ടിയെ മാത്രമേ കൊണ്ടുപോയുള്ളൂ'.

അച്ഛൻ ഒന്നും മിണ്ടിയില്ല.

ഏതാനും ദിവസം കഴിഞ്ഞപ്പോൾ മുരളി വീണ്ടും നാട്ടിലെത്തി, അച്ഛന്റെ മുന്നിൽ വന്നു ചാടുകയും ചെയ്തു.

'സത്യം പറയടാ. നിന്റെ ബ്രിഗേഡിയർ ഗുൽബീന്ദർ സിങ് ലുധിയാനയിലേക്ക് പോയിട്ട് എത്ര കാലമായി..?'

'കഷ്ടി ഒരു കൊല്ലം'

'ഒരു കൊല്ലം മുന്നേ ലുധിയാനയിലേക്ക് കൊണ്ടുപോയ ബ്രിഗേഡിയറുടെ പട്ടി എങ്ങനെ കഴിഞ്ഞമാസം ഊട്ടിയിൽ പ്രസവിക്കും ..?'

കള്ളി പൊളിഞ്ഞു. സായിപ്പിന്റെ പൊന്നോമനയാണ്, നീലഗിരി പോലീസ് സൂപ്രണ്ടിന്റെ നായയാണ് എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ നാട്ടിൽ വിലസി നടക്കുന്ന നായ്ക്കൾ ഒക്കെ  ഊട്ടിയിലെ തെരുവുപട്ടികളുടെ കുട്ടികളാണ്. പട്ടികളുടെ ഈ വംശ മഹാത്‌മ്യം, മുരളിക്ക് അതിന്റെ വില കൂട്ടുവാൻ ഉള്ള ഒരു കുറുക്കുവഴി മാത്രമാണ് .

എന്തായാലും അച്ഛൻ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഒന്ന് കുറവ് വരുത്തി എങ്കിലും, മുരളി വീണ്ടും കുറേക്കാലം ഈ പട്ടിക്കച്ചവടം തുടർന്നു. പിന്നെ ഊട്ടിയിൽ തന്നെയുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു ജീവിക്കുകയും ചെയ്തു. തങ്ങളുടെ വംശപാരമ്പര്യത്തെക്കുറിച്ചുള്ള രഹസ്യം പട്ടികളും ആരോടും പറഞ്ഞില്ല.

പാരമ്പര്യവും ഗുണമേന്മയും പറഞ്ഞുള്ള തട്ടിപ്പ് എല്ലാക്കാലത്തും എല്ലാ മേഖലയിലും ഉണ്ട്, കൺസ്ട്രക്ഷൻ രംഗത്തും ഉണ്ട്. മുരളിയുടെ ഈ കഥ ഓർമ്മ വരാൻ  കാരണമുണ്ട്.

ഒന്നുരണ്ടു വേഷം മുൻപ് അവധിക്കാലത്ത് നാട്ടിൽ എത്തിയപ്പോഴാണ് ചേട്ടന്റെ സഹപാഠിയായ ജബ്ബാറിന്റെ വാപ്പ എന്നെ വിളിക്കുന്നത്. പ്രവാസിയായ ജബ്ബാറിന്റെ വീടുപണി നടക്കുന്നുണ്ട്, ഞാൻ അതുവരെ ഒന്ന് ചെല്ലണം, അഭിപ്രായം പറയണം. ഇപ്പോൾ ചെന്നാൽ കോൺട്രാക്ടറും സ്ഥലത്തുണ്ട്.

സംഗതി അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, മുണ്ടു മടക്കിക്കുത്തി കുടയും പിടിച്ചു ഇടവഴി കേറി വയൽ ക്രോസ് ചെയ്‌താൽ പത്തുപതിനഞ്ചു മിനിറ്റുകൊണ്ട് എത്താവുന്നതേ ഉള്ളൂ, നാട്ടുകാരെയും കാണാം. വീടുപണി ലിന്റൽ ലെവൽ പിന്നിട്ടിരിക്കുന്നു, മൊത്തത്തിൽ കൊള്ളാം.പ്ലാൻ വാങ്ങി നോക്കി. എല്ലാം ഓക്കെ. പ്ലാനിനൊപ്പം പിൻ ചെയ്തു വച്ചിരിക്കുന്ന കോൺട്രാക്ട് വെറുതെ ഒന്ന് വായിച്ചുനോക്കി.

'ടാറ്റായുടെ കമ്പി ഉപയോഗിച്ച് മെയിൻ സ്ളാബ് വാർക്കണം' എന്നാണു കരാറിലെ വ്യവസ്ഥ. എന്തായാലും ഇതുവരെ വന്നസ്ഥിതിക്ക്‌ മെയിൻ സ്ളാബിനു കൊണ്ടുവന്നിരുന്ന ടാറ്റായുടെ കമ്പി കൂടി ഒന്ന് കണ്ടുകളയാം. അല്ലെങ്കിൽ രത്തൻ ടാറ്റ സാർ എന്നെപ്പറ്റി എന്തുവിചാരിക്കും ..?

നോക്കി. റ്റാറ്റായുമില്ല ബിർളയുമില്ല. ഏതോ ലോക്കൽ കമ്പി.

കോൺട്രാക്ടറുടെ നെറ്റി വിയർക്കുന്നുണ്ട്. ഇമ്മാതിരി ഒരു മാരണം വഴിതെറ്റി വന്നുകയറുമെന്നു അയാൾ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.

'കടക്കാർക്കു മാറിയതാവാനാണ് വഴി'

'ബില്ല് കൊടുത്തപ്പോൾ മനസ്സിലായില്ലേ?..'

മറുപടിയില്ല.

അവിടെ നടന്നത് ശുദ്ധതട്ടിപ്പായിരുന്നു. നമുക്ക് ചുറ്റും നടക്കുന്ന, നാം അറിയാതെ പോകുന്ന ഒരു വലിയ തട്ടിപ്പ്. കരാറിൽ വ്യവസ്ഥകളൊക്കെ എഴുതിവയ്ക്കും എന്നല്ലാതെ അതിനെ പിന്തുടരാനോ, പരിശോധിക്കാനോ ഒട്ടുമിക്ക ആളുകളും ശ്രമിക്കാറില്ല. സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും പലപ്പോഴും എൻജിനീയർമാർ പോലും ഈ ജാഗ്രത പുലർത്താറില്ല.

സ്റ്റീൽ, വയറിങ്, പ്ലമിങ് ഉൽപന്നങ്ങൾ, ടൈൽ, സാനിറ്ററി ഫിറ്റിങ്സ്, എന്നീ മേഖലകളിലൊക്കെ ഈ തരത്തിലുള്ള തട്ടിപ്പ് വ്യാപകമാണ്.

ആളുകൾക്ക് വീടിനു ഭംഗി മതി. അതിന്റെ ഗുണമേന്മയെക്കുറിച്ചു ഒരാളും ചിന്തിക്കുന്നില്ല. അതിനാൽ തന്നെ കോൺട്രാക്ടർ ഇത്തരം സാധനങ്ങൾ വാങ്ങുമ്പോൾ ഉടമയുടെയോ, അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ സാന്നിധ്യം ഉണ്ടാവുന്നതാണ് നല്ലത്. സൈറ്റിൽ എൻജിനീയർ ഉണ്ടെങ്കിൽ അദ്ദേഹത്തെയും ഈ കച്ചവടത്തിൽ ഉൾപ്പെടുത്താം.

അതുപോലെ ഒറിജിനൽ ബില്ലുകളോ, അവയുടെ കോപ്പിയോ വാങ്ങി സൂക്ഷിക്കുന്നതിൽ ഒരു തെറ്റുമില്ല. വിൽപനാനന്തര സേവനം ഉറപ്പുവരുത്തുന്ന വാറന്റി രേഖകളും സൂക്ഷിച്ചു വയ്ക്കണം. പണികൾ നോക്കി നടത്താൻ  നാട്ടിൽ വീട്ടമ്മമാരോ, പ്രായമായ മാതാപിതാക്കളോ മാത്രമുള്ള പ്രവാസികളാണ് ഈ തട്ടിപ്പുകൾക്ക് ഏറ്റവും അധികം  വിധേയമാവുന്നത്. എന്തായാലും ഒടുവിൽ കോൺട്രാക്ടർ ആയുധം വച്ച് കീഴടങ്ങി.

'എങ്ങനെയോ അബദ്ധം സംഭവിച്ചതാണ്. പുറത്തറിയരുത്. രാത്രിയിൽ ലോറിയിൽ കയറ്റി കൊണ്ടുപോയ്ക്കോളാം, പകരം ടാറ്റായുടെ കമ്പിതന്നെ എത്തിക്കാം'..

അങ്ങനെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ വേറൊരു പ്രശ്നം ബാക്കിയുണ്ടായിരുന്നു.

രാത്രിയിൽ സൈറ്റിൽ നിന്നും കമ്പി തിരികെ ലോറിയിൽ കയറ്റി കൊണ്ടുപോകുക എന്നത് റിസ്കാണ്. കാരണം തൊട്ടടുത്ത വീട്ടിലെ തഹസിൽദാർ കരുണാകരൻ നായരുടെ വീട്ടിലെ പട്ടിയെ രാത്രി അഴിച്ചു വിടും. പട്ടി ചില്ലറക്കാരനല്ല. പണ്ട് നമ്മുടെ മുരളി കൊണ്ടുവന്നു കൊടുത്ത പഴയ 'നീലഗിരി കളക്ടറുടെ' പട്ടിയുടെ കൊച്ചുമോനാണ്!..

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Scams in House Building Materials- Real Life Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com