ADVERTISEMENT

വീട് യഥാർഥത്തിൽ ഒരു വ്യക്തിയുടെ, 'വ്യക്തിപരമായ' വിഷയമേയല്ല; മറിച്ച് അതൊരു സാമൂഹിക വിഷയമാണ്, സാമൂഹികോൽപന്നവുമാണ്. എങ്ങനെയെന്നല്ലേ? വീടിനുവേണ്ടി ഉപയോഗിക്കുന്ന ടൺ കണക്കിന് പാറയും മണലും മണ്ണും സ്റ്റീലും സിമന്റും മരവും പെയിന്റും പണവും ഒക്കെ ഉണ്ടാവുന്നത്, ഞാൻ എന്ന വ്യക്തിയുടെ മികവു കൊണ്ടാണെന്ന ധാരണയാണ് നാം ആദ്യം തിരുത്തേണ്ടത്.

പ്രകൃതി, ഖനനം, വിപണി, അധ്വാനം, തൊഴിൽ സ്ഥിരത, വാങ്ങൽ ശേഷി,സാമ്പത്തിക ശാസ്ത്ര നിയമങ്ങൾ, വായ്പ, പലിശ, ആരോഗ്യം അങ്ങനെ സങ്കീർണ്ണ ഘടകങ്ങളുടെ ആകത്തുകയാണ് വീട്. അങ്ങനെയാണ് വീട് സാമൂഹിക ഉൽപന്നമാകുന്നത്. വലിയൊരു കൂട്ടം മനുഷ്യരുടെ കൂട്ടായ അധ്വാനമാണ് എത്ര ചെറിയ വീടും. രാജ്യത്തെ എല്ലാവർക്കും വീടുണ്ടാവുക എന്നത് ഒരു ക്ഷേമരാഷ്ട്ര സങ്കൽപമാണ്. അതേസമയം വ്യക്തിക്ക്/ കുടുംബത്തിന് വീടുണ്ടാവുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് പറഞ്ഞാൽ എത്ര പേർ ശരിയെന്ന് സമ്മതിക്കും?

എന്നാൽ അതാണ് യാഥാർഥ്യം.

നിങ്ങൾ തന്നെ സ്വയം ആശുപത്രി പണിത് നിങ്ങൾ ചികിത്സിക്കൂ എന്ന് സ്റ്റേറ്റ് പറഞ്ഞാൽ ബഹുഭൂരിപക്ഷത്തിനും അസാധ്യമായിരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, വൈദ്യുതി, പാലം, തീവണ്ടി എന്നതുപോലെ തന്നെ വീടും പലർക്കും വ്യക്തിയെന്ന നിലയിൽ കെട്ടിയുയർത്താൻ ആവണമെന്നില്ല ഇനി. കാരണം വ്യക്തിയുടെ കുടുംബത്തിന്റെ മുഴുവൻ അധ്വാനവും സമ്പത്തും സമയവും സന്തോഷവും വീടിന് വേണ്ടിമാത്രം ചിലവഴിക്കപ്പെടുകയാണിന്ന്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെയും വലിയ അല്ലലില്ലാതെ ജീവിച്ചുപോകുന്ന ഇടത്തരക്കാരുടെയും കാര്യമാണ് ഇവിടെ പറയുന്നത്.

വീട് നിർമിച്ച് കഴിയുന്നതോടുകൂടി അതിനകത്ത് സന്തോഷത്തോടെ താമസിക്കാനാവാതെ ശരാശരി മനുഷ്യന്റെ ആയുസ് അവസാനിക്കുകയും ചെയ്യുന്നു. വീട് നിർമ്മിക്കുന്നത് വ്യക്തിയുടെ ഉത്തരവാദിത്തമാവരുത് എന്നുതന്നെയാണ് പറഞ്ഞുവരുന്നത്.

മനുഷ്യന്റെ അധ്വാനവും സമയവും പണവും ചെലവഴിക്കുന്നത് മുഴുവൻ വീടിനും അതിന്റെ കടബാധ്യതക്കും ആവുമ്പോൾ സന്തോഷത്തിന്റെ വിപണി തകരും. മനുഷ്യർ സന്തോഷാവാൻമാരാകുമ്പോഴാണ് പുറത്തേക്കിറങ്ങുന്നതും യാത്ര ചെയ്യുന്നതും ഏല്ലാതരം വിപണിയും തുല്യമായി സജീവമാകുന്നതും.

ഇവിടെയിപ്പോൾ വീടും അതിനോട് ബന്ധപ്പെട്ട ഉൽപന്നങ്ങളും മാത്രം വിറ്റഴിക്കുന്ന വിപണിയാണ് അർബുദം പോലെ കൊഴുക്കുന്നത്. വീട് വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമായതാണ് കാരണം. ഫലമോ സന്തോഷത്തിന്റെ വിപുലമായ വിപണി തകരുന്നു. സന്തോഷമില്ലാത്ത വിപണി മനുഷ്യർക്ക് എന്നും ബാധ്യതയാണ്. അതുകൊണ്ടാണ് ചെറിയ വീടുണ്ടാക്കാനും ബാക്കി പണം

സന്തോഷത്തിന് നീക്കിവയ്ക്കാനും പറയുന്നത്. സന്തുലിതമായ വിപണി വികാസത്തിന് മനുഷ്യർക്ക് വാങ്ങൽ ശേഷിയുണ്ടാവണം. വാങ്ങൽ ശേഷി ഉണ്ടാവണമെങ്കിൽ തൊഴിലും പണവും വേണം. ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. മനുഷ്യന്റെ എല്ലാ ധനവും അധ്വാനവും വീട് കൊള്ളയടിക്കുന്നു.

ഫലമോ സന്തോഷമില്ലാത്തവർ പെരുകുന്നു. സന്തോഷമില്ലാത്ത മനുഷ്യർ സമൂഹത്തിന് എന്നും ബാധ്യതയായിരിക്കുമെന്ന് മാത്രമല്ല മദ്യ ഉപഭോഗത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നതും മറ്റാരുമല്ല ഇതേയാളുകൾ തന്നെയായിരിക്കും. പൊട്ടിച്ചിരിക്കാത്ത മനുഷ്യർ പെരുകിയതുകൊണ്ട് സമൂഹത്തിന് എന്ത് നേട്ടമാണുണ്ടാവുക? സന്തോഷമില്ലാത്ത മനുഷ്യരെ സൃഷ്ടിക്കുന്നത് ഒരു സമൂഹത്തിനും ഗുണകരമല്ല. വീടുകളുണ്ടായി, പക്ഷേ അതിനകത്ത് പുഞ്ചിരിയും പൊട്ടിച്ചിരിയും സന്തോഷവും വറ്റിപ്പോയ മനുഷ്യരുണ്ടാവുന്നത് അത്യന്തികമായി അപായ സൂചനതന്നെയാണ് തരുന്നത്. കാലാവസ്ഥ വ്യതിയാനം പോലെതന്നെ കരുതിയിരിക്കേണ്ട അപകടമാണത്.

ലേഖകൻ ഡിസൈനറാണ്. അഭിപ്രായങ്ങൾ വ്യക്തിപരം.

മൊബൈൽ നമ്പർ- 81370 76470

English Summary- House that loot Happiness; Social Impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com