വീട് ഒരുനിലയാണോ ഇരുനിലയാണോ നല്ലത്? ഗുണദോഷങ്ങൾ അറിയാം

house-option
Representative Shutterstock Images
SHARE

പുതിയതായി വീടുനിർമിക്കാൻ പോകുന്നവർ ആദ്യം ഉത്തരം തേടേണ്ട ചോദ്യങ്ങളിൽ ഒന്നാണിത്. ഒറ്റനില വീടിനും ഇരുനില വീടിനും അതിൻേറതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. വീട്ടുടമയുടെയും കുടുംബത്തിൻെറയും സാഹചര്യങ്ങളും താൽപര്യങ്ങളുമാണ് ഇക്കാര്യത്തിൽ അന്തിമം. എങ്കിലും ഞാൻ മനസിലാക്കിയതിൽ നിന്ന് ചില കാര്യങ്ങൾ കൂടി പറഞ്ഞുവയ്ക്കുന്നു. ഓരോന്നിന്റെയും ഗുണവും ദോഷവും പറയാം.

ഒരുനില വീട് 

ഗുണങ്ങൾ

1. എല്ലാവരും അടുത്തടുത്ത് ഉള്ളപ്പോഴുള്ള ഒരു സുരക്ഷിതത്വബോധം താമസിക്കുന്നവർക്ക് തോന്നും.

2. വൃത്തിയാക്കലും പരിപാലനച്ചെലവും കുറവായിരിക്കും. ഉദാഹരണത്തിന് ഒന്ന് റീപെയിൻറ് ചെയ്യണമെങ്കിൽ ഇരുനിലയ്ക്ക് പൊക്കമിട്ട് ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന അധികചെലവ് പോലെ...etc

3. പ്രായമുള്ളവർക്കും എല്ലാ സ്ഥലത്തും എത്താം. പ്രായം 45 കഴിഞ്ഞാൽ തന്നെ പടികയറാൻ മടിയും ബുദ്ധിമുട്ടും ആയിരിക്കും എന്നതൊരു വസ്തുതയാണ്.

4. മേൽക്കൂര നിരപ്പായി വാർത്താൽ ഭാവിയിൽ വേണമെങ്കിൽ മുകളിലേക്ക് പണിയാനുള്ള അവസരമുണ്ടാകും. 

പരിമിതികൾ

1. സ്ഥലം കൂടുതൽ വേണം എന്നുള്ളതും ഉള്ള ചെറിയ സ്ഥലത്ത് പണിഞ്ഞാൽ മുറ്റം കുറയാനുള്ള സാധ്യതയും ഒരു വിഷയമാണ്.

2. കാശ് കൂടുതൽ ആകും എന്ന് പൊതുവെ പറയുന്നതിൽ കാര്യമില്ല, പക്ഷേ  പൈൽ ഫൗണ്ടേഷൻ പോലെയുള്ളവ ആവശ്യമുള്ള പ്ലോട്ടാണെങ്കിൽ കാശ് കൂടും.

***

ഇരുനില വീട് 

ഗുണങ്ങൾ

1. സ്ഥല പരിമിതിയുള്ളിടത്ത് നമുക്ക് വേണ്ടതെല്ലാം ചേർത്ത് പണിയാൻ ഉള്ള മാർഗ്ഗം.

2. ഭൂമി ലാഭം, അതിനാൽ താരതമ്യേന പരിസ്ഥിതി സൗഹൃദമെന്ന് പറയാം.

3. പ്രൈവസി-മുകളിലെ നിലയിലേക്ക് ചേക്കേറിയാൽ പിന്നെ നമ്മളായി നമ്മുടെ കാര്യമായി എന്ന അവസ്ഥ (ഇത് ഗുണമാണോ ദോഷമാണോ എന്നത് ചിന്തനീയം).

4. കള്ളൻ നേരെ മുകളിൽ കയറാനുള്ള സാധ്യത കുറവ്, താഴെ കയറുമ്പോൾ ഒരു മുന്നറിയിപ്പ് കിട്ടാനുള്ള സാധ്യതയുണ്ട്. ഇനി കള്ളൻ ഇത് വായിച്ചിട്ട് നേരെ രണ്ടാം നിലയിൽ കയറിയാൽ എന്നെ കുറ്റം പറയല്ലേ..

5. നമ്മുടെ സ്ഥലത്തിന് അടുത്ത് പാടമോ കായലോ പുഴയോ താഴ്‌വാരമോ ഉണ്ടെങ്കിൽ മുകളിലത്തെ നിലയിലിരുന്ന് ആ കാഴ്ച കാണാം എന്നതിനാലും ഒന്ന് തുറന്നിട്ടാൽ നല്ല കാറ്റും കിട്ടും എന്നതിനാലും അത്തരം സ്ഥലങ്ങളിൽ ഇരുനില തീർച്ചയായും പരിഗണിക്കണം.

6. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് ആ സമയത്ത് മുകളിലത്തെ നിലയിലേക്ക് ചേക്കേറാം.

7. സാംക്രമിക രോഗങ്ങൾ ഉണ്ടാകുമ്പോൾ ക്വാറന്റീൻ ഇരിക്കാനുള്ള സൗകര്യം. കോവിഡ് കാലത്താണ് ഇതിന്റെ പ്രാധാന്യം വെളിപ്പെട്ടത്.

പരിമിതികൾ

1. പ്രായമുള്ളവരുടെയും ഇപ്പോ മധ്യവയസ്കരുടെയും ആരോഗ്യസ്ഥിതി വച്ച് Step കയറൽ ഒരു വലിയ വിഷയമാണ്, കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലെ മിക്ക വീട്ടിൽച്ചെന്നാലും അവിടെ മുട്ടുമാറ്റി വയ്ക്കാൻ പരുവത്തിന് ഒരാള് കാണും എന്നതൊരു യാഥാർത്ഥ്യമാണ്. (ഡോക്ടർമാർ അന്വേഷിക്കേണ്ട വിഷയമാണ്!)

2. സ്‌റ്റെയർ/ കണക്ടിങ് സ്‌പേസിനായി എങ്ങനെയായാലും ഒരു 200 മുതൽ 300 Sqft വരെ വേണ്ടി വരും. അതുകൊണ്ടാണ്  ഒരുനില പണിഞ്ഞാൽ ഫൗണ്ടേഷൻ കൂടുതലായതിനാൽ കാശ് കൂടും എന്ന വാദത്തിനോട് എനിക്ക് യോജിപ്പില്ലാത്തത്. അതിനോടൊപ്പൊമോ അതിനേക്കാൾ കൂടുതലോ നമ്മൾ ഇരുനിലയുടെ സ്‌റ്റെയർകേസിനായി ചെലവാക്കും, പ്രത്യേകിച്ച് സ്റ്റെയർ ഒരു ആർട്ട് വർക്ക് ആയി കാണുന്ന ഇക്കാലത്ത്. 

3. വീട്ടിനുള്ളിലുള്ളവരുമായുള്ള സംസാരം പൊതുവേ കുറഞ്ഞുവരുന്ന ഈ കാലത്ത് മുതിർന്നവർ ആയാലും കുട്ടികളായാലും മുകളിലത്തെ നിലയിലേക്ക് കയറിയാൽ താഴെ ഉള്ളവരുമായുള്ള സഹകരണം സ്വാഭാവികമായും കുറയും.

4. അത്യാവശ്യം സാമ്പത്തികമുള്ള, പ്രായമുള്ളവർ താമസിക്കുന്ന വീടുകളിൽ ലിഫ്റ്റ് ഓപ്‌ഷൻ ഭാവിയിൽ ഒരാവശ്യമായി വരും. ഇതിന്റെ മെയിന്റനൻസ് കോസ്റ്റ് കൂടുതലാണ്.

5. ചെറിയ കുട്ടികൾ ഉള്ളിടത്തും പ്രായമുള്ളവർ ഉള്ളിടത്തും പല അപകടങ്ങളും സ്റ്റെയർകേസിൽ സംഭവിച്ചിട്ടുള്ളതിനാൽ വളരെ ശ്രദ്ധിക്കണം.

സംഗ്രഹം ..

ഇരുനില ഒരു മോഹമായി കാണുന്നവർ ഉണ്ട്. അത് ജീവിതത്തിൽ വിജയിച്ചതിന്റെ സ്റ്റേറ്റ്‌മെന്റ് ആവാം, ഒരു ആഗ്രഹമാവാം, അന്തസ്സിന്റെ  ഭാഗമാവാം. അവർ ആ മനോസുഖത്തിനായി ഗുണമോ ദോഷമോ നോക്കാൻ സാധ്യതയില്ല! അതിനാൽതന്നെ അവർ മേല്പറഞ്ഞതൊന്നും നോക്കിയില്ലെങ്കിലും നാം തെല്ലും പരിഭവിക്കേണ്ടതില്ല. 

എന്റെ അഭിപ്രായത്തിൽ നമ്മളും കുടുംബവും വളരുന്നതിനൊപ്പം 'വളരുന്ന വീട്' എന്ന നയമാവും ഏറ്റവും അനുയോജ്യം.വീട് പണിയുന്ന ആളിന്റെ ഇപ്പോഴത്തെ പ്രായം, മാതാപിതാക്കളുടെ പ്രായം, മക്കളുടെ പ്രായം എന്നിവ പരിഗണിച്ച് രണ്ടോ (കുട്ടികൾ ആയിട്ടില്ലെങ്കിൽ) മൂന്നോ (കുട്ടികൾ ഉണ്ടെങ്കിൽ) മുറി താഴെയുള്ള രീതിയിൽ ഒരുനില ഇപ്പോൾ പണിയുകയും (പിന്നീട് മുകളിലേക്ക് പണിയുന്ന രീതിയിലുള്ള പ്ളാൻ വേണം ആദ്യമേ തീർപ്പാക്കിവയ്ക്കാൻ) നമ്മുടെ സാമ്പത്തിക വളർച്ചയും കുട്ടികളുടെ തുടർ പഠനരീതിയും കണക്കിലെടുത്ത് പിന്നീട് മുകളിലേക്ക് പണിയുക എന്ന രീതി അവലംബിക്കാവുന്നതാവും നല്ലത്.

നമ്മളോർക്കേണ്ടത് കുട്ടികൾ നമ്മളുടേത് അല്ല അവർ നമ്മളിലൂടെ വന്നവർ മാത്രമാണ് എന്നുള്ളതാണ്! അവരെ വളർത്തി വലുതാക്കാൻ ഒരിടം എന്നതിലുപരി ഒരു പരിഗണന നമ്മുടെ വീടുപണിയിൽ വയ്ക്കരുത്. പതിനേഴോ (+2) ഇരുപത്തിയൊന്നോ വയസിൽ അവർ ടാറ്റാ പറഞ്ഞ് പോകും, പിന്നീട് അവർ വ്യാപൃതരാകുന്ന മേഖലയും അവരുടെ അഭിരുചിക്കും അനുസരിച്ചു അവരുടെ വാസസ്ഥലം അവർ ക്രമീകരിക്കും (ഇനി അഥവാ നമ്മുടെ സ്ഥലത്ത് തന്നെ അവർ മടങ്ങിയെത്തിയാലും നമ്മൾ ചെയ്തത് അവർ കാലത്തിനനുസരിച്ച് പൊളിച്ച് പണിയും) കുട്ടികൾക്ക് വേണ്ടി വീടുണ്ടാക്കുന്നത് ഇക്കാലത്ത് പ്രത്യേകിച്ചും ശുദ്ധ മണ്ടത്തരമാവും.

ലേഖകൻ ഗൾഫിൽ ചാർട്ടേർഡ് സിവിൽ എൻജിനീയറാണ് 

English Summary- Single Storeyed or Double Storeyed House Analysis

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA