ADVERTISEMENT

ഇക്കഴിഞ്ഞ ദിവസമാണ് അത്താഴം കഴിഞ്ഞു കിടക്കാൻ നേരം അബുദാബിയിലെ ആശ്രമത്തിൽവച്ച് എനിക്ക് വാട്സ്ആപ്പിൽ ആ സന്ദേശം വരുന്നത്.

'ചേട്ടൻ എന്നെ രക്ഷിക്കണം'

ആളുകളെ രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം കാലകാലാന്തരങ്ങളായി ഡിങ്കനും മായാവിയും ഏറ്റെടുത്തിട്ടുള്ളതിനാൽ എനിക്ക് ആ സന്ദേശത്തിന്റെ ഗുട്ടൻസ് പിടികിട്ടിയില്ല. ഒരുപക്ഷേ മറ്റാർക്കോ അയച്ച സന്ദേശം ഹോട്ടലാണെന്നു കരുതി ബാർബർഷാപ്പിൽ എത്തിയതാകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞാൻ അതിനു മറുപടിയായി ചുമ്മാ ഒരു ചോദ്യചിഹ്നം അയച്ചു. അപ്പോൾ അടുത്ത സന്ദേശം വന്നു.

'ചേട്ടൻ എന്നെ ഒന്ന് സഹായിക്കണം'

സംഗതി ദുബായിയിൽ തന്നെ ഉള്ള ഒരു നമ്പർ ആയതിനാലും ടെക്സ്റ്റ് ചെയ്യാൻ മടി ഉള്ളതിനാലും ഞാൻ പുള്ളിയോട് എന്നെ നേരിട്ട് വിളിച്ചോളാൻ പറഞ്ഞു, അദ്ദേഹം വിളിച്ചു. ആ വിളിയുടെ രത്നച്ചുരുക്കം ഇതാണ്.

പ്രവാസിയായ അദ്ദേഹം ഏതാണ്ട് അഞ്ചാറു മാസം മുൻപാണ് ഒരു വീട് വച്ച് താമസം തുടങ്ങിയത്, പാലുകാച്ചൽ കഴിഞ്ഞതും കുടുംബത്തെ നാട്ടിലാക്കി പുള്ളി ദുബായിലോട്ടു തിരിച്ചു പോന്നു. കഴിഞ്ഞയാഴ്ചയാണ് നാട്ടിൽ പെരുമഴ തുടങ്ങിയത്, ഗൾഫുകാരന്റെ വീടാണോ, കലക്ടറുടെ വീടാണോ എന്നൊന്നും മഴ നോക്കില്ല. താഴ്ന്നു കിടക്കുന്ന സകല സ്ഥലത്തും അത് പാഞ്ഞു കേറും. എന്നാൽ കഥാനായകനായ പ്രവാസിയുടെ വീട്ടിൽ വെള്ളം കയറുകയല്ല ചെയ്തത്. ജനാലയിലൂടെയും, സ്ളാബും ചുവരും തമ്മിൽ ചേരുന്ന ഭാഗത്തുകൂടിയും എല്ലാം മഴവെള്ളം വീട്ടിനകത്തെത്തി. അകത്തേയും പുറത്തെയും ചുവരുകൾ മുഴുവൻ നനഞ്ഞു കുതിർന്നു കിടക്കുകയാണ്. ഇനിയിപ്പോൾ എന്ത് ചെയ്യണം എന്നറിയാനാണ് അദ്ദേഹം ഈ നട്ടപ്പാതിരയ്ക്ക് എന്നെ വിളിക്കുന്നത്.

സംസാരം ഇത്രയുമായപ്പോൾ ഞാൻ ഇടക്ക് കേറി പറഞ്ഞു.

'അനിയാ, നിൽ ..'

'ചുരുക്കിപ്പറഞ്ഞാൽ മഴ നനയാതെ കയറിക്കിടക്കാൻ വേണ്ടിയാണ് അനിയൻ ഒരു വീട് പണിതത്, പക്ഷെ ഇപ്പോൾ ആ വീടിനെ മഴയിൽ നിന്ന് രക്ഷിക്കേണ്ട പണിയും കൂടെ അനിയൻ ഏറ്റെടുക്കേണ്ട അവസ്ഥയാണ് എന്നർത്ഥം.'

'അത് തന്നെ'

'ഒട്ടും പേടിക്കേണ്ട, പായലും, പൂപ്പലും, ചുവരിലെ ഇലക്ട്രിക്ക് ലൈനിൽ നിന്നുള്ള ഷോക്കും ഒക്കെ ഉടനെ പുറകെ വന്നോളും. ക്ഷമി.'

പ്രശ്നം ഗുരുതരമാണ്. അത്ര എളുപ്പത്തിൽ ഒരു പരിഹാരം അദ്ദേഹത്തിന് നിർദ്ദേശിക്കാൻ എനിക്കാവില്ല.  കാരണം അദ്ദേഹത്തിന്റെ  പ്രശ്നങ്ങൾക്ക് പൂർണ്ണമായോ ഭാഗികമായോ അദ്ദേഹം കൂടി കാരണക്കാരനാണ്. എന്തെന്നാൽ വേണ്ടത്ര സൺഷെയിഡുകൾ ഇല്ലാതെ പെട്ടി കണക്കുള്ള ഒരു വീടാണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്.

'കന്റെംപ്രറി' മോഡൽ എന്ന് ഓമനപ്പേരിട്ട് ആളുകൾ വിളിക്കുന്ന അതേ സാധനം.

അങ്ങനെ ഉള്ള രൂപകൽപന നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് ചേർന്നതല്ലെന്നും, പണി കിട്ടും എന്നും ഒക്കെ പലരും അദ്ദേഹത്തെ ഉപദേശിച്ചതാണ്. കേട്ടില്ല, പറഞ്ഞുകൊടുക്കാൻ ഉത്തരവാദിത്വം ഉണ്ടായിരുന്ന ഡിസൈനറും പറഞ്ഞില്ല. ഇപ്പോൾ മനസ്സിലായി. അല്ലെങ്കിലും അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും എന്നാണല്ലോ പ്രമാണം.

ഒരു സ്ഥലത്തെ കെട്ടിടനിർമ്മാണശൈലി രൂപപ്പെടുന്നതിൽ അന്നാട്ടിലെ കാലാവസ്ഥക്ക് അങ്ങേയറ്റത്തെ പങ്കുണ്ട്. കാലാവസ്ഥക്ക്  മാത്രമല്ല മറ്റു പല ഘടകങ്ങൾക്കും പങ്കുണ്ട്, അത് വഴിയേ പറയാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരുദിവസം രാവിലെ എണീറ്റ് കോട്ടുവായിട്ടുകൊണ്ടു ഏതെങ്കിലും ഡിസൈനർക്കോ, എൻജിനീയർക്കോ തീരുമാനിക്കാൻ കഴിയുന്നതല്ല അന്നാട്ടിലെ നിർമ്മാണ ശൈലി. അത് സ്വാഭാവികമായി രൂപപ്പെടുന്ന ഒന്നാണ്. അതിനെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുകയാണ് ഒരു ഡിസൈനറുടെ ധർമ്മം.

വർഷത്തിൽ ഒന്നോ രണ്ടോ തുള്ളി മഴ വീഴുന്ന ഗൾഫിലെ മനോഹരമായ വില്ല പ്രോജക്ടുകളുടെ ശൈലി തുള്ളിക്കൊരുകുടം മഴ പെയ്യുന്ന തിരുവല്ലായിലോ, ചങ്ങനാശേരിയിലോ, കണ്ണൂരോ ഒക്കെ  ചെയ്‌താൽ പണി കിട്ടും. ഇവിടെയും സംഭവിച്ചത് അതാണ്. ഒരർഥത്തിൽ  പറഞ്ഞാൽ ഒരു വീട് രൂപകൽപന ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടുന്ന ഭൂവിഭാഗങ്ങളിൽ ഒന്നാണ് കേരളം.

ചൂടെന്നാൽ ഒടുക്കത്തെ ചൂട്. മഴ എന്നാൽ പെരുമഴ. നിമ്നോന്നതങ്ങൾ ഇഷ്ടം പോലെ ഉള്ള ഭൗമോപരിതലം, അതിന്റെ ഇടക്ക് കൂടി  പത്തു നാല്പത്തിനാല് പുഴകൾ. കുട്ടനാട് പോലെയുള്ള, സമുദ്രനിരപ്പിനു താഴെയുള്ള സ്ഥലങ്ങൾ, വയനാടും, ഇടുക്കിയും, പത്തനംതിട്ടയും പോലുള്ള മണ്ണിടിച്ചിലിനു സാധ്യതയുള്ള മലമ്പ്രദേശങ്ങൾ. സൂക്ഷിച്ചില്ലെങ്കിൽ പണി പാർസലായി വരും.

ഇനി, നമുക്ക് ഇതിലെ മഴ എന്നൊരു ഘടകത്തെ മാത്രം നമുക്കൊന്ന് മാറ്റി നിർത്തി പരിശോധിക്കാം. പുല്ലും, വൈക്കോലും കൊണ്ട് വീട് മേഞ്ഞിരുന്ന കാലത്ത് പോലും നമ്മുടെ മേൽക്കൂരകൾ ചെരിവുള്ളതായിരുന്നു. പിന്നീട് ഓലമേഞ്ഞ കാലത്തും, ഓട് മേഞ്ഞ കാലത്തും അത് അങ്ങനെത്തന്നെ തുടർന്നു. കാരണം മേല്പറഞ്ഞതുതന്നെ- മഴ.

അതുപോലെ ഓല മേയുമ്പോഴും, പുല്ലു മേയുമ്പോഴും ഓട് മേയുമ്പോഴും നമ്മൾ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ട്. വീടിന്റെ മേൽക്കൂരയ്ക്ക് ആവശ്യമായ പ്രൊജക്‌ഷൻ നൽകാൻ നാം ശ്രദ്ധിച്ചിരുന്നു. അത്യാവശ്യം ഒരു ബൈക്ക് കയറ്റി വയ്ക്കാനോ, മഴയത്തു ഒരാൾക്ക് നനയാതെ കേറി നിൽക്കാനോ ഒക്കെയുള്ള പ്രൊജക്‌ഷൻ അതിനുണ്ടായിരുന്നു.

കോൺക്രീറ്റിന്റെ വരവോടെ ആണ് കാര്യങ്ങൾ മാറി മറയുന്നത്. അതോടെ പരന്ന മേൽക്കൂരകൾ നിർമിക്കാം എന്നായി. എന്നിരുന്നാലും കേരളത്തിലെ ആദ്യത്തെ ഒന്ന് രണ്ടു തലമുറ വീടുകൾക്ക് ആവശ്യമായ സൺ ഷെയിഡുകൾ നിർമ്മിക്കാൻ അക്കാലത്തെ ഡിസൈനർമാർ ശ്രദ്ധിച്ചിരുന്നു. പിന്നീട് കഥ മൊത്തം മാറി മറിഞ്ഞു. വാൾ എടുത്തവരെല്ലാം വെളിച്ചപ്പാടുമാരായി. ബാഹ്യമായ ഭംഗി എന്ന ഘടകത്തിന് വേണ്ടി ആയുഷ്കാല സമ്പാദ്യമായ വീടിന്റെ കഥകഴിക്കാൻ ഉടമസ്ഥന്മാരും ഡിസൈനർമാരും  മത്സരിച്ചു . അതിന്റെ ഫലമാണ് ഈ അർധരാത്രിയിൽ അബുദാബിയിൽ എന്നെ തേടി വന്ന ഈ സന്ദേശം.  

പറഞ്ഞു വന്നത് ഇതാണ്, ഇത്രയധികം മഴ ലഭ്യതയുള്ള കേരളത്തിൽ സൺഷെയ്ഡുകൾ ഇല്ലാത്ത, പരന്ന മേൽക്കൂരയുള്ള വീടുകൾ നിലവിലെ സാഹചര്യത്തിൽ അശാസ്ത്രീയമാണ്. പരന്ന മേൽക്കൂര വേണ്ട എന്ന് കേട്ടയുടനെ  മേൽക്കൂര വല്ലാതെ അങ്ങോട്ട് ചെരിക്കാനും പോകരുത്. ബാഹ്യഭംഗിക്ക് വേണ്ടി ഒരു കയ്യും കണക്കുമില്ലാതെ മേൽക്കൂര ചെരിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇതിനും പാർശ്വഫലങ്ങൾ ഉണ്ട്. എല്ലാത്തിനും ഒരു കയ്യും കണക്കും ഒക്കെ വേണം എന്നർഥം.

അതുകൊണ്ടു നമ്മുടെ നാട്ടിൽ നാം നമ്മുടെ കാലാവസ്ഥക്ക് ഉതകുന്ന രീതിയിൽ ഉള്ള വീടുകൾ നിർമ്മിക്കുക. അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങളെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. ഡിങ്കനും, മായാവിക്കും പോലും ...

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്

English Summary- Houses Not Suitable for Kerala Tropical Climate Repercussions; Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com