ADVERTISEMENT

നിലവിലെ കേരളീയ വീട് അത്രക്കങ്ങട് സ്ത്രീ സൗഹൃദമല്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മുറ്റം മുതൽ വീടിനകത്തെ ടോയ്‌ലറ്റ് വരെ നിലത്ത് എത്ര വിലയുള്ള ടൈൽ വിരിച്ചാലും  അതെല്ലാം വൃത്തിയാക്കുന്ന ചുമതല സ്ത്രീക്കാണ്. വീടിന്റെ വലുപ്പം കൂടുന്തോറും സ്ത്രീയുടെ ജോലിയും കൂടുന്നുണ്ട്. അമ്മ അടുക്കളയിൽ കയറിയാൽ അച്ഛനും മക്കളും അമ്മയെ കാണുന്നില്ല. കാരണം അടുക്കള മറ്റിടങ്ങളിൽ നിന്ന് ചുമരുകളാൽ മറയ്ക്കപ്പെട്ടിരിക്കുന്നു. സ്ത്രീയുടെ അടുക്കളജോലി അതിനാൽ തന്നെ വീട്ടിലെ മറ്റുള്ളവർ കാണുന്നില്ല.

അമ്മയുടെ അടുക്കള, അമ്മയുടെ പാചകം, വളയിട്ടവളുടെ കൈപ്പുണ്യം. അമ്മ / ഭാര്യ വച്ച മീൻകറി എന്നെല്ലാം പറഞ്ഞുള്ള പുകഴ്ത്തലുകളാണ് വീട്ടിനകത്ത് ആകെയുള്ള ആശ്വാസം. പക്ഷേ അധ്വാനത്തിന് പുകഴ്ത്തലുകൊണ്ടുള്ള പ്രതിഫലം എന്നത്തേക്കും പോരാതെ വരും. മാറ്റമില്ലെന്നല്ല പക്ഷേ മിക്കയിടത്തും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. അടുക്കളയിൽ ചായപ്പൊടി ഇരിക്കുന്ന ഇടം പോലും അറിയാത്ത വീട്ടുപുരുഷൻമാർ ഇപ്പോഴുമുണ്ട്. 

വാസ്തുപുരുഷൻ മാത്രമല്ല വീട്ടുപുരുഷനും പലപ്പോഴും പ്രശ്നക്കാരാണ്. വീടുകളിൽ മോഡുലാർ കിച്ചൻ കൂടിയായപ്പോൾ മുളകുപൊടിയും മല്ലിപ്പൊടിയും വരെ വേർതിരിച്ചറിയാത്തവരായി പലരും. പഞ്ചസാരയും കടുകും മഞ്ഞളും മുളകും ചെറുപയറും പരിപ്പും ഒക്കെ കഴിഞ്ഞോന്നറിയാൻ ഷെൽഫുകൾ ഓരോന്നായി തുറന്നുനോക്കണം.

ഇനി എത്ര കാലം അടുക്കളകൾ ഇന്നത്തെപ്പോലെ സജീവമായി നിലനിൽക്കും എന്നറിയില്ല.  എങ്കിലും എന്റെ സങ്കൽപത്തിലെ അടുക്കള അതിഥികൾക്കും  കുട്ടികൾക്കും വീട്ടിലെ മുതിർന്നവർക്കും എല്ലാം യഥേഷ്ടം കടന്ന് വന്ന് പാചകം ചെയ്യാനാവുന്ന ഇടങ്ങളാവണം എന്നാണ്.

ഒരു വലിയ ഇടം. അതിലൊരു ഭാഗം മുഴുക്കെ ചെടികളാവണം. ചുമരുണ്ടാവരുത് അവിടെ. അവിടെയിരുന്ന് ആകാശം കണ്ട് കാറ്റുകൊണ്ട് വർത്തമാനം പറഞ്ഞ് പാചകം ചെയ്ത്, ഭക്ഷണം കഴിച്ച് കൈ കഴുകി, വീണ്ടും വർത്തമാനം പറഞ്ഞ്, ഉറക്കം വരുമ്പോൾ ബെഡ്റൂമിലേക്ക് പോവാനാവുന്ന ഇടങ്ങൾ.

ലിവിങും ഡൈനിങ്ങും കിച്ചനും എല്ലാം ഒരേയിടത്തിൽ വിശാലമായി സ്ഥിതി ചെയ്യണം. ചുമരുകളുണ്ടാവരുത്. ഞാനെന്നും പറയാറുള്ളതു പോലെ ബെഡ് റൂമുകൾക്ക് മാത്രം മതി ചുമരുകൾ . വീട്ടിനകത്തെ ചുമരുകളുടെ ധാരാളിത്തം മനുഷ്യരെ പരസ്പരം അകറ്റുന്നു, ചുരുങ്ങിയപക്ഷം സ്ത്രീകളെയെങ്കിലും ഒറ്റപ്പെടുത്തുന്നുണ്ട് ചുമരുകൾ .ചുമരുകൾ അങ്ങനെയാണ് സ്ത്രീ വിരുദ്ധമാവുന്നത്. അതുകൊണ്ട് എന്റെ സങ്കൽപം ഏത് വീടും ജൻഡർ ന്യൂട്രലാവണം എന്നുതന്നെയാണ്. വീടുകൾ ജൻഡർ ന്യൂട്രലാവാൻ ചുമരുകൾ കുറഞ്ഞ ചെറിയ വീടുകളാണുത്തമവും.

(ലേഖകൻ ഡിസൈനറാണ്. മൊബൈൽ നമ്പർ- 81370 76470)

English Summary- Gender Neutral House in Kerala; Things to Change 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com