ADVERTISEMENT

വീടുപണി കഴിഞ്ഞിട്ട് ഒരുവർഷം കഴിഞ്ഞ ഒരു സാധാരണവീട്ടുകാരന്റെ ഒരു രാത്രിയിലെ സ്വപ്നവും, ആ സ്വപ്നത്തിലെ സംഭാഷണങ്ങളും. പാതിമയക്കത്തിൽ ഉറക്കംകിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങാൻ ശ്രമിക്കുന്ന വീട്ടുകാരൻ (അത് ഞാൻ ആയി സങ്കൽപിക്കുക). കുറെ കഴിഞ്ഞ് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുമ്പോൾ, അതാ സ്വപ്നത്തിൽ, സൗമ്യനായി പുഞ്ചിരി തൂകിക്കൊണ്ടൊരാൾ തൊട്ടടുത്തു വന്നിരുന്നു എന്നോട് ചോദിച്ചു:

'എന്തു പറ്റി സ്നേഹിതാ, താങ്കൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണല്ലോ?'

ഞാൻ ചോദിച്ചു: 'താങ്കൾ ആരാണ് എന്തിനാണ് എന്റെ അടുക്കൽ വന്നത്?'

അപ്പോൾ ആയാൾ പറഞ്ഞു: 'എന്റെ സങ്കടം കണ്ടിട്ട് വെറുതെ കുറച്ചു നേരം സംസാരിക്കാൻ വന്നതാണ്'.

(തൽക്കാലം അദ്ദേഹത്തെ ഞാൻ 'ബ്രോ' എന്ന് വിളിക്കാൻ തീരുമാനിച്ചു) അങ്ങനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.

ബ്രോ: എന്താണ് താങ്കളുടെ ഈ വിഷമത്തിന്റെ കാരണം? 

ഞാൻ: വീടുപണി കഴിഞ്ഞിട്ട് ഒരു വർഷം ആയി, ഒരുപാട് ബാധ്യത ഉണ്ട് ഇപ്പോൾ, ബാങ്കിലേ ലോൺ അടക്കണം, വീട്ടുചെലവ് മൊത്തം എടുക്കണം, കുട്ടികളുടെ സ്കൂൾ, പിന്നെ വീടുപണിയുടെ അവസാനം പേർസണൽ ആയി വാങ്ങിയ കടം, ഇതെല്ലാം ഇപ്പോൾ അടച്ചു തീർക്കാനോ വീട്ടാനോ എന്നൊക്കൊണ്ട് ഇപ്പോൾ പറ്റാതെ വന്നിരിക്കുന്നു.

ബ്രോ:  അതെന്തു പറ്റി ഇപ്പോൾ ഇങ്ങനെ? 

ഞാൻ: ഇപ്പോൾ ജോലി കുറഞ്ഞു. ശമ്പളവും കുറഞ്ഞു, എക്സ്ട്രാ ജോലികൾ ഒന്നും കിട്ടുന്നുമില്ല. കണക്ക്കൂട്ടലുകൾ ഒക്കെ തെറ്റി തുടങ്ങിയിരിക്കുന്നു. 

ബ്രോ: ഇത്രെയും ബാധ്യത വരുത്തി എന്തിനാണ് വീടുപണി നടത്തിയത്, അത്യാവശ്യം വല്ലതും ഉണ്ടായിരുന്നോ?

ഞാൻ: അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല, എന്നാലും ഒരു നല്ല വീട് എല്ലാവരുടെയും സ്വപ്നം അല്ലേ. 

ബ്രോ: അതിരിക്കട്ടെ, വീടിന് എത്ര ആയി ചെലവ്?

ഞാൻ: എല്ലാം തീരുമ്പോൾ ഏകദേശം 50 ലക്ഷത്തിന് അടുത്ത് വരും.

ബ്രോ: ഇപ്പോൾ എത്ര ബാധ്യത ഉണ്ട്?

ഞാൻ: ഏകദേശം 30 ലക്ഷം. 

ബ്രോ: അപ്പോൾ 20 ലക്ഷത്തിന് ഒരുബാധ്യതയും ഇല്ലാതെ ചെറിയൊരു വീട് പണിയാമായിരുന്നല്ലോ. എന്തിനാണ് വലിയ വീട് പണിത് ഈ ബാധ്യത ഒക്കെ വരുത്തി ഉള്ള മനഃസമാധാനം നഷ്ടപെടുത്തിയത്.

ഞാൻ: അത്... നാട്ടുകാരും കൂട്ടുകാരും വീട്ടുകാരും ഒക്കെ എന്തു വിചാരിക്കും, അടുത്തുള്ള വീടുകളുടെ ഒക്കെ ഒപ്പം നിൽക്കണ്ടേ. അല്ലെങ്കിൽ നാണക്കേട് അല്ലേ. 

ബ്രോ: മനഃസമാധാനത്തോടെ ഉറങ്ങാൻ അല്ലേ നമ്മൾ വീടു പണിയുന്നത്. ഇതിപ്പോൾ അതില്ലല്ലോ, പിന്നെ എങ്ങനെ കിടന്നുറങ്ങാൻ സാധിക്കും.

ഞാൻ: അത് കുട്ടികൾക്കും വേണ്ടി അല്ലേ, അപ്പോൾ കുറച്ചു വലുത് വേണം എന്ന് ചിന്തിച്ചു.

ബ്രോ: ഇളയ കുട്ടിക്ക് ഇപ്പോൾ എത്ര വയസ്സ് ആയി?

ഞാൻ: 2

ബ്രോ: കുട്ടിയുടെ മനസ്സിൽ വീട് എന്നൊരു സങ്കൽപം വന്നു തുടങ്ങണം എങ്കിൽ പോലും കുറഞ്ഞത് 22   വയസ്സെങ്കിലും കഴിയണം. അപ്പോൾ അവൻ 21 വർഷം പഴക്കം ഉള്ള ഈ വീടിനെ കുറച്ചു ചിന്തിക്കുമോ അതോ അന്നുള്ള പുതിയ മോഡൽ പുതിയ വീടിനെ കുറിച്ച് ചിന്തിക്കുമോ? അപ്പോൾ കുട്ടിക്ക് വേണ്ടിയുള്ള വീട് ആണ് എന്നുള്ള സങ്കൽപം തെറ്റി പോയില്ലേ?

ഞാൻ: അതു ശെരിയാണല്ലോ, ഞാനും ഇപ്പോൾ അങ്ങനെ അല്ലേ ചെയ്തത്.

ബ്രോ: കുട്ടിക്ക് വേണ്ടി വീട് അല്ല പണിയേണ്ടത്. അതിനുള്ള സ്ഥലം ആണ് വാങ്ങിയിടേണ്ടത്, വീട് പണിയേണ്ടത് അവർ ആണ്. അതും അന്നത്തെ രീതിയിൽ. ഇന്ന് നമ്മുടെ എല്ലാ സൗഭാഗ്യങ്ങളും നഷ്ടപെടുത്തി വീടിനു വേണ്ടി ചെലവാക്കുന്നത് അന്ന് വെറും വേസ്റ്റ് ആയി മാറും.

ഞാൻ: അതെങ്ങനെ? എനിക്ക് മനസ്സിലായില്ല?

ബ്രോ: ഇന്ന് താങ്കൾക്കുള്ള ബാധ്യത, അതായത്, ഇപ്പോൾ പണിയെടുക്കുന്ന ക്യാഷ് മുഴുവനും ബാങ്കിലെ ലോണും പലിശയും വായ്പയും ഒക്കെയായി അടച്ചു തീർന്നു പോകുന്നു, (അന്തസ്സായി നല്ല രീതിയിൽ അടിച്ചു പൊളിച്ചു താങ്കളും താങ്കളുടെ കുടുംബവും ജീവിക്കേണ്ട ക്യാഷ്)

സന്തോഷവും സമാധാനവും ആയി ജീവിക്കാൻ വേണ്ടി നാം പണിയുന്ന വീട് തന്നെ നമ്മുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കി, ആരുടെയൊക്കെ മുൻപിൽ ആൾ ആവാൻ നമ്മൾ ആർഭാടം കാണിച്ചുവോ അവരുടെയൊക്കെ മുൻപിൽ ലജ്ജിച്ചു തല താഴ്ത്തി നടക്കേണ്ടി വരുന്നു. ഇത്രയും സഹിച്ചു ഇന്ന് പണിയുന്ന വലിയ വീട് അന്ന് കുട്ടി വലുതാകുമ്പോൾ, 'ഇത് പഴയത് ആണ്' എന്ന് പറഞ്ഞു പുതിയ വീട് പണിതാൽ ഇതൊക്കെ വേസ്റ്റ് ആയി മാറില്ലേ?

ഞാൻ: അയ്യോ,നേരാണല്ലോ, എല്ലാം വേണ്ടാന്ന് വച്ച് ഒരു മാതിരി ജീവിതം ആണല്ലോ ഇപ്പോൾ ജീവിക്കുന്നത്. എനിക്ക് തെറ്റിപോയല്ലോ!.. 

ബ്രോ: വീട് എന്നതു, സന്തോഷത്തോടും സമാധാനത്തോടും, ജീവിക്കുവാനും, ഉറങ്ങുവാനും ഉള്ളത് ആകണം, അല്ലാതെ ബാധ്യതകളും തലവേദനകളും ഉണ്ടാക്കി നമ്മുടെ നല്ല ജീവിതത്തെ ഇല്ലാതാക്കുന്ന ഒന്ന് ആകരുത്.. 

ഞാൻ: ലോൺ എടുക്കാതെയും, ബാധ്യതകൾ വരുത്താതെയും എങ്ങിനെയാണ് സാധാരണക്കാർക്ക് വീട് പണിയാൻ പറ്റുന്നത്. ഇതില്ലാതെ മിക്കവർക്കും വീട് പണിയാൻ പറ്റില്ലല്ലോ?

ബ്രോ: ഒരു വീട് പണിയുമ്പോൾ ഇതൊക്കെ എടുക്കേണ്ടിവരും, എടുക്കണം. എന്നാൽ, ഇപ്പോൾ ഉള്ള വരുമാനം നാളെ കുറയുകയോ, അല്ലെങ്കിൽ ജോലി നഷ്ടപ്പെടുകയോ, അല്ലെങ്കിൽ ജോലി ചെയ്യാൻ പറ്റാതെ ആകുകയോ ചെയ്താൽ, നമുക്കോ അല്ലെങ്കിൽ നമ്മുടെ വീട്ടുകാർക്കോ എങ്ങനെയെങ്കിലും അടക്കാൻ പറ്റുന്ന രീതിയിൽ ഉള്ള തുക അടവ് വരുന്ന രീതിയിലേ ഇതൊക്കെ എടുക്കാവൂ. കാരണം, ചെലവുകൾ എപ്പോഴും കൂടിക്കൊണ്ടേ ഇരിക്കുന്നുള്ളൂ, ഒരു കുട്ടി ജനിച്ചാലോ ആർക്കെങ്കിലും ഒരു അസുഖം വന്നാലോ (ഹോസ്പിറ്റലിൽ കയറേണ്ടി വന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റും) പ്രതീക്ഷിക്കാതെ മറ്റുചില ആവശ്യങ്ങൾ കയറി വന്നാൽ എല്ലാം താളം തെറ്റും. അതുകൊണ്ട് നമുക്ക് എങ്ങനെയെങ്കിലും അടയ്ക്കാൻ  പറ്റും എന്ന് ഉറപ്പുള്ള തുകയേ എടുക്കാവൂ.

ഉദാഹരണത്തിന്, കോവിഡ് കാലത്ത്  ഒരുവർഷത്തോളം ജോലി ഉണ്ടായിരുന്നില്ലല്ലോ, ശരിക്കും നക്ഷത്രം എണ്ണിയില്ലേ? എത്ര രാത്രികൾ ഉറങ്ങാതെ കിടക്കേണ്ടി വന്നു ഇതുപോലെ.

ഞാൻ: ശരിയാണല്ലോ, ഇപ്പോൾ ഉള്ള വരുമാനത്തിൽ ഇതൊക്കെ അടച്ചു കഴിയുമ്പോൾ ജീവിക്കാൻ പറ്റുന്നില്ല. ( ഒരു മാതിരി വല്ലാത്ത ജീവിതം) എന്തു കൊണ്ട് താങ്കൾ ഇത് വീട് പണിയുന്നതിനു മുൻപ് ഇതുപോലെ വന്നു പറഞ്ഞില്ല? ഇപ്പോൾ എന്നോട് പറഞ്ഞിട്ട് എന്തു കാര്യം. എല്ലാം കൈവിട്ടു പോയല്ലോ!...

ബ്രോ: വീടുപണി നടന്നു കൊണ്ടിരിക്കുമ്പോഴും, ഇനി നടത്താൻ പോകുന്നവരോടും ഇനി ദൈവംതമ്പുരാൻ നേരിട്ടിറങ്ങിവന്നു ഇത് പറഞ്ഞാലും ഇത് കേൾക്കില്ല. അവർ അപ്പോൾ ഒരു പ്രത്യേക ആവേശത്തിൽ ആയിരിക്കും.താങ്കൾ തന്നെ ആ ഘട്ടം പിന്നിട്ടതുകൊണ്ടാണ് ഇത്രയുംനേരം എന്നെ ഓടിക്കാതെ ഇവിടെ ഇരുത്തിയത്. ഞാൻ പതുക്കെ വിഷമം കൊണ്ട് കരയാൻ തുടങ്ങി.

ബ്രോ: കരയേണ്ട, താങ്കൾ അവസാനം എല്ലാവരോടും പറയുന്ന പോലെ ഞാനും താങ്കളെ ആശ്വസിപ്പിക്കാം. എന്തായാലും കഴിഞ്ഞതു കഴിഞ്ഞു, നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ, അവരുടെ സന്തോഷത്തിനു വേണ്ടിയല്ലേ, കുറച്ചൊക്കെ നമുക്ക് അങ്ങ് സഹിക്കാമെന്നേ. ഇനിയെങ്കിലും ശ്രദ്ധിച്ചാൽ മതി കേട്ടോ.  എന്നാൽ ഞാൻ പൊയ്‌ക്കോട്ടെ, സമാധാനം ആയി കിടന്ന് ഉറങ്ങിക്കോ, എല്ലാം ശരിയാകും. ഗുഡ്നൈറ്റ്... ബ്രോ പോയി, ഞാൻ പാതി മയക്കത്തിൽ പതുക്കെ തിരിഞ്ഞു പുതപ്പിനുള്ളിലേക്ക് കയറി, മറ്റുചിന്തകളിലേക്ക് പോയി.

(ഇതായിരുന്നു ചിന്ത- കാർ ഒരെണ്ണം വാങ്ങണം, എന്തായാലും മുഴുവൻ ലോൺ എടുക്കണം, എന്നാൽ പിന്നെ ഒരു ഇന്നോവ തന്നെ ആയിക്കോട്ടെ. കാരണം അപ്പുറത്തെ വീട്ടിലും ഇപ്പുറത്തെ വീട്ടിലും ഒക്കെ ഉണ്ട്, എന്റെ വീട്ടിൽ ഇല്ലാതിരുന്നാൽ നാണക്കേടല്ലേ, അതുകൊണ്ടാണ്.) അതിൽ ഒന്നു നാട് ചുറ്റുന്നതും സ്വപ്നം കണ്ടുകൊണ്ട് ഉറക്കത്തിൽ തന്നെ ഒന്നു പുളകിതനായി ഒന്നുരണ്ടു വട്ടം ചിരിച്ചുകൊണ്ട്, എന്നത്തേക്കാളും സുഖമായി കിടന്നുറങ്ങി...

(ഇതിലെ ഞാൻ ആയിട്ട് ആർക്കെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.)

 

English Summary : Taking Huge Homeloan beyond financial condition; Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com