ADVERTISEMENT

എന്റെ ഒരു നിരീക്ഷണവും അഭിപ്രായവുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇപ്പോൾ പണിയുന്ന മിക്ക വീടുകളിലും വീട്ടുകാർക്കുള്ള ടിവി വയ്ക്കുന്നത് ഗെസ്റ്റ് ലിവിങ്ങിലാണ്. ചിലർ വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ടും (ചെറിയ പ്ലോട്ടിൽ ചെറിയ വീടുകൾ) ചിലർ ഇതിനു വലിയ പ്രാധാന്യം കൊടുക്കാത്തത് കൊണ്ടും, ചിലർ അറിവില്ലായ്മ കൊണ്ടുമാണ് ഇങ്ങനെചെയ്യുന്നത്.

എന്റെ അഭിപ്രായത്തിൽ സൗകര്യം ഉണ്ടെങ്കിൽ ഒരു ഫാമിലി ലിവിങ് എടുക്കണം. എന്നിട്ട് അവിടെ വീട്ടുകാർക്കുള്ള ടിവി വയ്ക്കുന്നതാണ് നല്ലത്. അതിനുള്ള സൗകര്യം ഇല്ലെങ്കിൽ ഹാളിൽ ഏതെങ്കിലും ഒരു ഭാഗത്തു അതിനുള്ള സൗകര്യം കണ്ടെത്തണം. അത് ഡൈനിങിൽ ആയാൽ പോലും കുഴപ്പമില്ല. നാലോ അഞ്ചോ പേർക്ക് ഇരിക്കാൻ ഉള്ള സ്ഥലം മതി, കൂടുതൽ ആൾ ഉണ്ടെങ്കിൽ ഡൈനിങ്ങിലെ ചെയറുകൾ ഉപയോഗിക്കട്ടെ. (മിക്കവാറും tv കാണുന്നത് എന്തെങ്കിലും ഒക്കെ കഴിച്ചുകൊണ്ട് ആയിരിക്കും).

കിച്ചനിൽ നിന്നും കൂടി കാണാൻ സൗകര്യം ഉണ്ടായാൽ കൂടുതൽ നല്ലത്. (സീരിയലുകൾ കണ്ടുകൊണ്ട് പാചകം ചെയ്യുകയാണെങ്കിൽ, മക്കളോട് ഇത് എന്റെ കണ്ണീരും കൂടി ചേർന്നത് ആണെന്ന് കൂടി പറയാൻ പറ്റും!)

ഗെസ്റ്റ്  ലിവിങ് ആയിരിക്കും ഏറ്റവും കൂടുതൽ വൃത്തിയാക്കി ഇടാൻ എല്ലാവരും കൂടുതൽ ആഗ്രഹിക്കുന്ന ഒരു സ്ഥലം. അവിടെ വീട്ടുകാർക്കുള്ള ടിവി വന്നാൽ ഉള്ള ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സാവധാനം പിന്നെ അവിടെയായിരിക്കും വീട്ടുകാരുടെ ഭക്ഷണം, ചായകുടി, ചിപ്സ് തീറ്റ, പേപ്പർ, മാസിക, ഇരിപ്പ്, കിടപ്പ്, മുതലായ എല്ലാ കാര്യങ്ങളും നടക്കുന്നത്. പിന്നെ ഈ സ്ഥലം എപ്പോഴും വൃത്തിയാക്കി ഇടുക എന്നുള്ളത് വലിയൊരു വെല്ലുവിളി ആയിമാറും. ചില വീടുകളിൽ ആരെങ്കിലും പെട്ടെന്ന് കയറി വന്നാൽ വീട്ടുകാരിയുടെ ഒരു വെപ്രാളം കാണേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും.കുറെ അധികം സാധനങ്ങൾ എടുത്തു കൊണ്ട് ഓടേണ്ട അവസ്ഥ വരാറുണ്ട്. ചില വീടുകളിൽ ചിപ്സിന്റെ തരികൾ തട്ടിക്കഞ്ഞു ഇരിക്കേണ്ട അവസ്‌ഥയും ഉണ്ടാകുന്നുണ്ട്. ഇതൊന്നും മനഃപൂർവം ചെയ്യുന്നത് അല്ല, അറിയാതെ ആയിപ്പോകുന്നത് ആണ്. (എന്നാൽ ഇതൊക്കെ കൃത്യമായി ക്ളീൻ ചെയ്തു വൃത്തിയാക്കി ഇടുന്നവരും ഉണ്ട്.)  

ഗെസ്റ്റ് ലിവിങ്ങിൽ ടിവി വന്നാൽ ആ സ്‌പേസ് പെർഫെക്ട് ആക്കിയിടുക അത്ര എളുപ്പം അല്ല, അതുകൊണ്ട് സൗകര്യം ഉള്ളവർ ഫാമിലി ലിവിങ് വേറെ എടുക്കട്ടെ, അല്ലാത്തവർ ഗെസ്റ്റ് ലിവിങ് ചെറുതാക്കി ആ സ്‌പേസ് കൂടി ഹാളിൽ കൂട്ടിച്ചേർത്തു, ഹാളിൽ ടിവിക്കുള്ള  സ്‌പേസ് കണ്ടെത്തുക. ഇതിനെ ഒരുപാടുപേർ എതിർക്കാൻ സാധ്യത ഉണ്ട് എന്ന് എനിക്കറിയാം, കാരണം, ഭൂരിഭാഗം ആളുകളുടെ വീട്ടിലും ടിവി ഗെസ്റ്റ് ലിവിങ്ങിൽ ആയിരിക്കും(ഞാനും അനുഭവസ്ഥൻ ആണ്). ഇനി വീട് പ്ലാൻ ചെയ്യുന്നവർ എങ്കിലും ഈ കാര്യത്തെക്കുറിച്ച് ബോധവാന്മാരായാൽ ഞാൻ ഹാപ്പി.

അടിക്കുറിപ്പ്- ടിവി കാണാനായി  അപ്പർ ലിവിങ്ങിൽ സ്‌പേസ് വേർതിരിക്കുന്നവരുണ്ട്. പക്ഷേ മിക്കയിടത്തും ടിവി മൂടിപ്പുതച്ച് കിടക്കും. ആൾക്കാർക്ക് ( പ്രത്യേകിച്ച് പ്രായമായവർക്ക്) സ്റ്റെപ്പ്കയറി മുകളിലെത്താനുള്ള മടിയാണ് കാരണം.

English Summary- Space for TV unit in House; Space utilisation Tips from Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com