ADVERTISEMENT

കഴിഞ്ഞുപോയ രണ്ടു കോവിഡ് ലോക്ഡൗൺ കാലത്തും വീടായിരുന്നു നമ്മളുടെ അഭയസ്ഥാനം. അതല്ലെങ്കിലും ആത്യന്തികമായി വീടാണ് നമ്മുടെ അഭയകേന്ദ്രം. എന്നാല്‍ ആ വീടുകള്‍ എത്ര മാത്രം സുരക്ഷിതമാണ്? പൂര്‍ണ്ണമായൊരു ഉത്തരത്തിനേക്കാള്‍ നല്ലത് വീട് പണിയുമ്പോഴുള്ള ശീലങ്ങളെ പറ്റി മനസ്സിലാക്കുക എന്നതാണെന്ന് തോന്നുന്നു.

ധാരാളം ആളുകള്‍ വീടിനു പ്ലാന്‍, ഡിസൈന്‍ വരയ്ക്കാൻ എന്നോട് റേറ്റ് ചോദിക്കാറുണ്ട്. 99% ആളുകളും റേറ്റ് കേള്‍ക്കുമ്പോഴേ താരതമ്യംപോലും ചെയ്യാതെ കൂടുതലാണ് എന്നഭിപ്രായപെടും. കാരണം ചില തെറ്റായ ശീലങ്ങള്‍ തന്നെയാണ്.

ഒരു വര്‍ക്കിനു 3D ഇല്ലാതെ മിനിമം പതിനായിരം രൂപയാണ്  ഞാന്‍ വാങ്ങുന്നത്. 10 വര്‍ഷമായി അങ്ങനെ തന്നെയാണ്. വലിയ വര്‍ക്കാണേല്‍ മിനിമം അൻപതിനായിരം (3D, വിശദമായ ഡ്രോയിങ്, സ്ട്രക്ചറൽ ഡിസൈൻ ഉള്‍പ്പടെ) വാങ്ങും. പലരും സ്ട്രക്ചറൽ ഡിസൈൻ ചെയ്യുന്നത് കാണാറില്ല. ഇതു കാരണം അനാവശ്യമായി പലയിടത്തും കമ്പി തെറ്റിച്ചിടുന്നു. പിന്നീട് പൊട്ടലും വിള്ളലുമുണ്ടായി ചോർച്ചയ്ക്ക് കാരണമാകുന്നു. റിപ്പയർ ചെയ്യാന്‍ ലക്ഷങ്ങള്‍ കളയുന്നു. കഷ്ടം!

മറ്റൊരു കാര്യം അന്ധമായ അനുകരണമാണ്. അവിടേയും ഇവിടേയുമൊക്കെ പര്‍ഗോള പോലെയും മറ്റും  ഏച്ചുകെട്ടി വച്ച് കുറച്ച് ടെക്സ്ചർ ഫിനിഷ് ചെയ്തു വയ്ക്കുന്നതും കാണാറുണ്ട്. ഉള്ളിലെ പ്ലാനിനാണ് പ്രാധാന്യം കൊടുക്കേണ്ടത് ഒപ്പം സ്ട്രക്ചറൽ സ്റ്റെബിലിറ്റി മനസ്സില്‍ വയ്ക്കണം.

നല്ല സ്ട്രക്ചറൽ ഡിസൈൻ ചെയ്യാത്ത വീട് മറിഞ്ഞു വീഴുമെന്നല്ല പറഞ്ഞത്. ആവശ്യത്തില്‍ കൂടുതലോ കുറവോ ഏതു സാധനവും കെട്ടിടത്തിനു ഭാവിയില്‍ ദോഷമാണ്. കിളി മൂത്ത് കണ്ടക്ടറാകുന്ന പോലെയോ ആശാരി മൂത്താശാരി ആകുന്നതുപോലയോ അല്ല കാര്യങ്ങള്‍. 

ഒരിക്കലും നഴ്സ് മൂത്ത് ഡോക്ടറാവില്ല. സാദാ MBBS ഡോക്ടര്‍ എത്ര മൂത്താലും സ്‌പെഷലിസ്റ്റ് ഡോക്ടറാകില്ല. കണ്ണിന്‍റെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ ഹാര്‍ട്ടിന്‍റെ സര്‍ജ്ജറി ചെയ്യുമോ? അതുപോലെ ആർക്കിടെക്ട് സ്ട്രക്ചറൽ ഡിസൈൻ ചെയ്യാറില്ല. പക്ഷേ അതിന്‍റെ അടിസ്ഥാന തത്വങ്ങള്‍ അവര്‍ക്കറിയാം. അതുപോലെ ഒരു സ്ട്രക്ചറൽ എൻജിനീയർ ഫിനിഷസ് ഡിസൈൻ ചെയ്യാറില്ല. പക്ഷേ അടിസ്ഥാനപരമായി finishing load എത്രവരുമെന്നറിയാം.

ചുരുക്കി പറഞ്ഞാല്‍ എൻജിനീയറും ആർക്കിടെക്ടും ചെയ്യേണ്ട പണി കംപ്യൂട്ടർ 3D ഡിസൈൻ ചെയ്യുന്ന ആളെ കൊണ്ട് നടക്കില്ല. അങ്ങനെയുള്ളവര്‍ അഞ്ഞൂറോ ആയിരമോ വാങ്ങി എന്തെങ്കിലും വരച്ചു ഭംഗിയാക്കി (കളർഫുൾ) തരും. അവരോട് ബീമിന്‍റെ ഭാരമോ, സ്ലാബിന്‍റെ ഭാരമോ, കമ്പിയുടെ ഭാരമോ, അതിലുള്ള loading pattern , vibration, acoustics, stability, durability, expansion factor അങ്ങനെ പ്രധാന കാര്യങ്ങള്‍ ചോദിച്ചാല്‍  കൈമലര്‍ത്തും. 

അതൊക്കെ പോട്ടെ ഒരു 500 രൂപ മുദ്രപ്പത്രത്തിൽ 10 വര്‍ഷത്തേക്ക് warranty എഴുതി കൊടുത്ത് ഒരു വീട് ഡിസൈൻ ചെയ്തുപണിതുകൊടുക്കാൻ എത്രപേര്‍ക്ക് സാധിക്കും? 20 ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ മുടക്കുന്ന വീടിനു 5 വര്‍ഷത്തെ structural warranty ഉപഭോക്താവിന്‍റെ അവകാശമല്ലേ?

5 ലക്ഷം മുടക്കുന്ന ഒരു കാറിനു പോലും 50000km അല്ലെങ്കിൽ 3 വർഷം എൻജിൻ വാറന്റി കൊടുക്കുന്നുണ്ട്. ആ സ്ഥാനത്താണ് 20 ലക്ഷം മുടക്കിയ വീടുകള്‍ക്ക് പൊട്ടലും ഈര്‍പ്പവും ചോര്‍ച്ചയും ചിതലും വരുന്നതെന്നോര്‍ക്കണം. വര്‍ഷങ്ങളായി ബോധവല്‍ക്കരണം നടത്തിയിട്ടും വെറും ആയിരങ്ങളുടെ ലാഭത്തിനു ലക്ഷങ്ങള്‍ കളയുന്നവരാണ് കൂടുതല്‍! ചിന്തിക്കേണ്ട സമയമായി...

***

ലേഖകൻ ചാർട്ടേർഡ് സിവിൽ എൻജിനീയറാണ്.

മൊബൈൽ നമ്പർ- +91 86068 10678

English Summary- Mistakes in House Construction; Engineer Share Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com