ADVERTISEMENT

സമസ്ത മേഖലയിലെയും വിലക്കയറ്റം വീടുപണിയുന്നവരിലും പണിയാൻ ഉദ്ദേശിക്കുന്നവരിലും  ആശങ്ക ചില്ലറയല്ല. അതിനിടയ്ക്ക് പാതിക്ക് നിർത്തി മാസങ്ങൾ കഴിഞ്ഞ് തർക്കം പരിഹരിച്ചു ആ കാലതാമസത്തിന്റെ വില കൂടി കൊടുക്കേണ്ടി വന്നാലോ? സാധനങ്ങളുടെ വില കൂടുന്നത് നമുക്ക് പിടിച്ചു നിർത്താനാവില്ല എന്നതാണ് ദുഃഖ സത്യം. എന്നാൽ ഉടമസ്ഥനും കരാറുകാരനും ഒരേ മനസ്സോടെ വിചാരിച്ചാൽ ഇത് ഒഴിവാക്കാവുന്നതല്ലേ എന്നതാണ് ചോദ്യം.

വീട് പണിയുന്ന ഘട്ടത്തിൽ ഉടമസ്ഥനും  കോൺട്രാക്ടറും ചെന്ന് ചാടുന്ന ഒരു ഏടാകൂടമാണ് Price Escalation ന് ഉള്ള ഒരു വ്യവസ്ഥ ഉടമ്പടിയിൽ ഇല്ലാത്തത്.

കോൺട്രാക്ടറുടെ അവസ്ഥ 

വീട് പണി തുടങ്ങിയപ്പോൾ പറഞ്ഞ Rate മുതലാകാതെ വരുമ്പോൾ കോൺട്രാക്ടറുടെ മുൻപിലുള്ള വഴികളിലൊന്ന് മെല്ലെ പോക്ക് നയം സ്വീകരിക്കുകയോ,പണി നിർത്തുകയോ ചെയ്ത് Rate Revision എന്ന ഗുസ്തി മത്സരത്തിന് ഗോദ ഒരുക്കുക എന്നതാണ്.

അതല്ലാതെ മുൻപോട്ട് പോയാൽ സ്വാഭാവികമായും ഉപയോഗിക്കുന്ന സാധനങ്ങളുടെ അളവിലും ഗുണനിലവാരത്തിലും കൈ വയ്‌ക്കേണ്ടി വരും.ഇനി ഇങ്ങനെയൊരു ഗുസ്തി ഒഴിവാക്കി കളയാം എന്ന് കരുതുന്ന കോൺട്രാക്ടർ ഒരു വർഷത്തിൽ തീർക്കേണ്ട വീടിന് നടപ്പു രീതിയനുസരിച്ച് കൂടാൻ സാധ്യതയുള്ള വില ഏകദേശം കണക്കാക്കി ആ ഒരു Escalation ചേർത്ത് ആദ്യമേ പറഞ്ഞാൽ അദ്ദേഹത്തിന് കൂടിയ റേറ്റ് കാരണം ആരും പണി കൊടുക്കില്ലതാനും.

ഉടമസ്ഥന്റെ അവസ്ഥ

ബജറ്റ് ഒക്കെ ഉറപ്പിച്ച്  Plan വര തുടങ്ങിയതാണെങ്കിലും വെട്ടിതിരുത്തി, വെട്ടി തിരുത്തി,കുടുംബ കലഹം കഴിയുന്നതും ഒഴിവാക്കി എല്ലാവരെയും തൃപ്തിപെടുത്തി വരുമ്പോഴേക്കും ആദ്യത്തെ ബജറ്റിന് വെളിയിലേക്ക് കാര്യങ്ങൾ പോയിരിക്കും. ഭൂരിഭാഗവും ഇതിന് ശേഷമാവും കോൺട്രാക്ടറെ അന്വേഷിക്കുന്നത്. Plan വിശദമായി പഠിച്ച് നല്ല ഗുണനിലവാരത്തിൽ പണിചെയ്യുന്നവരുടെ റേറ്റ് സ്വാഭാവികമായും കൂടുതലായി തോന്നും. അതിന്റെ ഇടയ്ക്ക് മേൽപ്പറഞ്ഞ വിലക്കയറ്റവും കൂടി ചേർത്ത് ക്വൊട്ടേഷൻ  കൊടുക്കുന്നവന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

ഫലമോ, കുറഞ്ഞ റേറ്റിൽ ഏതേലും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പണി ഏല്പിക്കും (തർക്കം ഉണ്ടായാൽ പരിചയം ഉള്ളതിനാൽ പൂ പറിക്കുന്നത് പോലെ പരിഹരിക്കാം എന്ന ധാരണയിലാണ് ഈ നടപടി, പരിചയമുള്ള പൊലിസിന്റെ ഇടിക്ക് കട്ടി കൂടും എന്ന പഴമൊഴി ഉരുവിടാൻ കിടക്കുന്നതേയുള്ളു എന്നതാണ് വാസ്തവം) 

പ്രശ്നം ഇവിടെയല്ല. പണി പകുതി ആകുമ്പോഴേക്കും അപസ്വരങ്ങൾ കേട്ട് തുടങ്ങും, പണി നില്ക്കും. ഇനി മുൻപോട്ട് പോകണമെങ്കിൽ Rate revision വേണമെന്ന അവസ്ഥയിൽ എത്തും. പിന്നെ തർക്കമായി, ഒത്തു തീർപ്പ് ചർച്ചയായി. അവസാനം ഒന്നുകിൽ റേറ്റ് കൂട്ടും, അല്ലെങ്കിൽ വാശിക്ക് പുതിയ കരാറുകാരെ ഇറക്കും. രണ്ടായാലും സമ്മർദവും അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ചെലവും, തിരിച്ചു പിടിക്കാനാവത്ത സമയനഷ്ടവും.

എന്താണ് പോംവഴി?

ഈ തലവേദന ഒഴിവാക്കാനായി വലിയ പ്രോജക്ടുകളിൽ Price Escalation വ്യവസ്ഥ ഉടമ്പടിയിൽ ഉണ്ടാവാറുണ്ട്. അത്ര പ്രശ്നകാരിയല്ലാത്ത ഒരു ഫോർമുലയാണത്, RBI പ്രസിദ്ധീകരിക്കുന്ന (മൂന്ന് മാസത്തിലൊരിക്കൽ) സാധനങ്ങളുടെ Price Index അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്ക് കൂട്ടിയെടുക്കുന്നത്. ആദ്യം തന്നെ വ്യവസ്ഥയിലുള്ളതിനാൽ ഇടയ്ക്കുള്ള തർക്കം, പണി നിർത്തൽ, ചർച്ച, റേറ്റ് കൂട്ടൽ മുതലായവ ഒഴിവാക്കുകയും ചെയ്യാം. ഇത് ഫലപ്രദമായി ചെറുകിട നിർമാണങ്ങളിലും ഉപയോഗിക്കാനായാൽ വിലക്കയറ്റം മൂലമുള്ള തർക്കങ്ങൾ പരിഹരിവുന്നതല്ലേ? നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവയ്ക്കുക.

ലേഖകൻ ചാർട്ടേഡ് സിവിൽ എൻജിനീയറാണ്.

English Summary- Financial Disputes due to Price Escalation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com