ADVERTISEMENT

കേരളത്തിൽ പ്രത്യേകിച്ച് നഗരങ്ങളിൽ ഭൂമിക്ക് കൈപൊള്ളുന്ന വിലയായതിനാൽ ഉള്ള സ്ഥലം പരമാവധി ഉപയോഗിക്കുകയാണ് വേണ്ടത്. വെർട്ടിക്കൽ ആയി സ്ഥലം പ്രയോജനപ്പെടുത്തുക എന്നതാണ് പുതുനയം. ചോർച്ചയിൽ നിന്ന് രക്ഷ നേടാനാണ് ഭൂരിപക്ഷം പേരും ട്രസ്സ് റൂഫിനെ ആശ്രയിക്കുന്നത്. അപ്പോൾ പിന്നെ അത്രയും സ്ഥലം ഉപയോഗപ്രദമാക്കുകയാണ് വേണ്ടത്. യുക്തിപൂർവം വിനിയോഗിച്ചാൽ ട്രസ്സ് റൂഫിന് ഒട്ടേറെ ഉപയോഗങ്ങളാണുള്ളത്.

 

1. സ്റ്റോറേജ്

സാധനങ്ങൾ സൂക്ഷിക്കാൻ ഇടം കണ്ടെത്തുക എന്നത് തലവേദനയാണ്. അത്ര പെട്ടെന്നൊന്നും ഉപയോഗിക്കാൻ സാധ്യതയില്ലാത്ത സാധനങ്ങൾ ട്രസ്സ് റൂഫിലേക്ക് മാറ്റാം. കൃഷി സംബന്ധമായ വസ്തുക്കൾ സൂക്ഷിക്കാനും ട്രസ്സ് റൂഫ് നല്ലൊരിടമാണ്. ചെറിയ സ്ഥലത്ത് വീടൊരുക്കുന്നവർക്കും പ്രയോജനപ്രദമാണ് ടെറസിലെ സ്റ്റോറേജ്.

 

2. ഫാമിലി സ്‌പേസ്

വീട്ടുകാർക്ക് ഒന്നിച്ചു കൂടാനും കാറ്റേറ്റിരിക്കാനും വരാന്ത, പാഷ്യോ, നടുമുറ്റം പോലെയുളള ആഡംബരങ്ങളൊന്നുമില്ലെങ്കിൽ റൂഫിലേക്ക് പോകാം. കാറ്റും വെളിച്ചവും നിറയെ ലഭിക്കുന്ന തരത്തിൽ റൂഫ് ഒരുക്കണം. ചെടികളും അലങ്കാര വസ്തുക്കളും വച്ച് ഭംഗിയാക്കാൻ മറക്കരുത്. കോൺക്രീറ്റ് ഇരിപ്പടമോ ചെറിയ കോഫീടേബിളും കസേരകളുമോ നൽകാം. വൈകുന്നേരത്തെ കാപ്പി ഇവിടെയാക്കാം. എല്ലാവർക്കും കൂടി കളിക്കുകയോ വർത്തമാനം പറയുകയോ ചെയ്യാനൊരിടം. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ഇവിടം ഡിസൈൻ ചെയ്യണം. 

 

3. പാർട്ടി ഏരിയ

ചെറിയ സ്ഥലത്ത് വീടു വയ്ക്കുമ്പോഴുള്ള പ്രധാന പ്രശ്നങ്ങളിലൊന്ന് വലിയ ചടങ്ങുകൾ നടത്താനുള്ള സ്ഥലക്കുറവാണ്. അതിനുള്ള പരിഹാരവും ട്രസ്സ് റൂഫിലുണ്ട്. പാർട്ടികളും ചടങ്ങുകളും നടത്തുമ്പോഴുള്ള സൗകര്യത്തിന് ബാർബിക്യൂ, ഗ്രീൽ വാഷ്ബേസിൻ എന്നിവയൊക്കെ നൽകാം. ഇരിപ്പിടങ്ങൾ നൽകാൻ മറക്കരുത്. 

 

4. യൂട്ടിലിറ്റി ഏരിയ

ട്രസ്സ് റൂഫ് ഏറ്റവുമധികം ഉപയോഗിച്ചു വരുന്നത് യൂട്ടിലിറ്റി ഏരിയ ആയാണ്. തുണി നനച്ച്, ഉണക്കി, തേച്ച് എടുക്കാനുള്ള സൗകര്യം ഒരിടത്തു തന്നെ ലഭിക്കുമെന്നതാണ് മെച്ചം. വാഷിങ് മെഷീൻ മാത്രമല്ല, ചിലർ അലക്കുകല്ലും ഇവിടെ സ്ഥാപിക്കാറുണ്ട്. മഴ നനയാതെ തുണി ഉണക്കാം. മുറ്റത്ത് തുണി വിരിക്കുന്ന അഭംഗി ഒഴിവാക്കാം എന്നീ ഗുണങ്ങളുമുണ്ട്. തേപ്പു മേശയും ഇവിടെ നൽകാറുണ്ട്.  വാട്ടർ ടാങ്കിനുള്ള ഇടവും ട്രസ്സിൽ നൽകാം. റെഡിമെയ്ഡ് വാട്ടർ ടാങ്കോ അല്ലാത്തതോ ആകട്ടെ ട്രസ്സ് റൂഫിൽ ഒതുങ്ങിയിരുന്നു കൊള്ളും. പുറമേക്ക് കാണുകയില്ല. 

 

5. ഹോബി സ്പേസ്

സ്വന്തം ഇഷ്ടങ്ങൾക്കായി കുറച്ചിടം നീക്കിവയ്ക്കണമെന്നുള്ള വർക്ക് ടെറസിനെ ധൈര്യമായി ആശ്രയിക്കാം. സംഗീതം, നൃത്തം, വായന, പെയിന്റിങ് തുടങ്ങി ഹോബി ഏതുമായിക്കൊള്ളട്ടെ ട്രസ്സ് റൂഫിൽ അതിനുള്ള ഇടം ഒരുക്കാം. സ്വകാര്യതയും ലഭിക്കും. ഓരോരുത്തരുടെയും ഹോബി അനുസരിച്ച് അവശ്യസാധനങ്ങൾ നൽകാം. ലവ് ബേർഡ്സ് പോലെ ഓമനമൃഗങ്ങളെ വളർത്തണമെന്നുള്ളവർക്ക് അതുമാകാം.  കാറ്റും വെളിച്ചവും കയറിയിറങ്ങാനുള്ള സൗകര്യം നൽകാൻ ശ്രദ്ധിക്കണം. പെയിന്റിങ്ങുകൾ, അലങ്കാരവസ്തുക്കൾ, അലങ്കാരച്ചെടികൾ എന്നിവയൊക്കെ വച്ച് ഇവിടം മനോഹരമാക്കാം. മനസ്സിനുണർവേകാനും ഈ അന്തരീക്ഷം സഹായിക്കും. 

 

6 . ജിം

വീടിനുള്ളിൽ ജിമ്മിനുവേണ്ടി സ്ഥലം മുടക്കാനില്ലെങ്കിൽ വിഷമിക്കേണ്ട. നേരെ ടെറസിലേക്കു പോകാം. അവിടെ സുഖമായി ജിം ഒരുക്കാം. കാറ്റും വെളിച്ചവും കയറിയിറങ്ങാൻ സൗകര്യം നൽകാൻ മറക്കരുത്. എങ്കിലേ വ്യായാമം ചെയ്യാൻ ആവേശം തോന്നൂ. ചെടികൾ വച്ച് ഭംഗി കൂട്ടുകയുമാകാം. ഉപകരണങ്ങൾ ഒന്നുമില്ലെങ്കിലും നടക്കാൻ ഈയിടം പ്രയോജനപ്പെടുത്താം. വെയിലും മഴയും ഒന്നും തടസ്സമാകാതെ സുഖമായി നടക്കാം. 

English Summary- Finding Multi Utility Space in Terrace using Truss Roofing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com