സുന്ദരിയായ ബാങ്ക് മാനേജരുടെ ക്യാബിനിൽ ചോർച്ച; പരിഹരിക്കാൻ എടുത്തുചാടിയ എനിക്ക് സംഭവിച്ചത്...

water-leak-experience
Representative Shutterstock image © Studio Romantic
SHARE

മേനോൻ ഡോക്ടറെയും കോൺട്രാക്ടർ കുമാരേട്ടനെയും കുറിച്ച് മുൻപേ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അതേ മേനോൻ ഡോക്ടർ തന്നെയാണ് ഇത്തവണയും എന്നെ വിളിക്കുന്നത്, ഞാൻ ഏറെ ബഹുമാനിക്കുന്ന ആളായതിനാലും ഡോക്ടർ  അച്ഛന്റെ ഒരടുത്ത  സുഹൃത്ത് ആയതിനാലും വിളി കിട്ടിയ ഉടനെ ഞാൻ ഹാജരായി.

സംഗതി പഴയതുപോലെ ഇത്തവണയും ഒരു കുഴഞ്ഞ കേസാണ്. പട്ടണത്തിൽ നിന്നും അൽപ്പം അകലെയായി ഡോക്ടർക്കു ഒരു പഴയ കെട്ടിടമുണ്ട്, കുറേക്കാലമായി ആ കെട്ടിടം ഒരു ബാങ്കിന് വാടകക്ക് കൊടുത്തിരിക്കുകയാണ്.   

ആ കെട്ടിടത്തിന് ലീക്ക് ഉണ്ട്  എന്നതാണ് ഡോക്ടർ സാറിനെ വിഷമിപ്പിക്കുന്ന കാര്യം. ലീക്ക് എന്നത് മലയാളിയെ സംബന്ധിച്ച് പുതുമയുള്ള വിഷയമല്ല, നമ്മുടെ വീടുകളുടെ മേൽക്കൂരയ്ക്ക് മുകളിൽ ഉയർന്നു നിൽക്കുന്ന ഒട്ടുമിക്ക  സ്റ്റീൽ റൂഫിങ്ങുകളുടെ പിന്നിലുള്ള രഹസ്യവും  ഇതാണ്, പിന്നെ സ്വന്തം വീട് ചോർന്നൊലിക്കുന്നു എന്ന വിവരം ആരും പുറത്തു മിണ്ടാറില്ലെന്നു മാത്രം.

എന്നാൽ ഡോക്ടറുടെ കെട്ടിടത്തിലെ ചോർച്ചയുടെ സ്വഭാവമാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. മഴ തുടങ്ങി മൂന്ന് നാല് ദിവസം ചോർച്ച ഉണ്ടാകില്ല, അതുപോലെ മഴ അവസാനിച്ചു കഷ്ടി ഒരാഴ്ചയോളം ഈ ചോർച്ച നിലനിൽക്കുകയും ചെയ്യും.

സംഭവസ്ഥലം കാണാതെ, സാഹചര്യം മനസ്സിലാക്കാതെ ഒരു നിഗമനത്തിൽ എത്തരുത് എന്നുള്ളത് സിബിഐയിലെ സേതുരാമയ്യർ ഇടക്കിടക്ക് പറയാറുള്ളത്‌കൊണ്ടു പിറ്റേദിവസം തന്നെ ഞാൻ അതിനായി പുറപ്പെട്ടു.  

ഏതാണ്ട് എൺപതുകളുടെ മധ്യത്തിലോ, അവസാനത്തിലോ നിർമ്മിക്കപ്പെട്ട ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു കെട്ടിടമാണ് അതെന്നു നിർമ്മാണ രീതി വച്ച് നോക്കിയപ്പോൾ പ്രഥമദൃഷ്ട്യാ എനിക്ക് മനസ്സിലായി. ജനാലകൾക്കു മാത്രമായി സൺഷെയിഡ് നിർമ്മിക്കുന്ന രീതി അക്കാലത്തു വ്യാപകമായി ഉണ്ടായിരുന്നതാണ്, അതുകൊണ്ടുതന്നെ ചുവരിലെല്ലാം ഇഷ്ടം പോലെ പായലും പൂപ്പലും പറ്റിപ്പിടിച്ചിട്ടുമുണ്ട്. 

എന്നാൽ കെട്ടിടത്തിന്റെ അകത്തു കയറിയപ്പോഴാണ് എന്റെ കിളി പോയത്. ബാങ്കിന്റെ ഒട്ടുമിക്ക സ്ഥലത്തും റൂഫ് സ്ളാബിൽ നിന്നും വെള്ളം ഇറ്റിറ്റുവീഴുന്നു, പലയിടത്തും സ്ളാബ് പച്ച നിറം ആയിട്ടുണ്ട്. സ്ളാബിന്റെ കാര്യം ഹുദാ ഗവാ എന്ന് സാരം.

എന്തായാലും വന്ന സ്ഥിതിക്ക് ഞാൻ ചോർന്നൊലിക്കുന്ന റൂമിൽ ഇരിക്കുന്ന മാനേജരെ കണ്ടു, കെട്ടിടത്തിന് മുകളിയ്ക്കുള്ള വഴി കാണിച്ചു തരുവാനായി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് മാനേജർ അക്കാര്യത്തിനായി തന്റെ സുന്ദരിയായ  അസിസ്റ്റന്റ് മാനേജരെ ചുമതലപ്പെടുത്തുന്നത്. എന്തായാലും സുന്ദരി വന്നതോടെ ഒരു കട്ടൻ ചായ കുടിച്ചപോലെ ഞാനും ഒന്ന് ഉഷാറായി. എന്നാൽ പ്രതീക്ഷിച്ചതിലും നിന്ന് വിഭിന്നമായി സുന്ദരി എന്നെ ബാങ്കിന് പുറത്തേക്കല്ല, പുള്ളിക്കാരിയുടെ സ്വന്തം കാബിനിലേക്കാണ് നയിച്ചത്.

" നോക്കൂ സർ, ഈ ചോർച്ച കാരണം എനിക്കിവിടെ ജോലി ചെയ്യാൻ പോയിട്ട് സ്വസ്ഥമായി ഒന്നിരിക്കാൻ പോലും കഴിയുന്നില്ല. എന്തെങ്കിലും ഒരു പരിഹാരം കാണണം, പ്ലീസ് "

എന്റെ രക്തം തിളച്ചു.  ആ ചോർച്ച പരിഹരിക്കുന്നതുവഴി ഞങ്ങൾക്കിടയിൽ  ഒരു പാലം പണിയാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടതോടെ അങ്കക്കലി പൂണ്ട  ആരോമൽ ചേകവരെപ്പോലെ ഞാൻ ബാങ്കിന് പുറത്തേക്കു കുതിച്ചു. പക്ഷേ കെട്ടിടത്തിന് പുറത്തെത്തിയപ്പോഴാണ് ആ സത്യം എനിക്ക് മനസ്സിലായത്.

കെട്ടിടത്തിന് മുകളിൽ കയറാൻ അകത്തുനിന്നോ, പുറത്തു നിന്നോ ഒരു ഗോവണി ഇല്ല, ആകെ അതിനടുത്തുള്ളത് മുട്ടനൊരു മാവാണ്.  അതോടെ അസിസ്റ്റന്റ് മാനേജർ ബാങ്കിലെ സെക്യൂരിറ്റിയെ വിളിച്ചു. വിളിച്ചു തീർന്നതും അലാവുദീൻ കഥകളിലെ ഭൂതത്തെപ്പോലെ ഘടാഘടിയനായ ഒരാൾ ഞങ്ങൾക്ക് പിന്നിൽ പ്രത്യക്ഷപ്പെട്ടു. സത്യത്തിൽ ഈ കാവൽക്കാരൻ ചങ്ങാതിയുടെ സാന്നിധ്യം എനിക്കത്ര സുഖിച്ചില്ലെങ്കിലും ഒരു ഗോവണി കിട്ടാൻ വേറെ വഴിയില്ലാത്തതിനാൽ ഞാനങ്ങു  ക്ഷമിച്ചു. 

അങ്ങനെ അൽപസമയത്തിനകം സെക്യൂരിറ്റി ഒരു മുള ഏണിയുമായി വന്നു.

"സൂക്ഷിക്കണം" അസിസ്റ്റന്റ് മേനേജർ എന്നെ ഉപദേശിച്ചു. 

സെക്യൂരിറ്റിയാകട്ടെ ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ കല്ല് വിഴുങ്ങിയത് പോലെ മസിലും പിടിച്ചു നിൽക്കുകയാണ്. എന്തായാലും, ചോദിക്കാനും പറയാനും ആരൊക്കെയോ ഉണ്ടായിരിക്കുന്നു എന്ന നിർവൃതിയോടെ ഞാനാ ഏണിയിൽ കൂടെ കെട്ടിടത്തിന് മുകളിൽ എത്തുകയും ചെയ്തു.

കെട്ടിടത്തിന്റെ പാരപറ്റു വാളിന്റെ മുകളിൽ നിന്ന് ഞാനൊരു വിഹഗവീക്ഷണം നടത്തി. സ്ളാബിന്റെ മുകൾഭാഗം ആകെ കറുത്തു, നനഞ്ഞു  വൃത്തികേടായി കിടക്കുകയാണ്. മേൽപ്പറഞ്ഞ മാവിൽ നിന്നുള്ള ഏതാനും ഇലകൾ അവിടവിടെ വീണു കിടപ്പുണ്ട്. കെട്ടിടത്തിന്റെ ഏകദേശം അളവിൽ നിന്നും താഴെ നമ്മുടെ കഥാ നായിക ഇരിക്കുന്ന സ്ഥാനം ഞാൻ ഊഹിച്ചു, ആദ്യം ആ ഭാഗത്തെ ലീക്കുതന്നെ പരിഹരിക്കണം. അല്ലെങ്കിൽത്തന്നെ മധ്യവയസ്സനായ ബാങ്കുമാനേജർക്ക് ഇനി എത്ര കാലം എന്ന് കരുതിയാണ് ..? അങ്ങോര്  നനയുകയോ നനയാതിരിക്കുകയോ ചെയ്യട്ടെ.    

താഴെ സൂര്യ ഗ്രഹണം കാണാൻ മേൽപ്പോട്ടു നോക്കി നിൽക്കുന്നപോലെ നിൽക്കുന്ന സെക്യൂരിറ്റിയെ അവഗണിച്ചുകൊണ്ട് ഞാൻ സുന്ദരിയെ നോക്കി പറഞ്ഞു:

" ഇപ്പ ശര്യാക്കാം"   

പാരപറ്റിന് ഏതാണ്ടൊരു ഒരു മീറ്റർ ഉയരം കാണും, ഒന്ന് ശ്രദ്ധിച്ചാൽ പതുക്കെ ഇറങ്ങാവുന്നതേ ഉള്ളൂ എങ്കിലും ഒരു ഹീറോയിസത്തിനു വേണ്ടി ഞാൻ ആ ഭിത്തിയിൽ നിന്നും സ്ളാബിലേക്കു എടുത്തു ചാടി. താഴേക്കുള്ള ആ വീഴ്ചയിലാണ് പ്രപഞ്ചത്തെ നടുക്കുന്ന ചില സത്യങ്ങൾ എനിക്ക് വെളിപ്പെട്ടത്.

അതായത് മുകളിലേക്ക് കയറാനായി ഗോവണി ഇല്ലാത്ത ആ കെട്ടിടത്തിന്റെ സ്ളാബിനു മുകളിൽ വർഷങ്ങളായി മാവിൽ നിന്നും വീണു കിടക്കുന്ന, നീക്കം ചെയ്യപ്പെടാത്ത ഇലകൾ ചീഞ്ഞു അളിഞ്ഞുകിടക്കുന്ന കമ്പോസ്റ്റു പരുവമായ പ്രതലത്തിലേക്കാണ് ഞാൻ വീണുകൊണ്ടിരിക്കുന്നത്‌.

ആദ്യത്തെ ഏതാനും ദിവസം വീഴുന്ന മഴ ഈ കമ്പോസ്റ്റ് കുഴമ്പു രൂപത്തിൽ ആവാൻ എടുക്കുന്നതിനാലാണ് കെട്ടിടത്തിനകത്തേക്കു വെള്ളം ലീക്ക് രൂപത്തിൽ എത്താത്തത്. അതുപോലെ മഴ നിന്നതിനു ശേഷവും കുറച്ചു ദിവസം കൂടി ഈ കമ്പോസ്റ്റിൽ വെള്ളം കെട്ടി നിൽക്കുന്നത് മൂലമാണ് ലീക്ക് അവസാനിക്കാത്തതും. എന്തായാലും ഒരാവേശത്തിനു താഴോട്ടു ചാടിയ ചാട്ടം ഇനി പിൻവലിക്കാൻ പറ്റില്ല, വരുന്നിടത്തുവച്ചു കാണുകതന്നെ. നാസയുടെ  പേടകം  ചൊവ്വയിൽ ഇടിച്ചിറങ്ങുന്നതുപോലെ ഞാൻ സ്ളാബിന്റെ പ്രതലത്തിൽ എത്തി, പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെ ഏതാണ്ട് നാലിഞ്ചോളം വരുന്ന കമ്പോസ്റ്റിലേക്കു എന്റെ  കാലുകൾ ആഴ്ന്നു പോയി.   

സസ്യ നിബിഡമായ കേരളത്തിൽ, ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പരന്ന സ്ളാബുകൾ എത്രമാത്രം അപകടകാരിയാണ് എന്നതിന്റെ ഉദാഹരണമാണിത്.    ഒരു നാടിന്റെ വാസ്തുവിദ്യാ ശൈലി, അന്നാട്ടിലെ കാലാവസ്ഥയുമായി എത്രമാത്രം ചേർന്ന് നിൽക്കുന്നു എന്നതിന്റെ കൂടി ഉത്തരമാണിത്. നമുക്ക് വിശദമായി പരിശോധിക്കാം.

കേരളത്തിൽ വീടുനിർമാണം എന്ന സംഗതി രൂപപ്പെട്ടു വരുന്ന കാലം മുതൽക്കേ നമുക്ക് ചെരിഞ്ഞ മേൽക്കൂരകൾ ആണ് ഉണ്ടായിരുന്നത്.അവ പുല്ലു മേഞ്ഞവ ആയിരുന്നു. പിന്നീട് കൃഷി വികസിച്ചതോടെ വൈക്കോൽ ആ സ്ഥാനം ഏറ്റെടുത്തു. ഒപ്പം പനയോലയും, മെടഞ്ഞ തെങ്ങിൻ പട്ടയും നമ്മുടെ മേൽക്കൂരകൾ മേയാനായി ഉപയോഗിച്ചിരുന്നു.

പിൽക്കാലത്ത്‌ ഓട് രംഗപ്രവേശം ചെയ്തു. ഇവയെല്ലാം ചെരിഞ്ഞ മേൽക്കൂര നിർമ്മിക്കാനായി ഉപയോഗിച്ചിരുന്നവയാണ്. പിന്നീട് കോൺക്രീറ്റിന്റെ വരവോടെയാണ് കാര്യങ്ങൾ മാറിമറയുന്നത്. അതോടെ പരന്ന മേൽക്കൂരകൾ കേരളത്തിൽ വ്യാപകമായി. പക്ഷേ ഈ കോൺക്രീറ്റിനു ഒരു കുഴപ്പമുണ്ട്. അത് വെള്ളത്തെ ആഗിരണം ചെയ്യുന്നവയാണ്. ഈ ആഗിരണ തോത്, അതിന്റെ നിർമ്മാണത്തിൽ പുലർത്തുന്ന ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും എന്ന് മാത്രം. എന്നിരുന്നാലും, ഏറ്റവും ഗുണമേന്മയോടെ നിർമ്മിക്കപ്പെട്ട കോൺക്രീറ്റ് പോലും അൽപ്പം വെള്ളം കുടിക്കും എന്നർത്ഥം. ഇവിടെയാണ് പ്രശ്നം.

നമുക്ക് ഈസിയായി ചെന്നെത്താൻ കഴിയുന്ന ഓപ്പൺ ടെറസുകളിൽ വെള്ളം വീഴുമെങ്കിലും ആ ഭാഗം നമുക്ക് കുറെയൊക്കെ വൃത്തിയായി പരിപാലിക്കാനും, അടിഞ്ഞു വീഴുന്ന പൊടിയും, ഇലയും, ചെളിയും ഒക്കെ നീക്കം ചെയ്യാനും സാധിക്കും. എന്നാൽ അങ്ങനെ എത്തിച്ചേരാൻ കഴിയാത്ത ഇടങ്ങളിൽ വീഴുന്ന ഇലയോ, പൊടിയോ, പക്ഷിക്കാഷ്ഠമോ ഒക്കെ കുഴമ്പു രൂപത്തിൽ അവിടെ ശേഖരിക്കപ്പെടും. ഇതിൽ ജലം കെട്ടി നിൽക്കും, പിൽക്കാലത്ത്‌ ലീക്ക് ഉണ്ടാക്കുകയും ചെയ്യും.

ഒഴുകിപ്പോകാൻ പൈപ്പ് ഇടുന്നുണ്ടല്ലോ എന്ന് പറയുന്നവർ ഉണ്ടാകാം. നേരാണ്. എന്നിരുന്നാലും ഒരു പരന്ന സ്ളാബിൽ നിന്നും ഇത്തരം അവശിഷ്ടങ്ങൾ ഒഴുകിപ്പോകാനുള്ള സാധ്യത വളരെ വിരളമാണ്. അതിന്റെ കൂടെ ഏതെങ്കിലും കാരണവശാൽ ഈ പൈപ്പ് അടഞ്ഞാൽ പ്രശ്നങ്ങൾ ചക്ക കുഴയുന്നപോലെ ഒന്നുകൂടി കുഴയും. എന്നാൽ ഇതൊന്നും ഇതിനടിയിൽ ജീവിക്കുന്ന നമ്മൾ അറിയാൻ പോകുന്നില്ല. ലീക്ക് ആരംഭിക്കുമ്പോൾ മാത്രമാണ് നാം അറിയുക. അപ്പോഴേക്കും സ്ളാബിന്റെ റീയിൻഫോഴ്‌സ്‌മെന്റ്‌ അടക്കമുള്ള മർമ്മപ്രധാന ഭാഗങ്ങൾ നശിച്ചു പോയിരിക്കും.

"ഇറ്റ് ഈസ് ഇൻക്യൂറബിൾ, അതിനു പരിഹാരം ല്ല്യാ " എന്നാണു പ്രശസ്ത വാസ്തുവിദ്യാ വിദഗ്ദൻ പുല്ലേറ്റുപുറം ബ്രഹ്മദത്തൻ നമ്പൂതിരി ഇതേക്കുറിച്ചു പറഞ്ഞിട്ടുള്ളത്.

അതുകൊണ്ടുതന്നെ നമുക്ക് ഈസിയായി ചെന്നെത്താൻ കഴിയാത്ത, പരിപാലിക്കാൻ കഴിയാത്ത മേൽക്കൂരകൾ, മറ്റു സ്ളാബുകൾ ഒക്കെ  പരന്നത് ആവാതിരിക്കുന്നതാണ് ബുദ്ധി. ഇനി ഡിസൈനിന്റെ ഭാഗമായി ഒഴിച്ച് കൂടാനാവാത്ത സന്ദർഭങ്ങൾ വന്നാൽ തന്നെ അത്തരം ഏരിയകൾ കുറയ്ക്കുന്നതാണ് നല്ലതു  ഇനി, ഇത്തരം സന്ദർഭങ്ങളിൽ ചെരിഞ്ഞ സ്ളാബുകൾക്കു എന്ത് ചെയ്യാൻ കഴിയും എന്ന് നമുക്ക് നോക്കാം. 

കാരണം ചെരിഞ്ഞ സ്ളാബുകൾക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ടെന്നു എനിക്കറിയാം. കാരണം ഈ പരന്ന സ്ളാബുകൾ അവരുടെ ഉപജീവന മാർഗ്ഗമാണ്.  വലിയൊരു വിഭാഗം ആളുകളും മേൽക്കൂരയ്ക്ക് പരന്ന സ്ളാബുകൾ നിർദ്ദേശിക്കുന്നതിനു പിന്നിലെ രഹസ്യം ഡിസൈൻ വേളയിൽ ഇതിനായി മിനക്കെടാനുള്ള മനസ്സിലായ്മയോ, അതിനുള്ള അറിവില്ലായ്മയോ മൂലമാണ്. അതുകൊണ്ടുതന്നെ പറയാം ചെരിഞ്ഞ മേൽക്കൂരകൾക്ക് കൊമ്പുണ്ട്. മൂന്നു കൊമ്പ്.  

ഒരു ചെരിഞ്ഞ സ്ളാബിൽ വീഴുന്ന ഇലയോ, പൊടിയോ, പക്ഷിക്കാഷ്ഠമോ എന്തായിരുന്നാലും അടുത്ത മഴയ്ക്ക് അത് താഴെ എത്തും. മഴ തന്നെ വേണമെന്നില്ല, ഒരു ചെറിയ കാറ്റ് അടിച്ചാൽ പോലും അത് താഴെ വീഴും. അതായത് ചെരിഞ്ഞ സ്ളാബുകൾക്കു സെൽഫ് ക്ളീനിങ് കപ്പാസിറ്റി ഉണ്ടെന്നു ചുരുക്കം. അതുകൊണ്ടാണ് വീടുകൾ പ്ലാൻ ചെയ്യുമ്പോൾ റൂഫ് പ്ലാൻ കൂടി ഉൾപ്പെടുത്തണം എന്ന് നിഷ്കർഷിക്കാറുള്ളത്. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നാല് വര വരച്ചു നിർമ്മിക്കാവുന്ന ഒന്നല്ല ഒരു വീടിന്റെ പ്ലാൻ.

എന്തായാലും വൃത്തിഹീനമായ പാദവും വച്ച് അശ്വമേധം നാടകത്തിലെ കുഷ്ഠരോഗിയെ അനുസ്മരിപ്പിക്കുമാറ് ഞാൻ ബാങ്കിന്റെ വാതിൽക്കൽ എത്തിയപ്പോഴാണ് അസിസ്റ്റന്റ് മേനേജർ അക്കാര്യം പറയുന്നത്.

" മാനേജരെ ഞാൻ ഇങ്ങോട്ടു വിളിക്കാം. ഈ കാലും വച്ച് അകത്തു കയറണ്ട"

നന്ദിയില്ലാത്ത മനുഷ്യർ.

കാര്യങ്ങളൊക്കെ വിശദീകരിച്ചു കഴിഞ്ഞപ്പോൾ മാനേജർ എന്നോട് ചോദിച്ചു.

" ലീക്ക് നിൽക്കാൻ സ്ളാബിനു മുകളിൽ തേപ്പ് വേണ്ടിവരുമോ ..? "

" എന്തായാലും തേപ്പിന് ആളെ പുറത്തുനിന്നും നോക്കേണ്ട കാര്യമില്ല"  എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ അങ്ങനെ പറഞ്ഞില്ല.

ഇത്രയേ പറയാനുള്ളൂ. പരന്ന മേൽക്കൂരകൾ കേരളീയ കാലാവസ്ഥക്ക് യോജിച്ചതല്ല. അഥവാ അങ്ങനെ ചെയ്തു കഴിഞ്ഞവർ ഉണ്ടെങ്കിൽ അൽപം കഷ്ടപ്പെട്ടാണെങ്കിലും ഇടക്കിടെ അത് വൃത്തിയായി സൂക്ഷിക്കുക. അതുപോലെ ഒന്നും ആലോചിക്കാതെ ഒന്നിലോട്ടും എടുത്തു ചാടരുത്...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Importance of Tropical Slope Roof buildings in Kerala; A 'Leakage' Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS