വിലക്കയറ്റം; നട്ടംതിരിഞ്ഞ് വീടുപണിയുന്ന സാധാരണക്കാർ; പരിഹാരമെന്ത്?

kerala-house-construction
Representative Shutterstock image ©Sabeeq Palayil
SHARE

കഴിഞ്ഞ ഒരു വർഷമായി കോവിഡനന്തര കമ്പോളത്തിൽനിന്ന് ഉപഭോക്താക്കളെ പ്രത്യേകിച്ച് കെട്ടിടനിർമ്മാതാക്കളെയോ ഉടമകളെയോ സന്തോഷിപ്പിക്കുന്ന ഒന്നുംതന്നെ കേൾക്കുന്നില്ല. വിലക്കയറ്റത്തിന്റെ ചുഴിയിലകപ്പെട്ട് നട്ടംതിരിയുകയാണ് മനുഷ്യർ.

നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ സിമന്റ് വില മാത്രമല്ല കമ്പിക്കും വില കൂടി. ഇലക്ട്രിക്കൽ പ്ലമിങ് ഉൽപന്നങ്ങൾക്കും 50 ശതമാനം വില കൂടിയിട്ടുണ്ട്. വയറുകൾക്ക് ഏകദേശം ഇരട്ടിയോളമാണിപ്പോഴത്തെ വില. ഏതു ബ്രാന്റിന്റെ പെയിന്റുകൾക്കും ശരാശരി 35 ശതമാനം വില വർധിച്ചിട്ടുണ്ട്. മണൽ, പാറ, അഗ്രിഗേറ്റ് എന്നിവക്കും വില വർധിച്ചിട്ടുണ്ട്. കിലോയ്ക്ക് 65 രൂപ ഉണ്ടായിരുന്ന ജി.പി ഇരുമ്പ് ട്യൂബുകൾക്ക് കുത്തനെ വിലകൂടി 100 രൂപയും കടന്നിട്ട് ഒന്നര വർഷത്തോളമായി. പെട്രോൾ ഡീസൽ വില ഇപ്പോൾ മുകളിലോട്ടില്ലെങ്കിലും ഉയർത്തിയ വില കുറച്ചിട്ടില്ല. അതുകൊണ്ടുതന്നെ മറ്റേത് മേഖല പോലെതന്നെ വീട് നിർമ്മാണ മേഖലയും സ്വാഭാവികമായും അങ്കലാപ്പിലാണ്. നിർമ്മാണത്തിന്റെ ബജറ്റാകെ താളം തെറ്റുമെന്ന കാര്യത്തിൽ സംശയം വേണ്ട.

kerala-house-construction-view
Representative Shutterstock image © abu thomson

ഇത്രയേറെ വില കൂടിനിൽക്കുന്നഅവസ്ഥയിൽ വീടു പണിയുന്നവർക്ക് വേണ്ടത്, നിർമ്മാണങ്ങളെ സംബന്ധിച്ച നമ്മളുടെ ചില പരമ്പരാഗത ബോധ്യങ്ങൾ മാറ്റുക എന്നതാണ്. വീടുനിർമ്മിക്കുന്നതിനായുള്ള ധനസമാഹരണത്തിന് ഞെരുങ്ങുന്ന സാധാരണക്കാർക്കുമുമ്പിലെ ഒരേയൊരു പോംവഴി അതാണ്.

നാളിതുവരെ ശീലിച്ച നിർമ്മാണ രീതിയിൽ നിന്ന് വ്യതിചലിച്ചു കൊണ്ടല്ലാതെ ഇത്തരം പ്രതിസന്ധിയെ മറികടക്കാൻ സാധ്യമല്ല. അതിനർത്ഥം ഉറപ്പില്ലാത്ത വീടുകൾ നിർമ്മിക്കണമെന്നുമല്ല. ഉദാഹരണത്തിന്, കരിങ്കല്ല് കൊണ്ടാണ് അടിത്തറ പണിയുന്നതെങ്കിൽ സിമന്റില്ലാതെ തന്നെ പാറകൾ നിറച്ച് ചെയ്യാം. ശേഷം മണ്ണിട്ട് വെള്ളമൊഴിച്ച് വിടവുകൾ നികത്തിയാൽ മതിയാവും. മേൽക്കൂരയുടെ ഭാരം വരാത്ത പല ഭിത്തികൾക്കും അടിത്തറയോ ബേസ്മെന്റോതന്നെ വേണമെന്നില്ല. ചില ഭിത്തികൾക്ക് 8 ഇഞ്ച് കനത്തിന് പകരം 4 ഇഞ്ച് കനം മതിയാവും.

house-construction
Representative Shutterstock image © AjayTvm

ബേസ്മെന്റ് പണിയുമ്പോൾ പുറംഭിത്തിക്ക് കീഴിൽ വരുന്ന ബേസ്മെന്റിൽ മാത്രം സിമന്റ് മോർട്ടറാവാം. സിമന്റ് മോർട്ടർ ഇല്ലാതെ ബേസ്മെന്റ് പണിതാലും കുഴപ്പമൊന്നുമില്ല. ഭിത്തി നിർമ്മാണത്തിന് Morter Thickness 12 mm മതി.

ഫ്ലൈ ആഷ് ഇന്റർലോക്ക് ബ്രിക്കുപോലുള്ള ബദൽ നിർമ്മാണ സാമഗ്രികൾ ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കണം. അത്തരം നിർമ്മാണയൂണിറ്റുകളെ സർക്കാർ പ്രോൽസാഹിപ്പിക്കണം. പ്ലാസ്റ്ററിങ് ഏരിയ കുറയ്ക്കുന്ന വിധത്തിലോ പൂർണ്ണമായി ഒഴിവാക്കുന്ന വിധത്തിലോ വൃത്തിയിൽ അതായത് പ്ലംബോബും വാട്ടർ ലെവലും അനുസരിച്ച് ഓരോ വരിയിലും ചരട് കെട്ടി സൂക്ഷ്മതയോടെ ഭിത്തി നിർമ്മിക്കണം. ബ്രിക്ക് എക്സ്പോസ്ഡ് രീതിയിൽ ഭിത്തികൾ പണിയുന്നതു കൊണ്ട് സൗന്ദര്യം വർധിക്കുകയേയുള്ളു. ചണ്ഡീഗഢ് നഗരത്തിലെ നിർമ്മിതികൾ അനുകരണീയമാണ്.

ഇരുമ്പ് പ്ലേറ്റുകൾ വച്ച് ഷട്ടറിങ് ചെയ്ത് കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ സീലിങ് പ്ലാസ്റ്ററിങ് ഒഴിവാക്കാവുന്നതേയുള്ളു. ഭിത്തികീറി ഇലക്ട്രിക്കൽ പൈപ്പുകളിടുന്നത് മാറ്റി ഫ്ലോർ കോൺക്രീറ്റിനടിയിലൂടെ ഇടുന്നതായിരിക്കും നല്ലത്. ടോയ്‌ലറ്റ് ഡിസൈൻ ചെയ്യുന്നത് കരുതലോടെയാണെങ്കിൽ പ്ലമിങ് പൈപ്പുകൾ കുറയ്ക്കാം. വാട്ടർടാങ്കുകൾ ടോയ്‌ലറ്റിനു മുകളിൽതന്നെ കൊടുത്താൽ പ്രഷർ കൂടും. പ്ലമിങ് വർക്കുകൾ പരിമിതപ്പെടുത്തുകയും ചെയ്യാം.

സ്ലാബ്- ലിന്റൽ- ബെൽറ്റ്- സൺഷേഡ്- കോൺക്രീറ്റുകൾക്ക് 8 mm കമ്പി പരമാവധിയിടങ്ങളിൽ ഉപയോഗിക്കുക. താമസിക്കുന്ന വീടുകൾക്ക് അത് ധാരാളമാണ്. സ്ട്രക്ചറൽ എൻജിനീയേഴ്സ് ഇതിനെപ്പറ്റി വ്യാപകമായി ബോധവൽക്കരണം നടത്തണം.

മെയിൻ സ്ലാബിന്റെ കനം 10 cm പോരേ? മതിയെന്നു വയ്ക്കണം. 1:1.5:3 എന്ന മിശ്രിതത്തിന് പകരം 1:2:4 മതിയെന്നു വയ്ക്കണം. 'ഉറപ്പ്' കിട്ടാൻ 10, 12, 16 mm കമ്പികൾ വ്യാപകമായി വീടുകളിൽ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ല. ആവശ്യത്തിനും അനാവശ്യത്തിനും കൺസീൽഡ് ബീമുകൾ കൊടുക്കുന്നുണ്ട്. എന്തിനെന്ന് ചോദിച്ചാൽ ബലത്തിനെന്നാണ് ഉത്തരം. അനാവശ്യ പ്രവണതയാണിത്.

മാർക്കറ്റിൽ കിട്ടുന്ന സർവ്വനിറങ്ങളും വാങ്ങിയടിച്ച് അണിയിച്ചൊരുക്കുന്ന ഇടമാവരുത് നമ്മുടെ വീടുകൾ.  ഒന്നോ രണ്ടോ നിറത്തിൽ ഒതുക്കുക വീടിനെ. ഇന്റീരിയർ വർക്ക് എന്ന പേരിൽ പ്ലൈവുഡ്‌ കൊണ്ടുള്ള മാമാങ്കമാണ് വീടുകൾക്കുള്ളിൽ. അത്യാവശ്യത്തിനു മാത്രം ഇന്റീരിയർ വർക്ക് ചെയ്യുക. ചുറ്റുമതിലുകളും ഗേറ്റും അതീവ ലളിതമാക്കുക. കോട്ടയെ അനുസ്മരിപ്പിക്കുന്ന വമ്പൻ ചുറ്റുമതിലുകൾ പണം നഷ്ടപ്പെടുത്തുമെന്നല്ലാതെ മറ്റെന്ത് ഗുണമാണുണ്ടുക്കുന്നത്.

ഉപയോഗിച്ച തടികളുണ്ടെങ്കിൽ പരമാവധി പുനരുപയോഗിക്കുക. പഴയ ഓട് വച്ച് ഫില്ലർ സ്ലാബ് രീതിയിൽ കോൺക്രീറ്റ് ചെയ്താൽ 30 ശതമാനമെങ്കിലും കമ്പിയും കോൺക്രീറ്റും കുറയ്ക്കാം. ബലത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. മോടി പിടിപ്പിക്കലുകളും പരിമിതപ്പെടുത്തുക. പള്ളിപ്പെരുന്നാളിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഇലക്ട്രിക്കൽ വർക്കുകളും വേണ്ടെന്നു വക്കുക.

എല്ലാറ്റിലും ഒരു എൻജിനീയറിങ്ങും ശാസ്ത്രീയതയും ഡിസൈനിങ്ങും സൗന്ദര്യബോധവും സ്പേസ് മാനേജ്മെന്റും ഉണ്ടെങ്കിൽതന്നെ മൊത്തം ചെലവിൽ 25 ശതമാനമെങ്കിലും ഒറ്റയടിക്ക് കുറയ്ക്കാവുന്നതാണ്. മലയാളിയുടെ പരമ്പരാഗത കേശവമ്മാമ 'ഉറപ്പ്' ബോധം മാറ്റിമറ്റൊരു ഉറച്ച ബോധ്യത്തിലേക്ക് നാം എത്തിയേ പറ്റൂ. 

അതിനായി സർക്കാർ അംഗീകൃത എൻജിനീയറിങ് കോളേജുകളോ സ്ഥാപനങ്ങളോ ബദൽ നിർമ്മാണരീതികളും കാഴ്ചപ്പാടുകളും എൻജിനീയറിങ് പിൻബലത്തോടുകൂടി അവതരിപ്പിക്കണം. ഇല്ലെങ്കിൽ നമ്മെ ഭീതിപ്പെടുത്തുന്ന, ജീവിതത്തെയും ആയുസ്സിനെയും പാപ്പരാക്കി മാറ്റുന്ന ഒരിടമായി വീട് വേഷംമാറി നമ്മുടെയൊക്കെ മുമ്പിൽ നിൽക്കും.

***

ലേഖകൻ ഡിസൈനറാണ്

മൊബൈൽ നമ്പർ +91 81370 76470

English Summary- Skyrocketing Price in Building Sector; Solution to Reduce Cost; Expert Talk

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS