ADVERTISEMENT

രാവിലെ അബുദാബി നഗരത്തിലെ ഒരു ട്രാഫിക് സിഗ്നലിൽ പച്ച വെളിച്ചം കാത്തു കിടക്കുമ്പോഴാണ് വാട്സ്ആപ്പിൽ എന്തോ സന്ദേശം വരുന്നത്, പച്ചവെളിച്ചം കിട്ടാൻ വീണ്ടും സമയമുള്ളതുകൊണ്ടു തുറന്നു നോക്കി. വീട്ടുകാരിയാണ്, വീട്ടിലേക്കുള്ള പച്ചക്കറികളുടെ ലിസ്റ്റാണ്, തിരിച്ചുവരുമ്പോൾ ഞാനതു വാങ്ങിക്കൊണ്ടുവരണമെന്നു ചുരുക്കം.

  1. വെണ്ടയ്ക്ക (അധികം മൂപ്പില്ലാത്തത്) - അരക്കിലോ.
  2. തക്കാളി (നല്ലവണ്ണം പഴുത്തത് ) - അരക്കിലോ
  3. നാളികേരം (ചുരണ്ടിയത്) - രണ്ടെണം.
  4. പച്ചമുളക് - നൂറു ഗ്രാം.
  5. ആപ്പിൾ - അഞ്ചാറെണ്ണം.
  6. മീൻ - പീര വെക്കാനുള്ളത്

അങ്ങനെ പോകുന്നു ആ ലിസ്റ്റ്. പച്ചവെളിച്ചം തെളിഞ്ഞു, ഞാൻ വണ്ടി മുന്നോട്ടെടുത്തു.

കാലം പോയ പോക്ക്. പണ്ട് പലചരക്കു കടയിൽ പോകുമ്പോൾ അമ്മ ഒരു തുണ്ടുകടലാസിൽ ആണ് ഈ ലിസ്റ്റ് തന്നിരുന്നത്. ഉണ്ണീൻകുട്ടി ഇക്കായുടെ കടയിൽ എത്തുമ്പോഴേക്കും ഈ ലിസ്റ്റ് നിക്കറിന്റെ കീറിയ പോക്കറ്റിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടാവും, പിന്നെ ഓർമ്മയിൽ ഉള്ളത് വാങ്ങിക്കൊണ്ടുവരും. ആ വകയിൽ അമ്മയുടെ കയ്യിൽനിന്നു ചീത്തവിളിയും കേൾക്കും.

അടുത്ത സിഗ്നലിലും ചുവപ്പാണ്, വണ്ടി നിന്നു. ദാ വരുന്നു അടുത്ത മെസേജ്. ദുബായിയിൽ ഉള്ള ഒരു പ്രവാസി സുഹൃത്താണ്.

"ചേട്ടാ, ഒരു പ്ലാൻ വേണം. മൂന്നു ബെഡ് റൂം. പടിഞ്ഞാറോട്ടു ദർശനം. തിരക്കില്ല. അടുത്തയാഴ്ച മതി, വൈകീട്ട് വിളിക്കാം."

ആഹാ, അന്തസ്സ്. ഇതാണ് നമ്മുടെ മനോഭാവം. വീട്ടിലേക്ക് പച്ചക്കറി വാങ്ങുന്ന കാര്യത്തിൽ കാണിക്കുന്ന ഗൗരവം പോലും മിക്ക മലയാളികളും സ്വന്തം വീടിന്റെ രൂപകൽപ്പനയിൽ കാണിക്കാറില്ല.

ഡിസൈനർമാരും മോശമല്ല. കേട്ടപാതി, കേൾക്കാത്ത പാതി അവർ പ്ലാൻ വരപ്പുതുടങ്ങും. ഒടുവിൽ വീട് നിർമ്മാണം പൂർത്തിയാവുമ്പോൾ ബജറ്റ് തെറ്റും, വേണ്ടുന്ന സൗകര്യങ്ങൾ ഒന്നും ഉണ്ടാവില്ല. അവിടെയും നിൽക്കുന്നില്ല. ബജറ്റ് തെറ്റി എന്നതും, സൗകര്യങ്ങൾ ഇല്ല എന്നതും ക്ലയന്റിന് നേരിട്ട് മനസ്സിലാവുന്ന കാര്യങ്ങളാണ്.

എന്നാൽ അതിലും എത്രയോ അധികമായ സാങ്കേതിക വൈകല്യങ്ങൾ പേറുന്നവയായിരിക്കും ഒട്ടുമിക്ക കെട്ടിടങ്ങളും. ഗൗരവകരമായ ഒരു സാഹചര്യം ഉരുത്തിരിയാത്തിടത്തോളം പ്ലാനിങ്ങിലെ ആ ഡിഫക്റ്റുകൾ വീട്ടുടമ അറിയുക പോലും ഇല്ല. ഒരു വീടിന്റെ രൂപകൽപനാവേളയിൽ ഡിസൈനർ നിർബ്ബന്ധമായും മനസ്സിലാക്കേണ്ടിയിരിക്കുന്ന ഘടകങ്ങൾ ഇനി പറയുന്നവയാണ്.

  1. ക്ലയന്റിന്റെ സാമ്പത്തിക പരിമിതി.
  2. പ്ലോട്ടിന്റെ സവിശേഷതകളും പരിമിതികളും.
  3. ക്ലയന്റിന്റെ ആഗ്രഹങ്ങളും താല്പര്യങ്ങളും .

ഇനി നമുക്ക് ഇതിനെ ഒന്ന് കീറി മുറിച്ചു പരിശോധിക്കാം.

ഒരു പ്രൊജക്റ്റ്, അത് സർക്കാർ ധനസഹായത്തോടെ നിർമ്മിക്കപ്പെടുന്ന ഒരു കൊച്ചു വീടോ, ഒരു വലിയ ഷോപ്പിങ് മാളോ ആവട്ടെ. ക്ലയന്റിന്റെ ബജറ്റ് ചോദിക്കാതെ അത് രൂപകൽപന ചെയ്യാൻ ഇറങ്ങുന്നവർ നിങ്ങളെ കുളത്തിൽ ചാടിക്കും, അബുദാബിക്കാവിലമ്മയാണെ സത്യം.

ഒന്നുകൂടി വ്യക്തമാക്കിയാൽ ഒരു പ്രോജക്ടിന്റെ രൂപകൽപനാവേളയിൽ ഒരു ഡിസൈനർ ബജറ്റിനെ സംബന്ധിച്ച ഒരു ചോദ്യവും നിങ്ങളോട് ചോദിച്ചിട്ടില്ലെങ്കിൽ ഒന്നുറപ്പിക്കാം, അയാൾ ഒരു പ്രൊഫഷണൽ അല്ല. കാരണം ഒരു പ്രോജക്ടിന്റെ ജീവാത്മാവും പരമാത്മാവുമാണ് അതിന്റെ ബജറ്റ്. ബജറ്റ് ചുമ്മാ ചോദിച്ചാൽ മാത്രം പോരാ, പ്രോജക്ട് ആ ബജറ്റ് ലിമിറ്റിനുള്ളിൽ നിർത്താനും കഴിയണം.

ഇനി പ്ലോട്ട്.

കേവലം പടിഞ്ഞാറോട്ടു ദർശനം എന്ന് ഒറ്റവാക്കിൽ പറഞ്ഞതുകൊണ്ട് മാത്രം ഒരു കാര്യവും ഇല്ല. പ്ലോട്ടിന്റെ നീളവും വീതിയും അറിയണം. റോഡ് നിരപ്പിൽ നിന്നുള്ള ഉയരവ്യത്യാസ്സം അറിയണം. എത്ര ദൂരത്തുനിന്നും, എത്ര ആംഗിളിൽ കെട്ടിടം കാണുന്നയാളുടെ കണ്ണിൽ ഒതുങ്ങുന്നു എന്നറിയണം. പണിയാൻ പോകുന്ന കെട്ടിടത്തിന് സമീപം ശ്രദ്ധയാകർഷിക്കുന്ന മറ്റെതെന്തെങ്കിലും ഉണ്ടോ എന്നറിയണം. കാരണം ഇതിനെയൊക്കെ അനുസരിച്ചു വേണം പ്ലാനിലെ ഓരോ ലൈനുകളും വരയ്ക്കേണ്ടത്.

തീർന്നില്ല.

ക്ലയന്റിന്റെ ആഗ്രഹങ്ങൾ ബാക്കിയുണ്ട്. ഏറ്റവും വലിയ ചർച്ച വേണ്ടിവരുന്നത് ഈ വിഷയത്തിലാണ്. ഈ ഘട്ടത്തിൽ കഴിയുമെങ്കിൽ വീട്ടമ്മമാരെയും ഉൾപ്പെടുത്തണം. കാരണം ഒരു വീടിന്റെ ആയുഷ്കാലത്തു ഏറ്റവും അധികം അതിനുള്ളിൽ ചെലവഴിക്കുന്ന വ്യക്തി ആ വീട്ടമ്മയാണ്. അതുകൊണ്ടുതന്നെ ഏറ്റവും അധികം ചോദ്യങ്ങൾ വരാറുള്ളതും അവരുടെ ഭാഗത്തുനിന്നാണ്. അത് വാസ്തുവിനെ കുറിച്ചാകാം, ഇന്റീരിയറിനെ കുറിച്ചാകാം, വീട്ടിനകത്തു കള്ളൻ കയറാനുള്ള സാധ്യതയെ കുറിച്ചാകാം.

എത്ര മണ്ടൻ ചോദ്യമാണെങ്കിലും അതെല്ലാം ശ്രദ്ധാപൂർവ്വം കേൾക്കണം. കാരണം മുന്നിലിരിക്കുന്ന ക്ലയന്റ് അയാളുടെ ആയുഷ്കാല സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് നിർണ്ണയിക്കുന്ന ആദ്യത്തേതും അവസാനത്തേതുമായ വീടിന്റെ രൂപകൽപന എന്ന അതീവ ഗൗരവകരമായ ഒരു ദൗത്യമാണ് നിങ്ങളെ അവർ വിശ്വസിച്ചു ഏൽപ്പിക്കുന്നത്.

അതിനാൽ അവരുടെ ഭാഗത്തുനിന്നും ചോദ്യങ്ങൾ ഉണ്ടാവും, ഉണ്ടാവണം. അവയ്ക്കു യുക്തിസഹമായ ഉത്തരം നൽകണം. ഇതിനു വേണ്ടി ചിലപ്പോൾ ഒന്നോ ഒന്നരയോ മണിക്കൂറുകൾ എടുത്തേക്കാം. കാരണം പത്തോ നാല്പതോ ലക്ഷം രൂപ ചെലവഴിക്കുന്ന ഒരു പ്രോജക്ടിന്റെ ഭാവി തൂങ്ങിക്കിടക്കുന്നത് ഈ ചർച്ചയിലാണ്.

അതുകൊണ്ടുതന്നെ ക്ലയന്റ് തനിക്കുള്ള സകല സംശയങ്ങളും ഡിസൈനറുടെ പങ്കുവയ്ക്കണം. ഒരുതരത്തിൽ തന്റെ ഡിസൈനറുടെ നിലവാരം ഉരച്ചു നോക്കാനുള്ള ഒരു ഇന്റർവ്യൂ കൂടിയാണത്. ഒരു ഡിസൈനർ ക്ലയന്റിന് ഷെയർ ചെയ്യുന്നത് കേവലം സാങ്കേതികജ്ഞാനം മാത്രമല്ല. അനുഭവജ്ഞാനം കൂടിയാണ്. ഇക്കാര്യങ്ങൾ കേൾക്കാൻ സമയമില്ലാത്തവനെ പണി ഏൽപ്പിക്കരുത്. അതുപോലെ സ്വന്തം വീടിന്റെ രൂപകൽപനയ്ക്കായി ഡിസൈനറുമായി അൽപസമയം ചെലവിടാൻ മനസ്സിലാത്തവന്റെ വർക്ക്‌ എടുക്കുകയും അരുത്.

ഈ ചർച്ചകൾക്കൊടുവിൽ രൂപപ്പെടുന്ന തീരുമാനങ്ങളാണ് ആർക്കിടെക്ചറിന്റെയും സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിന്റെയും ഇന്റീരിയർ ഡിസൈനിങ്ങിന്റെയും വാസ്തുവിന്റെയും അകമ്പടിയോടെ ഓരോ രേഖകളായി പ്ലാനിൽ ജനിക്കുന്നത്. അതായത് പ്ലാനിലെ ഓരോ രേഖകൾക്കും ഈ പറഞ്ഞ വിഷയങ്ങളുടെ പിൻബലം ഉണ്ട്, ഉണ്ടാവണം.

ഇത് ഉണ്ടോ എന്ന് ഉരച്ചു നോക്കാൻ വേറൊരു വിദ്യയുണ്ട്, പിന്നെ പറയാം. ഇപ്പോൾ സമയമില്ല.. പച്ചക്കറിയും മീനും വാങ്ങാനുള്ളതാണ്. മീനവിയൽ എന്താവുമോ എന്തോ ..?

****

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Things to Ensure before geting into House Construction- Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com