ഒരു വീട് തട്ടിക്കൂട്ടുക എന്നത് ചില്ലറ പണിയല്ലന്ന് മാത്രമല്ല നല്ല 'നോട്ട്' ചെലവാകുന്ന പണിയാണ് താനും. വീടുപണിയിൽ 'പണി' കിട്ടാതിരിക്കാൻ ചിലത് താഴെപ്പറയാം. എന്റെ വീടുപണിയിൽനിന്ന് ഞാൻ ആർജിച്ച ചില പാഠങ്ങളാണിത്. ഇതിൽ പറയുന്നത് പലർക്കും അറിവുള്ളതാവാം. അങ്ങനെ അറിയുന്നവരോട് വഴിമാറി പോവാൻ അപേക്ഷ.
1. സ്ഥലം വാങ്ങുമ്പോൾ
1. വാങ്ങുന്ന സ്ഥലം നിലം / പുരയിടം എന്നതിൽ ഏതിൽ ആണെന്ന് ഉറപ്പുവരുത്തുക. നിലം ആണെങ്കിൽ അവിടെ കെട്ടിടനിർമ്മാണത്തിന് അനുമതികിട്ടാൻ കുറച്ചു ചെരുപ്പുകൾ തേഞ്ഞു തീരും.
2 . പ്രീ വർക്ക് അഥവാ മുന്നൊരുക്കം ...
വീടിനായി സാമ്പത്തികം സ്വരുക്കൂട്ടാൻ അഞ്ചു വർഷം.. എന്നാൽ വീടിന്റെ പ്ലാനും, ചർച്ചകൾക്കും അഞ്ചു ദിവസം! അതാണ് നമ്മുടെ പതിവ് . വീട് വയ്ക്കാനുള്ള സാമ്പത്തികചർച്ചക്കൊപ്പം 'വീടിന്റെ പ്ലാനും' ചർച്ചയിൽ വരണം . 30 ദിവസത്തെ ഷൂട്ടിങ് വേണ്ടിവരുന്ന സിനിമയ്ക്ക് 3 വർഷം മുൻപേ പ്രീ വർക്കുകൾ ആരംഭിക്കും എന്ന് പറയുമ്പോൾ പ്രീവർക്കിന്റെ പ്രാധാന്യം മനസിലാവുമല്ലോ?. അത്തരം സംരംഭങ്ങളാണ് വിജയിച്ചവയിൽ ഏറെയും. മറക്കരുത്.
3. യുദ്ധത്തിനിടയ്ക്ക് കുതിരയെ മാറ്റി കെട്ടൽ...
വീടുപണി ഒരു യുദ്ധം തന്നെയാണ്. സംശയം ഉണ്ടെങ്കിൽ 'പണി കഴിഞ്ഞ'വരോട് ചോദിക്കു. ആ രണഭൂമിയിൽ മാനസിക- സാമ്പത്തിക സംഘർഷങ്ങളേറ്റ് നട്ടം തിരിയാത്തവർ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഒരിക്കൽ പ്ലാൻ ഫൈനൽ ആക്കിയാൽ പിന്നീട് മാറ്റം വരുത്തരുത്. അത് യുദ്ധമുഖത്ത് കുതിരയെ മാറ്റിക്കെട്ടുന്നതിനു തുല്യമായിരിക്കും. അത്തരമൊന്നു ചെലവേറും എന്ന് മാത്രമല്ല പിന്നീട് വെട്ടി ചേർക്കുന്നത് മുഴച്ചു നിൽക്കുകയും ചെയ്യും!.
4. കോംപ്രമൈസ് അഥവാ വിട്ടുവീഴ്ച
പ്രീ പ്ലാനിങ്ങിന്റെ കുറവാണ് പലപ്പോഴും വിട്ടുവീഴ്‌ചകളിൽ നമ്മെ തള്ളിയിടുന്നത്. പണി നടക്കുന്ന വേളയിൽ ചെറുതെന്ന് കരുതി കോംപ്രമൈസ് ചെയ്യുന്ന പലതും വീട്ടിൽ താമസിച്ചുതുടങ്ങിയാൽ വലുതായി, വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ചിലപ്പോൾ നമ്മൾ മുടക്കിയ പൈസയേക്കാൾ കുറച്ചുകൂടിചേർത്താൽ ആ നേരത്ത് പരിഹരിക്കാമായിരുന്ന വിഷയം പിന്നീട് ഇരട്ടി കാശ് കൊണ്ടും പരിഹരിക്കാൻ ആവാത്ത പ്രശ്നങ്ങൾ ആയി പരിവട്ടത്ത് നിൽക്കും. അതിനാൽ എടുപ്പിക്കുന്ന പണിയിൽ നോ കോംപ്രമൈസ് മുറുകെപ്പിടിക്കുക
5. പണി കാണാൻവന്നു പണി തരുന്നവർ
പ്ലാനിങ്ങിൽ കാണിച്ചതിലും വലിയ വൈദഗ്‌ധ്യം മേല്പറഞ്ഞവരെ നേരിടാൻ ഉടമസ്ഥൻ കാണിച്ചിരിക്കണം. ഇല്ലെങ്കിൽ വീടെടുത്ത് തലകീഴായി നിർത്തും ഇത്തരം ഉപദേശകർ. നിർമിക്കുന്ന വീടിനെക്കുറിച്ചു പഠിക്കാതെ ഗോദയിൽ ഇറങ്ങുന്നവരെയാണ് ഇത്തരക്കാർ മലർത്തി അടിക്കാറുള്ളത്. മറക്കരുത്..
6. പണിക്കാരെ തിരഞ്ഞെടുക്കുന്നതിലുള്ള സൂക്ഷ്മത
ഇത് മറ്റൊരു മുട്ടൻപണി തരുന്ന തിരഞ്ഞെടുപ്പാണ്. വീടുപണി കൊടുക്കും വരെ നമ്മളാവും ഉടമസ്ഥർ, വീടുപണി കിട്ടിക്കഴിഞ്ഞാൽ അവരും. ശേഷം 'പണി' കിട്ടുന്നത് ഉടമസ്ഥന് തന്നെയാവും എന്ന് സാരം!! . അത് കൊണ്ട് വീടുപണി നൽകാൻ ഉദ്ദേശിക്കുന്ന 'അയാൾ/ അല്ലെങ്കിൽ കോൺട്രാക്റ്റർ' ഇതിനുമുൻപ് പണിത നാലഞ്ച് വീടുകളെങ്കിലും കണ്ട്, ഉടമസ്ഥരുടെ (താമസിക്കുന്നവരുടെ) അഭിപ്രായം അറിഞ്ഞു മാത്രം സെലക്ട് ചെയ്യുക.
English Summary- Lesson learnt from House Construction; Tips in Malayalam