ADVERTISEMENT

അതിഥിയായി ഒരു വീട്ടിൽ പോയതാണ്. വർത്തമാനം പറഞ്ഞിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. വീട്ടുടമസ്ഥൻ ഉച്ചഭക്ഷണത്തിന് നിർബന്ധിച്ചതിനാലും അടുക്കളയിൽ നിന്നുള്ള പാചകമണം അതിഥിയായ എന്നിൽ വലിയ ആസക്തിയുണ്ടാക്കിയതിനാലും ഭക്ഷണം കഴിക്കാമെന്ന് മനസ്സ് പറഞ്ഞു.

കൈകഴുകി ഞാൻ കഴിക്കാൻ തയ്യാറായി. അടുക്കളയിലേക്ക് പോയ വീട്ടുടമസ്ഥനും അദ്ദേഹത്തിന്റെ പാർട്ട്ണറും ഭക്ഷണമെല്ലാം മേശപ്പുറത്ത് വച്ചു. കറികളും നിരന്നു. വായിൽ വെള്ളമൂറി. അതിഥി ആർത്തി പിടിച്ച് വിളമ്പുന്നത് ശരിയല്ലല്ലോ. എന്റെ ഔചിത്യം അതിന് സമ്മതിച്ചില്ല. അടുക്കളയിൽനിന്നും വന്ന വീട്ടുടമസ്ഥൻ വാഷ്ബേസിലേക്ക് ലക്ഷ്യം വച്ചു.

നല്ല അലങ്കരിച്ച ആധുനികമായി പണികഴിപ്പിച്ച വാഷ് കൗണ്ടറായിരുന്നു അവിടെയുണ്ടായിരുന്നത്. കഴിക്കാനിരിക്കുന്നവർക്ക് മാത്രമല്ല ലിവിങ് ഏരിയയിൽ നിന്നു പോലും അത് കാണാം. മുൻവാതിൽ തുറന്നിട്ടാൽ റോഡിലെ യാത്രക്കാർക്കും കാണാം.

വീട്ടുടമസ്ഥൻ പതിയെ ടാപ്പ് തുറന്നു. പിന്നീട് അവിടെ നടന്നത് വിവരണാതീതമായ ശബ്ദ പ്രഹരങ്ങളായിരുന്നു. കൈരണ്ടും കൂട്ടിതിരുമ്മി തലങ്ങും വിലങ്ങും കഴുകി മുഖംകഴുകി ശക്തിയായി മൂക്കൊന്ന് ചീറ്റി. കാർക്കിച് തുപ്പി. വീണ്ടും മൂക്ക് ചീറ്റി. വീട്ടുടമസ്ഥൻ എന്റെ മുന്നിൽ പ്രസന്നവദനനായി ആസനസ്ഥനായത് എന്റെ ഓർമ്മയിലുണ്ട്.

wash-basin-indian
shutterstock © Rahul Ramachandram

എന്റെ വിശപ്പ് ഭക്ഷണത്തിന്റെ മണം വീട്ടുടമസ്ഥനോടുള്ള സ്നേഹം എല്ലാം ആവിയായി. വയറ് നിശ്ചലമായി. അറപ്പ് മാത്രമായി എന്റെ വികാരം. എന്തോ ഇത്തിരി കഴിച്ചെന്നു വരുത്തി ഞാൻ ഉമ്മറത്ത് വന്നിരുന്നു. അൽപനേരത്തിനു ശേഷം വീട്ടുടമസ്ഥൻ ഭക്ഷണം കഴിച്ചുകഴിഞ്ഞതാവണം, വാഷ്ബേസിനിൽ നിന്നും മേൽപ്പറഞ്ഞ അതേ വന്യമായ ശബ്ദങ്ങളും മുരൾച്ചയും മൂളലും അകമ്പടിയായി ടാപ്പിൽ നിന്നുള്ള വെള്ളത്തിന്റെ ശബ്ദവും.

എന്തിന് പറയേണ്ടൂ, വാഷ്ബേസിൻ ലൊക്കേറ്റ് ചെയ്ത ഡിസൈനറെ മനസിൽ പ്രാകിയാണ് അവിടെ നിന്നിറങ്ങിയത്. ഡൈനിങ് ഹാളിൽതന്നെ അതായത് ഡൈനിങ് ടേബിളിന്റെ തൊട്ടടുത്ത് വാഷ്ബേസിൻ വയ്ക്കുന്നതാണ് നമ്മുടെ കാലങ്ങളായുള്ള ആചാരം.

എന്നാൽ വീട്ടിൽ താമസിക്കുന്നവരുടെ സ്വഭാവവും ശുചിത്വബോധവും രീതികളും പരിഗണിച്ചുവേണം വാഷ്ബേസിന്റെ സ്ഥാനം നിർണ്ണയിക്കാൻ എന്നാണ് എന്റെ പക്ഷം. ചിലർ ഭക്ഷണത്തിനു മുമ്പും ശേഷവും അതിവിശാലമായി കൈയും കാലും കഴുകുന്നവരാണ്. ആ സമയത്ത് പലജാതി ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നവരായിരിക്കാം അവർ. അതുകൊണ്ട് വാഷ്ബേസിന്റെ സ്ഥാനം നിർണ്ണയിക്കുമ്പോൾ ആഢംബരത്തിലുപരിയായി അതിന് സ്വകാര്യതയുണ്ടാക്കാനും കൃത്യമായി മറയ്ക്കാനും ഡൈനിങ് ഏരിയയിൽ നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് എന്നാണ് എല്ലാ ഡിസൈനർമാരോടും വീട്ടുടമസ്ഥരോടുമുള്ള എന്റെ എളിയ അഭിപ്രായം.

***

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Position of Wash Basin for More Privacy during Washing- Designer Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com