ADVERTISEMENT

ഒന്നാംനിലയില്ലാത്ത വീട്ടിന് ഒരു നോട്ടക്കുറവുണ്ടാകും. പലർക്കും ഒന്നാംനില അഭിമാനമാണ്. അഞ്ചാം ക്ലാസുകാരനായ മകന്റെ അഭ്യർത്ഥന മാനിച്ച് ഒന്നാംനില പണിതവരുണ്ട്. ബന്ധുവിന് ഒന്നാം നിലയുള്ളതിനാൽ മാത്രം തന്റെ വീട്ടിനും ഒന്നാംനില വേണമെന്ന് തോന്നുന്നവരുമുണ്ട്.
പ്ലിന്ത് ഏരിയ കുറക്കുന്നതിനും കോസ്റ്റ് കുറയ്ക്കുന്നതിനും ഒന്നാംനില പണിയുന്നവരുമുണ്ട്. പ്ലോട്ടിന് സ്ഥലപരിമിതിയുള്ളവരുടെ ആശ്വാസം കൂടിയാണ് ഒന്നാംനില.

ഗസ്റ്റ് ബെഡ് റൂം എന്ന ഓമനപ്പേരിൽ ഒന്നാം നിലയിൽ ഒരു മുറിയെങ്കിലുമുണ്ടാകും. വിരുന്നുകാരില്ലെങ്കിലും മുകളിൽ ബെഡ്റൂമുള്ളതു കൊണ്ട് മാത്രം താഴെ ചൂട് കുറവാണെന്ന് ആശ്വസിക്കുന്നവരുമുണ്ട്. മഴക്കാലത്ത് തുണിയുണക്കാൻ സൗകര്യമായി, ക്വാറന്റയിനിലിരിക്കാൻ സൗകര്യമായി എന്നൊക്കെ പലരീതിയിൽ പറയുന്നവരേയും കാണാം.

പല വീടുകളുടെയും ഒന്നാംനില ചന്ദ്രോപരിതലം പോലെയാണ്. മനുഷ്യർ കാലുകുത്തിയിട്ട് കാലങ്ങളായിട്ടുണ്ടാവും. ചിലന്തി, പല്ലി, എലി തുടങ്ങിയ ജീവികളുടെ ഇഷ്ടസങ്കേതവും ഒന്നാംനിലതന്നെ. പൊടിയുടെ സമൃദ്ധികൊണ്ട് പേരുകേട്ട ഇടവും ഒന്നാം നിലയാണ്. പലതരം കാർട്ടണുകൾ, തെർമോകോളുകൾ, പഴയ കിടക്ക, ഉപയോഗമില്ലാത്ത കസേരകൾ, പാത്രങ്ങൾ, കട്ടിലുകൾ, ഓട്ടുരുളി, നിലവിളക്ക് അങ്ങനെ 'നിക്ഷേപസമൃദ്ധി'യുമുണ്ടാകും ഒന്നാംനിലയിൽ.

ഞാൻ പറയാൻ വന്ന വിഷയം ഇതൊന്നുമല്ല. ഒന്നാം നിലയിലേക്ക് കേറിപ്പോകാൻ പണിയുന്ന സ്റ്റയറിനെപ്പറ്റി പറയാനാണ് ഇത്രയുമെഴുതിയത്. സ്റ്റയറുകൾ ചിലർക്ക് ഉത്സവമാണ്. ലക്ഷങ്ങൾ പൊടിക്കും സ്റ്റയറിനു വേണ്ടി. തേക്ക്, വീട്ടി, ഇരുമ്പ്, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ച് ഹാൻഡ് റെയിലുകളായിരിക്കും വീടിന്റെ ഹൈലൈറ്റ്. പലകയിലോ തെങ്ങിലോ പനയിലോ ഗ്രാനൈറ്റിലോ മാർബിളിലോ ഒക്കെ പണി തീർക്കുന്ന ചവിട്ടുപടികളും കാണാം.

പക്ഷേ പലരും 2000 / 3000 സ്ക്വയർഫീറ്റൊക്കെയുള്ള വീടുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റയറുകൾ സാധാരണ മനുഷ്യർക്ക് കേറാനാവാത്തതാണ്. സ്റ്റയർ കേറിയാലുടൻ വിശ്രമിക്കേണ്ടിവരുന്ന അവസ്ഥ.അമ്പതു വയസുകഴിഞ്ഞാൽ ഒന്നാം നിലയിലേക്കുള്ള യാത്ര അചിന്തനീയം.

മുട്ടുവേദനയുള്ളവർക്ക് ഒന്നാം നിലയിലേക്ക് നോക്കിയാൽ തന്നെ വേദന തുടങ്ങും. കുട്ടികൾക്ക് ഒളിച്ചു കളിക്കാൻ മാത്രം സ്റ്റയറുപയോഗിക്കും. യുവാക്കൾ മുകളിലേക്കുള്ള യാത്ര വെട്ടികുറയ്ക്കും. ചില വീട്ടിൽ ബാർ സെറ്റ് ചെയ്തിരിക്കുന്നത് ഒന്നാം നിലയിലായതു കൊണ്ടു മാത്രം കേറി പോവാൻ നിർബന്ധിതരാവുന്നവരുണ്ട്.


ഇവിടത്തെ പ്രധാന വില്ലൻ പടികളുടെ ഉയരമാണ് എന്നാണ് എന്റെ പക്ഷം. ചവിട്ടുപടിക്ക് എത്ര ഉയരമാവാം?
പലർക്കും പല ഉത്തരമാവും ഉണ്ടാവുക. പക്ഷേ സൗകര്യപ്രദമായി കയറാനാവുന്ന പടിയുടെ ഉയരം എത്രയാണ് എന്ന് ചോദിച്ചാൽ
എന്റെ ഉത്തരം 12.5 സെ.മീ എന്നായിരിക്കും. ഏത് പ്രായക്കാർക്കും രോഗമുണ്ടെങ്കിൽ പോലും വലിയ ബുദ്ധിമുട്ടില്ലാതെ ഒന്നാം നിലയിലേക്ക് കേറാൻ പറ്റുന്ന അളവാണത്. അതിനാൽ ഒന്നാംനില ഡിസൈൻ ചെയ്യുന്നതിനേക്കാൾ പ്രാധാന്യമുണ്ട് അവിടേക്ക് കേറിപ്പോകാനുള്ള സ്റ്റയർ ഡിസൈനിന് എന്ന് ചുരുക്കം.

ഒടുക്കം:
കഴിഞ്ഞ ഇരുപത് കൊല്ലത്തിനുള്ളിൽ മലയാളിയുടെ ഭാരം വർധിച്ച കാര്യം പല ഡിസൈനേഴ്സും മനസിലാക്കിയിട്ടില്ല. ശരീരഭാരം കൂടുന്നു തദനുസൃതമായി കാലുകൾക്ക് ശേഷിക്കുറവും വന്നിട്ടുണ്ട്. അതിനാൽ അഭിമാനത്തിലുപരിയായി മനുഷ്യരുടെ ആരോഗ്യവും പരിഗണിക്കണം നമ്മുടെ രൂപകല്പനാ വിദഗ്ദരും വീട്ടുടമസ്ഥരും.

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

 

English Summary- Malayali and Design of Stairs in House; Mistakes; Designer Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com