"ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്...?"
ഗൾഫിൽ നിന്നും അവധിക്കുവന്നു നാട്ടിൽ കോവിഡിനെ പേടിച്ചു അടച്ചുപൂട്ടി ഇരുന്നകാലത്താണ് ഞാൻ എന്നോടുതന്നെ ആ ചോദ്യം ചോദിക്കുന്നത്.
നമ്മുടെ വീടുകളിൽ കാർ നിർത്താൻ സ്ഥലമുണ്ട്. അതിഥികൾ വന്നാൽ ഇരിക്കാൻ സ്ഥലമുണ്ട്. ശാപ്പാട് കഴിക്കാനും ഭക്ഷണം പാചകം ചെയ്യാനും സ്ഥലമുണ്ട്..കിടന്നുറങ്ങാൻ സ്ഥലമുണ്ട്. കുളിക്കാനും ആരാധിക്കാനും സ്ഥലമുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ വീടുകളിൽ സന്തോഷിക്കാനുള്ള ഒരു സ്ഥലം ഇല്ലാത്തത്..?
സന്തോഷം എന്നതിന്റെ മാനദണ്ഡം പലരിലും പലതാണെങ്കിലും ഒട്ടുമിക്കപേരിലും പൊതുവായിക്കാണുന്ന ഒന്നാണ് പ്രിയപ്പെട്ടവരുമായി ഒന്നിച്ചു സംസാരിച്ചിരിക്കുക, ഭക്ഷണം കഴിക്കുക എന്നതൊക്കെ. ചിലരിൽ അത് പാട്ടുകേൾക്കലോ, പുസ്തകം വായനയോ, കള്ളുകുടിയോ ആകാം.
സംസാരിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ നമുക്ക് ഡ്രോയിങ് റൂമും ഡൈനിങ്ങ് ഹാളും ഒക്കെ ഉണ്ടെങ്കിലും അവക്കൊക്കെ അൽപം മസിലുപിടുത്തം കൂടുതലാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നുവച്ചാൽ അൽപ്പം ഔപചാരികതയാണ് ഇവയിലൊക്കെ മുഴച്ചു നിൽക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ ഒരു ചാരുകസേരയിലോ, ബീൻബാഗിലോ ചാരിക്കിടന്നു സംസാരിക്കുന്നതും ഒരു സോഫയിൽ ഇരുന്നു സംസാരിക്കുന്നതുംതമ്മിൽ വ്യത്യാസമുണ്ട്. ഇങ്ങനെ സംസാരിക്കുന്ന ഇടം പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഒരിടമാണെങ്കിൽ പറയുകയും വേണ്ട.
സ്വന്തം വീട്ടിൽ ഇങ്ങനെ ഒരിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും ഞാൻ സ്ഥലത്തില്ലാത്തതിനാൽ ഫുൾ ആയി ഡെവലപ് ചെയ്തിട്ടില്ല. നാട്ടുകാർക്ക് വേണ്ടി ഇത്തരം ഇടങ്ങൾ ഇഷ്ടംപോലെ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലും അവിടെ എത്തിച്ചേരാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
അത്യാവശ്യം കവിതകളൊക്കെ എഴുതുന്ന ഒരു വീട്ടമ്മ ഈയിടെയാണ് എന്നോടാവശ്യപ്പെടുന്നത്.
"എനിക്ക് വീടിന്റെ പുറകിലെ വരാന്തയിൽ വെളിയിലേക്കു നോക്കി ഇരുന്നു ദിവാസ്വപ്നം കാണാൻ ഒരിടം വേണം"
ഡോ.അബ്ദുൽ കലാം പറയുന്നപോലെ സ്വപ്‌നങ്ങൾ കാണുന്നവരാണ് നാളെയുടെ നിർമ്മാതാക്കൾ.
"പുറകിലെ വരാന്തയിൽ ഇരുന്നാൽ എന്താണ് കാണാൻ കഴിയുക ..?"
"അടുത്ത വീട്ടിലെ പട്ടിക്കൂടും, ടോയ്‌ലറ്റും"
കൊള്ളാം, ദിവാസ്വപ്നം കാണാൻ പറ്റിയ ഇടം.
പറഞ്ഞുവന്നതെന്തെന്നാൽ ഇത്തരം ഒരിടം നൽകുന്ന കാഴ്ചകൾ നമ്മളിൽ പോസിറ്റിവ് എനർജി നല്കുന്നതാവണം. അഥവാ അത്തരം കാഴ്ചകൾ ലഭിക്കുന്ന ഇടങ്ങളിൽ ആവണം പ്ലാനിൽ ഇത്തരം സന്തോഷിക്കാനുള്ള ഇടങ്ങളുടെ സ്ഥാനം.
ഇനി അഥവാ അത്തരം കാഴ്ചകൾ ഇല്ലെങ്കിലോ..?
ഉണ്ടാക്കണം. റൂഫ് ഗാർഡൻ ആയോ, വെർട്ടിക്കൽ ഗാർഡൻ ആയോ ഇതുണ്ടാക്കാം. പല വഴികളിലൂടെ അരോചകമായ കാഴ്ചകൾ മറയ്ക്കാം. വരാന്തകളെയും, സിറ്റൗട്ടുകളെയും ഒക്കെ ഇങ്ങനെ സന്തോഷത്തിന്റെ ഇടങ്ങൾ ആക്കാം എങ്കിലും എനിക്ക് അൽപം കൂടുതൽ താൽപര്യം പുറകിലെ ടെറസിനെ ഇങ്ങനെ രൂപാന്തരപ്പെടുത്തന്നതിലാണ്.
കാരണം അവിടെനിന്നും ലഭിക്കുന്ന വ്യൂ ഒരുതരം ബാൽക്കണി വ്യൂ ആണ്, കൂടാതെ കള്ളന്മാർക്കോ, ഇഴജന്തുക്കൾക്കോ ഫസ്റ്റ് ഫ്ലോർ അത്ര എളുപ്പം പ്രാപ്യമല്ലാത്തതിനാൽ താരതമ്യേന രാത്രികാലങ്ങളിൽ പോലും സുരക്ഷിതവുമാണ്. ഇതത്ര പണച്ചെലവുള്ള ഏർപ്പാടൊന്നുമല്ല.
നിലവിൽ ഒട്ടുമിക്കപേരും ബാക് ടെറസുകൾ ഷീറ്റിട്ടു മേയുന്നവരാണ്. കൂട്ടത്തിൽ പാരപെറ്റു വാൾ ഒരിത്തിരി പൊക്കി കെട്ടണം . ഒരു അഞ്ചടി വരെയൊക്കെ ഉയരത്തിൽ ഈ പാരപെറ്റു വാൾ കെട്ടണം. സ്വകാര്യതക്കും സുരക്ഷിതത്വത്തിനും ഇത് അനിവാര്യമാണ്.
ആ വാളിൽ നേരിയ വെളിച്ചം പ്രസരിപ്പിക്കുന്ന ചെറിയ എക്സ്റ്റീരിയർ അലങ്കാര വിളക്കുകൾ ഘടിപ്പിക്കണം. പിന്നെ ഫ്ലോർ ടൈൽ ചെയ്യണം. എക്സ്റ്റീരിയർ ടൈൽ ആണ് നല്ലത്. കാരണം നാം നിൽക്കുന്നതു ഒരു ഉദ്യാനത്തിൽ ആണെന്ന ബോധം ഇവിടെയെത്തുന്ന ആളിൽ സൃഷ്ടിക്കണം. പിന്നെ അവിടവിടെയായി പൂച്ചട്ടികൾ സ്ഥാപിക്കാം, അതിനിടയിലും വിളക്കുകൾ ഒളിപ്പിച്ചുവയ്ക്കാം..
നിലത്തു പതിപ്പിച്ച ടൈലിനു ഡ്രൈനേജ് സ്ലോപ് കൊടുക്കണം. ഒരു സൽക്കാരമോ മറ്റോ കഴിഞ്ഞാൽ വെള്ളം തറയിൽ ഒഴിച്ച് വൃത്തിയാക്കിയാൽ ആ വെള്ളം അവിടവിടെ കെട്ടിനിൽക്കരുത്. പിന്നെ ഒരു നൂലയിലായി ഒരു ബാർബിക്യൂ അടുപ്പാവാം, മദ്യപാനം കുടിക്കണമെന്നുള്ളവർക്കു ബാർ കൗണ്ടറോ, ബാർ ക്യാബിനറ്റോ ഒക്കെ ആവാം.
ആമസോണിൽ തപ്പിയാൽ കിട്ടാവുന്നതേ ഉള്ളൂ. വേണമെങ്കിൽ ചെറിയൊരു അടുക്കള വരെ ഇവിടെ സെറ്റു ചെയ്യാം. പഴയ ഗ്യാസ് സ്റ്റവ് പോലും ഉപയോഗിക്കാം. കാരണം ഈ സ്ഥലത്തു ഔപചാരികത എന്ന് പറയുന്നതു പടിക്കു പുറത്താണ്. അതുപോലെ ഒന്നോ രണ്ടോ വാഷ് ബേസിനുകൾ ക്രമീകരിക്കാം. ടോയ്‌ലെറ്റ് ഉപയോഗിക്കേണ്ടവർക്കായി മുകൾ നിലയിലെ ഒരു ടോയ്‌ലെറ്റ് കോമൺ ആക്കി നിർത്തിയാൽ അതിഥികൾ കിടപ്പുമുറിയിൽ കയറുന്ന സ്ഥിതിയും ഒഴിവാക്കാം.
സൽക്കാരങ്ങളോ, അതിഥികളോ ഇല്ലാത്ത സമയങ്ങളിൽ തുണി ഉണക്കാനോ, വ്യായാമം ചെയ്യാനോ, പിള്ളേർക്ക് പഠിക്കാനോ, ലാപ്ടോപ്പിൽ ജോലി ചെയ്യാനോ, ട്യൂഷൻ എടുക്കാനോ ഒക്കെ ഈ സ്ഥലം ഉപയോഗിക്കാം. വേണമെങ്കിൽ പ്രകൃതിയുടെ കാറ്റേറ്റ് കിടന്നുറങ്ങുക വരെ ചെയ്യാം. കാരണം ഈ ഇടം സന്തോഷത്തിന്റേതാണ്.
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ..?
***
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Happiness Corners in House; Expert Talk