മലയാളി മണ്ണിൽ നിന്നും ഫ്ളാറ്റുകളിലേക്ക് ചേക്കേറിയിട്ട് അധികം കാലമായിട്ടില്ല. ഒരു പ്ലാനിങ്ങുമില്ലാതെ ഫ്ലാറ്റ് വാങ്ങാൻ പോയാൽ കയ്യിലിരിക്കുന്ന കാശു പോവുകയായിരിക്കും ഫലം. വീടെന്ന സ്വപ്നം മനസ്സിലുള്ളവർ അപ്പാർട്ട്മെന്റ് വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.
∙ അടിസ്ഥാന വിലയോടൊപ്പം കാർ പാർക്കിങ്, കെയർടേക്കിങ് ചാർജ്, മാലിന്യ– മലിനജല സംസ്കരണം പോലുള്ള പൊതുസംവിധാനങ്ങൾക്കുള്ള ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ അടിസ്ഥാന വിലയേക്കാൾ 20–30 ശതമാനം കൂടുതൽ നൽകേണ്ടി വരാം. ഇക്കാര്യങ്ങൾ പ്രത്യേകം ചോദിച്ചറിയണം.
∙ സ്റ്റെയർകെയ്സ്, ഇടനാഴി തുടങ്ങി പൊതുസൗകര്യങ്ങളുടെ അളവു കൂടി ചേർന്നാണ് അപ്പാർട്ട്മെന്റിന്റെ സൂപ്പർ ഏരിയ. അപ്പാർട്ട്മെന്റിന്റെ ഉൾവശത്ത് ഉപയോഗിക്കുന്ന സ്ഥലമാണ് കാർപെറ്റ് ഏരിയ. കാർപെറ്റ് ഏരിയയാണ് നിങ്ങൾക്ക് ലഭിക്കുന്നത്, അഥവാ അവിടെയാണ് താമസിക്കാനാകുക. അതിനാൽ കാർപെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.
∙ വിൽപ്പനനികുതി, രജിസ്ട്രേഷൻ ചാർജ്, കെട്ടിടനികുതി തുടങ്ങിയ നികുതികൾ അപ്പാർട്ട്മെന്റിനും ബാധകമാണ്. ചില ബിൽഡർമാർ നികുതി അടയ്ക്കുകയും വാങ്ങുന്നവരിൽ നിന്ന് വിലയിൽ ഉൾപ്പെടുത്തി ഈ തുക ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ വ്യക്തത വേണം. അപ്പാർട്ട്മെന്റ് കൈമാറുന്നതിനു മുമ്പ് നികുതികൾ അടച്ചുതീർക്കേണ്ടത് ബിൽഡറുടെ ഉത്തരവാദിത്തമാണ്.
∙ ബിൽഡറുടെ സ്വന്തം ഭൂമിയിലാണോ, അതോ മറ്റൊരാളുടെ ഭൂമിയിൽ അപ്പാർട്ട്മെന്റ് പണിതതാണോ എന്നു മനസ്സിലാക്കണം. മറ്റൊരാളുടെ ഭൂമിയിലാണെങ്കിൽ ബില്‍ഡർക്ക് അതിന് അവകാശമുണ്ടെന്നതിനുള്ള രേഖകൾ പരിശോധിക്കുകയും ഭൂമിയുടെ മേൽ കടബാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. മുൻ ആധാരങ്ങൾ ചോദിച്ച് വാങ്ങാന്‍ മറക്കരുത്.
∙ ഭവന പദ്ധതികൾ സമയകൃത്യതയോടെ കൈമാറിയില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം (റെറ) പരാതിപ്പെടാം. പദ്ധതി വൈകിയാൽ ലാഭം ബിൽഡർക്ക് ലഭിക്കില്ലെന്നു മാത്രമല്ല, കനത്ത പിഴയും നൽകേണ്ടി വരും.
∙ ഭവന സമുച്ചയത്തിലെ യൂണിറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് റോഡിന്റെ വീതി കണക്കാക്കുന്നത്. എട്ട്– പത്ത് മീറ്റർ വീതിയുള്ള റോഡ് എങ്കിലും വേണം.

∙ ഓരോ നിലയിലും വില വ്യത്യാസപ്പെടാം. താഴത്തെ നിലയിൽ വില കുറവായിരിക്കും. നാല് നിലയ്ക്ക് മുകളിൽ വില കൂടും.
∙ വസ്തു കൈമാറ്റനിയമം, രജിസ്ട്രേഷൻ നിയമം, മുദ്രപ്പത്ര നിയമം എന്നിവയ്ക്കുപുറമേ അപ്പാർട്ട്മെന്റ് ഓണർഷിപ് ആക്ട് കൂടി ഫ്ലാറ്റ് തീറാധാരങ്ങളിൽ പാലിക്കണം. കെട്ടിടം നിർമിക്കപ്പെട്ട വസ്തുവിനെ സംബന്ധിച്ച വിവരണവും ഓരോ ഫ്ലാറ്റ് ഉടമയ്ക്കും അവകാശപ്പെട്ട അവിഭാജ്യ ഓഹരിക്രമവും ഇതിൽ വ്യക്തമാക്കണം. കൊമേഴ്സ്യൽ, റസിഡൻഷ്യൽ പെർമിറ്റുകൾ പ്രത്യേകം വാങ്ങിയിരിക്കണം.
∙ ഓരോ ഫ്ലാറ്റും ഒറ്റ റസിഡൻഷ്യൽ യൂണിറ്റായതിനാൽ, അതു ഭാഗിക്കാനോ വിഭജിക്കാനോ പാടില്ല. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടവും ഓഹരി അവകാശവുമല്ലാതെ, ഒന്നും കൈമാറാനോ ഒന്നിലും ബാധ്യത സൃഷ്ടിക്കാനോ കഴിയുകയില്ല.
∙ താമസാവശ്യത്തിനല്ലാതെ ഫ്ലാറ്റ് കൈമാറാനോ വാടകയ്ക്ക് നൽകാനോ ഉടമയ്ക്ക് അവകാശമില്ല.
ഫ്ലാറ്റ് രജിസ്റ്റർ ചെയ്യുമ്പോൾ
∙ വസ്തുവിന്റെ വിലയനുസരിച്ചാണ് രജിസ്ട്രേഷൻ ചെലവ് ഈടാക്കുക. രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഏഴു മുതൽ 10 ശതമാനം വരെയാകാം. അഡ്വക്കേറ്റ് ചാർജ്, നോട്ടറി ഫീസ് തുടങ്ങിയ ഫീസുകളും ഇതിനൊപ്പമുണ്ടാകും.
∙ അപ്പാർട്ട്മെന്റാണ് വാങ്ങുന്നതെങ്കിൽ അഡ്വാൻസായി മെയിന്റനൻസ് ചാർജാണ് ഈടാക്കുക. 10 വർഷത്തെ വരെ മെയിന്റനൻസ് ചാർജ് ഇത്തരത്തിൽ ഈടാക്കാം.
∙ അപ്പാർട്ട്മെന്റിന്റെ ഇന്റീരിയറിനുള്ള തുക നമ്മൾ കണ്ടത്തണം. ഉപയോഗിക്കുന്ന മെറ്റീരിയലിനും ഡിസൈനിനുമനുസരിച്ച് ഇന്റീരിയറിന്റെ ചെലവും വർധിക്കും.
∙ ഹോം ലോണിൽ പലിശനിരക്ക്, പ്രോസസിങ് ഫീസ്, മറ്റ് ചാർജുകൾ എന്നിവ പരിശോധിക്കണം. 0.05 ശതമാനത്തിന്റെ വ്യതിയാനം പോലും വായ്പയിൽ നന്നായി പ്രതിഫലിക്കും.
വിവരങ്ങൾക്കു കടപ്പാട്
പി.കെ. രാജു
റിട്ട. ജില്ലാ രജിസ്ട്രാർ, കോട്ടയം
English Summary- Things to note while buying flats; Real Estate Tips