ADVERTISEMENT

വീട്ടുമുറ്റത്തെ കിണർ പൊടുന്നനെ ഇടിഞ്ഞു താഴുന്നു. നിറഞ്ഞു നിന്നിരുന്ന വെള്ളം അപ്രത്യക്ഷമാകുന്നു. ജലത്തിന്റെ രുചി വ്യത്യാസപ്പെടുന്നു. ധാതുലവണങ്ങൾ കിണർ വെള്ളത്തിൽ വർധിക്കുന്നു. എന്തായിരിക്കും കാരണം?

കാരണം നമ്മളറിയാറില്ല. ശാസ്ത്രീയ പഠനങ്ങൾ നടക്കാറുണ്ടൊ? അതുമറിയില്ല. സിവിൽ എൻജിനീയർക്ക് കിണറിന്റെ സ്ഥാനം, ആഴം, പാറ എത്ര താഴ്ചയിലുണ്ട്, വെള്ളം കിട്ടുമോ എന്നൊന്നും പറയാനാവില്ല. അവർ നിസ്സഹായരാണ്.

ഇരുനില വീട് മണ്ണിനടിയിലേക്ക് ആഴ്ന്നു പോകുന്നു. വീടിനടിയിൽ നിന്ന് ശബ്ദങ്ങൾ കേൾക്കുന്നു. ചാനൽ /പത്രവാർത്തക്കപ്പുറം കാരണം തേടിയുള്ള അന്വേഷണം ജീയോളജി വകുപ്പ് ഗൗരവമായി നടത്താറുണ്ടോ? ഇക്കാര്യത്തിലും ഏതൊരു സിവിൽ എൻജിനീയർക്കും പ്രത്യേകമായി ഒന്നും ചെയ്യാനില്ല എന്നതാണ് യാഥാർത്ഥ്യം.

സാധാരണ ഗതിയിൽ ഭൂമിയുടെ ഉപരിതലം നോക്കിയാണ് നാം ഏത് കെട്ടിടത്തിന്റെയും അടിത്തറയുടെ ആഴവും വീതിയും നിശ്ചയിക്കുന്നത്. പരിസരത്തെ കെട്ടിടങ്ങളുടെ അടിത്തറയും നാം പരിഗണിക്കാറുണ്ട്. മേൽമണ്ണിൽ നിന്ന് ഒന്നോ ഒന്നരയോ മീറ്റർ താഴ്ച വരെയാണ് മണ്ണിന്റെ സ്വഭാവം നാം കണക്കിലെടുത്ത് അടിത്തറ നിർണ്ണയിക്കുന്നത്.

ചതുപ്പാണെങ്കിൽ പൈലിങ്ങിലേക്ക് കടക്കുന്നു. ഇനി ഇത് മതിയാവുമോ? സംശയമുണ്ട്. കാരണം കഴിഞ്ഞ രണ്ട് പ്രളയങ്ങൾ മണ്ണിടിച്ചിലുകൾ കുന്നിടിയൽ, കുന്നിനുമുകളിലുള്ള വിണ്ടുകീറലുകൾ എന്നിവയൊക്കെ കേവല വാർത്തക്കപ്പുറം നാം അത്രക്ക് ഗൗരവത്തിലെടുക്കാറില്ല. ഭൂമിയുടെ ഉപരിതലം ശാന്തമാണെങ്കിലും അധോതലം സുരക്ഷിതമാകണമെന്നില്ല. ഉറപ്പുള്ള മണ്ണാകണമെന്നുമില്ല.

ഫലമോ ഇത്തരം ഇടഞ്ഞു താഴലുകൾ സംഭവിക്കുന്നു. ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ ഭൂമിക്കുള്ളിലേക്ക് താഴ്ന്നു പോകുന്നു. ഭൂമിയുടെ അധോഘടന ഒരു സിവിൽ എൻജിനീയർക്ക് കണ്ടെത്താനോ ഊഹിക്കാനോ ആവുന്നതല്ല. അതിന് ആധുനിക സ്കാനിംഗ് ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരും. ഇനി കേരളത്തിൽ അത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് നിർണ്ണയിക്കേണ്ടിവരും അടിത്തറയുടെ ആഴവും വീതിയുമൊക്കെ.

landslide-house
Representative Shutterstock image ©A_Lesik

ഇത് കുറിക്കുമ്പോൾ ദിവസങ്ങളുടെ വെയിലിനു ശേഷം മഴയുണ്ടായി മാത്രമല്ല അതിശക്തമായ ഇടിവെട്ടുമുണ്ടായി. സാധാരണ ഗതിയിൽ കർക്കിടക മഴയ്ക്ക് ഇടിവെട്ടിന്റെ അകമ്പടിയുണ്ടാവാറില്ല. കേരളത്തിന്റെ അന്തരീക്ഷത്തിൽ രൂപപ്പെടുന്ന വലിയ ജലശേഷിയുള്ള കൂമ്പാരമേഘങ്ങളാണത്രെ ഇത്ര വലിയ ഇടിക്കുകാരണം.

ചെറിയ പ്രദേശത്ത് പെയ്യുന്ന കനത്ത മഴയ്ക്കും  കൂമ്പാരമേഘങ്ങൾ കാരണമാകും. അതായത് അന്തരീക്ഷവും ഭൗമഘടനയും കാര്യമായ മാറ്റത്തിന് വിധേയമായിട്ടുണ്ട് എന്നുവേണം അനുമാനിക്കാൻ. അത്തരം മാറ്റങ്ങൾ മനസിലാക്കാനുള്ള ഉപകരണങ്ങൾ വ്യാപകമായി ഉപയോഗിക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്കാണ് തുടരെയുണ്ടാവുന്ന അപകടങ്ങൾ വിരൽ ചൂണ്ടുന്നത്. മാത്രമല്ല ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ രീതികൾ പിന്തുടരേണ്ടുന്ന ആവശ്യവും ഭാവിയിൽ വേണ്ടിവന്നേക്കാം.

***

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Changing Climate in Kerala & House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com