ADVERTISEMENT

നാലാംക്ലാസിലെ സയൻസുമാഷ് ലീവായിരുന്നതുകൊണ്ട് ആ പിരിയഡിൽ പിള്ളേരെ അടക്കിയിരുത്താനായാണ് കാദറു മാഷ് രംഗത്തെത്തുന്നത്. വന്നപാടെ മാഷ് പിള്ളേരോട് സയൻസ് പുസ്തകമെടുത്തു വായിക്കാൻ പറഞ്ഞു, പിള്ളേര് വായനയും തുടങ്ങി. അതിനിടയ്ക്കാണ് തലതെറിച്ച ഒരു ചെറുക്കൻ ഒരു സംശയം ചോദിക്കുന്നത്.

"മാഷേ, ഈ കമ്പിയില്ലാക്കമ്പി എന്നുവച്ചാൽ എന്താണ് ..?"

കാദറു മാഷ് കായികാധ്യാപകനാണ്, സയൻസിന്റെ ഏഴയലത്തുകൂടി പോയിട്ടില്ല. എന്നാലും മാഷ് വിട്ടില്ല.

"മോനെ, അതൊരു വാർത്താവിനിമയ സംവിധാനമാണ്."

ചെറുക്കനും വിടുന്നമട്ടില്ല.

"അതെനിക്കറിയാം. അതിനെ എന്തുകൊണ്ടാണ് കമ്പിയില്ലാക്കമ്പി എന്ന് വിളിക്കുന്നത് എന്നാണറിയേണ്ടത്" 

മാഷ് ഒന്നാലോചിച്ചു. പിന്നെ ചെറുക്കനെ മേശയ്ക്ക് അരികിലേക്ക് വിളിച്ചു.

"മോനെ, ഈ സംവിധാനത്തിന് കമ്പി ഉണ്ടോ എന്ന് ചോദിച്ചാൽ കമ്പി ഇല്ല. എന്നാൽ കമ്പി ഇല്ലേ എന്ന് ചോദിച്ചാൽ കമ്പി ഉണ്ട്. അതുകൊണ്ടാണിതിനെ കമ്പിയില്ലാക്കമ്പി എന്ന് വിളിക്കുന്നത്.

കാദറു മാഷെയും കമ്പിയില്ലാക്കമ്പിയെയും ഓർക്കാൻ കാരണമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഗ്രൂപ്പിലെ  ഒരു സുഹൃത്തിനു വേണ്ടി ഒരു വീട് പ്ലാൻ ചെയ്തു, നാല് കിടപ്പുമുറികൾ ഒക്കെയുള്ള തരക്കേടില്ലാത്ത ഒരു വീട്. വീടിന്റെ പ്ലാനിങ്ങിൽ ഡിസൈനറും വീട്ടുകാരുമായുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണ്. പുതിയതായി വീടുപണി തുടങ്ങാൻ പോകുന്ന ഒരാൾക്ക് ഇതിന്റെ  സാങ്കേതിക കാര്യങ്ങളെക്കുറിച്ചു വലിയ ഐഡിയ ഉണ്ടാകാനിടയില്ല. അതുകൊണ്ടുതന്നെ അവരുടെ ആവശ്യങ്ങൾ, പരിമിതികൾ, സ്വപ്‌നങ്ങൾ ഇതൊക്കെ ഡിസൈനർ അറിയണം, അതിനെ ഡിസൈനറുടെ കയ്യിലുള്ള അനുഭവജ്ഞാനവും സാങ്കേതിക പരിജ്ഞാനവും ചേർത്തു വേണം പ്ലാനിലെ ഓരോ ലൈനും വരയ്ക്കാൻ.

ഇങ്ങനെയുള്ള ചർച്ചകൾക്കിടക്ക് എനിക്കൊരു കാര്യം വ്യക്തമായി.  വീട്ടുടമസ്ഥന് അൽപം സാമൂഹ്യപ്രവർത്തനങ്ങൾ ഒക്കെയുണ്ട്. സന്ദർശകർ ഉണ്ടാവാം. വീട്ടമ്മയ്ക്ക് നാല് ബെഡ്‌റൂമും അറ്റാച്ഡ് ആവണം. എന്നാൽ ഭർത്താവിന്റെ സന്ദർശകർക്ക് ടോയ്‌ലെറ്റിൽ പോകണമെന്നുണ്ടെങ്കിൽ അവരെ ബെഡ്റൂമിലെ ടോയ്‌ലെറ്റിലേക്കു  കയറ്റിവിടാൻ അവർക്കു മനസ്സില്ല.

ഇത് ഈ ഒരു വ്യക്തിയുടെ മാത്രം കാര്യമല്ല, ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള അറ്റാച്ഡ് ടോയ്‌ലെറ്റുകൾക്കു പുറമെ കോമണായി ഒരെണ്ണം കൂടി വേണോ എന്നത് വീട് പണിയുന്ന പലരുടെയും മുന്നിലുള്ള സംശയമാണ്. പക്ഷേ അഞ്ചു ടോയ്‍ലെറ്റുകൾ നിർമ്മിക്കാനും പരിപാലിക്കാനും ഉള്ള ബുദ്ധിമുട്ട് ഓർക്കുമ്പോൾ ഒരെണ്ണം കുറക്കണം എന്നും ഒരു ചിന്ത ഉണ്ട്. ഈ പ്രശ്നത്തെ മറികടക്കാൻ ചിലർ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ഒരു ടോയ്‌ലെറ്റിന് രണ്ടു ഡോറുകൾ, അതായത് ബെഡ് റൂമിൽ നിന്നും ഹാളിൽ നിന്നും ഓരോ ഡോർ നിർമ്മിക്കുക. തീർത്തും അശാസ്ത്രീയമായ ഒരു മണ്ടത്തരമാണിത്. വിശദമാക്കാം.

ഇത്തരത്തിൽ രണ്ടു ഡോർ ഉള്ള ഒരു ടോയ്‌ലെറ്റിൽ ഒരാൾ കയറിയെന്നിരിക്കട്ടെ. സാധാരണഗതിയിൽ കാര്യം സാധിക്കാനുള്ള ധൃതിയിൽ അയാൾ താൻ അകത്തേക്ക് കയറിയ ഡോർ മാത്രം ലോക്ക് ചെയ്യും. ഫലം കാര്യം സാധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റേ ഡോർ തുറന്ന് ആരെങ്കിലും അകത്തേക്ക്  അകത്തേക്ക് വരാം.

ഇനി വേറൊരു സാധ്യത.

ടോയ്‌ലറ്റ്‌ ഉപയോഗിക്കുന്ന ആൾ വിവേകപൂർവ്വം രണ്ടു ഡോറുകളും ലോക്ക് ചെയ്തു കാര്യം സാധിക്കുന്നു. എന്നാൽ കാര്യം സാധിച്ച ആശ്വാസത്തിൽ തനിക്കു വേണ്ടുന്ന ഡോർ മാത്രം തുറന്ന് പുറത്തു പോകുന്നു.

മറ്റേ ഡോറിലൂടെ ഒരാൾ അകത്തു കടക്കാൻ ശ്രമിക്കുമ്പോൾ അത് അകത്തുനിന്നു ലോക്ക് ചെയ്യപ്പെട്ട നിലയിലായിരിക്കും. ആകെ പ്രശ്നമാണ്. അതിനാലാണ് പറയുന്നത്, അമ്മാതിരി പണികൾ ചെയ്യാൻ പോകരുത്.

എന്നാൽ ഇതിനിടക്ക്‌ വേറൊരു വഴിയുണ്ട്. ഒരു ടോയ്‌ലെറ്റിനെ തന്നെ കോമൺ ആയും, അറ്റാച്ഡ് ആയും കൺവെർട്ട് ചെയ്യാവുന്ന രീതി. ഒരു ഡോറിന്റെ അധികച്ചെലവ് മാത്രമേയുള്ളു. ചിത്രത്തിലെ ടോയ്‌ലെറ്റിന് സമീപമുള്ള മൂന്നു ഡോറുകൾ ശ്രദ്ധിക്കുക.

common-toilet

വീട്ടിൽ അതിഥികൾ ഉള്ള സമയത്തു ഡോർ D തുറന്നിടുകയും ഡോർ D1 അടച്ചിടുകയും ചെയ്‌താൽ ടോയ്‌ലെറ്റ് കോമൺ ആയി മാറുന്നു.  ഇനി രാത്രി കാലങ്ങളിലോ, ടോയ്‌ലറ്റ്‌ അറ്റാച്ഡ് ആക്കി മാറ്റേണ്ടുന്ന സന്ദർഭങ്ങളിലോ ഡോർ D അടച്ചിടുക. ഈ സമയം ടോയ്‌ലറ്റ്‌ ബെഡ്റൂമിന്റെ മാത്രം അധീനതയിലുള്ള ഒരു അറ്റാച്ഡ് ടോയ്‌ലറ്റ്‌ ആയി മാറുന്നു.

ഇതുകൊണ്ടു വേറെയും ഗുണങ്ങളുണ്ട്.

ബെഡ്റൂമിനു കിട്ടുന്ന അധിക സുരക്ഷ. ഈ  ബെഡ് റൂമിനു അകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഒരു കള്ളനോ, അക്രമിക്കോ സാധാരണയായുള്ള ഒരു ഡോറിനു  പകരം രണ്ടു ഡോർ ഭേദിക്കേണ്ടിവരും. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്കോ, വയസ്സായവർക്കോ ഒക്കെ ഈ അധിക ഡോറിൻറെ സംരക്ഷണം പ്രയോജനപ്പെടും.    

തീർന്നില്ല ..

കോമൺ ടോയ്‌ലെറ്റിൽ നിന്നുള്ള കേൾക്കാൻ അത്ര സുഖകരമല്ലാത്ത ശബ്ദകോലാഹാലങ്ങൾ, ശബ്ദങ്ങൾ ഹാളിലേക്ക് എത്തുന്നത് തടയാനും ഈ അധിക ഡോറിനു കഴിഞ്ഞേക്കും. അധികമായി ഒരു ടോയ്‌ലറ്റ്‌  നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക ലാഭം വേറെ.  ഈ ടോയ്‌ലറ്റ്‌ അറ്റാച്ഡ് ആണോ എന്ന് ചോദിച്ചാൽ അല്ല. എന്നാൽ അറ്റാച്ഡ് അല്ലേ എന്ന് ചോദിച്ചാൽ ആണ്.

പണ്ട് നാലാം ക്ലാസിലെ സയൻസ് പിരിയഡിൽ കാദർ മാഷ് പറഞ്ഞതും അതാണ്...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Making Single Toilet Shared Mistakes; Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com