ADVERTISEMENT

ഒരുപക്ഷേ കോൺക്രീറ്റ് കൊണ്ട് ചരിഞ്ഞ മേൽക്കൂരയുണ്ടാക്കുന്ന ലോകത്തിലെ ഒരേയൊരു ഭൂപ്രദേശം കേരളമാവാനാണ് സാധ്യത. എന്തുകൊണ്ട് ചരിഞ്ഞ മേൽക്കൂര? മഴ തന്നെയായിരിക്കാം കാരണം. പിന്നെ കാഴ്ചാസൗന്ദര്യവും. വാർഷിക ശരാശരി 3 മീറ്റർ മഴ പെയ്യുന്ന കേരളത്തിലെ വീടുകൾക്ക് ചരിത്രത്തിലൊരിക്കലും തിരശ്ചീനമായി മേൽക്കൂര ചെയ്തിട്ടില്ല. രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഓലയും പനമ്പട്ടയും മാത്രമുപയോഗിച്ച് ചെയ്യുന്ന മേൽക്കൂര ചരിച്ച് ചെയ്യാനേ തരമുള്ളു.

രണ്ട് ചരിഞ്ഞ് മേൽക്കൂര ചെയ്യുമ്പോൾ മാത്രമേ മഴയെ പ്രതിരോധിക്കാനാവുന്നുള്ളു. ഇത്തരം പരമ്പരാഗത മേൽക്കൂരയ്ക്ക് കനത്ത വെല്ലുവിളിയോടെയാണ് കന്റെംപ്രറി (Contemperory) അഥവാ സമകാലികത എന്ന പേരിൽ മറ്റൊരു നിർമ്മാണ രീതിയുമായി ആർക്കിടെക്ട്സും എൻജിനീയേഴ്സും നമ്മുടെ മനസു കീഴടക്കിയത്.

ഫ്ലാറ്റ് റൂഫ് എന്ന ബോധം നമ്മളിലേക്കെത്തുന്നത് കന്റെംപ്രറി വരുന്നതോടെയാണ്. തീർച്ചയായും ഇത്തരം നിർമ്മാണങ്ങൾക്ക് സവിശേഷതകളുണ്ട്. ഒന്ന് ചരിഞ്ഞ കോൺക്രീറ്റ് റൂഫിനേക്കാൾ ചെലവും നിർമ്മാണ സാമഗ്രികളുടെ അളവും കുറവാണ് ഫ്ലാറ്റ് റൂഫിന്. മറ്റൊന്ന് വീടിന്റെ എല്ലായിടവും ഉപയോഗിക്കാൻ പറ്റുന്നു എന്നത്.

അതേസമയം കഴിഞ്ഞ പത്തു വർഷങ്ങൾ കേരളീയരുടെ മേൽക്കൂര സങ്കൽപത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാണ് എന്നതിന്റെ സൂചന തരുന്നുണ്ട്. വീടുകൾക്ക് മുകളിൽ കനം കുറഞ്ഞ തകിടുകൾ ചരിച്ച് വയ്ക്കാൻ തുടങ്ങി എന്നതാണ് അതിൽ പ്രധാനം. ഇപ്പോൾ ഡിസൈനേഴ്സ് റൂഫിങ് ഷീറ്റുകൂടി ഉൾപ്പെടുത്തിയാണ് വീടുകൾ രൂപകൽപന ചെയ്യുന്നത്.

അതായത് കോൺക്രീറ്റ് റൂഫിങ് എന്ന പ്രയോഗം തന്നെ ഇല്ലാതാവാൻ പോവുന്നു. കാരണം കേരളത്തിന്റെ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട് എന്നതു തന്നെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിശക്തമായ മഴ പെയ്യുന്ന ഇടമായി കേരളം മാറിക്കഴിഞ്ഞു. ശരാശരിയിൽ നിന്നും അരമീറ്ററിലധികം മഴ പെയ്യുന്ന കേരളത്തിന്റെ മേൽക്കൂരകൾ ചരിച്ചേ ചെയ്യാവൂ എന്ന് നമ്മൾക്ക് ബോധ്യപ്പെടാൻ തുടങ്ങിക്കഴിഞ്ഞു. ചരിഞ്ഞ മേൽക്കൂരക്ക് ഏറ്റവും നല്ലത് കനം കുറഞ്ഞ ലോഹ തകിടുകളാണെന്നും ബോധ്യപ്പെട്ടു.കോൺക്രീറ്റു കൊണ്ട് ചരിഞ്ഞ് മേൽക്കൂര ചെയ്യുന്നതിനെക്കാൾ നല്ലത് ലോഹ തകിടുകൾ തന്നെയാണ്.

ഇപ്പോൾ വരുന്ന വാർത്തകൾ നമ്മുടെ കാലാവസ്ഥയെപ്പറ്റി ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. അതിശക്തമായ മഴ പ്രദേശമായി കേരളം മാറുകയാണെന്ന സൂചനയാണ് വാർത്തകളിലുള്ളത്. പശ്ചിമതീരത്തെ ആകാശത്ത് അടിഞ്ഞുകൂടുന്ന മേഘ കൂമ്പാരങ്ങളും തദ്വാര മേഘവിസ്ഫോടനങ്ങളാലുണ്ടാകുന്ന മഴയുടെ പ്രഹരശേഷി പ്രവചനാതീതമാണ്.

അതിശക്തമായ മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും പ്രളയവും ഉണ്ടാവുന്നത് സാധാരണമായിക്കഴിഞ്ഞു. അതുപോലെതന്നെയാണ് മേൽക്കൂരയും. മേൽക്കൂരയിൽ നിന്ന് അതിവേഗത്തിൽ അതായത് പത്ത് സെക്കന്റിനകം വെള്ളം ഒഴുകി പോവാൻ ഉത്തമമായ മാർഗ്ഗം മേൽക്കൂര ചരിച്ചു ചെയ്യുക എന്നതാണ്.

35 ഡിഗ്രി കോണളവിലെങ്കിലും ചെയ്യുന്ന ചരിഞ്ഞ ഓട് അതല്ലെങ്കിൽ ലോഹ തകിടുകൾ തന്നെയാണ് ഏറ്റവും ഉത്തമമായതും ശാസ്ത്രീയവുമായ മേൽക്കൂര. മഴവെള്ളമൊഴിഞ്ഞു പോകാൻ അതിലും മെച്ചമായത് മറ്റൊന്നില്ല. ഫ്ലാറ്റ് റൂഫ് അതിനാൽ തന്നെ അശാസ്ത്രീയവുമാണ്. അതുകൊണ്ടുതന്നെയാകണം കേരളത്തിലെ കോൺക്രീറ്റ് പാലങ്ങളും റോഡുകളുമൊഴിച്ച് എല്ലാ കെട്ടിടങ്ങളും കാലങ്ങളായി വർഷം മുഴുവൻ കുടചൂടി നിൽക്കാൻ തുടങ്ങിയത്. വീട് കള്ളൻമാരെ കണ്ടല്ല കാലാവസ്ഥയെ മുന്നിൽകണ്ട് പണിയണമെന്ന് രത്നചുരുക്കം.

***

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Importance of Climate Specific House in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com