ADVERTISEMENT

കേരളത്തിലെ ഒരു ഇടത്തരക്കാരൻ മലയാളിയുടെ പഴയ വീടാണ് രംഗം.

"എന്താ സാറേ ഒരു റൂംകൂടി പണിതൂടെ?"

"ഇതൊരു കുഞ്ഞു വീടല്ലെ?"

"മുകൾനിലയിലെ കാര്യമാണ് പറയുന്നത്. രണ്ട് ചുമരല്ലെ അധികം വരത്തുള്ളു."

ശെടാ ശരിയാണല്ലൊ..രണ്ട് ഭിത്തി പണിതാൽ ഒരു മുറിയായി. രണ്ട് ഭിത്തി നിലവിലുണ്ടല്ലൊ. എൻജിനീയറുടെ പ്രോൽസാഹനവും കൂടിയായാൽ പിന്നെന്തിന് ആലോചിക്കണം.

ഓരോ വർഷം കഴിയുന്തോറും നിർമ്മാണചെലവേറി വരുന്നതുകൊണ്ട് ഇപ്പഴേ ഒരു മുറി പണിയാംന്നേ എന്നങ്ങ് തീരുമാനിക്കും.

ആ സമയത്ത് നമ്മളിൽ പ്രത്യോകതരം ഊർജപ്രവാഹമുണ്ടാകും. നാം അസ്വസ്ഥ ബാധിതനാവും. വീടിനെപ്പറ്റി നമ്മൾക്കുള്ളിൽ കയറിയ ആത്മാവ് നമ്മെ നിരന്തരം പിടിച്ചിരുത്തി പലതരം ക്ലാസുകളെടുക്കും. 'വീട് ഒരിക്കലേ പണിയൂ, അതിത്തിരി വലുപ്പത്തിലായ്ക്കോട്ടെ' എന്ന തത്വചിന്തയ്ക്കാണ് ക്ലാസിൽ പ്രാമുഖ്യം കിട്ടുക.

കുട്ടികൾ മുതിരുകയല്ലേ അവർക്ക് ഇത്തിരി സൗകര്യമൊക്കെ വേണ്ടേ എന്നൊരു വൈകാരികത മേമ്പൊടിയായുണ്ടാകും. മാത്രമല്ല ബന്ധുമിത്രാദികളുടെ, അയൽക്കാരുടെ, തങ്ങളുടെതന്നെ തറവാട്ട് വീട്, അതുക്കും മുന്നേ തങ്ങളുടെ അപ്പനപ്പൂപ്പൻമാർ താമസിച്ച കുഞ്ഞു വീട്.. എല്ലാം മനസിൽ മിന്നിമറയും. പിന്നൊന്നും ആലോചിക്കുന്നില്ല. ഒരു അധികമുറി പണിയുകതന്നെ. സ്റ്റയർ പണ്ടത്തെപ്പോലല്ലല്ലോ, വീടിനകത്തു തന്നെയായത് സൗകര്യമായി. ഏത് സമയവും മുകളിൽ മുറി പണിയാമല്ലൊ.

അങ്ങനെ എക്സ്ട്രാ മുറിപണിയുന്നു. ആ മുറിക്ക് പേരിടുന്നതോ ഗസ്‌റ്റ് ബെഡെന്നും. ആരും ചോദ്യം ചെയ്യാതിരിക്കാനുള്ള സൈക്കോ മൂവ്. എല്ലാം സംഭവിച്ചു പോകുന്നതാണ്. കഷ്ടപ്പെട്ട് ജീവിച്ച്, ചോരുന്ന വീട്ടിൽ താമസിച്ചുമരിച്ചുപോയ നമ്മുടെ പൂർവ്വികരോടുള്ള കടപ്പാടാണത്. നമ്മുടെതന്നെ ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ് ഓരോ വലിയ വീടും. പച്ചയായ വാശി.

വാശി കൂടുമ്പോൾ വിപണി സജീവമാകുമെന്നത് ശരിയാണ് പക്ഷേ, വ്യക്തിയുടെ ബാധ്യതയേറും. ദീർഘകാലാടിസ്ഥാനത്തിൽ സന്തോഷത്തെ ബാധിച്ചേക്കാം. പ്രവാസം ദീർഘിച്ചു പോയേക്കാം. രോഗം ശരീരത്തെ ഭയപ്പെടുത്തിയേക്കാം. ഇത്രയും വലിയ വീട് ഇക്കാലത്ത് എന്തിന് എന്ന ചോദ്യം പക്ഷേ നാം മനസ്സിൽനിന്ന് ചോദിക്കാൻ സമയമായിരിക്കുന്നു എന്നു തന്നെയാണ് എന്റഭിപ്രായം.

പൂർവികർക്കുള്ള ബലിതർപ്പണമാവരുത് ഇപ്പോൾ നാം പണിയുന്ന നമ്മുടെ വീടുകൾ. വീട് വാശിക്കുമാവരുത്. കാരണം വീടെന്നത് നിസ്സാരമായി പണിതുയർത്താൻ പറ്റുന്നതല്ല. നമുക്ക് വേണ്ടിമാത്രം ഇപ്പോൾ വീട് പണിയുക. അടുത്ത തലമുറക്ക് അതായത് മക്കൾക്ക് അവരുടെ അഭിരുചിക്കനുസൃതമായ വീട് പണിയാൻ ഇത്തിരി ഇടവും വിഭവവും മാറ്റിവയ്ക്കുക. ഭൂതകാലത്തോടുള്ള വാശിക്കും മക്കൾ വാൽസല്യം പ്രദർശിപ്പിക്കുന്നതിനും വീടുനിർമ്മാണം ഉപായമായി കാണുന്നത് ശരിയല്ല. എൽകെജി പയ്യന്റെ ആഗ്രഹമാണ് ഇരുനിലവീട് എന്നതുകൊണ്ടു മാത്രം അപ്സ്റ്റയർ പണിയുന്നവരെ എനിക്കറിയാം.

ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളിൽ പലരും ചെറിയ വീടിനെപ്പറ്റി ഗംഭീരമായി ആലോചിക്കുന്നവർ തന്നെയാണ്. തത്വത്തിൽ നമ്മളൊക്കെ ചെറിയ വീട് ഇഷ്ടപ്പെടുന്നവരുമാണ്. പക്ഷേ എന്ത് ചെയ്യാം നമ്മുടെയൊക്കെ മനസിൽ നിലയുറപ്പിച്ചിരിക്കുന്നതും നമ്മെ സദാ ഇക്കിളിപ്പെടുത്തുന്നതും വലിയൊരു വീടാണുതാനും. ആ ഒരു ഇക്കിളി ഇല്ലാതാക്കാനാണ് വല്ലാത്ത ബുദ്ധിമുട്ടും. വീടിന്റെ വലുപ്പം നോക്കി വ്യക്തികളെ അളക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ച്.

***

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- House is neither a staus symbol nor a competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com