ADVERTISEMENT

നാരദന് അങ്ങനെ പ്രത്യേകിച്ച് പണിയൊന്നുമില്ല. ചുമ്മാ അതിലെയും ഇതിലേയും ഒക്കെ കറങ്ങും. വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ കയറി അഭിപ്രായം പറയും.. ഒടുവിൽ സംഗതി കയ്യിൽനിന്നു പോയാൽ പുള്ളി നൈസായി തടിയൂരും. അങ്ങനെയിരിക്കെയാണ് പുള്ളി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഒരു വീടുപണി കാണാൻ എത്തുന്നത്.

നാരദൻ എത്തിയപ്പോൾ അവിടെ ഒരുപാടാളുകൾ ചേർന്ന് ഗൗരവകരമായ ചില കാര്യങ്ങൾ സംസാരിക്കുകയാണ്. അൽപം അകലെയായി ഒരു മരച്ചുവട്ടിൽ ഒരു ചെറുപ്പക്കാരൻ താടിക്കു കയ്യും കൊടുത്തു വിഷമിച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. സൈറ്റിൽ കൂടി നിൽക്കുന്നവർ വെന്റിലേഷൻ, സ്ട്രക്ച്ചറൽ സ്റ്റെബിലിറ്റി, ബെൻഡിങ് മോമെന്റ്റ്, പാസേജ് ഏരിയ, എലിവേഷൻ എന്നിങ്ങനെയൊക്കെയുള്ള കടിച്ചാൽ പൊട്ടാത്ത പദങ്ങൾ പറയുന്നതു കേട്ട് പേടിച്ചതുകൊണ്ടും സിവിൽ എൻജിനീയറിങ് പഠിച്ചിട്ടില്ലാത്തതുകൊണ്ടും നാരദൻ അതിൽ ഇടപെടാതെ ചെറുപ്പക്കാരന്റെ അടുത്തോട്ടു പോയി.

"സഹോ, എന്താണ് അവിടെ നടക്കുന്നത് ..?"

"കണ്ടാലറിയില്ലേ, ഒരു വീടുപണി നടക്കുകയാണ്."

നാരദൻ ഒന്ന് ചമ്മി.

"ആരാണ് അവിടെ കൂടി നിന്നു സാങ്കേതിക കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ..?"

"എല്ലാവരുമുണ്ട്. വീട്ടുകാരന്റെ അമ്മാവൻ, അയൽക്കാരൻ, അളിയൻ, ഭാര്യയുടെ അമ്മായി, വാസ്തുവിദ്യക്കാരൻ, വാർഡ് മെമ്പർ, അടുത്തുള്ള അമ്പലത്തിലെ പൂജാരി, അമ്മാവന്റെ കൂടെ വന്ന ഓട്ടോ ഡ്രൈവർ, ജെസിബി ഓടിക്കാൻ വന്നവൻ. ഒക്കെയുണ്ട് "

കഷ്ടം തന്നെ. എന്നാൽ ഇക്കാര്യങ്ങൾ ഒക്കെ തീരുമാനിക്കേണ്ടത് ഈ സൈറ്റിലെ എൻജിനീയർ അല്ലേ. അയാളെ കാണുന്നില്ലല്ലോ. അയാൾ എവിടെ..?

" ചേട്ടാ, ഞാനാണ് ആ എൻജിനീയർ"

ചെറുപ്പക്കാരന്റെ തൊണ്ടയിടറി. ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥ.

ഒരു പ്രോജക്ടിന്റെ സാങ്കേതിക കാര്യങ്ങളിൽ അഭിപ്രായം പറയേണ്ട എൻജിനീയറെയോ ആർക്കിടെക്ടിനെയോ ബാക്കിയുള്ളവർ എല്ലാവരും ചേർന്ന് നിശ്ശബ്ദനാക്കുന്ന അവസ്ഥ. പലപ്പോഴും ഉടമയും ഇതിനു കൂട്ടുനിൽക്കാറുണ്ട്. ഒരുപക്ഷേ ഒരു ഡോക്ടറോ, അഭിഭാഷകനോ, മറ്റേതെങ്കിലും മേഖലയിൽ ഉള്ള ആളുകളോ സ്വന്തം പ്രവർത്തന മേഖലയിൽ ഇത്രകണ്ട് അധിനിവേശം അനുഭവിക്കുന്നുണ്ടാവില്ല.

വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയ കുഞ്ഞപ്പൻ ചേട്ടൻ പോലും ജബൽഅലിയിൽ നിന്നുകൊണ്ട് ബുർജ് ഖലീഫയെ നോക്കി "അത്ര പോര" എന്ന് കൂളായി അഭിപ്രായം പറയും, അതാണ് നമ്മൾ മലയാളികൾ. 

ഇപ്പോഴാണ് കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന ഒരു സംഭവം ഓർമവരുന്നത്. വയനാട്ടിൽ ഒരു ലോറി ഒരു കെട്ടിടത്തിലേക്ക് പാഞ്ഞുകയറി, ഇടിയുടെ ആഘാതത്തിൽ കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞു. സുരക്ഷാ നടപടിയെന്നോണം ജില്ലാ ഭരണകൂടം ആ കെട്ടിടം പൊളിച്ചു നീക്കി. ഒട്ടും വൈകിയില്ല, മലയാളി തന്റെ അഭിപ്രായപ്രകടനം ആരംഭിച്ചു. സോഷ്യൽ മീഡിയയിലാണ് കൂടുതൽ കണ്ടത്.

ഒരു ലോറി വന്നിടിച്ചാൽ തകർന്നുപോകുന്നതാണോ ഒരു മൂന്നുനില കെട്ടിടം എന്ന് ചോദ്യം ഉയർന്നു. എൻജിനീയറെയും കോൺട്രാക്ടറെയും വിഷം കൊടുത്തു വെടിവച്ചു തൂക്കിക്കൊല്ലണമെന്നും പലരും അഭിപ്രായപ്പെട്ടു. പാരമ്പര്യവാദികൾ അപ്പോഴേക്കും ആധുനീക എൻജിനീയർമാരുടെ നെഞ്ചത്തു കേറിയിരുന്നു ഗോട്ടികളിക്കാനുള്ള ഒരവസരമായി ഇതിനെ മാറ്റിയെടുക്കുകയും ചെയ്തു. വായിൽ കയ്യിട്ടാൽപോലും കടിക്കാൻ അറിയാത്ത നമ്മുടെ എൻജിനീയർമാർ അപ്പോഴും താടിക്കു കയ്യും കൊടുത്തു മരച്ചുവട്ടിൽ നിന്നു. പഴയ തലമുറയിൽ പെട്ട ചിലരെങ്കിലും ആണ് അതിനെ ഒന്ന് വിശകലനം ചെയ്യാൻ ധൈര്യം കാണിച്ചത് തന്നെ.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്..? ഏതു വിധത്തിലാണ് ഇത് നാളെ നമ്മുടെയെല്ലാം വീടുകളെ ബാധിക്കാൻ സാധ്യതയുള്ളത്..? വയനാട്ടിലെ കെട്ടിടം നിർമ്മിച്ചത് ഗുണനിലവാരത്തിൽ ആയിരുന്നോ, അതിനു ആവശ്യമായ സ്ട്രക്ച്ചറൽ ഡിസൈൻ ഉണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല. എന്നാൽ ഉന്നത ഗുണനിലവാരത്തിൽ, വേണ്ടത്ര കണക്കുകൂട്ടലുകളോടെ നിർമ്മിച്ച ഒരു സാധാരണ കെട്ടിടമായിരുന്നു ഏതെങ്കിൽപോലും ഈ സാഹചര്യത്തെ അത് അതിജീവിക്കുമായിരുന്നില്ല എന്നാണു എന്റെ നിരീക്ഷണം.

അതേപ്പറ്റി ചർച്ച ചെയ്യും മുൻപ് എൻജിനീയറിങ്ങിലെ രണ്ടു വ്യത്യസ്ത തരം ലോഡുകളെക്കുറിച്ചു നാം മനസ്സിലാക്കണം. സിബിളായ ഒരുദാഹരണം വഴി ഇത് മനസ്സിലാക്കാം. അതായത് ഒരു ഇഷ്ടിക എടുത്തു നമ്മുടെ തലയിൽ കയറ്റിവച്ചാൽ നമുക്ക് കാര്യമായ പ്രശ്നം ഒന്നും തോന്നില്ലെങ്കിലും അതേ ഇഷ്ടികതന്നെ ഏതാണ്ട് ഒരു മീറ്റർ ഉയരത്തിൽ നിന്നും നമ്മുടെ തലയിലേക്കിട്ടാൽ കഥ മാറും, ചിലപ്പോൾ ആളുടെ കാറ്റ് പോയെന്നും വരാം .

നമ്മുടെ ഉദാഹരണത്തിൽ ആദ്യത്തെ കേസ്, അതായത് ഒരാളുടെ തലയിൽ ഇരിക്കുന്ന ഇഷ്ടിക അയാളിൽ ഉളവാക്കുന്നത് ഒരു സ്റ്റാറ്റിക്ക് ലോഡ് ആണ്, എന്നാൽ തലയിലേക്ക് വന്നു വീഴുന്ന ഇഷ്ടിക ഉണ്ടാക്കുന്നതാകട്ടെ ഡൈനാമിക് ലോഡും. ഒരേ വസ്തുവിൽ ഈ രണ്ടുതരം ലോഡുകളും ഉളവാക്കുന്ന അനന്തര ഫലങ്ങൾ തമ്മിൽ തമ്മിൽ ആനയും അണ്ണാറക്കണ്ണനും തമ്മിലുള്ള വ്യത്യാസമുണ്ട് എന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു.

ആഘാതം ചെലുത്തുന്ന വസ്തുവിന്റെ വേഗം, ഭാരം, ദിശ, എന്നിവയൊക്കെ ഈ അനന്തരഫലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ പ്രശ്നം ഇവിടെയല്ല. നമ്മുടെ കെട്ടിടങ്ങൾ ഒന്നും തന്നെ കാര്യപ്പെട്ട ഡൈനാമിക് ലോഡുകൾ അതിജീവിക്കാൻ വേണ്ടി രൂപകൽപന ചെയ്യപ്പെട്ടവ അല്ല. അതുകൊണ്ടാണ് സ്ഫോടനങ്ങളിലും, ഭൂകമ്പത്തിലും ഒക്കെ ഈ കെട്ടിടങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു പോകുന്നത്. ലോറി വന്നിടിച്ചപ്പോൾ കെട്ടിടം തകരാനും കാരണം ഇതുതന്നെയാണ്. എന്നാൽ ചിലർ ചോദിക്കുന്നത് അങ്ങനെ കേവലം ഒന്നോ രണ്ടോ തൂണുകൾ തകർന്നാൽ മാത്രം കെട്ടിടം തകരുന്നത് ശരിയാണോ എന്നാണ്.

തകരും. കാരണം ഒരു കെട്ടിടത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പരസ്പരം ആശ്രയിച്ചാണ് നിൽക്കുന്നത്. ഈ പരസ്പരാശ്രയം മൂലം അവ സൃഷ്ടിക്കുന്ന സംതുലിതാവസ്ഥയെ ആണ് എൻജിനീയർമാർ "ഈക്വലിബ്രിയം പൊസിഷൻ "എന്ന് വിളിക്കുന്നത്.

ഈ ഈക്വലിബ്രിയം എന്നത് എൻജിനീയറിങ് മെക്കാനിക്സിന്റെ അടിസ്ഥാന സംഗതികളിൽ ഒന്നാണ്. ഒരു കെട്ടിടത്തിന്റെ ആയുസ്സിനെ, ഉറപ്പിനെ, സ്ഥിരതയെ ഒകെ ബാധിക്കുന്ന പരമപ്രധാന വസ്തുതകളിൽ ഒന്ന്. കെട്ടിടത്തിന്റെ ഒന്നോ രണ്ടോ പില്ലറുകളോ, ചുവരോ ഒക്കെ തകരുമ്പോൾ ഈ ഇക്വലിബ്രിയം നഷ്ടപ്പെടുന്നു, എങ്കിലും അത് പിടിച്ചു നിർത്താൻ ബാക്കിയുള്ള ഭാഗങ്ങൾ കിണഞ്ഞു ശ്രമിക്കുന്നു, അതിൽ അവ പരാജയപ്പെടുമ്പോൾ കെട്ടിടം തകരുന്നു.

ഇനി ഈ വിഷയം എങ്ങനെ നമ്മളെ ബാധിക്കും എന്ന് നോക്കാം. പോർച്ചിലേക്കു കയറുന്ന കാർ നിയന്ത്രണം വിട്ടു തൂണിൽ ഇടിച്ചാൽ നമ്മുടെ വീട്ടിലും ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ സംഭവിക്കാം, പോർച്ചിനു മുകളിൽ ഒന്നാം നില കൂടി ഉണ്ടെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി ഉഷാറാവും. മുറ്റത്തു റിവേഴ്‌സ് എടുക്കുന്ന ലോറിയോ, കാറോ സിറ്റൗട്ടിന്റെ തൂണിൽ ഇടിച്ചാലും ഇത് സംഭവിക്കാം. ഫ്‌ളാറ്റുകളുടെ പാർക്കിങ്ങിലും ഈ ഇടി സംഭവിച്ചേക്കാം.

എന്നാൽ ഡൈനാമിക് ലോഡുകൾ അതിജീവിക്കുംവണ്ണം കെട്ടിടം നിർമ്മിക്കുക എന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. അത് അങ്ങേയറ്റം ചെലവേറിയ കാര്യമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും സൈനിക ആസ്ഥാനങ്ങളും, എംബസി മന്ദിരങ്ങളും ഒക്കെ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂ.

എന്നാൽ സ്ഫോടനമോ ഭൂമികുലുക്കമോ ഉണ്ടാക്കുന്ന ഡൈനാമിക് ലോഡ് മൂലം മാത്രമേ ഈ കെട്ടിടത്തിന്റെ ഇക്വലിബ്രിയം നഷ്ടപ്പെടൂ എന്ന് ധരിക്കരുത്. വീടിന്റെ പ്ലാനിങ്ങിൽ വരുന്ന പിഴവുകൊണ്ടുകൂടി ഇത് സംഭവിക്കാം. അശാസ്ത്രീയമായി ചെരിക്കുന്ന സ്ളാബുകളോ, വേണ്ടത്ര കണക്കുകൂട്ടലുകൾ ഇല്ലാതെ നിർമ്മിക്കുന്ന കാന്റിലിവറുകളോ ഒക്കെ വീടിന്റെ തകർച്ചയ്ക്ക് കാരണമാവാം. സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യപ്പെടുന്ന പല ത്രീഡികളിലെയും കാന്റിലിവർ ബാൽക്കണികളൊക്കെ എങ്ങനെ സപ്പോർട്ട് ചെയ്യപ്പെടുന്നെന്നോർത്തു ഞാൻ അത്ഭുതപ്പെടാറുണ്ട്. ആണ്ടവാ, നീയേ തുണ.

ഡൈനാമിക് ലോഡുകൾ നിമിത്തം ഉണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ കെട്ടിടങ്ങൾക്കു ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ പ്രൊജക്ടിൽ വലിഞ്ഞുകയറിവന്നു ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളെ നിയന്ത്രിച്ചു നിർത്താൻ നമ്മുടെ എൻജിനീയർമാർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എന്തായാലും നമ്മുടെ എൻജിനീയറുടെ കഥ കേട്ടപ്പോൾ നാരദന്റെ കണ്ണ് നിറഞ്ഞു.

"താനിവിടെ നിൽക്ക്, ഞാൻ പോയി അവരുമായി ഒന്ന് സംസാരിച്ചിട്ട് വരാം "

എൻജിനീയർ ഹാപ്പി. ഒടുവിൽ തനിക്കായി സംസാരിക്കാൻ അങ്ങ് ദേവലോകത്ത് പോലും പിടിയുള്ള ഒരാൾ ഭൂമിയിൽ എത്തിയിരിക്കുന്നു.

"അങ്ങ് എന്താണ് അവരോട് സംസാരിക്കുന്നത്..? "

നാരദൻ ഗഹനമായി ഒന്ന് ആലോചിച്ചു.

"ആ സിറ്റൗട്ടിനെ എടുത്ത്, ബാക്കിലെ അടുക്കളയോട് ചേർത്തു വച്ച്, ബാക്കിലെ കോമൺ ടോയ്‌ലെറ്റ് ഡ്രോയിങ് റൂമിനു സമീപത്തേക്കു കൊണ്ടുവന്നാൽ പ്ലാൻ ഒന്നുകൂടി ഉഷാറാവും എന്നാണു എന്റെ അഭിപ്രായം. അതൊന്നു സംസാരിച്ചിട്ട് വരാം "

നാരദൻ സൈറ്റിലേക്ക് നടന്നു...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Structural Stability of a House- Myths- Designer Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com