ADVERTISEMENT

വീട്ടുടമസ്ഥന് ഇത്തിരിയൊക്കെ എൻജിനീയറിങ് അറിയുന്നത് നല്ലതാണെന്ന് ഞാൻ. ആ അഭിപ്രായം അദ്ദേഹത്തിന് ശ്ശി ഇഷ്ടപ്പെട്ടു. കുറച്ചൊക്കെ എനിക്കുമറിയാം എന്ന് അടയാളപ്പെടുത്തി കസേരയിൽ അദ്ദേഹം ചാരിയിരുന്നു.

"അല്ല കോൺക്രീറ്റ് വീടിന്റെ ആയുസ് എത്രയാണ്?"

ഞാനൊന്ന് കുഴങ്ങി.

എത്രയാ പറയേണ്ടത് ? 50 എന്ന് പറയണോ? 100 എന്ന് പറയണോ? 100 എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കാരണം 100 വർഷം പഴക്കമുള്ള ഒരു കോൺക്രീറ്റ്കെട്ടിടവും ചൂണ്ടിക്കാട്ടാനില്ലല്ലോ! ഏകദേശം 50 വർഷംവരെ വലിയ കുഴപ്പമില്ലാതെ നിൽക്കും എന്ന് ഞാൻ.

ഉടമസ്ഥൻ ലേശം പുഛം കലർത്തി എന്നെ നോക്കി. അതൊട്ടും അയാൾക്ക് ഉൾക്കൊള്ളാൻ വയ്യ. കാരണം വീടുണ്ടാക്കി അഞ്ച് വർഷം കഴിഞ്ഞാൽ തന്നെ തുടങ്ങും വീടിന്റെ പിണക്കങ്ങൾ. പിന്നീട് നമ്മളെന്നും വീടിനെ താലോലിച്ചു കൊണ്ടേയിരിക്കണം.  ഇടക്കിടെ പണം ചിലവഴിച്ചാലേ വീടിന്റെ പിണക്കം മാറ്റാൻ പറ്റൂ എന്ന് ഞാനിത്തിരി സാഹിത്യ ഭംഗിയിൽ അവതരിപ്പിച്ചപ്പോൾ വീട്ടുടമസ്ഥൻ ഇത്തിരി ഗൗരവത്തിൽ ചോദിച്ചു.

എന്താ അതിനൊരു പ്രതിവിധി?

ഞാൻ പറഞ്ഞു മേൽക്കൂരയും ചുമരുകളും മഴ നനയാത്ത വിധത്തിൽ ചരിഞ്ഞ കോൺക്രീറ്റിൽ അല്ലാത്ത മറ്റൊരു മേൽക്കൂര പണിതാൽ കോൺക്രീറ്റ് വീട് അമ്പതല്ല വേണമെങ്കിൽ നൂറുവർഷം വരെയും കാര്യമായ തകരാറുകളില്ലാതെ നിൽക്കും.  വീടിനെ താലോലിച്ച് പണം കളയുന്നതിന് പകരം നമുക്ക് മറ്റ് കാര്യങ്ങൾ ചെയ്യാം.

മാത്രമല്ല ആരാണ് ഒരു വീട്ടിൽ തന്നെ അമ്പത് വർഷമൊക്കെ താമസിക്കാൻ പോകുന്നത്? മക്കൾ ഇതേ വീട്ടിൽ തന്നെ താമസിക്കുമെന്ന് ഉറപ്പുണ്ടൊ നമ്മൾക്ക്? അക്കാര്യം ഇവിടെ വിഷയമല്ലാത്തതുകൊണ്ടും വീടിന്റെ ആയുസാണ് വിഷയം എന്നതുകൊണ്ടും ഞാനത് മനസിലാണ് പറഞ്ഞത്.

വർഷത്തിൽ ശരാശരി 3000 മില്ലിമീറ്റർ മഴ പെയ്യുന്ന 42 ഡിഗ്രി വരെ ചൂടുള്ള കേരളത്തിൽ വീടിനെ സംരക്ഷിക്കണമെങ്കിൽ മറ്റൊരു മേൽക്കൂര പണിതെങ്കിലേ സാധ്യമാവൂ എന്ന് ഞാനിത്തിരി വിദഗ്‌ധനെന്ന ഭാവത്തിൽ അവതരിപ്പിച്ചു. ആലോചനക്ക് ശേഷം വീട്ടുടമസ്ഥൻ ശബ്ദം താഴ്ത്തി പറഞ്ഞത് ഇങ്ങനെയാണ്. അപ്പൊ കോൺക്രീറ്റ് വീടിന് നാം കരുതുന്ന ഉറപ്പൊന്നുമില്ല ല്ലേ ?

ഞാൻ ത്രിശങ്കുവിലായി.  എന്നിലെ എഞ്ചിനീയർ എന്റെ ആത്മാവിലേക്ക് ഉടനടി പ്രവേശിച്ചു. കോൺക്രീറ്റ് നിർമ്മിതികൾ നല്ല ഉറപ്പുള്ളതുതന്നെയാണ്. പക്ഷെ വീടുകൾ പോലുള്ള ലഘുനിർമ്മിതികൾക്ക് നമ്മുടെ കാലാവസ്ഥയെ ചെറുക്കാനുള്ള ശേഷിയില്ല. അതിനാൽ കാലാവസ്ഥയിൽ നിന്ന് മനുഷ്യർക്ക് മാത്രമല്ല നാമിപ്പോൾ പണിയുന്ന കോൺക്രീറ്റ് വീടുകളെയും സംരക്ഷിക്കേണ്ട ബാധ്യത നമ്മൾക്ക് തന്നെയാണ്.

അദ്ദേഹം എല്ലാം കേട്ടു.

"അപ്പോൾ ഒരു കാര്യം ചെയ്യാം.  കോൺക്രീറ്റ് വീട് പണിയാം എന്നിട്ട് അതിനു മുകളിൽ ട്രസ്സടിച്ച് ഷീറ്റിടാം. പ്രായോഗികമായ പരിഹാരം അതാണ്..."

അതാണ് പറയുന്നത് എൻജിനീയറെക്കാൾ പ്രായോഗികവും ഭാവനാത്മകവുമായ പ്രതിവിധികൾ വീട്ടുടമസ്ഥർക്കുണ്ടാവും എന്ന്.

***

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Age of a concrete house in Kerala; Designer Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com