ADVERTISEMENT

ഭൂരിപക്ഷം മലയാളികളെ  സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു വീട് ജീവിതത്തിന്റെ പ്രഥമലക്ഷ്യം തന്നെയാണ്. മികച്ച ജോലി ലഭിക്കുമ്പോൾ, ഗൾഫിലെത്തിയാൽ എല്ലാം ആദ്യം തുടക്കമിടുന്നത് വീടുപണിക്കായിരിക്കും. പിന്നീട് വീട്ടുകാർക്കിഷ്ടപ്പെട്ട വീടുകൾ, നെറ്റിൽ കണ്ട വീടുകൾ, പറഞ്ഞു കേട്ടവ അങ്ങനെയങ്ങനെ വീടു ചർച്ചകൾ തുടരും.

ബെഡ്‌റൂം എത്ര വേണം?  അതിൽ അറ്റാച്ച്ഡ് എത്ര ? എത്ര നില വേണം? അടുക്കള എത്ര വേണം?... എന്നുതുടങ്ങി ചിലർ മതിലിന്റെ പെയിന്റിന്റെ നിറംവരെ കണക്കുകൂട്ടും.പക്ഷേ ഇതിനേക്കാൾ പ്രാധാന്യത്തോടെ കണക്കുകൂട്ടേണ്ടത്  വീടിന് വരുന്ന ബജറ്റാണ്. അതും വരുമാനമെത്ര എന്ന് നോക്കാതെ ഏകദേശധാരണയിൽ എത്തിയിട്ടുണ്ടാവും.

പിന്നീട് പെട്ടെന്ന് അത്രയും പണം കണ്ടെത്താനുളള വഴികൾ ആലോചിക്കും. തൊടിയിലെ മരം വിറ്റും , ഉള്ളതിൽ കുറച്ച് ഭൂമി വിറ്റും, ചിട്ടി പിടിച്ചും, ഉള്ള സ്വർണം പണയം വച്ചും തറപ്പണി തുടങ്ങുകയായി. സ്വരൂപിച്ച പണം തീരുന്നതോടെ മറ്റു മാർഗങ്ങൾ അന്വേഷിക്കാൻ തുടങ്ങും.

അതാണ് ലോൺ.

എല്ലാം പണയം നൽകി ലോൺ സംഘടിപ്പിക്കും. വീടുപണി തകൃതിയായി നടക്കും. ചിലർക്ക് ആ പണം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. ചിലർ ഉള്ള പണം തീർന്നാൽ നിർത്തിവയ്ക്കുകയും ചെയ്യും.

പിന്നീടാണ് തിരിച്ചടവുകളുടെ വരവ്. 30,000 രൂപ മിച്ചം വരുന്ന ജോലിയുള്ള ഒരാൾക്ക് അടച്ചു തീർക്കാൻ ഉള്ളത് 15 ലക്ഷം രൂപ. മുതൽ മാത്രം അടച്ചു തീരണമെങ്കിൽ തന്റെ മറ്റ് ആവശ്യങ്ങളും , ആർഭാടങ്ങളുമെല്ലാം മാറ്റിവച്ചാലും ചുരുങ്ങിയത് നാലര വർഷം വേണം. പലിശ കൂടി ചേരുമ്പോൾ ചുരുങ്ങിയത് 7 വർഷം. പുതിയ വീടായത് കൊണ്ടും, വലിയ വീടായത് കൊണ്ടും വരുമാനത്തിന്റെ പകുതി മറ്റു ചെലവുകൾക്കായി മാറ്റി വയ്ക്കാൻ നിർബന്ധിതനായി മാറുകയും തിരിച്ചടവ് കാലാവധി ഇരട്ടിയാക്കുകയും ചെയ്യും. അത് 12 അല്ലെങ്കിൽ 15 വർഷമാക്കി ഉയർത്തും.

ഇതിനിടയിൽ ചിലർ ജോലി നഷ്ടമായോ, മറ്റു ധനനഷ്ടങ്ങളാലോ ഇടറി വീഴുകയും ചെയ്യും. സ്വന്തം വീടിന് 15 വർഷം കടക്കാർക്ക് വാടക നൽകി ജീവിക്കുകയും വേണം.15 വർഷം കഴിഞ്ഞാൽ അതു പോലെ ഒരു വീടിന്റെ മൂല്യവും വർദ്ധിക്കുകയില്ലേ എന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും 15 വർഷം പഴക്കമുള്ള വീട് ഔട്ട് ഓഫ് ഫാഷനും നിർമിതി കാലഹരണപ്പെട്ടതും ആയി മാറിക്കഴിഞ്ഞിട്ടുണ്ടായിരിക്കും. അതായത് അതുവരെ മുടക്കിയ തുകയ്‌ക്കുള്ള മൂല്യം അതിന് കാണണമെന്നില്ല. 

പിന്നെ അത് പൊളിച്ച് പുതിയ വീട് പണിയാൻ തുടങ്ങുകയായി. ഒരു പുരുഷായുസ് മുഴുവൻ സമ്പാദിച്ചത് വീട്ടിൽ നിക്ഷേപിച്ച് അവസാനം ശൂന്യമായ കൈകളും അവശമായ ശരീരവുമായ് വീട്ടിൽ തിരിച്ചെത്തുന്നു. ചുരുക്കത്തിൽ കടംവാങ്ങി ലോട്ടറിയെടുക്കുന്ന പോലെയാകും കൈവിട്ട ലോൺ ബാധ്യതകൾ. ലോട്ടറി അടിച്ചുമില്ല, കടം വാങ്ങിയത് പലിശ സഹിതം തിരിച്ചുകൊടുക്കുകയും ചെയ്യേണ്ടിവരുന്നു.

വീട് അനിവാര്യമാണ്. ശരി തന്നെ.

വരുമാനം അറിഞ്ഞു കൊണ്ട് വീടുപണി തുടങ്ങുക. വീടിത്തിരി ചെറുതായാലും, മറ്റു വരുമാന മാർഗങ്ങളിലേക്ക് മിച്ചം വരുന്ന പണം നിക്ഷേപിച്ചാൽ  ജോലി പോയാലും പിടിച്ചു നിൽക്കാൻ കഴിയും. വളരുന്ന വീട് എന്ന രീതിയിൽ പണിയുകയാണെങ്കിൽ വരുമാനം കൂടുമ്പോൾ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യാം..

ജീവിതകാലം മുഴുവൻ അധ്വാനിച്ചിട്ടും നമ്മുടെ മുൻ തലമുറയ്ക്ക് ഒന്നും സമ്പാദിച്ചു വയ്ക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ  നമ്മളും അതേവഴിയിൽ തന്നെയാണെന്ന് തോന്നുന്നുവെങ്കിൽ നമ്മുടെ മുൻഗണനകൾക്ക് മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

***

അഭിപ്രായം വ്യക്തിപരം.

English Summary- Need House based on Financial Ability; Expert Talk 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com