വിദേശയാത്രയിൽ പൈപ്പും ബക്കറ്റും മഗ്ഗുമില്ലാത്ത ടോയ്‌ലറ്റ് പേടിപ്പിച്ചു; ഒടുവിൽ...

toiler-paper
Representative Shutterstock Image © goffkein.pro
SHARE

കഴിഞ്ഞ വർഷം ഞാൻ റഷ്യയിലേക്കൊരു യാത്ര പോയി. എന്നാൽ ആ യാത്രക്ക് മുന്നേ എന്നെ ഏറ്റവും അധികം ടെൻഷൻ അടിപ്പിച്ചത്  അന്നാട്ടിലെ കക്കൂസുകളെക്കുറിച്ചുള്ള ചിന്തയാണ്. ചിന്ത വലുതാണെങ്കിലും കാരണം ലളിതമാണ്. കാരണം യൂറോപ്പിൽ ഭൂരിഭാഗവും ഈ ടോയ്‌ലെറ്റുകൾക്കു ക്ളീനിങ് പൈപ്പ് ഉണ്ടാവില്ല, കാര്യങ്ങൾക്കൊക്കെ ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കുന്നതാണ് അവരുടെ ഒരു രീതി, എനിക്കാണെങ്കിൽ ഈ ഏർപ്പാട് അത്ര പരിചയവുമില്ല.

സിവിൽ എൻജിനീയറിങ് പഠനത്തിന്റെ ഭാഗമായി ടോയ്‌ലറ്റുകളുടെ ഡിസൈനിങ് തലകുത്തിനിന്നു പഠിച്ചിട്ടുണ്ടെങ്കിലും ഈ ടോയ്‌ലറ്റ് പേപ്പർ പരിപാടിയെ എങ്ങനെ മറികടക്കുമെന്ന് എനിക്കൊരെത്തും പിടികിട്ടിയില്ല.

അതുകൊണ്ട് യാത്രയ്ക്കുമുൻപ് ഒരു മുൻകരുതലെന്നോണം നേരെ അബുദാബിയിലെ ലുലുവിൽ പോയി തരക്കേടില്ലാത്ത ഒരു പ്ലാസ്റ്റിക് മഗ്ഗുവാങ്ങി ബാഗിൽ വച്ച് ഞാനാ ടെൻഷൻ പരിഹരിച്ചു. ഷാർജയിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയിൽ എന്റെ സഹയാത്രികനായിരുന്ന തോമസ് സാറിനോട് ഞാൻ എന്റെ ഈ ദീർഘവീക്ഷണത്തിൻറെയും മഗ്ഗിന്റെയും കഥ വിളമ്പുകയും ചെയ്തു.

തോമസ് സാർ അത്യാവശ്യം കുടവയറൊക്കെ ഉള്ള, കഷണ്ടിക്കാരനായ, ഇഡ്ഡ്ലിക്കണ്ണട വച്ച  ഒരു കോളേജ് അധ്യാപകനാണ്, ഇപ്പോൾ റിട്ടയർ ചെയ്തു. ശിഷ്ടകാലം  ഭാര്യയുമൊത്ത് നാടുചുറ്റുക എന്ന പരിപാടിക്കിറങ്ങിയതാണ്. അങ്ങനെയാണ് അദ്ദേഹം പത്തിരുപതുപേരുള്ള ഞങ്ങളുടെ ഇന്ത്യൻ സംഘത്തിൽ എത്തിപ്പെടുന്നത്. 

എന്നാൽ തോമസ് സാറിന്റെ മറുപടി എന്നെ നിരാശപ്പെടുത്തി.

 "സുരേഷ്, നാം യാത്ര പോകുന്നത് കേവലം കാഴ്ചകൾ കാണാൻ മാത്രമാകരുത്. ഒരു നാടിന്റെ ജീവിതരീതി, സംസ്കാരം ഒക്കെ അനുഭവിക്കാൻ കൂടി വേണ്ടിയാവണം നമ്മുടെ ഓരോ യാത്രയും".

ശരിയാണ്.  ഞാൻ അത്രക്കങ്ങു ചിന്തിച്ചില്ല. മോസ്‌കോയിൽ എത്തി പിറ്റേന്ന് കാലത്തു  മഗ്ഗുപയോഗിച്ചു കാര്യങ്ങളൊക്കെ ഭംഗിയാക്കി റൂമിൽ നെഞ്ചുവിരിച്ചു നിൽക്കുന്ന നേരത്താണ് കതകിൽ ആരോ മുട്ടുന്നത്.

മുട്ട് എന്നുവച്ചാൽ  ഒന്നൊന്നര മുട്ട്. വാതിൽ തുറന്നപ്പോൾ നമ്മുടെ തോമസ് സാറ് വലിഞ്ഞു മുറുകിയ  മുഖവുമായി ഒരു പച്ച ടർക്കി ടവൽ ഒക്കെ ഉടുത്തു കുടവയറും തിരുമ്മി നിൽക്കുന്നു.  

"എടേ, നിന്റെ കയ്യിൽ ഒരു മഗ്ഗുണ്ടെന്നു പറഞ്ഞിരുന്നല്ലോ, ആവശ്യം കഴിഞ്ഞെങ്കിൽ അതൊന്നു താ"..

"സർ, നമ്മുടെ ഓരോ യാത്രകളും ആ നാടിന്റെ ആത്മാവിനെ സ്വാംശീകരിക്കാനാണെന്നു സാറുതന്നെയല്ലേ ഇന്നലെ എന്നോട് പറഞ്ഞത് ?.."

"നിന്ന് വേദാന്തം പറയാതെ വേഗം മഗ്ഗു കൊണ്ടുവാടോ "... 

സാറ് മഗ്ഗും വാങ്ങി റൂമിലേക്കോടി, അല്പസമയത്തിനു ശേഷം ആശ്വാസം കളിയാടുന്ന മുഖത്തോടെ അദ്ദേഹം അതെന്നെ തിരികെ ഏൽപിക്കുകയും ചെയ്തു. 

മഗ്ഗ്‌ വാങ്ങി അലമാരയിൽ  വച്ച് തിരിഞ്ഞപ്പോഴേക്കും ദാ വരുന്നു അടുത്ത മുട്ട്. അടുത്ത മുറിയിലെ ഗുജറാത്തുകാരൻ രാജീവ് ബൻസാലിന്റെ മോനാണ്.

"അങ്കിളിന്റെ കയ്യിൽ ഒരു മഗ്ഗുണ്ടെന്നു തോമസ് അങ്കിൾ പറഞ്ഞു, അതൊന്നു അത്യാവശ്യമായി തരാൻ പപ്പാ പറഞ്ഞു "

അങ്ങനെ മഗ്ഗ്‌ ഗുജറാത്തിലേക്കു പോയി.  വൈകുന്നേരത്തോടെ എല്ലാവരും പുറത്തുനിന്നും ഓരോ മഗ്ഗും വാങ്ങിയാണ് ഹോട്ടലിലെത്തിയത്. അനേകം പേർക്ക് വിശുദ്ധിയുടെ ആശ്വാസജലം പകർന്ന ആ മഗ്ഗ്‌ ഞാൻ റഷ്യയിലെ ആ ഹോട്ടൽ മുറിയിൽ വച്ച് പോരുകയും ചെയ്തു.

മറ്റൊരു നാടിന്റെ രീതികൾ നമുക്ക് വശമാകാൻ അൽപസമയം എടുക്കുമെന്ന് പറയാനാണ് ഞാനീ മഗ്ഗ്‌ ചരിത്രം എഴുന്നള്ളിച്ചത്.

അത് ടോയ്‌ലെറ്റിലെ രീതിയാവാം, അടുക്കളയിലെ രീതിയാവാം.കഴിഞ്ഞ ദിവസം കുവൈറ്റിൽ നിന്നുള്ള ഒരു വീട്ടമ്മ അവരുടെ പ്ലാനിൽ ഒരു ഐലൻഡ് കിച്ചൻ  ഉൾക്കൊള്ളിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഞാൻ തോമസ് സാറിനെയും മഗ്ഗിനെയും കുറിച്ചോർത്തത്. 

"എന്തുകൊണ്ടാണ് ഐലൻഡ് കിച്ചൻ വേണമെന്ന് തോന്നിയത്?..."

"അതിനു നല്ല ഭംഗിയുണ്ട്".

അപ്പോൾ അതാണ് കാര്യം, ഭംഗി. ഇക്കാലത്തു വീട് രൂപകൽപനക്കിടെ സ്ഥിരമായി കേറിവരുന്ന ഒരാവശ്യമാണ് ഐലൻഡ് കിച്ചൻ. എന്താണീ ഐലൻഡ് കിച്ചൻ ..?

പേര് സൂചിപ്പിക്കുന്നതുപോലെ അടുക്കളയുടെ മധ്യഭാഗത്തായി ഒരു ദ്വീപുപോലെ ഒരു വർക്ക്‌ ടോപ് ഒരുക്കി അതിൽ പാചകവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്ന ഒരു സംവിധാനമാണ് ഐലൻഡ് കിച്ചൻ. നമ്മുടെ സാധാരണ അടുക്കളകളിൽ വർക്ക്‌ടോപ് ഭിത്തിയോട് ചേർന്നാവുമ്പോൾ ഐലൻഡ്  അടുക്കളകളിൽ ഈ വർക്ക് ടോപ് അടുക്കളയുടെ മധ്യഭാഗത്തായിരിക്കും. എന്നാൽ യൂറോപ്പിൽനിന്ന് എങ്ങനെയാണ് ഈ ഐലൻഡ് കിച്ചൻ ആശയം നമ്മുടെ നാട്ടിൽ എത്തിയത്?..

എന്തായാലും വാസ്കോഡഗാമ കപ്പൽകയറി വരുമ്പോൾ കൊണ്ടുവന്നതാകാൻ വഴിയില്ല, ഇന്റർനെറ്റ് വഴിയോ, ഇംഗ്ളീഷ് സിനിമകൾ വഴിയോ എത്തിയതാവാം.

ഇനി എന്തൊക്കെയാണ് ഈ അയലൻഡ് കിച്ചന്റെ ഗുണങ്ങളും ദോഷങ്ങളും എന്ന് നോക്കാം. ഭക്ഷണം പാചകം ചെയ്യുന്ന കാര്യത്തിലും സായിപ്പും മലയാളിയും തമ്മിൽ ആനയും അണ്ണാറക്കണ്ണനും തമ്മിലുള്ള വ്യത്യാസമുണ്ട്. ബ്രഡ്ഡും ജാമും റൊട്ടിയും ചീസും ഒക്കെ കഴിക്കുന്ന സായിപ്പിന്റെ പാചകരീതിയും, പായസവും, ബിരിയാണിയും, സാമ്പാറും, മീൻ പൊരിച്ചതും ഒക്കെ പാചകം ചെയ്യുന്ന നമ്മുടെ രീതിയും വ്യത്യാസമുണ്ട് എന്നതുകൊണ്ടുതന്നെ നമ്മുടെ അടുക്കളകളുടെ രൂപഘടനയിലും വ്യത്യാസം വേണം.

എന്നാൽ ഐലൻഡ് അടുക്കളയെ ഒരു ഷോകിച്ചൻ ആയി കീപ്പ് ചെയ്യാൻ താല്പര്യമുള്ള കാശുള്ള വീട്ടുകാർക്ക് അതാവാം, നല്ല ലുക്കും കിട്ടും. പക്ഷേ ഐലൻഡ് അടുക്കളയുടെ സാങ്കേതിക പ്രശ്നം അതല്ല. അതിലേക്കു വരാം.

ഒരു അടുക്കളയുടെ യൂട്ടിലിറ്റി അഥവാ ഉപയോഗ്യത നിർണ്ണയിക്കുന്നതിൽ പരമപ്രധാനമായ ഒരു ഘടകമാണ് വർക്ക്‌ ട്രയാംഗിൾ. പാചകം ചെയ്യാനുള്ള സാധനങ്ങൾ സംഭരിക്കുന്ന ഇടത്തെയും, പാചകം ചെയ്യുന്ന സ്റ്റവിനേയും സാധനങ്ങൾ കഴുകുന്ന സിങ്കിനെയും ബന്ധിപ്പിക്കുന്ന ഒരു സാങ്കൽപിക ത്രികോണമാണ് ഈ വർക്ക്‌ ട്രയാംഗിൾ.

Work-triangle

അടുക്കളയിൽ ജോലി ചെയ്യുന്ന ഒരു വീട്ടമ്മ ഏറ്റവും അധികം നടക്കുന്നതും ഈ ത്രികോണത്തിലൂടെയാണ്. ഈ നടത്തം കുറക്കുന്നതിലൂടെ ഒരു വീട്ടമ്മയുടെ അടുക്കളയിലെ ആയാസം കുറയ്ക്കാം.  എന്നാൽ ഈ നടത്തം വല്ലാതങ്ങു കുറയുകയും ചെയ്യരുത്. വിശദമാക്കാം.

ഈ ത്രികോണത്തിന്റെ ഓരോ വശത്തിന്റെയും നീളം നാലടിയിൽ കുറയുകയോ, ഒമ്പതടിയിൽ കൂടുകയോ ചെയ്യരുത്.  ത്രികോണത്തിന്റെ മൂന്നു വശങ്ങളും ചേർന്നാൽ പതിമൂന്നു അടിക്കും, ഇരുപത്താറു അടിക്കും ഇടയിൽ വരണം. ഇതൊന്നും പൂർണ്ണമായും പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും ഡിസൈൻ ചെയ്യുമ്പോൾ  ഇതൊക്കെ ഒരു ഓർമ്മ വേണം. അല്ലാതെ ചുമ്മാ വടക്കുകിഴക്കേ മൂലയിൽ കിഴക്കോട്ടു തിരിഞ്ഞു നിന്ന് പാചകം ചെയ്തതുകൊണ്ട് മാത്രം ഒരു അടുക്കള അടുക്കളയാവില്ല.

ഇനി, ഒരു ഐലൻഡ് കിച്ചണിൽ ഈ നടത്തം എങ്ങനെ എന്ന് നോക്കാം. വർക്ക്‌ ടോപ് അടുക്കളയുടെ മധ്യത്തിൽ ആയതിനാൽ പലപ്പോഴും വീട്ടമ്മ  ഈ ദ്വീപിനെ ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ടിവരും. ഫലം നടത്തം കൂടും. വളരെ ലളിതമായ രീതിയിൽ പാചകം ചെയ്യുന്ന മദാമ്മക്ക് ഇതൊരു വിഷയം അല്ലായിരിക്കാം. എന്നാൽ ദിവസത്തിന്റെ ഏറിയ പങ്കും അടുക്കളയിൽ ചെലവഴിക്കുന്ന, ചോറും കറിയും ഉപ്പേരിയും ഉണ്ടാക്കുന്ന  ഒരു ഇന്ത്യൻ വീട്ടമ്മക്ക് ഇത് വലിയ പ്രശ്നമാണ്.

തീർന്നില്ല.

ഒരു ദ്വീപു പോലെ അടുക്കളയുടെ മധ്യത്തിൽ നിൽക്കുന്ന വർക്ക്‌ ടോപ്പിനു ചുറ്റും നടക്കാനുള്ള സ്ഥലവും, അത്യാവശ്യം സാധനങ്ങൾ സംഭരിക്കാനുള്ള സ്ഥലവും കൂടിയാകുമ്പോൾ അടുക്കളയുടെ വലുപ്പം ഒരുപാട് കൂടും, ഫലം ഏരിയ വർദ്ധിക്കും, ചെലവ് കൂടും.അതാണ് പറഞ്ഞത് മിനിമം ബജറ്റുകാർ ഈ സംഗതി ഉപേക്ഷിക്കുന്നതാണ് നല്ലത്.

ഇനിയുമുണ്ട്.

ഐലൻഡ് വർക്ക്‌ ടോപ്പിൽ, സ്റ്റവ്വിനു മുകളിൽ നിന്നുള്ള ഇലക്ട്രിക് വെന്റിലേഷൻ കാര്യക്ഷമമാവണം, അതിന്റെ പൈപ്പ് അഭംഗി ഇല്ലാത്ത വിധം പുറത്തേക്കു കൊണ്ടുപോകേണ്ടിവരും. കൂടാതെ പ്ലമിങ്  ലൈനുകളും ഫ്ലോറിനു താഴെക്കൂടി കൊണ്ടുവരേണ്ടിവരും. 

എന്നാൽ ഇതൊക്കെയാണെങ്കിലും ഒരു ശരാശരി മലയാളി വീട്ടമ്മ  ഐലൻഡ് കിച്ചണിനെ സ്നേഹിക്കാൻ വേറൊരു കാരണമുണ്ട്. അത് വേറൊരു വിഷയത്തിലേക്കു വഴി തുറക്കുന്നതായതുകൊണ്ട് വിശദമായി പിന്നീട് ചർച്ച ചെയ്യാം.കാരണം, "വീട്ടമ്മമാർക്കു സ്നേഹിക്കാൻ കഴിയാത്ത  അടുക്കളകളൊക്കെ എന്തര് അടുക്കള എന്റെ അപ്പീ"...?

ലേഖകന്റെ വാട്സാപ്പ് നമ്പർ - +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summar : Blindly Imitating Western Styles in Kerala House- Expert Talk

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA