ADVERTISEMENT

ഏതാനും വർഷംമുൻപ് അവധിക്കാലത്ത് നാട്ടിൽ ഉള്ളപ്പോളാണ് ഒരു സുഹൃത്ത് ഒരു പ്ലാനുമായി എന്നെ സമീപിക്കുന്നത്. പ്ലാൻ കാണണം, അഭിപ്രായം പറയണം. സ്വാഭാവികം. പതിവുള്ള കാര്യമാണ്. പക്ഷേ ഇവിടെ അഭിപ്രായം പറയേണ്ടത് ഒരു വീടിന്റെ പ്ലാനിനെക്കുറിച്ചല്ല. ടിയാൻ വാങ്ങാനുദ്ദേശിക്കുന്ന ഫ്ലാറ്റിന്റെ പ്ലാനാണ്.

പ്ലാൻ കണ്ടു, നല്ല ഭംഗിയുള്ള പ്ലാൻ. ഡ്രോയിങ് റൂമിൽ സോഫ, ടീവി, ഡൈനിങ്ങ് ഹാളിൽ ആറുപേർക്കിരിക്കാവുന്ന ഊൺമേശ, കട്ടിൽ, അടുക്കളയിൽ സ്റ്റോവ്, ഫ്രിഡ്ജ്, സിങ്ക്, ഇൻഡോർ പ്ലാന്റുകൾ. പുതിയ ബിൽഡറാണ്, പറയുന്ന റേറ്റും തരക്കേടില്ല .

പക്ഷേ, ജാതകങ്ങളെ തമ്മിൽ ചേർക്കാൻ ഈ കുമ്പിടിക്കു ബുദ്ധിമുട്ടുണ്ട്.

ബിൽഡറെ വിളിച്ചു.ബിൽഡർ മീറ്റിങ്ങിലാണ്. പ്രഥമ ശിഷ്യന്റെ നമ്പർ തന്നു.

"ചേട്ടാ, ഈ പ്ലാനിൽ പറയുന്ന സൗകര്യങ്ങൾ ആ പ്ലാനിൽ ഉൾക്കൊള്ളിക്കാനാകുമോ എന്ന് കുമ്പിടിക്കൊരു ശങ്ക"

ശിഷ്യൻ ചൂടായി.

"പ്ലാനിൽ കാണിച്ചിരിക്കുന്നത് കണ്ടല്ലോ, ഒരുപാടാളുകൾ ഈ പ്ലാൻ ഇഷ്ടപ്പെട്ടു വാങ്ങാൻ വരുന്നുണ്ട്, നിങ്ങൾ മാത്രമല്ലല്ലോ പ്ലാൻ കാണുന്നത്"

" അനിയാ നിൽ ".

"പ്ലാനിൽ വരച്ചുവച്ചിട്ടുണ്ട് എന്നുകരുതി ആ കാര്യം അങ്ങനെയാവണം എന്ന് യാതൊരു ഗ്യാരന്റിയും ഇല്ല. പിന്നെ മറ്റുള്ളവരുടെ ഇഷ്ടമല്ല എന്‍റെ ഇഷ്ടം."

ശിഷ്യൻ ഒന്ന് തണുത്തു. അല്ലെങ്കിലും ദേഷ്യം വന്നാൽ മൊബൈൽ ഫോണും കമ്പ്യൂട്ടർ മൗസും എറിഞ്ഞുപൊട്ടിക്കുന്ന മാനേജർമാരും എൻജിനീയർമാരും ഉള്ള ധാരാവിയിൽ കഴിഞ്ഞ പത്തുപതിനഞ്ചു വർഷമായി ജീവിച്ചുപോന്നതുകൊണ്ടും ഇതിലും വലിയ ബാധകൾ കുമ്പിടി ഒഴിപ്പിച്ചിട്ടുള്ളതുകൊണ്ടും ശിഷ്യന്റെ ദേഷ്യം ഏശിയില്ല.

" നിങ്ങളുടെ പ്ലാനിൽ കാണിച്ചിരിക്കുന്ന പ്രകാരം അവിടെ അത്തരത്തിൽ ആറുപേർക്കിരിക്കാവുന്ന സോഫ ഇടാൻ പറ്റില്ലെന്ന് ഞാൻ പറയുന്നു."

"പക്ഷേ പ്ലാനിൽ കാണിച്ചിട്ടുണ്ടല്ലോ ചേട്ടാ" ..

സഹോ, നമുക്ക് അരിഷ്ട കുപ്പിക്കുള്ളിൽ ആനയെ കയറ്റിവച്ച ചിത്രം വരയ്ക്കാം.എന്നുകരുതി അരിഷ്ട കുപ്പിക്കുള്ളിൽ ആനയെ കയറ്റിവയ്ക്കാം എന്ന് പറയരുത്. ഒടുവിൽ പ്ലാനിലെ അളവുകളും ഫർണിച്ചറിന്റെ അളവുകളും വിശദീകരിച്ചപ്പോൾ മുതലാളിയോട് പറയാം എന്നും പറഞ്ഞു ശിഷ്യൻ സ്ഥലം വിട്ടു.

സംഗതിയുടെ കിടപ്പുവശം ഇങ്ങനെയാണ്. ബിൽഡറുടെ കന്നി പ്രോജക്ടാണ്. പ്ലാനിൽ ഫർണിച്ചർ അറേഞ്ച്മെന്റ് കാണിച്ചപ്പോൾ ആണ് പണി പാളിയ കാര്യം മനസ്സിലായത്. ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ സോഫ ക്രമീകരിക്കാം എന്ന് കരുതിയ സ്ഥലത്ത് അഞ്ചുപേർക്ക്‌ ഇരിക്കാനുള്ള സ്ഥലമേ ഉള്ളൂ. അല്ലെങ്കിൽ നടക്കാനുള്ള വഴിയിലേക്ക് സോഫ കയറ്റി ഇടേണ്ടിവരും. പിന്നെ ഫ്‌ളാറ്റിനുള്ളിലേക്കു കയറാനാവില്ല. സൈറ്റിലെ സാഹചര്യം വച്ച് ഹാൾ വലുതാക്കാനുമാവില്ല.

പിന്നെ ഒറ്റവഴിയെ ഉള്ളൂ. പ്ലാനിൽ സ്കെയിൽ ഒന്ന് അഡ്ജസ്റ്റ് ചെയ്തു സോഫയെ ചെറുതാക്കി. അരിഷ്ട കുപ്പിക്കുള്ളിൽ ആനയെ അങ്ങ് കൊള്ളിച്ചു. എന്തായാലും സുഹൃത്ത് ആ ഫ്ലാറ്റ് വാങ്ങിയില്ല. എന്നിരുന്നാലും ആ ഫ്‌ളാറ്റുകളിൽ ഒരാളും ആ പ്ലാനിൽ പറഞ്ഞിരുന്ന പ്രകാരം സോഫ ഇട്ടിട്ടില്ല എന്ന് പിന്നീടറിഞ്ഞു.

ഇക്കഥ പറയാൻ കാരണമുണ്ട് .

സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും നിലവിൽ നമ്മുടെ പ്ലാനുകളിൽ കാണുന്ന പല ഫർണിച്ചറുകളും ആനയെ അരിഷ്ട കുപ്പിക്കുള്ളിൽ കയറ്റുന്ന പരിപാടിയാണ്. ഡൈനിങ്ങ് ടേബിളോ, സോഫയോ ഇടേണ്ടിടത്തു സ്ഥലം തികയാതെ വന്നാൽ നൈസായി പ്ലാനിലെ ഫർണിച്ചർ അങ്ങ് ചെറുതാക്കും.

ഇത് പാടില്ല.

ഫർണീച്ചറുകളുടെയും, സാനിറ്ററി ഫിറ്റിങ്ങുകളുടെയും യഥാർത്ഥ വലുപ്പത്തിന് ആനുപാതികമായിരിക്കണം ഡ്രോയിങിലെ അളവുകൾ. തീർന്നില്ല. ഈ ഫർണിച്ചറുകൾ പൊസിഷൻ ചെയ്യുന്നതിനും ചില കയ്യും കണക്കും ഒക്കെയുണ്ട്.

സോഫക്കും ടീവിക്കും ഇടയിലൂടെ ഉള്ള നടവഴി ഒഴിവാക്കണം. ഡ്രോയിങ് റൂമിൽ തന്നെ അഭിമുഖമായിരുന്നു സംസാരിക്കുന്നവരുടെ ഇടയിലൂടെയും ഈ നടവഴി ഒഴിവാക്കണം. എല്ലാ സോഫയിൽ നിന്നും എളുപ്പത്തിൽ ചായ എടുക്കാൻ പറ്റുന്ന വിധത്തിലായിരിക്കണം ടീപോയിയുടെ സ്ഥാനം.

അതുപോലെ ഡൈനിങ്ങ് ടേബിളിൽ ഇരുന്നാൽ വാഷ് ബേസിൻ കാണുന്ന അവസ്ഥ കഴിവതും ഒഴിവാക്കണം. പറയാൻ പോയാൽ പലതുണ്ട്. കക്കൂസിൽ ഇരിക്കുന്ന ആൾക്ക് വലതുവശത്തുതന്നെ ക്ളീനിങ് പൈപ്പ് വേണമെന്ന് വരെ പറയേണ്ടിവരും. അതിനാൽ നിങ്ങളുടെ കയ്യിലുള്ള പ്ലാനിൽ ഫർണിച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടതുകൊണ്ടു മാത്രം അക്കാര്യം ഉറപ്പിക്കരുത്.

അതുപോലെ വേറൊന്ന്. ഫർണിച്ചറുകളും കാര്യത്തിൽ മാത്രമല്ല ഇത്തരം അശാസ്ത്രീയമായ പ്ലാനുകൾ പണി തരുന്നത്. ഇക്കഴിഞ്ഞ ദിവസം സൗദിയിൽ നിന്നൊരു പ്രവാസി സുഹൃത്ത് അയച്ചു തന്ന പ്ലാനിന്റെ അടുക്കളയിലേക്കു കടക്കാനുള്ള ഡോറിന്റെ വീതി എഴുപതു സെന്റീമീറ്റർ ആയിരുന്നു.

അപ്പിയിടാൻ പോകുന്ന കക്കൂസിന്റെ വാതിലിനു വരെ എഴുപത്തഞ്ചും എൺപതും സെ. മി. വീതി വേണം എന്നോർക്കുക. അബദ്ധം പറ്റിയതല്ല. ഗോവണിക്കു ചെരിവ് കൂട്ടാൻ വേണ്ടി ഫ്‌ലൈറ്റിന്റെ നീളം കൂട്ടിയപ്പോൾ ഡിസൈനറുടെ മുന്നിൽ പിന്നെ ആകെ ഉണ്ടായിരുന്ന പോംവഴി വണ്ണം കുറഞ്ഞ ആളുകൾ അടുക്കളയിൽ കയറിയാൽ മതി എന്ന് തീരുമാനിക്കുകയാണ്.

എന്നാൽ ഇക്കാര്യം ഉടമ അറിയുകയില്ല. പടവ് പുരോഗമിച്ചു വരുമ്പോൾ മാത്രമേ പണി കിട്ടിയ വിവരം അറിയൂ. അതുവരെ വീടിന്റെ ത്രീഡിയും നോക്കിയിരുന്നു ദിവാസ്വപ്നം കാണുന്നവരാണ് നുമ്മ മലയാളികൾ.

അതിനാൽ ഡിസൈനർമാർ ഈ വിഷയത്തിൽ സത്യസന്ധത പുലർത്തണം.

അതുപോലെ വീട് പണിയുന്നവരും കരുതിയിരിക്കണം. മുപ്പതോ നാൽപ്പതു ലക്ഷം രൂപ ചെലവാക്കി വീട് വെക്കുമ്പോൾ അതിന്റെ ജീവാത്മാവും പരമാത്മാവുമായ പ്ലാനിനു അർഹിക്കുന്ന പ്രാധാന്യം കൊടുക്കണം, കഴുയുമെങ്കിൽ അൽപ്പം പണം ചെലവഴിച്ചാലും പ്രൊഫഷണലുകളെ തന്നെ സമീപിക്കുന്നതാണ് നല്ലത്.

പ്ലാൻ കയ്യിൽ കിട്ടിയാലും, അതിന്റെ അളവുകൾ, ക്രമീകരണം ഒക്കെ ചിന്തിക്കണം, പരിശോധിക്കണം. സംശയമുണ്ടെങ്കിൽ ഡിസൈനറോട് ചോദിക്കണം, ഉറപ്പുവരുത്തണം. ഇത് ഫർണിച്ചറിന്റെ മാത്രം കാര്യമല്ല, പ്ലോട്ട് സെലക്ഷൻ മുതൽ പാലുകാച്ചൽ വരെ ഓരോ ഘട്ടത്തിലും തുടർന്ന് പോകുന്ന, പോകേണ്ട പ്രക്രിയയാണ്. അതൊക്കെ പറയാൻ നിന്നാൽ ഒരുപാടുണ്ട്. സമയംപോലെ പിന്നീടുപറയാം.

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Importance of Furniture Layout in Interior Planning; Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com