ADVERTISEMENT

മെയിൻ ലിന്റലിന്റെ അടിയിൽ മാത്രമേ വിൻഡോയും ഡോറുകളും വയ്ക്കാൻപറ്റൂ എന്നാണ് പലരുടേയും ധാരണ. അതുകൊണ്ടുതന്നെ ചില വീടുകളിൽ (ചില ഭാഗങ്ങളിൽ) വച്ചിട്ടുള്ള ജനൽ തുറക്കാനും അടയ്ക്കാനും വൃത്തിയാക്കാനും പറ്റാത്തത്ര ഉയരത്തിൽ കാണാം. ഇത് ഏറെയും പ്രശ്നമാകുന്നത് സ്‌റ്റെയർകേസിലാണ്. മിക്ക വീടുകളിലും സ്‌റ്റെയറിന്റെ സമീപമുള്ള ജനൽ കയ്യെത്താ ദൂരത്തായിട്ടാണ് വച്ചിട്ടുണ്ടാകുക. അതുകൊണ്ടുതന്നെ ജനൽ തുറക്കാനും അടയ്ക്കാനും  വൃത്തിയാക്കാനുമെല്ലാം വലിയ ബുദ്ധിമുട്ടാണ്. തന്മൂലം ഒട്ടുമിക്ക വീടുകളിലും സ്‌റ്റെയറിലെ ജനൽ എന്നന്നേക്കുമായി അടഞ്ഞുകിടക്കാറാണ് പതിവ്.

ജനൽ വീട്ടുകാർക്ക്  കയ്യെത്തുന്ന പാകത്തിൽ പിടിപ്പിച്ചാൽ എന്താണ് പ്രശ്നം...?

ഗോവണിയുടെ  മിഡിൽ ലാൻഡിങ്ങിൽനിന്ന് എളുപ്പം തുറക്കാനും അടയ്ക്കാനും പാകത്തിൽ ജനൽ വയ്ക്കാൻ പുതുതായി വീട് പണിയുന്നവരെങ്കിലും ശ്രദ്ധിച്ചാൽ നല്ലത്. അങ്ങനെ ജനൽ വയ്ക്കാൻ യാതൊരു പ്രയാസവുമില്ല. സ്‌റ്റെയറിന്റെ ചുമർ പടവ് നടക്കുമ്പോൾ ആവശ്യമുള്ള ഉയരത്തിൽ ജനൽ വച്ചതിനുശേഷം പടവ് തുടർന്ന് പൂർത്തികരിച്ചാൽ മതിയാകും. (ആവശ്യമെന്നു തോന്നിയാൽ ജനലിന് മുകളിൽ ചെറിയൊരു കോൺക്രീറ്റ് ലിന്റൽ ഹൊറിസോണ്ടലായി കൊടുക്കാം)

ഇങ്ങനെ ജനൽ വച്ചാലുളള ഗുണം പലതാണ്. അതിൽ പ്രധാനം, ജനലുകൾ ഉയർച്ചയിലായതുകൊണ്ടുതന്നെ തുറന്നിട്ടാൽ ശുദ്ധമായ കാറ്റും വെയിലും അകത്തേക്ക് ലഭിക്കും എന്നതാണ്. അതുപോലെതന്നെ ജനൽ എപ്പോഴും വൃത്തിയാക്കാനും ഇതിലൂടെ സാധിക്കും. സാമർഥ്യമില്ലാത്ത, മടിയൻമാരായ പണിക്കാർ ഇങ്ങനെ ജനൽ വയ്ക്കുന്നതിനെ നിരുൽസാഹപ്പെടുത്തുന്നതു കണ്ടിട്ടുണ്ട്. 

ഒരു സുഹൃത്തിന്റെ പുതിയ വീട് സന്ദർശിച്ചപ്പോൾ അവിടുത്തെ അടുക്കളയിലെ സ്ലാബിന്റെ ഉയരം എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തുകയുണ്ടായി. പൊതുവെ ഹൈറ്റ് കുറഞ്ഞ വീട്ടുകാരുളള വീട്ടിൽ പണിതു വച്ചിരിക്കുന്ന സ്ലാബുകൾ ആറടിക്കു മുകളിൽ ഹൈറ്റുള്ളവർക്കു പോലും സുഖമായി കൈകാര്യം ചെയ്യാൻ പറ്റാത്ത രീതിയിലാണ്.

സ്ലാബിൽ വച്ച സ്റ്റൗവിലേക്ക് കയ്യെത്താൻ വേണ്ടി തറയിൽവച്ച പലകയിൽ കയറിനിന്നുകൊണ്ടാണ് സ്ത്രീകൾ പാചകം ചെയ്യുന്നത്. സ്ലാബ് പിടിപ്പിച്ചതിൽ വന്ന തെറ്റായിരിക്കും എന്നു കരുതി കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത്, തെറ്റ് പറ്റിയതല്ല, വാസ്തുപ്രകാരം ഇത്രയും ഉയരത്തിലേ സ്ലാബ് വയ്ക്കാൻ പാടുള്ളൂ, ഇല്ലെങ്കിൽ ദോഷമാണെന്ന് പ്ലാനിങ് വേളയിൽ ചിലർ പറഞ്ഞത്രെ!...

വൃത്തിയായി പ്ലാൻ ചെയ്ത നിരവധി വീടുകൾ ഇങ്ങനെ വക്രീകരിക്കപ്പെട്ടിട്ടുണ്ട്. പൊളിച്ചുപണിതിട്ടുമുണ്ട്. നമ്മുടെ പണംകൊണ്ട്, നമ്മുടെ ആഗ്രഹപ്രകാരം വീടുപണിയുമ്പോൾ പ്രാധാന്യം കൊടുക്കേണ്ടത് ഔചിത്യബോധത്തിനും ഉപയുക്തതയ്ക്കുമാണ്. വീടും അതിന്റെ അകത്തളങ്ങളും ഉപയോഗസൗഹൃദം ആകണം. അല്ലാത്തപക്ഷം അത് ദുരിതം നിറഞ്ഞ അനുഭവമാകും. വീടൊരുക്കുമ്പോൾ കോമൺസെൻസ് മാറ്റിവച്ച് ആരെങ്കിലും പറയുന്നത് കണ്ണടച്ചു വിഴുങ്ങരുത്. വീട്, നമുക്ക് സുഖമായി രാപാർക്കാനുള്ളതാണ് എന്ന് എപ്പോഴും ഓർക്കുക. 

***അഭിപ്രായം വ്യക്തിപരം 

English Summary- Window, Kitchen Slab in Unreachable Height- Mistakes, Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com