ADVERTISEMENT

മാടമ്പള്ളിയിലെ ഗംഗയ്ക്കു മാത്രമല്ല, നിറം പിടിപ്പിച്ച മുത്തശ്ശിക്കഥകൾ കേട്ടുവളർന്ന ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു. ഗംഗയ്ക്ക് കഥ പറഞ്ഞുകൊടുത്തിരുന്നത് മുത്തശ്ശി ആയിരുന്നെങ്കിൽ എന്റെ കേസിൽ അത് അച്ഛമ്മയായിരുന്നു എന്നു മാത്രം. എന്നാൽ കേവലം രാമായണം കഥ കേൾക്കാനുള്ള ഭാഗ്യം മാത്രമേ എനിക്കുണ്ടായുള്ളൂ എന്നു മാത്രം, അതുതന്നെ മുഴുവനാക്കാനും കഴിഞ്ഞില്ല. അതിനു മുൻപേ അച്ഛമ്മ എന്നെ വിട്ടുപോയി. വിട്ടുപോയി എന്നു പറയുമ്പോൾ അച്ഛമ്മ മരണപ്പെട്ടു എന്നർഥമില്ല, അച്ഛമ്മ അവരുടെ റൂമിലോട്ടു കേറിപ്പോയി കതകടച്ചു കിടന്നുറങ്ങി എന്ന് മാത്രമേ അർഥമുള്ളൂ. ഞാൻ കോളജിൽ പഠിക്കുന്ന കാലത്താണ് പിന്നീട് അച്ഛമ്മ മരിക്കുന്നത്.

സംഭവം ഇങ്ങനെയാണ്:

രാമായണം കഥപറച്ചിലിനിടെ പത്തു തലയുള്ള രാവണന്റെ മാസ് എൻട്രിയിലാണ് ഞാൻ അച്ഛമ്മയോട് ആ ചോദ്യം ചോദിക്കുന്നത്.

‘‘രാവണൻ എങ്ങനെയാണ് ഒരു വശം ചെരിഞ്ഞു കിടന്നുറങ്ങുന്നത് ..?’’

അച്ഛമ്മക്ക് ദേഷ്യം വന്നു.

‘‘രാവണൻ മലർന്നു കിടന്നേ ഉറങ്ങാറുള്ളൂ, നിനക്ക് വേണേൽ കഥ കേൾക്ക്.’’

തൽക്കാലം ഞാൻ അടങ്ങി. രണ്ടാം ദിവസത്തെ എപ്പിസോഡിൽ രാവണൻ വീണ്ടും കേറി വന്നപ്പോളാണ് ഞാൻ വീണ്ടും ചോദിക്കുന്നത്‌.

‘‘രാവണന്റെ തലകളും ശരീരവും തമ്മിലുള്ള കണക്ഷൻ എങ്ങനെയാണ് ..?’’

‘‘രാവണന്റെ പത്തു തലയ്ക്കും പരസ്പരം സംസാരിച്ചിരിക്കാൻ പറ്റുമോ...?‘’’

‘‘രാവണന് ജലദോഷം വന്നാൽ എങ്ങനെയിരിക്കും...?’’

അതോടെ അച്ഛമ്മ കഥപറച്ചിൽ നിർത്തി എണീറ്റ് സ്വന്തം റൂമിൽ പോയി കതകടച്ചു കിടന്നുറങ്ങി. അച്ഛമ്മ രാവണനെ വിട്ടെങ്കിലും ഞാൻ രാവണനെ  വിട്ടിരുന്നില്ല, ഏതാണ്ടൊരു നാലാം ക്ലാസുവരെ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മലയാളം പഠിപ്പിക്കുന്ന നമ്പൂരി മാഷാണ് എനിക്ക് ഈ വിഷയത്തിൽ തൃപ്തികരമായ ഒരുത്തരം തന്നത്.

‘‘പത്തു തലയുണ്ട് എന്ന് പറഞ്ഞാൽ പത്താളുടെ ബുദ്ധിയുണ്ട് എന്ന് മാത്രമേ അർഥമുള്ളൂ. അത് കവി ആലങ്കാരികമായി പറഞ്ഞതാണ്.’’

കഷ്ടം തന്നെ. ഈ കവികൾ ഇങ്ങനെ തുടങ്ങിയാൽ എന്നെപ്പോലുള്ള നിഷ്കളങ്കന്മാർ എന്തുചെയ്യും ..?

എങ്കിലും ഈയടുത്തകാലത്തു ഞാൻ രാവണനെപ്പറ്റി വീണ്ടും ചിന്തിച്ചു. രാവണന് പത്തു തലയുണ്ടെങ്കിൽ, ഏതാണ്ട് മധ്യഭാഗത്തുള്ള ഏതെങ്കിലും ഒരു തലയിലേക്കായിരിക്കും കഴുത്തിന്റെ കണക്‌ഷൻ. അതായത് അഞ്ചാമത്തെയോ ആറാമത്തെയോ തലയിലേക്ക്. മറ്റു തലകളെല്ലാം കൃത്യമായ സപ്പോർട്ടില്ലാതെ തൊട്ടടുത്തുള്ള തലയിൽ ഒട്ടിച്ചുവച്ചപോലെ അങ്ങനെ നിൽക്കുകയാണ്.

രണ്ടായാലും പ്രശ്നമാണ്. അഞ്ചാമത്തെ തലയിലാണ് കണക്‌ഷൻ എങ്കിൽ ഒരു സൈഡിൽ നാല് തലയും മറ്റേ സൈഡിൽ അഞ്ചു തലയും ഉണ്ടാവും, മറിച്ചാണെങ്കിലും ഇതുതന്നെ കഥ. ഇങ്ങനെ വരുമ്പോൾ ഒരുവശത്ത് ഭാരം കൂടും, ഭാരം കൂടിയ ഭാഗത്തേക്ക് ബോഡി മൊത്തം ചെരിയും. ആ നിലയ്ക്ക് എൻജിനീയറിങ് മെക്കാനിക്സിന്റെ കണ്ണിലൂടെ ഞാൻ ഒന്ന് ചിന്തിച്ചു നോക്കിയപ്പോൾ രാവണനും പണ്ട് നമ്മുടെ ലാലേട്ടൻ നടന്നിരുന്നതുപോലെ അൽപം ചരിഞ്ഞാണോ നടന്നിരുന്നത് എന്ന് സംശയമുണ്ട്. നേരെമറിച്ച് രാവണന് ഒൻപതു തലയോ പതിനൊന്നു തലയോ ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. സപ്പോർട്ടുള്ള തലയുടെ രണ്ടു വശത്തും ഉള്ള തലയുടെ എണ്ണം കൃത്യമാക്കിക്കൊണ്ടു രാവണന് തലയുയർത്തി നടക്കാമായിരുന്നു.

എൻജിനീയറിങ്ങിലെ കാന്റിലിവർ സപ്പോർട്ടിങ്ങിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഒരറ്റം സപ്പോർട്ടില്ലാതെ നിൽക്കുന്ന രാവണന്റെ പത്തു തലകൾ. കാന്റിലിവറിനെക്കുറിച്ചു പറയാൻ കാരണമുണ്ട്. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പോസ്റ്റുചെയ്യപ്പെടുന്ന അനേകം ത്രീഡി വ്യൂകളിൽ ഈ കാന്റിലിവർ ഒരു കയ്യും കണക്കുമില്ലാതെ ഉപയോഗിച്ച് കാണാറുണ്ട്, ചുമ്മാ ഒരു ഭംഗിക്ക് വേണ്ടി. കാഴ്ചക്കാർ കയ്യടിക്കുകയും ലൈക്കുകൾ കൂമ്പാരമാവുകയും ചെയ്യും എന്നത് ശരിതന്നെ.

പക്ഷേ ഇതിനേക്കാളൊക്കെ മുകളിലാണ് കെട്ടിടത്തിന്റെ സ്റ്റെബിലിറ്റി എന്ന ഘടകം. വേറൊരുദാഹരണം പറയാം. ഏതാണ്ട് ഒന്നൊന്നര വർഷംമുൻപ് വിദേശരാജ്യത്തുള്ള ഒരു സുഹൃത്തിനു വേണ്ടി ഞാനൊരു വീട് രൂപകൽപന ചെയ്തു. ത്രീഡി അവരുടെ പരിചയത്തിലുള്ള ആരോ ചെയ്യാമെന്നും പറഞ്ഞു. ഞാൻ കിട്ടിയ കാശും വാങ്ങി പുട്ടടിച്ചു കിടന്നുറങ്ങി.

ഏതാനും മാസം കഴിഞ്ഞപ്പോൾ ദേ, ഒരു കോൾ.

‘‘ചേട്ടാ, വീടിന്റെ പോർച്ചിനു മുകളിൽനിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ സ്ഥലം ഇല്ലെന്നാണ് കോൺട്രാക്ടർ ത്രീഡി നോക്കി പറയുന്നത്’’

‘‘ആരവിടെ, ത്രീഡിയെ ഹാജരാക്കൂ.’’

ത്രീഡി ഹാജർ. കോൺട്രാക്ടർ പറഞ്ഞതു ശരിയാണ്. ത്രീഡി ചെയ്തവൻ ഒരു പഞ്ച് കിട്ടാൻ വേണ്ടി ബാൽക്കണിയെ അൽപം കാന്റിലിവറാക്കി പ്രൊജക്റ്റ് ചെയ്തു വച്ചിരിക്കുന്നു. അതിലൂടെയാണ് വെള്ളം ഒഴുകി പോകേണ്ടിയിരുന്നത്. കോൺട്രാക്ടർക്കു തലയ്ക്കു വെളിവുണ്ടായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു.

രാവണനിലേക്കു തിരിച്ചു വരാം. രാവണൻ നമ്മുടെ ലാലേട്ടനെപ്പോലെ അൽപം ചെരിഞ്ഞു നടന്നിരിക്കാനാണ് സാധ്യത എന്ന് പറഞ്ഞല്ലോ. ഈ വിഷയത്തിൽ രാവണനെ സഹായിച്ചിരിക്കുക ലങ്കയിലെ ഡോക്ടർമാരല്ല. എൻജിനീയർമാർ ആയിരിക്കാനാണ് സാധ്യത. എങ്ങനെയെന്നു പറയാം. രാവണന്റെ മെയിൻ തലയുടെ ഒരുവശത്ത് നാലും മറുവശത്ത് അഞ്ചും തല ആണുള്ളതെന്നു പറഞ്ഞല്ലോ, കൂടുതൽ എണ്ണം തലകൾ ഉള്ള വശത്തേക്ക് രാവണേട്ടൻ ചെരിഞ്ഞുനടക്കുമെന്നും കണ്ടു.

ഇവിടെ ഈ ചെരിവ് ഒഴിവാക്കാൻ ഒറ്റ വഴിയേ ഉള്ളൂ. നാല് തലകൾ ഉള്ള വശത്തെ കിരീടങ്ങൾക്കു ഭാരം വർധിപ്പിക്കുക. അപ്പോൾ രണ്ടുവശവും ബാലൻസാവും. കാന്റിലിവർ രൂപകൽപനയിലെ അടിസ്ഥാന സിദ്ധാന്തം എന്നത് മേൽപറഞ്ഞ കാര്യമാണ്.

ഇനി ഞാനാ സത്യം പറയാം.

എൻജിനീയറിങ്ങിലെ വിവിധങ്ങളായ സപ്പോർട്ടുകളിൽ ഏറ്റവും റിസ്കുള്ളതാണ് ഈ കാന്റിലിവർ പരിപാടി, ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, കെട്ടിടം പൊളിഞ്ഞു വീഴാം, ആളുകൾക്ക് ജീവഹാനിയോ പരുക്കോ സംഭവിക്കാം. അതുകൊണ്ടു ത്രീഡി വരയ്ക്കാൻ മാത്രം അറിയുന്നവർ ആ ജോലി മാത്രം ചെയ്യട്ടെ, സ്ട്രക്ചറലായ കാര്യങ്ങളിൽ അവർ അതറിയാവുന്നവരുടെ ഉപദേശം തേടണം എന്നാണു എന്റെ ഒരിത്. ഒരറ്റം മാത്രം സപ്പോർട്ട് ചെയ്യപ്പെട്ടു മറ്റേ അറ്റം ഫ്രീയായി രാവണന്റെ തലപോലെ നിൽക്കുന്ന ഒന്നാണ് കാന്റിലിവർ എന്ന് നാം മനസ്സിലാക്കിയല്ലോ. ഇങ്ങനെ ഒരറ്റം സപ്പോർട്ട് ചെയ്യാതെ നിൽക്കുന്ന ബീമുകളെ കാന്റിലിവർ ബീം എന്നും സ്ളാബുകളെ കാന്റിലിവർ സ്ളാബ് എന്നും വിളിക്കുന്നു.

കമ്പി കെട്ടുന്ന കാര്യത്തിലും ഈ കാന്റിലിവർ ഒരു തല തിരിഞ്ഞ പാർട്ടിയാണ്. സാധാരണ ബീമുകളുടെയും സ്ളാബുകളുടെയും ഒക്കെ പ്രധാന കമ്പികൾ താഴത്തെ ഭാഗത്തു നിൽക്കുമ്പോൾ കാന്റിലിവറിൽ ഈ കമ്പി സ്ളാബിന്റെ മുകളിലാണ് വേണ്ടത്. അങ്ങനെ ചെയ്യാത്തപക്ഷം ആ സാധനം ഒടിഞ്ഞു താഴെ വീഴാം, കാലക്രമേണ തൂങ്ങി ബലക്ഷയം വരാം. നമ്മുടെ സൺഷെയ്ഡ് ഒക്കെ ഈ കാന്റിലിവർ സ്ളാബിന്റെ ഗണത്തിൽ വരുന്നതിനാൽ കമ്പി മുകളിലാണ് വേണ്ടത്.

തീർന്നില്ല. പണിസ്ഥലത്തു നടക്കുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും ഏറ്റവും അധികം റോളുള്ളതും ഇതേ രാവണനാണ്– കാന്റിലിവർ. പലപ്പോഴും പണി നടക്കുന്നതിനിടെ പല കാന്റിലിവറുകളുടെയും സെന്ററിങ് അഴിച്ചു മാറ്റുമ്പോൾ അതിന്റെ മറുവശത്ത് ഈ കാന്റിലിവറിനെ ബാലൻസ് ചെയ്യാനുള്ള ഭാരം ഉണ്ടായിരിക്കില്ല, ആ ഭാഗം നിർമാണം പൂർത്തീകരിച്ചു കാണില്ല. അത്തരം സാഹചര്യങ്ങളിൽ ഒരു സംശയവും വേണ്ട, ആ കാന്റിലിവർ അത് പൊളിച്ചെടുക്കുന്നവന്റെ നെഞ്ചത്തുതന്നെ വീഴും.

തമാശക്കളിയല്ല. കേവലം ഒരു മീറ്റർ പ്രൊജക്ഷനും അത്രതന്നെ ബാക്കിലൊട്ടും ഉള്ള ഒൻപതിഞ്ചു വീതിയും കനവും ഉള്ള ഒരു കൊച്ചുബീം. ഏതാണ്ട് മുന്നൂറു കിലോയോളം ഭാരം വരും എന്നോർക്കണം. ഇത്രയും ഭാരം ഏതാണ്ടൊരു രണ്ടു മീറ്റർ ഉയരത്തുനിന്നു ദേഹത്തു വീണാൽ ആള് കാഞ്ഞുപോകും, രാവണന്റെ അനിയൻ കുംഭകർണ്ണൻ ആണെങ്കിൽ പോലും കെട്ടിടം പൊളിഞ്ഞു വീണു എന്ന ദുഷ്‌പേര് വേറെയും.

അതിനാൽ കാന്റിലിവറിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സാധാരണക്കാരുടെ കാര്യത്തിലായാലും എൻജിനീയർമാരുടെ കാര്യത്തിലായാലും പുരാണത്തിലെ രാക്ഷസന്മാരുടെ കാര്യത്തിൽ ആണെങ്കിൽ പോലും...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Importance of Cantilever Balance in Strucutral Stability; Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com