തോൽക്കാൻ മനസ്സില്ല; സ്വന്തം 'സ്വപ്ന'വീടിനായി കാത്തിരുന്നത് 25 വർഷം! അനുഭവം

abu-house-experience
SHARE

മാതാവും പിതാവും അവരുടെ എട്ട് മക്കളും അടക്കം പത്ത് അംഗങ്ങളുള്ളതാണ്‌ അയാളുടെ കുടുംബം. അവരെല്ലാവരും സന്തോഷത്തോടെ ഒന്നിച്ചു താമസിച്ചിരുന്നത് 'അധികം വലുതും എന്നാൽ അത്രക്ക് ചെറുതുമല്ലാത്ത' ഓടിട്ട ഒറ്റനില വീട്ടിലാണ്. എട്ടു മക്കളിൽ ഏറ്റവും ഇളയ മകൻ 1993ൽ (അന്ന് 22 വയസ്സ്) വിദേശത്തേക്ക് പോയി. അവിടെയുള്ള ഒരു ഗാർമെൻറ്സിൽ ഡിസൈനറായിട്ടായിരുന്നു ജോലി. (1994ൽ അയാളുടെ ഇളയ സഹോദരിക്ക് ഒരു അപകടം പറ്റുകയും, വളരെ ക്രിട്ടിക്കലാകുകയും ചെയ്തു. അതുമൂലം ആ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതകൾ വന്നതിനാൽ വസ്തുവിൽനിന്ന് ചില ഭാഗങ്ങളും അയാളുടെ സഹോദരൻമാർ നടത്തിയിരുന്ന കച്ചവടസ്ഥാപനവുമെല്ലാം കിട്ടിയ വിലയ്ക്ക് പലർക്കും വിൽക്കേണ്ടി വന്നു)

രണ്ടു വർഷത്തിനുശേഷം 1995ൽ അയാൾ ആദ്യമായി ലീവിന് നാട്ടിൽ പോയപ്പോഴാണ് താമസിക്കുന്ന കുടുംബവീട് അല്പം വികസിപ്പിക്കേണ്ടുന്ന ആവശ്യകത അയാളുടെ മനസ്സിൽ ഉദിച്ചത്. പക്ഷേ, 'നിലവിലുള്ള കുടുംബവീടിന്മേൽ പണം ചെലവിടുന്നത് പലതുകൊണ്ടും അഭികാമ്യമല്ല എന്നും, വേണേൽ വീടിനോട് ചേർന്ന് (Out house പോലെ) ഒന്നോ രണ്ടോ കിടപ്പുമുറികൾ പണിയുന്നതാകും നല്ലത്' എന്നുമുള്ള പിതാവിന്റെ ഉപദേശപ്രകാരം വീടിന്റെ മുൻവശത്തായി (കാഴ്ചയിൽ കുഞ്ഞുവീടുപോലെ തോന്നിക്കുന്ന..) അറ്റാച്ഡ്  ബാത്ത്റൂമോടുകൂടിയ രണ്ടു കിടപ്പുമുറിയും, കുഞ്ഞു സിറ്റ്ഔട്ടും പണികഴിപ്പിച്ചു. ഈ പണി പൂർത്തീകരിക്കുന്നതിന് മുൻപുതന്നെ അയാളുടെ അനുവദിച്ച ലീവ് തീരുകയും (ഒപ്പം കയ്യിലുള്ള പണവും) പണി പാതിവഴിക്കു നിർത്തിവച്ചു അയാൾ തിരികെ വിദേശത്തേക്കു പോവുകയുംചെയ്തു.

രണ്ടു വർഷത്തിനുശേഷം, (1997ൽ) വീണ്ടും അയാൾ ലീവിന്‌ നാട്ടിൽ എത്തിയപ്പോൾ ഈ കുഞ്ഞു ഔട്ട്ഹൗസിന്റെ ബാക്കി പണികൾ തീർക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അങ്ങിനെ പണികൾ ഒരുവിധം പൂർത്തീകരിച്ചു. (ആ സമയത്തുതന്നെ അയാളുടെ വിവാഹവും നടന്നു. കുടുംബത്തെ പിരിഞ്ഞുള്ള പ്രവാസജീവിതത്തിൽ മാനസികമായി ഒട്ടും തൃപ്തിപ്പെടാത്ത അയാൾ വിവാഹശേഷം വിദേശത്തേക്ക് തിരികെ പോയില്ല...)

പിന്നീടങ്ങോട്ട് ഈ കുഞ്ഞുവീട് കുടുംബവീടിന്റെ ഭാഗമായി മാറുകയും അവിടേയും അവർ താമസിക്കാനും തുടങ്ങി. (ഇതിനിടെ നേരത്തെ മറ്റൊരാൾക്ക് വില്പന നടത്തിയിരുന്ന ഔട്ട് ഹൗസിനോട് ചേർന്ന കുറച്ചുവസ്തു പല തവണകളായി പണം അയാൾ നൽകി തിരികെ വാങ്ങുകയും ചെയ്തിരുന്നു)

പിന്നീട് കുറച്ചു വർഷങ്ങൾക്കുശേഷം അയാളുടെ പിതാവ് മരണപ്പെടുകയും, അതിനുശേഷം വസ്തുവകകൾ മക്കൾക്കായി ഭാഗിക്കുകയും ചെയ്തു. വസ്തുവകകൾ പങ്കുവച്ചപ്പോൾ 'ഭാഗ്യമെന്നോണം' ഈ ഔട്ട് ഹൗസ് നിൽക്കുന്ന ഭാഗം അയാളുടെ അവകാശത്തിലേക്ക് വന്നുചേർന്നു. പിന്നീട് ആ രണ്ടുമുറി ഔട്ട് ഹൗസ് അയാളുടെ സ്വന്തം വീടായി മാറുകയാണുണ്ടായത്. അപ്പോഴേക്കും അയാൾക്ക്  രണ്ടു കുട്ടികൾ ജനിച്ചിരുന്നു. 1999ൽ ഒരു മകളും. 2003ൽ ഒരു മകനും. (കുടുംബവീട് അവരിൽ ഒരു സഹോദരിയുടെ ഭാഗമാകുകയും അവരത് പൊളിച്ചുകളഞ്ഞു അവിടെ പുതിയ വീട് പണിയുകയും ചെയ്തു) 

old-houses
പഴയ വീട്

2005 ൽ അയാൾ വീണ്ടും ഒരു വിദേശയാത്ര നടത്തി. ആ യാത്രയിൽ ഒരു കമ്പനിയിൽ അയാൾക്ക് ചെറിയൊരു ജോലിയും ലഭിച്ചു. 2007ൽ അയാൾ വെക്കേഷന് നാട്ടിൽവന്ന സമയത്ത് ഭാര്യയുടെ കേടുവന്നു ഉപയോഗിക്കാതിരുന്ന മൂന്നര പവന്റെ മെഹർ മാല (താലി മാല) തട്ടാന്റെ അടുക്കൽ കൊടുത്ത് ശരിയാക്കാൻ കയ്യിൽ എടുത്തപ്പോഴാണ് ഭാര്യ പറഞ്ഞത്: 'മാല ശരിയാക്കി കഴുത്തിലിട്ട് നടന്നിട്ട് എന്താണ് കാര്യം..? അത് വിറ്റു കിട്ടുന്ന പണംകൊണ്ട് നമുക്ക് ഈ കുഞ്ഞുവീട് ഒന്ന് ശരിയാക്കി എടുത്തുകൂടെ' എന്ന്. (ആ വിലപ്പെട്ട ഉപദേശം അവരുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി)

അങ്ങനെ ഭാര്യയുടെ താലിമാല വിൽക്കുകയും, ആ പൈസകൊണ്ട് ഔട്ട്ഹൗസിനെ രണ്ടു കിടപ്പുമുറികളോടുകൂടിയ വൃത്തിയുള്ള ഒരു കുഞ്ഞുവീടാക്കി മാറ്റാനുള്ള പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു. ഈ പണി പൂർത്തീകരിക്കുന്നത് 2010ലാണ്. (ആദ്യത്തെ രണ്ടു കിടപ്പുമുറികളിൽ ഒന്നിനെ അടുക്കളയും, മറ്റേതിനെ ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് ഏരിയ ആക്കി മാറ്റുകയും ചെയ്തു)

2018 മകൾ നല്ല മാർക്കോടെ BCA പാസ്സാകുകയും തുടർന്ന് ഏവിയേഷൻ കോഴ്‌സിന് ചേരുകയും ചെയ്തു. എവിയേഷൻ കോഴ്സ് പൂർത്തിയാക്കി, മകൾക്ക് വിവാഹാലോചനകൾ തുടങ്ങിയപ്പോഴാണ് താമസിക്കുന്ന കുഞ്ഞുവീട് വീണ്ടുമൊന്നു റെനോവേഷൻ  ചെയ്യേണ്ടതായി വന്നത്. 2018ൽ അതിനുള്ള പ്ലാൻ തയ്യാറാക്കി പണികൾ തുടങ്ങി. 2020ൽ (പഴയ വീടിനോട് അറ്റാച്ചു ചെയ്തുകൊണ്ടുതന്നെ) താഴെ വിശാലമായ ലിവിങ് ഹാൾ, സിറ്റ് ഔട്ട്, പോർച്ച്, മുകളിൽ അറ്റാച്ചഡ് ബാത്ത്റൂമോട് കൂടിയ രണ്ട് ബെഡ് റൂം, ബാൽക്കണി, പണിതു. അങ്ങനെ 4 കിടപ്പുമുറികളുള്ള അത്യാവശ്യം സൗകര്യമുള്ള മനോഹരമായ ഒരു വീട് അയാൾക്കും കുടുംബത്തിനും യാഥാർഥ്യമായി!

***

ഇദ്ദേഹം വീടുവച്ച വഴികൾ അല്പം കഠിനവും ദുർഘടവുമാണ് എന്ന് തോന്നാമെങ്കിലും, സാഹചര്യം തിരിച്ചറിഞ്ഞു, സാഹചര്യങ്ങളോട് തൃപ്തിപ്പെട്ടു, നന്നായി ആസ്വദിച്ചുകൊണ്ടുതന്നെയാണ് പല ഘട്ടങ്ങളായി ഇത്രയും കാര്യങ്ങൾ അയാൾ ചെയ്തു തീർത്തത്. (എല്ലാത്തിനും അയാളുടെ സഹധർമിണി അയാളോടൊപ്പം പൂർണ്ണമനസ്സോടെ കൂട്ടുണ്ടായിരുന്നു എന്നതാണ് ഈ ദൗത്യത്തിന്റെ വിജയരഹസ്യം)

1995ൽ തുടങ്ങി, 2020ൽ അവസാനിച്ച ഒരു ജൈത്രയാത്ര. ചിലർക്ക് തോന്നിയേക്കാം ജീവിതത്തിന്റെ നല്ലൊരു ഭാഗം വീട് വയ്ക്കാൻ  മെനക്കെട്ട അയാൾക്ക് വട്ടാണെന്ന്. സത്യത്തിൽ അയാളെ അങ്ങനെ ചെയ്യാൻ നിർബന്ധിതനാക്കിയത് അയാൾ കടന്നുപോയ ജീവിതസാഹചര്യവും 'വീട്' എന്ന സ്വപ്നത്തോടും ആവശ്യത്തോടുമുള്ള സമർപ്പണവുമാണ്. അൽപം നീണ്ട കുറിപ്പാണ്. വായിച്ചു ബോറടിച്ചെങ്കിൽ ക്ഷമിക്കുക. ഈ വ്യക്തി, ഈ ഞാൻ തന്നെയാണ്!..

***

'സ്വന്തമായൊരു കൊച്ചു വീട്' എന്ന സ്വപ്നം കാണുന്നവരോട് പറയാനുള്ളത്: എന്റെ ഈ അനുഭവക്കുറിപ്പ് നിങ്ങൾക്കുള്ളതാണ്. നിങ്ങൾ നിരാശപ്പെടരുത്. ക്ഷമയോടെ, യാതൊരു മടുപ്പുമില്ലാതെ, ഉള്ളതുകൊണ്ട് ഉള്ളതുപോലെ ശ്രമിച്ചുകൊണ്ടേയിരിക്കുക. അല്പം വൈകിയാലും നിങ്ങളുടെ സ്വപ്നം ഒരുനാൾ യാഥാർഥ്യമാകുകതന്നെ ചെയ്യും!

English Summary- From Small House to Own House- A Malayali House Experience

 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}