ADVERTISEMENT

വീടുപണിയിൽ ഏറ്റവും പ്രധാനമാണ് കോൺട്രാക്ട് തയാറാക്കുക എന്നത്. വലിയ കമ്പനികളിലൊക്കെ ഈ കോൺട്രാക്ടുകൾ മാത്രം തയാറാക്കാനും നിരീക്ഷിക്കാനും ആയി കോൺട്രാക്ട് മാനേജുമെന്റ് ഡിപ്പാർട്ടുമെന്റുകൾ ഉണ്ടാവാറുണ്ട്. അത്രമാത്രം സങ്കീർണ്ണമാണ് ഈ മേഖല. എൻജിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഒക്കെയായി പല യൂണിവേഴ്സിറ്റികളും മറ്റു സ്ഥാപനങ്ങളും ഈ വിഷയത്തിൽ ഉപരിപഠനവും സജ്ജീകരിച്ചിട്ടുണ്ട്.

കൊച്ചി പഴയ കൊച്ചിയല്ലെന്നർഥം. എന്നാൽ നമ്മുടെ നിർമ്മാണ കരാറുകൾ ഇന്നും പ്രാകൃതാവസ്ഥയിലാണുള്ളത്. കുട്ടികളുടെ നോട്ടുബുക്കിൽ എഴുതിയ കരാറുകൾ വരെ ഞാൻ കണ്ടിട്ടുണ്ട്. രണ്ടായിരം രൂപ വിലയുള്ള എമർജൻസി ലൈറ്റിന് വരെ വിൽപനാനന്തര സേവനം ലഭ്യമാണ്. 50 ലക്ഷം രൂപ ചെലവഴിച്ച വീടിനു നിർമ്മാണാനന്തരം കരാർ മൂലം ഒന്നോ രണ്ടോ കൊല്ലം ഉത്തരവാദിത്വം വഹിക്കുന്ന എത്ര കരാറുകാർ നമുക്കുണ്ട് ..? ഇങ്ങനെയൊരു കാര്യം ഉടമയ്ക്ക് വേണ്ടി നിർമ്മാതാവിനോട് ആവശ്യപ്പെടുന്ന എത്ര എൻജിനീയർമാർ നമുക്കുണ്ട്?

ഇങ്ങനെയൊന്നും ആയാൽ പോരാ. നമ്മുടെ നിർമ്മാണരംഗം ഇന്ന് പതിറ്റാണ്ടുകൾ പുറകിലാണ്. ഡ്രോയിങ്ങും സ്പെസിഫിക്കേഷനും മാത്രമല്ല കരാറുകളിൽ പരാമർശിക്കേണ്ടത്. കെട്ടിടം പണിക്കിടെ ഒരു തൊഴിലാളി താഴെ വീണോ, ശരീരത്തിൽ എന്തെങ്കിലും വീണോ മരണപ്പെട്ടാൽ കൊടുക്കേണ്ടിവരുന്ന നഷ്ടപരിഹാരം മാത്രംമതി ഒരു ഉടമ കുത്തുപാളയെടുക്കാൻ. അടുക്കിവെച്ച ഗ്രാനൈറ്റ് സ്ലാബുകളിലെ ഒരെണ്ണം വീണാൽ മതി ഒരു മനുഷ്യന്റെ കാര്യം തീരുമാനമാകാൻ.

ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്നു തലയിലേക്ക് വീണ ഒരു മുക്കാലിഞ്ചു മെറ്റലാണ് ഒരാളുടെ തലച്ചോറിൽ തുളച്ചുകയറി മരണകാരണമാക്കിയത്. അതിന്റെ എക്സ്റേയുടെ ഫോട്ടോ എന്റെ ഒരധ്യാപകനിൽനിന്നും ഞെട്ടലോടെയാണ് ഞാൻ കണ്ടത്. സ്ളാബിനു വേണ്ടി കൊണ്ടുവന്നിട്ട ടൺ കണക്കിന് കമ്പി രായ്ക്കുരാമാനം മോഷ്ടിച്ചുകൊണ്ടുപോയിട്ടുണ്ട് നമ്മുടെ നാട്ടിൽ. കോൺട്രാക്ടറോടുള്ള വിരോധം തീർക്കാൻ മെയിൻ സ്ളാബിനു വേണ്ടി സംഭരിച്ച സിമെന്റ് ചാക്കുകളിൽ രാത്രി വെള്ളം ഒഴിക്കാൻ ശ്രമിച്ച കഥയും കേട്ടിട്ടുണ്ട്.

house-building
Representative shutterstock image © AjayTvm

നമ്മുടെ സൈറ്റിൽ ഇങ്ങനെ എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ ആര് സമാധാനം പറയും?...

അതാണ് പറഞ്ഞത്. ഇതിനൊക്കെ ഒരു വ്യവസ്ഥ വേണം. ചായയും കുടിച്ചിരുന്ന് ഇതൊക്കെ ചർച്ചചെയ്താൽ മാത്രം പോരാ. ശങ്കരാടി ചേട്ടൻ പറഞ്ഞപോലെ 'കയ്യിൽ രേഖ വേണം...രേഖ'.

നിർമ്മാണസംബന്ധമായ വ്യവസ്ഥകളെല്ലാം തന്നെ ഉടമയും, കരാറുകാരനും, എൻജിനീയറും ഒരുമിച്ചിരുന്നു ചർച്ച ചെയ്തു ഈ വ്യവസ്ഥകളെ ഒരു അഭിഭാഷകന്റെ സഹായത്തോടെ കോൺട്രാക്ട് രൂപത്തിൽ ആക്കണം, ഒപ്പിടണം, സൂക്ഷിക്കണം. കരാർ വ്യവസ്ഥകൾ ഒക്കെ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഇടക്കിടെ എടുത്തു മറിച്ചു നോക്കണം.

കരാർ വ്യവസ്ഥകളിലെ പ്രധാനമായ ഒരു കാര്യമാണ് സമയം. ഞങ്ങളീ ശരാശരി പ്രവാസികൾ വീട് പണിയുന്നതും, പെണ്ണ് കെട്ടുന്നതുമൊക്കെ ഒരുപാട് മാനേജർമാരുടെ സമ്മതവും, സമയവുമൊക്കെ നോക്കിയാണ്. നാട്ടിൽ വരുമ്പോൾ സ്പ്രേ മണക്കുന്നു എന്ന് മാത്രമേ ഉള്ളൂ. ബാക്കി കാര്യമൊക്കെ കഷ്ടമാണ്. അതിനാൽ വീട് നിർമ്മിക്കാനെടുക്കുന്ന സമയം എന്ന് പറയുന്നത് മറ്റാരേക്കാളും പ്രവാസികൾക്ക് മുഖ്യമാണ്. ഈ അവധിക്കു വീട് താമസിക്കാമെന്നു കരുതുന്ന പ്രവാസിക്ക്, പണികൾ പത്തുദിവസം നീണ്ടുപോയാൽ പിന്നീടത് സാധിക്കുന്നത് അടുത്ത വർഷമാണ്. ഇതിനിടക്ക് പ്രായം ഒന്ന് കൂടും. അതുകൊണ്ടുതന്നെ പ്രവാസികൾ മറ്റേത് വ്യവസ്ഥപോലെയും സഗൗരവവം കാണേണ്ട ഒന്നാണ് സമയം.

പണം നൽകിയിട്ടും നിശ്ചിത സമയത്തിനുള്ളിൽ തീർക്കാത്ത ജോലിക്ക്, കോൺട്രാക്ടർ ഉടമക്ക് നഷ്ടപരിഹാരം നൽകണം . കോൺട്രാക്ട് മാനേജുമെന്റിൽ 'പെനാൽറ്റി' എന്ന് പറയും. പേയ്മെന്റ് വ്യവസ്ഥകൾ ക്രമീകരിക്കുമ്പോൾ ഏതാണ്ട് ഒരു അഞ്ചു ശതമാനം തുക, പണികളെല്ലാം സമയത്തു തീർത്ത്, എൻജിനീയറുടെ അംഗീകാരം കിട്ടിയ ശേഷമേ നൽകൂ എന്ന് വ്യവസ്ഥ വയ്ക്കണം.

ഈ എൻജിനീയറുടെ അംഗീകാരം എന്ന് പറയുന്നതും 'വാക്കാലുള്ള' അംഗീകാരമാകരുത്. രേഖ വേണം. രേഖ. എന്നാലേ കാര്യങ്ങൾക്കൊക്കെ ഒരു ചൂടുണ്ടാവൂ...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Importance of Contracts in facing Contingency during House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com