'നോ' പറയേണ്ടിടത്ത് പറയണം: പ്രവാസികൾ വീടുപണിയിൽ നേരിടുന്ന ചില ചൂഷണങ്ങൾ

house-debt-mistakes
Shutterstock © AjayTvm
SHARE

നാട്ടിൽ കൂടെനിന്ന് വീടുപണിയിപ്പിക്കുന്നവർക്ക് പോലും പല അബദ്ധങ്ങളും പാളിച്ചകളും പറ്റാറുണ്ട്. വിചാരിച്ച സമയത്തോ ബജറ്റിലോ വീടുപണി പൂർത്തിയാക്കാൻ കഴിയാതെ പോകാറുണ്ട്. അപ്പോൾ  കടലിനക്കരെനിന്ന് നാട്ടിൽ വീടുപണിയുന്ന പ്രവാസികളുടെ കാര്യമൊന്ന് ആലോചിച്ചുനോക്കിക്കേ! കൃത്യമായ മേൽനോട്ടമില്ലെങ്കിൽ വീടുപണിയിൽ ഏറ്റവും ചൂഷണത്തിന് വിധേയരാകുന്നവരാണ് പ്രവാസികൾ. ഈ രംഗത്തു നമ്മൾ നേരിടുന്ന ചൂഷണങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങും മുൻപേ നാം അറിയേണ്ടത് നമ്മുടെ ബലഹീനതകളാണ്.

1- ഒരു ശരാശരി പ്രവാസി അയാളുടെ പ്രവാസം തുടങ്ങി വീട് വയ്ക്കാവുന്ന മിനിമം സാമ്പത്തികശേഷി നേടുന്ന കാലഘട്ടത്തിനിടയ്ക്ക്  അയാളുടെ നാടുമായുള്ള ബന്ധത്തിൽ ഗണ്യമായ കുറവ് വന്നിരിക്കും. സ്വന്തം നാട്ടിൽ നിർമ്മാണ രംഗത്തുള്ള പുതിയ വ്യക്തികളെയോ രീതികളെയോ കുറിച്ച് അയാൾ തീർത്തും അജ്ഞനായിരിക്കും.

2- നാട്ടിൽ അയാളുടെ സാമൂഹിക ബന്ധങ്ങൾ ഏതാനും ബന്ധുക്കളിലേക്കോ സുഹൃത്തുക്കളിലേക്കോ മാത്രമായി ചുരുങ്ങും. ഈ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ മറികടന്നു ഒരു തീരുമാനം എടുക്കാനുള്ള മാനസികമായ കരുത്ത് അയാൾക്ക് നഷ്ടപ്പെട്ടിരിക്കും . ഇത് പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഈ വ്യക്തികളുടെ റെക്കമെൻഡേഷന് വഴങ്ങി പല തീരുമാനങ്ങളും നമുക്ക് എടുക്കേണ്ടി വരുന്നു. പഴയ 'വരവേൽപ്പ്' സിനിമയിലെ മോഹൻലാലിനും സംഭവിച്ചത് ഇതുതന്നെ. പല സന്ദർഭങ്ങളിലും 'നോ' പറയാനുള്ള തന്റേടം നാം ആർജ്ജിച്ച പറ്റൂ.  

3- പ്രാദേശിക മാർക്കറ്റിനെക്കുറിച്ചുള്ള നമ്മുടെ അറിവില്ലായ്മ. ഉദാഹരണത്തിന് പത്തനംതിട്ടയിലെ പ്രവാസി സുഹൃത്തിനു വേണ്ടി ഞാൻ ഈയിടെ രൂപകൽപ്പന ചെയ്ത നാലുകെട്ട് വീടിന്റെ പണിക്കുവേണ്ടി ടാറ്റായുടെ സ്റ്റീൽ അന്വേഷിച്ചപ്പോൾ കോൺട്രാക്ടർ ഞങ്ങളോട് പറഞ്ഞത് കൊച്ചി മെട്രോയുടെ പണിക്കുശേഷം കേരളത്തിൽ ടാറ്റാ സ്റ്റീൽ കിട്ടാനില്ല എന്നാണ്. ഞാൻ നിഷ്കർഷിച്ച ടാറ്റയ്ക്ക് പകരം മറ്റൊരു കമ്പനി അയാൾ ശുപാർശ ചെയ്തത് ലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ്. ഞാൻ പിന്നീട് നടത്തിയ അന്വേഷണത്തിൽ ജില്ലയിൽ അതേ കമ്പനി ഉൽപന്നം വിൽക്കുന്ന കടകളുണ്ടെന്ന് തെളിഞ്ഞു.

4- നാട്ടിൽ നമുക്ക് ചെലവഴിക്കാൻ അധികം സമയമില്ലെന്ന സത്യം. തന്മൂലം പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ നാം നിർബ്ബന്ധിതരാവുന്നു.

5- തന്ത്രപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നമുക്ക് ഉള്ള കഴിവില്ലായ്മ. അഥവാ നമ്മുടെ നിഷ്കളങ്കത. ഉദാഹരണത്തിന് ഒരുദിവസം രാവിലെ ഒരു പ്ലാനുമായി അമ്മാവന്മാരെയും കൂട്ടി നാട്ടിലെ കോൺട്രാക്ടറെ കാണാൻ പോയാൽ അയാൾ പറയുന്ന റേറ്റും, പള്ളിപ്പെരുന്നാളിനോ ഉത്സവത്തിനോ കാണുമ്പോൾ തോളത്തു തട്ടി സുഖവിവരങ്ങൾക്കു ശേഷം പറയുന്ന റേറ്റും രണ്ടായിരിക്കും. ആവശ്യക്കാരനോട് പറയുന്ന റേറ്റിനെക്കാൾ കുറവായിരിക്കും ചുമ്മാ ലോഹ്യം പറയുന്നവനോട് എന്ന് സാരം .

6-  ഒരു കാരണവശാലും നമ്മൾ വീടുപണിക്ക് തയാറായി ഇരിക്കുകയാണെന്നും പത്തുനാല്പതു ലക്ഷം രൂപ നമ്മുടെ പെട്ടിയിൽ ഇരിപ്പുണ്ടെന്നും മറ്റുള്ളവർക്ക് മനസ്സിലാവരുത്. മാത്രമല്ല നാം വീടുപണി തുടങ്ങുന്നു എന്ന് നാട്ടിൽ അറിയുന്ന മാത്രയിൽ ഈ വിധ റെക്കമെൻഡേഷനുകൾ നമ്മെ തേടിവരും.  

അത്തരമൊരു റെക്കമെൻഡേഷന്റെ കഥ ചുരുക്കിപ്പറയാം .

വിനോദ് പ്രവാസിയൊന്നുമല്ല. നാട്ടിലെ ഒരു അർധസർക്കാർ ജീവനക്കാരനാണ്. വീടുപണി തുടങ്ങാനായി കോൺട്രാക്ടറെ കണ്ടുപിടിച്ചത് സ്വന്തം അമ്മാവനാണ്. എന്റെ രൂപകല്പനകളിൽ മിക്കവാറും ഞാൻ ആദ്യാവസാനം ഇടപെടാറുണ്ട്. അങ്ങനെയാണ് ആ വീടിനു വേണ്ട കോൺട്രാക്ട് ഞാൻ തയാറാക്കിയത്. എന്നുവച്ചാൽ സാങ്കേതിക കാര്യങ്ങൾ കർശ്ശനമായി കോൺട്രാക്ടിൽതന്നെ ഞാൻ നിഷ്കർഷിച്ചിരുന്നു.

പ്ലിന്ത് ഹൈറ്റിൽ ആണ് ആദ്യം ഉടക്കിയത്. കോൺട്രാക്ടിൽ പറഞ്ഞ രണ്ടടി ഉയരം വേണമെന്ന് ഞാനും ഒന്നരയടി മതിയെന്ന് കോൺട്രാക്ടറും. ഒടുവിൽ അയാൾ ഞങ്ങൾക്ക് വഴങ്ങി. ഉറപ്പുള്ള മണ്ണായതിനാൽ പ്ലിന്ത് ബെൽറ്റ് വേണ്ട എന്നായിരുന്നു അടുത്ത വാദം . അങ്ങനെ ചെയ്താൽ കോൺട്രാക്ടർക്കു നഷ്ടം സംഭവിക്കുമെന്നും ഒരാളുടെ ശാപം നമുക്ക് വേണ്ടെന്നും അമ്മാവനും ഗീതോപദേശം നടത്തി.

കോൺട്രാക്ടിൽ പറഞ്ഞ കാര്യം നടന്നേ പറ്റൂ എന്ന് ഞാനും ഉടമയും പിടിമുറുക്കിയപ്പോൾ പൂച്ച പുറത്തുചാടി. പതിനായിരം രൂപ (15 കൊല്ലം മുൻപാണ്) കോൺട്രാക്ടറിൽനിന്നും 'ദക്ഷിണ' സ്വീകരിച്ച ശേഷമാണ് അമ്മാവൻ മരുമകന്റെ പന്ത്രണ്ടു ലക്ഷം രൂപയുടെ വീടുപണി നടത്തിക്കൊടുക്കാൻ തോർത്തുമുണ്ടും തോളത്തിട്ടു ഇറങ്ങിത്തിരിച്ചത്. എന്തായാലും വീടുപണി ഞങ്ങൾ ഉദ്ദേശിച്ചപോലെത്തന്നെ നടന്നു . പാലുകാച്ചലിന് മരുമകനെ അനുഗ്രഹിക്കാൻ അമ്മാവൻ ഉണ്ടായിരുന്നില്ല. മാതുലശാപം കാരണമാണോ എന്നറിയില്ല, വിനോദിപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു. അടുത്തിടെ അയാൾ ആ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ ആയെന്നാണ് കഴിഞ്ഞ വെക്കേഷന് കണ്ടപ്പോൾ അയാളുടെ അനിയൻ പറഞ്ഞത് ..എല്ലാ ബന്ധുക്കളും ഉടായിപ്പാണെന്നല്ല പറഞ്ഞത്..എന്നാൽ അപകടം അമ്മാവന്റെ രൂപത്തിലും വരാം ..ജാഗ്രതൈ ..

മികച്ച വീടുകളുടെ വിഡിയോ കാണാം...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Mistakes Pravasi Make in House Construction in Kerala; Experience 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA