ADVERTISEMENT

എപ്പോഴാണ് ഒരു വീട് പുതുക്കിപ്പണിയണമെന്ന് തോന്നിത്തുടങ്ങുക? നിലവിലുള്ള വീടിന്റെ മേൽക്കൂരയിൽനിന്ന് സ്ഥിരമായി ലീക്കേജ് കാണുക. കോൺക്രീറ്റ് റൂഫാണെങ്കിൽ പൊളിഞ്ഞിളകൾ, ഈർപ്പം പടരുക, മേൽക്കൂരയിൽ ഓടോ, ഷീറ്റോ ആണെങ്കിൽ കാലപ്പഴക്കം മൂലം മേൽക്കൂട് വളയുക തുടങ്ങിവയമൂലമോ, റൂഫിങ് മാറ്റിയാലും ഫലമില്ലാതിരിക്കുക മുതലായ കാരണങ്ങളെല്ലാം മൂലം ഒരു വീട് താമസയോഗ്യമല്ലാതായാലാണ് ബജറ്റനുസരിച്ച് നാം പുതുക്കിപ്പണിയലിനെക്കുറിച്ച് ആലോചിക്കുക. നിലവിലുള്ള കിടപ്പുമുറികളും, ടോയ്‍ലറ്റുമടക്കമുള്ളവയുടെ സൗകര്യക്കുറവും എണ്ണക്കുറവും ഇത്തരം ചിന്തകൾക്ക് അടിവരയിടുന്നു.

ജീവിതത്തിലെ നല്ലൊരുഭാഗം ചെലവിട്ട പഴയ വീടുകൾ നൊസ്റ്റാൾജിയ പോലെ മനസ്സിൽ കൊണ്ടു നടക്കുന്ന മലയാളികൾക്ക്, പൊളിച്ചു പണിയണമോയെന്നത് അൽപം കൺഫ്യൂഷനുണ്ടാക്കാറുള്ള കാര്യമാണ്. കാലത്തിനനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ വീട്ടിലൊരുക്കുക. എന്നതുതന്നെയാണ് പുതുക്കിപ്പണിയലിന്റെ അടിസ്ഥാനം.

 

ബജറ്റ്

പഴയവീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചാൽ എത്ര തുക ചെലവഴിക്കാമെന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്നു. പല വീടുകളും പുതുക്കിപ്പണിത് കഴിയുമ്പോൾ ഇതിലും ഭേദം പുതിയതൊന്ന് പണിയുകയായിരുന്നു എന്ന് പലരും പറയാറുണ്ട്. പുതിയ വീട് പണിയുമ്പോൾ നിർമാണച്ചെലവ് കണക്കാക്കാൻ ബുദ്ധിമുട്ടില്ല എന്നിരിക്കെ, പഴയവീട് പുതുക്കിപ്പണിയുമ്പോൾ ചെലവ് കണക്കാക്കാൻ എൻജിനീയറിങ് വൈദഗ്ധ്യത്തിനൊപ്പം പരിചയവും നന്നായി വേണം. അതിനായി നിലവിലുള്ള വീടിന്റെ പ്ലാൻ ആദ്യം തയാറാക്കണം. പിന്നീട് വേണം രൂപകൽപനയിൽ കൂട്ടിച്ചേർക്കലും, പൊളിക്കലും എവിടെയൊക്കെ വേണമെന്ന് തീരുമാനിക്കുവാൻ. കോൺക്രീറ്റ് സ്ലാബുകൾ തമ്മിൽ കൂട്ടി ചേർക്കണമെങ്കിലും ഓടോ ഷീറ്റോ തമ്മിലും കോൺക്രീറ്റും ചേർക്കുമ്പോഴും വരുന്ന ചെലവുകൾ വ്യത്യസ്തമായിരിക്കും. പഴയ ഭിത്തികൾ പൊളിച്ചു നീക്കി പുതിയവ നിർമിക്കണമെങ്കിൽ വരുന്ന നിർമാണച്ചെലവ്, ബലം കൂട്ടാനുള്ള മറ്റ് ചെലവുകൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി കാണുവാനുള്ള വൈഭവമാണ് വീട് പുതുക്കൽ ജോലികളുടെ അധികച്ചെലവുകൾ നിയന്ത്രിക്കുന്നതിൽ നിർണായകമാവുക.

പഴയ വീടിന്റെ പ്രയോജനപ്പെടുത്താവുന്ന സാമഗ്രികൾ എന്തൊക്കെയാണെന്ന് പരിശോധിക്കണം. ആവശ്യത്തിന് നീളവും, വീതിയുമുള്ള വാതിലുകളും ജനാലകളും ഉപയോഗിക്കാനാവുമെങ്കിൽ ചെലവ് കുറയ്ക്കാനാകും. കട്ടയും, കല്ലുമടക്കം തീർച്ചയായും പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റിനു ശേഷം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഉപയോഗശൂന്യമായ വസ്തുക്കൾ തിരഞ്ഞെടുക്കുവാൻ ഇല്ലെങ്കിൽ മാത്രം വീട് പൊളിച്ച് വാങ്ങുന്നവർക്ക് മൊത്തം തുക പറഞ്ഞുറപ്പിച്ച് വിൽക്കാവുന്നതാണ്.

വീട് പൊളിച്ചു പണിയുമ്പോൾ കാശ് ചോരാതിരിക്കാൻ മികച്ച ആസൂത്രണം തന്നെ വേണം. കൃത്യമായ പ്ലാനിങ്ങോടെ തന്നെ വേണം പഴയ വീട് പൊളിക്കുവാനും കൂട്ടിച്ചേർക്കുവാനും. വീട് പുതുക്കി നിർമിക്കുമ്പോൾ വെറുതെ എന്തിനാണ് പൊളിച്ചു കളയുന്നതെന്നു കരുതി പ്രയോജനമില്ലാത്ത ഒരു ഭാഗവും നിലനിർത്തരുത്. ഇങ്ങനെ നിലനിർത്തിയാൽ ചെലവും, വീടിന്റെ സൗകര്യവും ഭംഗിയും കുറയും.

 

പരിശോധനകൾ

പഴയവീടിന്റെ ഫൗണ്ടേഷൻ നിലനിർത്തിയാണ് പണിയാനുദ്ദേശിക്കുന്നെതെങ്കിൽ വിശദമായ പരിശോധന നടത്തണം. വിരിച്ചിലോ, പൊട്ടലോ, പില്ലർ ഫൗണ്ടേഷൻ കൊടുത്തോ ബലപ്പെടുത്തി പണിയാൻ സാധിക്കുമോ എന്നെല്ലാം എസ്റ്റിമേറ്റ് എടുക്കുന്നതിനു മുൻപ് തീരുമാനിക്കണം.

പഴയ ഭിത്തിയിലെ വയറിങ്ങും, പ്ലമിങ് ജോലിയും തീർത്ത് റീപ്ലാസ്റ്ററിങ് ചെയ്യുന്ന രീതിയായിരിക്കും ഉചിതം. പഴയ കുമ്മായ തേപ്പ് ഭിത്തികൾ ഉണ്ടെങ്കിൽ അത് നീക്കം ചെയ്തു വേണം പുതുതായി സിമന്റ് പ്ലാസ്റ്ററിങ് ചെയ്യുവാൻ. ഫൗണ്ടേഷനും, ഭിത്തിയും നന്നായി ബലപ്പെടുത്തി വേണം കോൺക്രീറ്റ് റൂഫിങ്ങിന് തട്ടടി ആരംഭിക്കുവാൻ. പഴയ ഭിത്തിക്ക് മുകളിൽ ഒരു ബീം ബെൽറ്റ് നൽകിയാൽ കോൺക്രീറ്റ് റൂഫിന് കൂടുതൽ ബലവും ഈടും ലഭിക്കും. ഒപ്പം പഴയ സെപ്റ്റിക് ടാങ്കും, വെയ്സ്റ്റ് ടാങ്കും, വാട്ടർ ടാങ്കുമടക്കമുള്ളവ മാറ്റേണ്ടതുണ്ടോ, ഉപയോഗയോഗ്യമാണോ എന്നും രൂപകൽപന പൂർത്തീകരിക്കുന്നതിന് മുൻപ് മനസ്സിലാക്കേണ്ടതുണ്ട്.

പഴക്കമുള്ള തറവാട് വീടുകൾ പുതുക്കി നിർമിക്കുന്നതിനു മുൻപേ ആവശ്യമെങ്കിൽ പുനർവാസ്തു നിർണയവും നടത്താവുന്നതാണ്. അറയും നിരയും അടക്കമുള്ളവയുടെ സ്ഥാനവും പഴയകാലത്ത് വാസ്തുവിൽ അധിഷ്ഠിതമായി നിർമിച്ചിരിക്കുന്നതിനാൽ അത്തരം പരിശോധനകൾ മുൻകൂട്ടി ചെയ്താൽ പിന്നീടുണ്ടാകുന്ന അനാവശ്യ വേവലാതികൾ ഒഴിവാക്കാം.

English Summary- Renovation or New House- How to Decide? Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com