ADVERTISEMENT

കാര്യം എന്തൊക്കെ പറഞ്ഞാലും ഗൾഫിലെ ടോർച്ചിനു ഞങ്ങളുടെ നാട്ടിൻപുറത്ത് ഇപ്പോളും വലിയ ഡിമാന്റാണ്. അതുകൊണ്ടുതന്നെ ഞാൻ നാട്ടിലെത്തുമ്പോൾ കുടുംബത്തിലെ കാരണവന്മാർക്കൊക്കെ ഓരോ ടോർച്ച്  സമ്മാനിക്കാറുണ്ട്. അങ്ങനെയാണ് ഒന്നുരണ്ടു ടോർച്ചുകൾ വാങ്ങാൻ ഞാൻ അബുദാബിയിലെ ഒരു സൂപ്പർമാർക്കറ്റിൽ എത്തുന്നത്. ടോർച്ചിന്റെ സെക്‌ഷനിൽ നിൽക്കുന്നതും ഒരു മലയാളിയാണ്.

"ചേട്ടാ ഈ ടോർച്ചിനു 99 കൊല്ലം ഗ്യാരന്റിയുണ്ട്, മാത്രമല്ല രണ്ടര കിലോമീറ്റർ നീളുന്ന പ്രകാശധാരയാണ് ഞങ്ങളുടെ ടോർച്ചിന്റെ സവിശേഷത ."

"അനിയാ നിൽ.. എനിക്കിതു വേണ്ട, ഒന്നാമത് രാത്രി സമയത്തു എനിക്ക് രണ്ടര കിലോമീറ്ററിനപ്പുറത്തേക്കു കണ്ണ് കാണില്ല, അതുകൊണ്ടുതന്നെ പ്രകാശധാര അവിടെ എത്തിയിട്ട് എനിക്കൊരു കാര്യവുമില്ല. രണ്ട്,  ഈ പറയുന്ന 99 കൊല്ലം എന്റെ ചേട്ടന്മാരോ ഞാനോ, എന്റെ മക്കളോ, താങ്കളോ ജീവിച്ചിരിക്കില്ല. ഈ സ്ഥാപനമോ, ഇത് നിർമ്മിച്ച കമ്പനിയോ നിലനിന്നെന്നു വരില്ല.  അതുകൊണ്ടുതന്നെ ഈ പറയുന്ന ഗ്യാരന്റിക്ക് യാതൊരു ഗ്യാരന്റിയുമില്ലെന്നു ഗ്യാരന്റിയാണ്."

എങ്കിലും ഞാൻ ടോർച്ച് വാങ്ങി, ബാക്കി കാര്യം 99 കൊല്ലം കഴിഞ്ഞു പറയാം.

സത്യത്തിൽ എന്നെപ്പോലെയുള്ള പ്രവാസികൾക്ക്, ഇത്തരം കുഴികളിൽ ചെന്നുചാടാൻ പ്രത്യേക കഴിവുണ്ട്. പ്രത്യേകിച്ചും വീടുപണിയുടെ കാര്യത്തിലാണെങ്കിൽ...അത്തരമൊരു സംഭവം പറയാം.

നാട്ടിലുള്ളവർക്കും പ്രവാസികൾക്കുമായി പലപ്പോഴും ചില വീടുകൾ രൂപകൽപന ചെയ്തു കൊടുക്കാറുണ്ട്, അതിലപ്പുറം ഒരുപാടുപേർ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ മെസഞ്ചറിലും വാട്സാപ്പിലുമൊക്കെ ചോദിക്കാറുമുണ്ട്. അങ്ങനെയാണ് ബഹറിനിൽ നിന്നൊരു കുടുംബം ഒരു പ്രശ്നം പങ്കുവയ്ക്കുന്നത്.

പ്രശ്നം ഇതാണ്. 2000 സ്‌ക്വയർഫീറ്റ് പ്ലിന്ത് ഏരിയ ഉള്ള അവരുടെ വീടുപണിക്ക് കോൺട്രാക്ടർ ചോദിക്കുന്ന തുക 45 ലക്ഷം രൂപയാണ്. അത് നാട്ടുനടപ്പനുസരിച്ചു കൂടുതലാണെന്നാണ് അവർക്കു മറ്റുള്ളവരിൽനിന്നും ലഭിച്ച വിവരം.

എന്നാൽ ഇതിൽ കണ്ണടച്ചു ഒരഭിപ്രായം പറയാൻ ആവില്ല. കാരണം തുല്യ പ്ലിന്ത് ഏരിയ ഉള്ള രണ്ടു വീടുകളുടെ നിർമാണച്ചെലവ് പല ഘടകങ്ങളെ ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കും. ഫിനിഷിങ്, സ്പെസിഫിക്കേഷൻ, ആർകിടെക്ച്ചർ, ലൊക്കേഷൻ തുടങ്ങി അനേകം ഘടകങ്ങൾ.

അതുകൊണ്ടു പെട്ടെന്നൊരു അഭിപ്രായം പറയാൻ പാടില്ല. എന്നാൽ ഈ പ്ലാൻ എനിക്ക് കൈവെള്ളയിലെ രേഖപോലെ അറിയാം. കാരണം അത് ഞാൻ പ്ലാൻ ചെയ്തതാണ്. വലിയ സവിശേഷതകളൊന്നും ഇല്ലാത്ത ഒരു ഫോർ ബെഡ് റൂം നാലുകെട്ട്. എന്റെ കണക്കിൽ ഒരു അഞ്ചാറു ലക്ഷം രൂപ കൂടുതലാണ് കോൺട്രാക്ടർ ചോദിക്കുന്നത്. കാര്യം അറിഞ്ഞിട്ടുതന്നെ ബാക്കി.

"സാറെ ഞാൻ വീട് നിർമ്മിക്കുന്നത് മറ്റുള്ളവരെപ്പോലെയല്ല, നൂറ്റമ്പതു കൊല്ലം സാറിനു ഞാൻ ഗ്യാരന്റി തരാം. മാത്രമല്ല ആ വീടിനു മുകളിൽ ആന കയറി നടന്നാലും ഒന്നും സംഭവിക്കില്ലെന്നും ഉറപ്പു തരാം."

അപ്പൊ അതാണ് പണിയുടെ റേറ്റ് കൂടാൻ കാരണം.

"ഒന്നാമത് എന്റെ കക്ഷിക്ക്‌ 45 വയസ്സായി, പിള്ളേർക്ക് പതിനാലും പന്ത്രണ്ടും വയസ്സുണ്ട്. ഇവരാരും ഇനിയൊരു നൂറ്റമ്പതു കൊല്ലം ജീവിച്ചിരിക്കില്ല. അതുകൊണ്ടു ചേട്ടൻ നൂറ്റമ്പതു കൊല്ലം വിട്ടു പിടി. മാത്രമല്ല, ഇക്കണ്ട കാലത്തിനിടക്ക് ഒരാളുടെയും പുരപ്പുറത്തു കയറി നെഞ്ചും വിരിച്ചു നിൽക്കുന്ന ഒരാനയെയും ഞാൻ കണ്ടിട്ടില്ല."

സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും പല കോൺട്രാക്ടർമാരുടെയും സ്ഥിരം പരിപാടിയാണിത്. ഈ വാക്കാൽ ഗ്യാരന്റി അവർ നൽകുന്നത് നമ്മുടെ നാട്ടിലുള്ള മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ആണ്. അനാവശ്യമായ ഗുണമേന്മയുടെ അകമ്പടിയോടെ ഉള്ള ഒരു സൈക്കോളജിക്കൽ മൂവ് .

നമ്മുടെ വീടുകൾക്ക് ആവശ്യമുള്ള ഉറപ്പു വേണമെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. എന്നാൽ ആവശ്യമുള്ള ഉറപ്പു മാത്രമേ വേണ്ടൂ . ആറ്റോമിക്ക് റിയാക്ടറിന്റെ കോർ നിർമ്മിക്കുന്ന കോൺക്രീറ്റ് കൊണ്ടോ, വിമാനത്താവളത്തിലെ റൺവെ നിർമ്മിക്കുന്ന കോൺക്രീറ്റ് കൊണ്ടോ വീടുപണി നടത്തേണ്ട ആവശ്യമില്ല. ഇനി അഥവാ അവരുടെ വാക്കു വിശ്വസിച്ചാൽ തന്നെ നിർമ്മിക്കപ്പെടുന്നത് ഒരു സാധാരണ വീട് മാത്രമായിരിക്കും..പണം പോയത് മാത്രമാവും മെച്ചം.

നമ്മുടെ വീട് നമുക്കു ജീവിക്കാൻ മാത്രം ഉള്ളതാണ്. അടുത്ത തലമുറക്കായി വീടുണ്ടാക്കി വയ്‌ക്കേണ്ട ഒരു കാര്യവുമില്ല. മാത്രമല്ല, നമ്മുടെ ജീവിത ശൈലിയിൽ നിന്നും തുലോം വ്യത്യസ്തമായിരിക്കും ഇനിയുള്ള തലമുറയുടേത്. കൃഷിയെ ആശ്രയിച്ച നമ്മുടെ പിതാമഹന്മാരും വിവര സാങ്കേതികവിദ്യ ആശ്രയിക്കുന്ന നമ്മളും തമ്മിലുള്ള വ്യത്യാസം തന്നെ ഉദാഹരണം. അതുകൊണ്ടുതന്നെ അവരുടെ ആർക്കിടെക്ച്ചർ രീതികൾ വ്യത്യസ്തമായിരിക്കും, എൻജിനീയറിങ് സങ്കേതങ്ങൾ വ്യത്യസ്തമായിരിക്കും.  നമ്മൾ നിർമ്മിച്ചിടുന്ന കോൺക്രീറ്റ് കൂടാരങ്ങൾ അവർക്കു തലവേദനയുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ.

എന്തായാലും മധ്യ തിരുവിതാംകൂറുകാരനായ കോൺട്രാക്ടർക്കു ഞാനൊരു സ്പെസിഫിക്കേഷൻ അയച്ചു കൊടുത്തു. അതുപ്രകാരം ഒരു റേറ്റ് പറയാൻ പറഞ്ഞു. ഒടുവിൽ 41ന് തീരുമാനമായെന്നാണ് കേട്ടത്. ഇനിയിപ്പോ എന്നോടുള്ള വാശിക്ക് രാത്രിയിൽ വല്ല ആനയും വന്നു പുരപ്പുറത്തു കയറുമോ എന്നാണൊരു പേടി...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Know about False Promises in House Constuction by Contractors- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com