ADVERTISEMENT

ഒറ്റപ്പാലത്തെ അഭിഭാഷകനായ സുരേഷ്കുമാറും പത്നി സിജിയും എന്റെ അടുത്ത സുഹൃത്തുക്കളാണ്. വർഷങ്ങൾക്കുമുൻപ് ഒരവധിക്കാലത്ത് പണിയൊന്നുമില്ലാതെ അവരുടെ ഓഫിസിൽ കുത്തിയിരിക്കുമ്പോളാണ് മാരിമുത്തുവിനെ(യഥാർഥ പേരല്ല) ഞാൻ പരിചയപ്പെടുന്നത്. മറ്റുള്ള മാരിമുത്തുമാർ സദയം ക്ഷമിക്കുക. കാരണം, ഈ മാരിമുത്തു ഒരു കള്ളനാണ്. അടഞ്ഞുകിടക്കുന്നതും ആളില്ലാത്തതുമായ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് ആശാന്റെ പണി. ഒന്നുരണ്ടു തവണ പോലീസ് പൊക്കിയിട്ടുമുണ്ട് .

അതിന്റെ ഭാഗമായാണ് അഭിഭാഷകനെ കാണാൻ വന്നത്. അങ്ങ് അബുദാബിയിൽ ജോലിനോക്കുന്ന നിരുപദ്രവകാരിയും നിഷ്കളങ്കനുമായ  ഒരു എൻജിനീയർ തനിക്കൊരു ഭീഷണിയല്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാവാം മാരിമുത്തു തന്റെ ചില ട്രേഡ് സീക്രട്ടുകൾ എനിക്ക് പറഞ്ഞു തന്നത്. അതിൽനിന്നും വെളിവായ ചില കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കാം.

ഓരോ കള്ളനും താൻ ചെയ്യാൻ പോകുന്ന ഓപ്പറേഷനെക്കുറിച്ചു വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടായിരിക്കും. ഈ പ്ലാനിങ് തെറ്റുന്ന നിമിഷം അയാൾ അതിൽനിന്നു പിന്മാറും. റിസ്കെടുക്കില്ല. കാരണം ഈ നാട്ടുകാരുടെ തല്ലിന് ഒരു മയവും കാണില്ല. മാരിമുത്തുവടക്കം ഒട്ടുമിക്ക കള്ളന്മാരും കേരളത്തിലെ വീടുകളുടെ ആർക്കിടെക്ച്ചർ വ്യക്തമായി മനസ്സിലാക്കിയവരാണ്. 

ആ ചർച്ചയ്ക്കിടയിലാണ് മാരിമുത്തുവിന്റെ ആ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചത്. അതായത് മാസ്റ്റർ ബെഡ്റൂമിലെത്താൻ ഏറ്റവും നല്ല വഴി അതിന്റെ ടോയ്‌ലെറ്റിന്റെ വെന്റിലേറ്റർ പൊളിക്കുന്നതാണ്. ഒരു ഫൈബർ ഡോർ മാത്രമേ മുന്നിൽ കാണൂ. മാത്രമല്ല ഒട്ടുമിക്ക വീടുകളിലും അടുക്കളയുടെ എതിർ കോണിലുള്ള ഭാഗത്തായിരിക്കും ഈ റൂം. ഞെട്ടി മാമാ.. നുമ്മ കന്നിമൂലയിലെ മാസ്റ്റർ ബെഡ് റൂം!. 

എന്നാൽ മാരിമുത്തുവിന്റെ സ്പെഷലൈസേഷൻ ഒന്നാം നിലയുള്ള വീടുകളാണ്. കാരണമുണ്ട്. ഒന്നാം നിലയുള്ള വീടുകളുടെ ബാക്ക് ടെറസിലേക്കുള്ള വാതിൽ മിക്കവാറും ഒറ്റപ്പെട്ട നിലയിലായിരിക്കും. എലിവേഷനിൽ കാണില്ല. തൊട്ടുതാഴെനിന്ന് നോക്കിയാൽ പാരപെറ്റുവാൾ കാരണം കാണില്ല. സുന്ദരം..സുരക്ഷിതം. മാത്രമല്ല ഈ വാതിലിൽ എത്താനും ഒരു പണിയുമില്ല. സൺഷെയ്ഡിൽ എത്തിപ്പെട്ടാൽ പാരപ്പറ്റിന്റെ മുകളിൽ പിടിച്ചു കയറാം. ഇതിനിടയ്ക്ക് കാലുവയ്ക്കാൻ ടെറസിലെ വെള്ളം പോകുന്ന പൈപ്പ് ഉണ്ടായിരിക്കും. (ഈ സാധനം മിക്കവാറും ഇല അടിഞ്ഞു ബ്ലോക്ക് ആയി കിടക്കുക ആയിരിക്കും. കള്ളന്മാർക്കെങ്കിലും ഉപകാരപ്പെടട്ടെ )  

ഈ വാതിൽ തന്നെ ഉന്നം വയ്ക്കാൻ വേറെയും കാരണങ്ങൾ ഉണ്ട്. അതായത് ഈ വാതിൽ മറികടന്നാൽ പിന്നെ ഒന്നാം നിലയിലെയോ താഴത്തെ നിലയിലെയോ ഒരു ബെഡ്റൂമിനു മുന്നിൽ എത്താനും ഒരു തടസ്സവുമില്ല. വേണമെങ്കിൽ താഴത്തെ നിലയിൽ ഡൈനിങ് ടേബിളിന്റെ മുകളിൽ അലങ്കരിച്ചു വച്ച ആപ്പിളോ ഓറഞ്ചോ കഴിച്ചു ക്ഷീണവും അകറ്റാം. ഇത്രയും നേരം പറഞ്ഞത് കള്ളൻ മാരിമുത്തു എന്നെ പഠിപ്പിച്ച പാഠങ്ങൾ.

ഇനി.

മാരിമുത്തുവിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ..

ഒന്ന്- ഒരു കാരണവശാലും പാരപ്പെറ്റിന്റെ ഉയരം രണ്ടടിയോ രണ്ടര അടിയോ ആകരുത്. മിനിമം ഒരു അഞ്ചടി വേണം. കാരണം, താഴെ സൺഷെയ്ഡിൽ നിൽക്കുന്ന കള്ളന് ഈ അഞ്ചടി ഉയരം ഒരു എട്ടടി ആയാണ് അനുഭവപ്പെടുക. പിടിച്ചു കയറാൻ പറ്റില്ല . റിസ്കെടുക്കാൻ കള്ളൻ നിൽക്കില്ല. എങ്ങാൻ താഴെ വീണാൽ നാട്ടുകാരുടെ തല്ലിന് ഒരു മയവും കാണില്ല.  

ഈ പാരപ്പെറ്റിന്റെ ഉയരം അഞ്ചടി വേണമെന്ന് പറയാൻ വേറെയും കാരണങ്ങൾ ഉണ്ട്. രണ്ടടി മാത്രമേ ഇതിനു പാടുള്ളൂ എന്ന് ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല. കൂട്ടുകയോ കുറയ്ക്കുകയോ ഒക്കെ ചെയ്യാം. സുരക്ഷ മുൻനിർത്തി കൂട്ടുന്നതാണ് നല്ലത്. എന്റെ ഒരുമാതിരി ഡിസൈനുകളിലെല്ലാം ഞാനീ സംഭവത്തിന്റെ ഉയരം അഞ്ചടി ആക്കി ചിട്ടപ്പെടുത്താറുണ്ട്.

ഇനി. ഈ പാരപ്പെറ്റിനെ മറികടന്നു ഒരു കള്ളൻ ടെറസിലേക്കുള്ള വാതിലിൽ എത്തി എന്നുതന്നെ ഇരിക്കട്ടെ. അവിടെ അവനുള്ള അടുത്ത പണി കൊടുക്കാം. ഗാർഡ് ഡോർ. ഈ ഗാർഡ് ഡോർ എന്ന സംഗതി കട്ടിയുള്ള മെറ്റൽ ഷീറ്റുകൊണ്ടുണ്ടാക്കിയ ഒരു ഡോർ ആണ്. ഇതിന്റെ ഹാൻഡിലും താഴും തഴുതും എല്ലാം വീട്ടിനകത്തുനിന്നായിരിക്കും. കള്ളന്റെ മുന്നിൽ ഒരു കനമുള്ള സ്റ്റീൽ ഷീറ്റ് മാത്രം. മറികടക്കണമെങ്കിൽ ഷീറ്റ് കട്ടറോ, ഗ്യാസ് കട്ടറോ വേണം. ഇതൊന്നും കള്ളന്മാരുടെ കയ്യിൽ ഉണ്ടാവില്ലെന്നല്ല, അടച്ചിട്ട വീട് മോഷ്ടിക്കാൻ വരുന്ന ഒരു കള്ളന്റെ കയ്യിൽ തൽക്കാലം ഇതൊന്നും കാണില്ല. മാത്രമല്ല, ഇതൊക്കെ ചുമന്നു വന്നാൽ തന്നെ എട്ടടി ഉയരമുള്ള ഒരു കടമ്പ കടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഈ ഗാർഡ് ഡോർ കൊണ്ട് വേറൊരു കാര്യവുമുണ്ട്. ടെറസിൽ മഴപെയ്യുമ്പോൾ അകത്തുള്ള മരത്തിന്റെ ഡോർ നനയില്ല, വെള്ളം നനഞ്ഞു ചീർക്കില്ല. ഒരുവെടിക്ക് രണ്ടുപക്ഷി.    

ഈ സംവിധാനങ്ങളൊന്നും തന്നെ വലിയ പണച്ചെലവുള്ള കാര്യങ്ങളല്ല. എട്ടോ പത്തോ ആയിരം രൂപകൊണ്ട് ഒരു ഗാർഡ് ഡോർ ഉണ്ടാക്കാം. പാരപ്പെറ്റിന്റെ ഉയരം കൂട്ടുക എന്നതും ആനയെ വാങ്ങുന്ന ചെലവുള്ള കാര്യമല്ല. മനസ്സമാധാനം മെച്ചം. ഇനി ഈ ഗുലുമാലുകളെയൊക്കെ മറികടന്നോ അല്ലെങ്കിൽ വേറെ ഏതെങ്കിലും വഴിയോ കള്ളൻ വീട്ടിനുള്ളിൽ കടന്നു എന്നിരിക്കട്ടെ. വഴിയുണ്ട്. അത് അടുത്ത തവണ പറയാം. കാരണം മാരിമുത്തു പറഞ്ഞ വിശേഷങ്ങൾ തീർന്നിട്ടില്ല...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- House Security Measures to follow in Kerala Homes- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com