ADVERTISEMENT

നമ്മുടെ നാട്ടിൽ സ്ഥലക്കച്ചവടം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇതിന്റെ അടിത്തട്ടിലുള്ള സങ്കീർണമായ നൂലാമാലകളെ കുറിച്ച് വസ്തു വിൽക്കുന്നവനോ വാങ്ങുന്നവനോ അറിവുണ്ടായിരിക്കണമെന്നില്ല. ഇത്തരത്തിൽ വസ്തു വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് ബാധ്യതാ സർട്ടിഫിക്കറ്റ് അഥവാ ‘എൻകംബ്രൻസ് സർട്ടിഫിക്കറ്റ്’.

ബാധ്യതാ സർട്ടിഫിക്കറ്റ് ബാധ്യതയുമായി മാത്രം ബന്ധപ്പെട്ട രേഖയാണെന്നാണ് പലരുടെയും ധാരണ. ഇത് ശരിയല്ല. പ്രസ്തുത വസ്തു എവിടെയെങ്കിലും പണയം വച്ചിട്ടുണ്ടോ, ഈട് നൽകിയിട്ടുണ്ടോ തുടങ്ങി നിയമപരമായി റജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ബാധ്യതാ ഇടപാടുകളുടെ വിവരങ്ങൾക്കൊപ്പം വസ്തുവിന്റെ ക്രയവിക്രയം സംബന്ധിച്ച വിവരങ്ങളും ബാധ്യതാ സർട്ടിഫിക്കറ്റിൽ ഉണ്ടാകും. ഇടപാടുമായി ബന്ധപ്പെട്ട ആളുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ, രേഖകളുടെ രജിസ്റ്റർ നമ്പർ എന്നിവയെല്ലാം സമയക്രമ പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ പരാമർശിക്കുന്ന രേഖകളും പ്രമാണങ്ങളും പരിശോധിച്ച ശേഷം വേണം ആധാരം രജിസ്റ്റർ ചെയ്യാൻ. 

പലരും നിക്ഷേപമായി വസ്തു വാങ്ങിയിട്ട് മകളുടെ വിവാഹ ആവശ്യത്തിനോ മറ്റോ വായ്പയെടുക്കാനോ വിൽക്കാനോ ശ്രമിക്കുമ്പോഴാണ് ബാങ്ക് വായ്പ നിഷേധിക്കുക. വസ്തുവിന്മേൽ എന്തെങ്കിലും വിധത്തിലുള്ള ബാധ്യതയുണ്ടെങ്കിൽ സുഗമമായ കൈമാറ്റമോ ക്രയവിക്രയമോ നടക്കില്ല. ബാധ്യതാ സർട്ടിഫിക്കറ്റ് അഥവാ ‘എൻകംബ്രൻസ് സർട്ടിഫിക്കറ്റ്’ പരിശോധിച്ച് ബാധ്യതയൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം വസ്തുവും വീടും വാങ്ങുകയാണ് ഇത്തരം കുരുക്കിൽപ്പെടാതിരിക്കാനുള്ള വഴി. 

ഇടനിലക്കാരുടെയും മറ്റും ഇടപെടൽ കാരണം പലരും പത്തോ പതിനഞ്ചോ വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് മാത്രമായിരിക്കും പരിശോധിക്കുക. കുറഞ്ഞത് 30 വർഷത്തെ എങ്കിലും ബാധ്യത പരിശോധിച്ച ശേഷമേ ഇടപാട് നടത്താവൂ. പതിനഞ്ചോ ഇരുപതോ വർഷം മുൻപ് നടന്ന ഇടപാടിന്റെ പേരിലുള്ള ബാധ്യത തീർക്കാനും നിലവിലുള്ള ഉടമ ബാധ്യസ്ഥനായിരിക്കും എന്നതാണ് കാരണം. ഇക്കാലയളവിനുള്ളിൽ വസ്തു കൈമറിഞ്ഞ് ഉടമകൾ മാറിവന്നിട്ടുണ്ടെങ്കിലും നിലവിലെ ഉടമയായിരിക്കും ബാധ്യത ഏറ്റെടുക്കേണ്ടി വരിക. 

വസ്തു ഈടു നൽകി വായ്പ എടുത്തതായി ബാധ്യതാ സർട്ടിഫിക്കറ്റിൽ പരാമർശമുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ബാധ്യത ഇല്ല എന്നു ബോധ്യപ്പെടുത്താനായി ‘വായ്പ മുഴുവൻ അടച്ചു തീർത്തു; കുടിശ്ശിക ഒന്നും ഇല്ല’ എന്ന് രേഖപ്പെടുത്തിയ ബാങ്കിന്റെ കത്തായിരിക്കും മിക്ക ഇടപാടുകളിലും ഹാജരാക്കുക. ഇതുകൊണ്ട് മാത്രം കാര്യമില്ല. ബാധ്യതയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ‘ഒഴിമുറി’ സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്താൽ  മാത്രമേ ബാധ്യതയിൽ നിന്ന് ഒഴിവാകൂ. 

ബാധ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ വസ്തുവിന്റെ സർവേ നമ്പറും ഉടമയുടെ പേരും കൃത്യമായി രേഖപ്പെടുത്തണം. ചെറിയ പിശകു പോലും വസ്തു മാറിപ്പോകാൻ കാരണമാകും. വസ്തു ഉൾപ്പെടുന്ന സബ് റജിസ്ട്രാർ ഓഫിസിലാണ് അപേക്ഷ നൽകേണ്ടത്. ഇപ്പോൾ അക്ഷയ വഴിയോ ഓൺലൈനായോ അപേക്ഷ സമർപ്പിക്കാം. തിരിച്ചറിയൽ രേഖകളുടെയും ആധാരത്തിന്റെയും പകർപ്പും അപേക്ഷയ്‌ക്കൊപ്പം  നൽകണം. 

English Summary- Encumbrance Certificate- Importance in Property Transactions; Expert Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com