ADVERTISEMENT

സാമ്പത്തിക ആസ്തികൾ ഉൾപ്പെടെ നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കളും ഭാവിയിൽ കിട്ടാൻ സാധ്യതയുള്ള വരുമാനങ്ങളും ഒരാളുടെയോ രണ്ട് പേരുടെയുമോ മരണശേഷം ആർക്കൊക്കെ എത്ര അളവിൽ വീതിച്ചു നൽകണമെന്നു വിൽപത്രത്തിൽ എഴുതിവയ്ക്കാം. ആവശ്യമെങ്കിൽ ആഗ്രഹപ്രകാരം സ്വത്തുക്കൾ വീതിച്ചുനൽകാൻ ചുമതലപ്പെടുത്തിക്കൊണ്ട് ഒരു മധ്യസ്ഥനെയും വിൽപത്രത്തിൽ തന്നെ നിർദ്ദേശിക്കാം. സാധാരണ വെള്ളക്കടലാസിൽ തയാറാക്കാവുന്ന വിൽപത്രം റജിസ്റ്റർ ചെയ്തിരിക്കണമെന്നു നിർബന്ധമില്ലെങ്കിലും പൊതു സമ്മതരായ രണ്ട് വ്യക്തികളെക്കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ഒരിക്കൽ വിൽപത്രം എഴുതിയാൽ മരിക്കുന്നതിനുമുൻപ് എപ്പോൾ വേണമെങ്കിലും മാറ്റി എഴുതാൻ സാധിക്കും. എന്നാൽ ഇഷ്ടദാന പ്രകാരം വസ്തുവകകൾ ഒരിക്കൽ നൽകിക്കഴിഞ്ഞാൽ തിരിച്ചെടുക്കാൻ സാധിക്കില്ല. നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയ സാമ്പത്തിക ആസ്തികളിൽ നോമിനേഷൻ നൽകാമെങ്കിലും ഉടമയുടെ മരണശേഷം ഒരു ട്രസ്റ്റി എന്ന നിലയിൽ പണം കൈപ്പറ്റി അനന്തരാവകാശികൾക്കു വിതരണം ചെയ്യാനുള്ള അധികാരം മാത്രമേ നോമിനിക്കു ലഭിക്കുന്നുള്ളൂ. വാഹനങ്ങൾ തുടങ്ങിയ ജംഗമ സ്വത്തുക്കളും ഭൂമി, വീട് തുടങ്ങിയ സ്ഥാവര വസ്തുക്കളും നോമിനേഷനിലൂടെ പിൻതുടർച്ചക്കാർക്കു നൽകാൻ ആകില്ല. 

 

മാറ്റി എഴുതുമ്പോൾ

വിൽപത്രം എഴുതിയശേഷം മരണത്തിനു മുൻപ് പല കാര്യങ്ങളിലും വ്യത്യാസം ഉണ്ടാകാം. ഉള്ള ആസ്തികൾ വിൽക്കുമ്പോഴും പുതിയവ സ്വന്തമാക്കുമ്പോഴും വിൽപത്രത്തിൽ പ്രതിഫലിക്കേണ്ടതുണ്ട്. മരണശേഷം ആസ്തികൾ സ്വീകരിക്കാനായി വിൽപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മരണമടയുകയോ നേരത്തേ തീരുമാനിച്ചതിൽനിന്നു വ്യത്യാസം വേണമെന്നു തീരുമാനിക്കുമ്പോഴോ വിൽപത്രം മാറ്റി എഴുതേണ്ടതായി വരാം. ഓരോ തവണ പുതുതായി വിൽപത്രം തയാറാക്കുമ്പോഴും, തൊട്ടുമുൻപു തയാറാക്കിയ പത്രം സംബന്ധിച്ച് സൂചിപ്പിക്കാനും അതു റദ്ദായിട്ടുണ്ടെന്നു രേഖപ്പെടുത്താനും ശ്രദ്ധിക്കുക. ഒരിക്കൽ റജിസ്റ്റർ ചെയ്ത വിൽപത്രം മാറ്റി എഴുതുമ്പോൾ വീണ്ടും റജിസ്റ്റർ ചെയ്യണമെന്നു നിർബന്ധമില്ലെങ്കിലും റജിസ്റ്റർ ചെയ്താൽ ആവശ്യമില്ലാത്ത തർക്കങ്ങൾ ഒഴിവാക്കാം. സബ് റജിസ്ട്രാർ ഓഫിസുകളിലാണ് റജിസ്‌ട്രേഷൻ നടത്തുക.

 

നടപ്പാക്കൽ

റജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിൽപത്രങ്ങളുടെ ആധികാരികത കോടതി സാക്ഷ്യപ്പെടുത്തി നൽകുന്നതിനെയാണ് പ്രൊബേറ്റ് എന്നു വിളിക്കുന്നത്. വിൽപത്രത്തിൽ അധികാരപ്പെടുത്തിയിട്ടുള്ള എക്‌സിക്യൂട്ടർ അഥവാ മധ്യസ്ഥനാണ് പ്രൊബേറ്റ് ലഭിക്കാനായി കോടതിയിൽ അപേക്ഷിക്കേണ്ടത്.പൂർണ മാനസികാരോഗ്യമുള്ള അവസ്ഥയിൽ ബാഹ്യ പ്രേരണകളും സമ്മർദ്ദങ്ങളും ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപത്രം തയ്യാറാക്കിയത് എന്ന് വിൽപത്ര പ്രകാരം ആനുകൂല്യങ്ങൾ ആഗ്രഹിക്കാത്തവരും പൊതു സമ്മതരുമായ സാക്ഷികൾ ഉറപ്പാക്കും. മാത്രമല്ല മധ്യസ്ഥനായി വിൽപത്രത്തിൽ അധികാരപ്പെടുത്തുന്ന വ്യക്തി, ആസ്തികളിൽനിന്ന് ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാനില്ലാത്തവരായിരിക്കണം.

വിൽപത്രപ്രകാരം അനന്തരാവകാശികളായി നിശ്ചയിക്കുന്നവരിൽ പ്രായപൂർത്തിയാകാത്തവരുണ്ടെങ്കിൽ അവർ പ്രായപൂർത്തിയാകുന്നതുവരെ കെയർ ടേക്കർ എന്ന നിലയിൽ രക്ഷകർത്താവിനെ നിശ്ചയിക്കേണ്ടതാണ്. ഉടമ ജീവിച്ചിരിക്കുമ്പോൾ തന്നെ നടപ്പിലാക്കേണ്ടുന്ന ചില നടപടികൾ സംബന്ധിച്ചും പ്രത്യേക വിൽപത്രം തയാറാക്കാൻ സുപ്രീം കോടതി അനുവദിക്കുന്നു. സ്വയം തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത രീതിയിൽ ഗുരുതരമായ രോഗാവസ്ഥ ഉണ്ടാവുകയാണെങ്കിൽ സ്വീകരിക്കേണ്ട ചികിത്സകൾ സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മേലൊപ്പൊടെ വിൽപത്രമാക്കാവുന്നത്.

English Summary- Creating Will- Should do on Time to Avoid Disputes 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com