ADVERTISEMENT

ഒരുപാട് വലുത് അല്ലാത്ത, സാധാരണവീട് പണിയണം എന്ന ആഗ്രഹമുണ്ട്. പക്ഷേ കയ്യിൽ കുറച്ച് കാശേയുള്ളൂ. അതിനാൽ പണി തുടങ്ങിയാൽ പിന്നെ തീർക്കാൻ പറ്റുമോ  (ലോൺ കിട്ടിയില്ലെങ്കിലോ അല്ലെങ്കിൽ വിചാരിച്ച ഫണ്ട് ഒത്തില്ലെങ്കിലോ എന്നുള്ള പേടി) എന്നുള്ള സംശയത്തിൽ ആശയക്കുഴപ്പത്തിലിരിക്കുന്ന കുറച്ചു മലയാളികളെങ്കിലുമുണ്ട്. ഇങ്ങനെ വീട് പണിയാതെ കാത്തിരിക്കുന്നവർക്ക് വേണ്ടി ചില കാര്യങ്ങൾ പറയാം.

നിങ്ങൾ ഏകദേശം 30 ലക്ഷത്തിൽ താഴെ ബജറ്റ് വരുന്ന ഒരു വീടാണ് ഉദ്ദേശിക്കുന്നതെങ്കിൽ, കയ്യിൽ 15 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിൽ, എത്രയും പെട്ടെന്ന് പ്ലോട്ടിനു ചേർന്ന ഒരു പ്ലാൻ തയ്യാറാക്കി സ്ട്രക്ചർ മാത്രം (പിന്നീട് ആവശ്യം വന്നാൽ വിപുലീകരിക്കാൻ സാധിക്കുന്ന രീതിയിൽ ഉള്ളത്) പണിതിടുന്നതാണ് ബുദ്ധി. അതായത്, തറപണിത്, ഭിത്തി കെട്ടി അതിനു മുകളിൽ വാർത്തു, ഭിത്തികൾ എല്ലാം പ്ലാസ്റ്റർ ചെയ്തു മാത്രം ഇടുക. പിന്നെ ഉള്ളത് എല്ലാം സൗകര്യം പോലെ, ഒന്നോ രണ്ടോ മൂന്നോ വർഷങ്ങൾ എടുത്തായാലും കാശ് വരുന്ന മുറയ്ക്ക് ചെയ്യാൻ അവസരമുണ്ട്.

ഇനി കാര്യത്തിലേക്ക് വരാം, നിലവിൽ വർഷങ്ങളായി, ഈ സ്ട്രക്ചർപണിതു തേച്ചിടുന്നത് വരെയുള്ള ഘട്ടത്തിന് മാത്രമേ  ക്രമാതീതമായി  ചെലവ് കൂടുന്നുള്ളൂ. അതായത്, നിർമാണസാമഗ്രികളുടെ കാര്യമെടുത്താൽ ഓരോ വർഷം കഴിയുംതോറും  മിനിമം 20% ചെലവ് കൂടുന്നുണ്ട്. അതായത് 5 വർഷം മുൻപ് ഞാൻ പണിതപ്പോൾ വന്നതിന്റെ 100% കാശ് വർധിച്ചു എന്നർത്ഥം.

ഞാൻ ഗൃഹപാഠം ചെയ്തുനോക്കിയപ്പോൾ സത്യമാണ്. ഞാൻ അന്ന് എടുത്ത സാധനങ്ങൾക്ക് ഇന്ന് നേരെ ഇരട്ടി വിലയാണ്. (അതായത്, കരിങ്കല്ല്,വെട്ടുകല്ല്, ഇഷ്ടിക, മെറ്റൽ, മണൽ അല്ലെങ്കിൽ എം-സാന്റ്, കമ്പി, സിമന്റ് തുടങ്ങിയവ) ഉദാഹരണത്തിന് ഞാൻ 5 വർഷം മുൻപ് പണിത സ്‌ട്രെക്ചറിന് 15 ലക്ഷമായി എന്ന് കരുതിയാൽ ഇന്നാണെങ്കിൽ മിനിമം 25 ലക്ഷത്തിനു മുകളിൽ ആകുമെന്ന് സാരം.

house-construction

ഇനി മറ്റൊരുകാര്യം, ഈ സ്ട്രക്ചറിനുശേഷമുള്ള പണികൾക്ക്, അതായത്, ടൈൽ, ഫർണീച്ചർ, കബോർഡുകൾ, പെയിന്റിങ്, എൽഇഡി ലൈറ്റുകൾ, കർട്ടനുകൾ എന്നുവേണ്ട പിന്നീട് ഉള്ള ഒട്ടുമിക്ക പണികളിലും ഒന്നോ രണ്ടോ കാര്യങ്ങൾക്ക് ഒഴിച്ച് ബാക്കി ഒന്നിനും വലിയ വിലവർധനയുണ്ടായിട്ടില്ല. ഇനി കൂടിയാലും, സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഫർണിഷിങ് ഒഴിവാക്കാനാകാത്ത ഒരു കാര്യമല്ല  എന്നോർക്കണം. അവയിൽ പലതും ഒഴിവാക്കാവുന്നതേയുള്ളൂ.

നിങ്ങൾ ഇപ്പോൾ 15 ലക്ഷം രൂപയുടെ സ്ട്രക്ചർ പണിതിട്ടാൽ നിങ്ങൾക്ക് അടുത്ത വർഷത്തേക്കാൾ മിനിമം രണ്ടു ലക്ഷമോ അതിൽ കൂടുതലോ ലാഭം ഉണ്ടാകും. ആ കാശുകൊണ്ട് പിന്നീട് വീടിന്റെ അത്യാവശ്യം ഇന്റീരിയർ ചെയ്യാൻ സാധിക്കും.

ഇനി ഇതുപോലെ സ്ട്രക്ചർ മാത്രം പണിതിട്ട്, കുറെനാളുകൾക്കുശേഷം ബാക്കി പണിത് കയറുന്നത് ലക്ഷണപിശകാണെന്നും, മോഡൽ മാറിപ്പോകും എന്നൊക്കെ പറയുന്നവരോട് പോയി പണി നോക്കാൻ പറയൂ. കാരണം, കാശ് പോകുന്നത് നമ്മുടെ ആണ് അവരുടെ അല്ല, അവർക്ക് എന്തും പറയാം ചിന്തിക്കേണ്ടത് നമ്മൾ ആണ്. എത്രയോ പേർ ഒരു വർഷം കൊണ്ട് തീർക്കാം എന്ന് കരുതി പണി തുടങ്ങിയിട്ട് വർഷങ്ങൾ കൊണ്ട് പണി തീർത്തിരിക്കുന്നു. ഇനി മോഡൽ മാറും എന്ന് പേടിയുള്ളവർക്ക് എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇപ്പോൾ ഉള്ളതാണ് എന്ന് തോന്നിക്കുന്ന ചില ഭംഗിയുള്ള മിക്സ് ചെയ്തുള്ള മോഡലുകൾ ഇപ്പോൾ ഉണ്ട്, അതുപോലുള്ളത് തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

അടച്ചുറപ്പ് ഉള്ള ഒരു സ്ട്രക്ചർ ഉണ്ടെങ്കിൽ അത്യാവശ്യം വന്നാൽ ഒരു റൂമും ഒരു ബാത്ത്റൂമും ഒരു അടുപ്പും ചെയ്തെടുത്താൽ, വാടക കൊടുക്കാതെ കയറി താമസിക്കുകയെങ്കിലും ചെയ്യാം. അല്ലായെങ്കിൽ സാവധാനം സമയം എടുത്ത് പണി തീർത്തു സമാധാനത്തോടെ കയറി താമസിക്കാം. വീട് സ്വപ്നം കാണുന്ന സാധാരണക്കാർ ചിന്തിച്ചുനോക്കൂ...

English Summary- Skyrocketing Construction Prices; Start Construction at the earliest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com