ADVERTISEMENT

ഒരു വീടോ ഫ്ലാറ്റോ ഒക്കെ സ്വന്തമാക്കുന്നതിന് എങ്ങനെയെങ്കിലും പണം കണ്ടെത്താൻ നെട്ടോട്ടം ഓടുന്നവരാണ് അധികവും. പലപ്പോഴും ഉദ്ദേശിച്ചതിനേക്കാൾ വലിയ തുകയ്ക്കാവും സ്വപ്നഭവനം സ്വന്തമാക്കാൻ സാധിക്കുക. എന്നാൽ തരക്കേടില്ലാത്ത ഒരു വീടും സ്ഥലവും വാങ്ങാനായി ചെലവാക്കുന്ന തുകയ്ക്ക് ഒരു ഗ്രാമം തന്നെ സ്വന്തമാക്കാനായാലോ? അത്തരമൊരു അവസരമാണ് സ്പെയിനിൽ ഒരുങ്ങിയിരിക്കുന്നത്.

സൗകര്യങ്ങളൊന്നുമില്ലാത്ത ഏതോ കുഗ്രാമം ആണെന്ന് കരുതിയെങ്കിൽ തെറ്റി. ഹോട്ടലും സ്കൂളും പള്ളിയും എന്തിനേറെ ഒരു മുനിസിപ്പൽ സ്വിമ്മിങ് പൂൾ വരെ ഇവിടെയുണ്ട്. 44 വീടുകളുള്ള ഈ ഗ്രാമം 2,27,000 യൂറോ (2.1 കോടി രൂപ) ചെലവിട്ടാൽ സ്വന്തമാക്കാനാവും. എന്നാൽ വാങ്ങാൻ എത്തുന്നവർ ഒന്നുകൂടി അറിയേണ്ടതുണ്ട്. കഴിഞ്ഞ 30 വർഷമായി ജനവാസമില്ലാത്ത ഗ്രാമമാണ് ഇത്.

സ്പെയിനിന്റെയും പോർച്ചുഗലിന്റെയും അതിർത്തി പ്രദേശത്തായി സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പേര് സാൾട്ടോ ഡി കാസ്ട്രോ എന്നാണ്. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്നും മൂന്നു മണിക്കൂർ യാത്ര ചെയ്താൽ ഇവിടെയെത്താം. വീടുകൾക്ക് പുറമെ സിവിൽ ഗാർഡുകൾക്ക് താമസിക്കാനായി ഒരുക്കിയ ഒരു പട്ടാളതാവളവും ഗ്രാമത്തിലുണ്ട്. 1950 കളിൽ ഒരു വൈദ്യുതി ഉത്പാദന കമ്പനി റിസർവോയറിന്റെ നിർമ്മാണത്തിന് എത്തിയ തൊഴിലാളികളെ ഈ ഗ്രാമത്തിൽ പാർപ്പിച്ചിരുന്നു. റിസർവോയറിന്റെ നിർമ്മാണം പൂർത്തിയായതോടെ തൊഴിലാളികൾ ഇവിടം വിട്ടു പോവുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് പതിറ്റാണ്ടുകളായി ആൾപാർപ്പില്ലാതെ തുടരുകയാണ് ഈ ഗ്രാമം.

എന്നാൽ 2000 ൽ ഒരാൾ ഇവിടം വിലയ്ക്ക് വാങ്ങിയിരുന്നു. സൗകര്യങ്ങൾ ഏറെയുള്ള പ്രദേശം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ഗ്രാമം സ്വന്തമാക്കിയത്. എന്നാൽ യൂറോസോൺ കട പ്രതിസന്ധി മൂലം അദ്ദേഹത്തിന് ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനാവാതെ വന്നു. സ്പെയിനിലെ ഒരു സ്ഥലക്കച്ചവട വെബ്സൈറ്റിലാണ് നിലവിൽ ഗ്രാമം വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത്. ഗ്രാമം കൃത്യമായി പരിപാലിക്കാനാവാത്തതാണ് ഉടമ അത് വില്പന ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വാങ്ങാൻ എത്തുന്നവർക്കായി മറ്റൊരു നിർദ്ദേശം കൂടി വെബ്സൈറ്റ് പങ്കുവയ്ക്കുന്നുണ്ട്. ഗ്രാമം നൂറു ശതമാനം പ്രവർത്തനക്ഷമമാക്കുന്നതിനും ലാഭകരമാക്കുന്നതിനും ആവശ്യമായ നിക്ഷേപം രണ്ടു ദശലക്ഷം യൂറോയിൽ കവിയരുത് എന്നതാണത്. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഇതിനോടകം അര ലക്ഷം പേരാണ് ഈ പരസ്യം കണ്ടത്. ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുന്നൂറിൽപരം ആളുകൾ വാങ്ങാനായി താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

English Summary- An Entire Village is for Sale for a strange Reason- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com