ADVERTISEMENT

ജോലിയുടെ ഭാഗമായി യുഎഇയിലെ അൽ ഐൻ പട്ടണത്തിൽ താമസിച്ചിരുന്ന കാലത്താണ് ഞാൻ റിച്ചാർഡിനെ പരിചയപ്പെടുന്നത്. ഫിലിപ്പീൻസുകാരനായ റിച്ചാർഡ് ഒരു മെക്കാനിക്കൽ എൻജിനീയറാണ്, എന്റെ ഫ്‌ളാറ്റിന് എതിരെയുള്ള ഫ്‌ളാറ്റിൽ കുടുംബവുമായി  താമസം. സൗമ്യൻ, സുമുഖൻ, ശാന്തൻ. ഭാര്യ ക്ലാരയും അങ്ങനെത്തന്നെ.

ചില രാത്രികളിൽ ഇയാൾ കുറെനേരം വയലിൻ വായിക്കും. അങ്ങനെ ചെയ്യുന്നതിന് മുൻപേ അയൽക്കാരായ ഞങ്ങളുടെ അനുവാദം വാങ്ങും. തന്റെ സംഗീതം അയൽക്കാർക്ക് ബുദ്ധിമുട്ടാവരുത് എന്ന് അയാൾക്ക് നിർബന്ധമുണ്ട്. ആയിടക്കാണ് നമ്മുടെ റിച്ചാർഡിനും ;ക്ലാരയ്‌ക്കും ഒരു പൂതി ഉദിക്കുന്നത്. വേറൊന്നുമല്ല. പുട്ട് തിന്നണം.

ഏതോ മലയാളി സുഹൃത്തിന്റെ കൂടെ എവിടെയോ പോയപ്പോൾ റിച്ചാർഡിന് കിട്ടിയതാണ് നമ്മുടെ പുട്ട്. പിന്നീട് ഒന്നുരണ്ടു മലയാളി ഹോട്ടലിൽ ഒക്കെ കയറി പുട്ട് അന്വേഷിച്ചെങ്കിലും എന്തുകൊണ്ടോ കിട്ടിയില്ല. അതുകൊണ്ടുതന്നെ അവർ പിന്നീട് ആരെയും ആശ്രയിക്കാൻ നിന്നില്ല. സ്വന്തമായി പുട്ട് വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ചു. 

അതിനു വേണ്ടുന്ന ഒരു സാങ്കേതിക സഹായത്തിനു വേണ്ടിയാണ് ഒരു വൈകുന്നേരം അവർ ഞങ്ങളുടെ ഡോറിൽ മുട്ടുന്നത്. വേറൊന്നുമല്ല, ആ പുട്ടുകുടം ഒന്ന് കടം തരണം. 'നല്ല ഒന്നാം തരാം പുട്ട് ഞങ്ങൾ ഉണ്ടാക്കിത്തരാം' എന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ഒടുവിൽ പുട്ടുകുടത്തോടൊപ്പം ഒരു പാക്കറ്റ് ഇൻസ്റ്റന്റ്‌ പുട്ടുപൊടിയും നൽകി ഞങ്ങൾ അവരെ അനുഗ്രഹിച്ചു പറഞ്ഞുവിട്ടു. എങ്കിലും നമ്മുടെ റിച്ചാർഡിന്റെ പുട്ടു നിർമ്മാണം പാളി, ഏതാണ്ടൊരു പൊടി പരുവത്തിലാണ് അങ്ങോർക്ക് പുട്ട് നിർമ്മിക്കാനായത്. അതോടെ പുട്ടിൻകുടം തിരികെ ഏൽപ്പിച്ചു അയാൾ ആയുധം വച്ച് കീഴടങ്ങി.

ഇക്കഴിഞ്ഞ  ദിവസം ഓൺലൈനായി ഒരു പ്രോജക്ടിന്റെ പ്രാഥമിക ചർച്ച നടത്തവേയാണ് ഞാൻ റിച്ചാർഡിനെയും അയാളുടെ പുട്ട് നിർമ്മാണത്തെയും കുറിച്ചോർത്തത്. അതിനു കാരണമായത് ക്ലയന്റിന്റെ ഭാഗത്തുനിന്നുള്ള ഒരു ചോദ്യമാണ്.

'വീട് നിർമ്മാണത്തിന് വേണ്ടുന്ന മെറ്റീരിയൽസ് എല്ലാം ഞങ്ങൾ വാങ്ങിച്ചു കൊടുത്താൽ ഗുണനിലവാരം ഒന്നുകൂടി ഉറപ്പുവരുത്താമല്ലോ'   എന്നായിരുന്നു ആ ചോദ്യം. നമ്മളിൽ പലർക്കും ഉള്ള സംശയമാണ്, സംശയം ന്യായവുമാണ്. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം മൊത്തം കെട്ടിടത്തിന്റെ ഗുണനിലവാരത്തെ, ഉറപ്പിനെ, ആയുസ്സിനെ ഒക്കെ ബാധിക്കും. അതിൽ ഒരാൾക്കും ഒരു സംശയവും വേണ്ട.

ഇനി നമുക്ക് നമ്മുടെ റിച്ചാർഡിന്റെ പുട്ട് കഥയിലേക്ക്‌ തിരിച്ചു പോകാം. റിച്ചാർഡിന് ഞങ്ങൾ കൊടുത്തത് നല്ല ഒന്നാംതരം പുട്ടുപൊടിയാണ്, അതുണ്ടാക്കാനുള്ള സാധന സാമഗ്രികളും ഉപദേശവും ഒക്കെ കൊടുത്തു. എന്നിട്ടും പുട്ട് നിർമ്മാണം പരാജയപ്പെട്ടു. എന്താണതിനു കാരണം..?

ഉത്തരം നിസ്സാരമാണ്. ഫിലിപ്പീൻസിൽ ജനിച്ചു, ജീവിച്ചുവന്ന അയാൾക്ക് പുട്ട് നിർമ്മിക്കാനുള്ള വഴക്കമില്ല, മുൻപരിചയമില്ല. ഈ വഴക്കത്തെയാണ് 'വർക്ക്മാൻഷിപ്' എന്ന് പറയുന്നത്. വർക്ക്മാൻഷിപ് മോശമായാൽ എത്ര നല്ല മെറ്റീരിയൽസ് ആയിട്ടും കാര്യമില്ല, പണി പാളും. ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാൽ നല്ല ഒന്നാം തരം എസ് ക്ലാസ് ബെൻസ് കാർ ആണ് കയ്യിൽ ഉള്ളതെങ്കിലും ഡ്രൈവർക്കു പണി അറിയില്ലെങ്കിൽ പണികിട്ടും എന്നർത്ഥം. 

തുറന്നു പറഞ്ഞാൽ നമ്മുടെ കെട്ടിടങ്ങളിൽ ഇന്ന് സംഭവിക്കുന്ന ഗുണമേന്മയില്ലായ്മക്കു മുഖ്യകാരണം സാധന സാമഗ്രികളുടെ ഗുണനിലവാരം ഇല്ലായ്മയല്ല, മേൽപ്പറഞ്ഞ നല്ല വർക്ക്മാൻഷിപ്പിന്റെ അഭാവമാണ്. ഒപ്പം അശാസ്ത്രീയമായ ഡിസൈനും മുഖ്യ പ്രതിയാണ്. വിശദമാക്കാം. ഉദാഹരണത്തിന് ഒരു കെട്ടിടത്തിന്റെ ഏറ്റവും പ്രധാനമായ ഘടകങ്ങളിൽ ഒന്നായ സ്ളാബ് കോൺക്രീറ്റിങ്ങിനെത്തന്നെ നമുക്ക് പരിഗണിക്കാം.

2050555064
shutterstock ©AjayTvm

സിമെന്റ്, മണൽ, മെറ്റൽ, കമ്പി എന്നിവയാണ് ഈ പണിക്കു വേണ്ടത് എന്ന് തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന് വരെ അറിയാവുന്ന കാര്യമാണ്. എന്നാൽ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും നല്ല സിമന്റോ, കമ്പിയോ, മണലോ, മെറ്റലോ ഉപയോഗിച്ചാൽ പോലും മേൽപറഞ്ഞ വർക്ക്മാൻഷിപ് ഭാഗത്തെ അശ്രദ്ധ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ കെട്ടിടത്തിന് അപചയം സംഭവിക്കാം, കെട്ടിടം തകർന്നു വീണെന്നുപോലും വരാം.

സാധ്യമായ ചില കാരണങ്ങൾ പരിശോധിക്കാം.

 

1.കോൺക്രീറ്റിൽ ചേർക്കുന്ന വെള്ളത്തിന്റെ അളവ് കൂടുതലായാൽ അതിനു വേണ്ടത്ര ഉറപ്പോ, ആയുസ്സോ ലഭിക്കില്ല.

2. കമ്പി കെട്ടുന്നതിൽ പിഴവുണ്ടായാൽ ബലക്കുറവുണ്ടാവും, ലീക്കുണ്ടാവും, പൊട്ടലുണ്ടാവും, കെട്ടിടം തകർന്നു  പോയെന്നും വരാം.

3. കോൺക്രീറ്റ് മിക്സിങ്ങിൽ പിഴവുണ്ടായാൽ അതിനു ഉദ്ദേശിച്ച ബലം ലഭിക്കില്ല.

4. കോൺക്രീറ്റ് താഴേക്കു ചൊരിയുന്നത്  നിശ്ചിത ഉയരത്തിൽ കൂടുതലായാൽ അതിനു ബലക്ഷയം സംഭവിക്കും.

5.കോൺക്രീറ്റിങ് പ്രക്രിയയിലെ അതിപ്രധാനമായ 'കോംപാക്ഷൻ' കുറഞ്ഞു പോയാലോ, കൂടുതൽ ആയാലോ കോൺക്രീറ്റ് നശിച്ചു പോകും.

6. ക്യൂറിങ് കുറഞ്ഞുപോയാൽ ഉദ്ദേശിച്ച ബലം അതിനു ലഭിക്കില്ല.

7. അശാസ്ത്രീയമായി സെന്ററിങ് നീക്കം ചെയ്‌താൽ കോൺക്രീറ്റിനു ബലക്ഷയം സംഭവിക്കാം.

ഇനിയും ഉണ്ട് ഒരുപാടെണ്ണം. മുഴുവൻ പറയാൻ നിന്നാൽ നേരം വെളുക്കും, കോഴി കൂകും. പക്ഷേ ഇതൊന്നും നാം അറിയുന്നില്ല. നമ്മുടെ ധാരണ നല്ല നിർമ്മാണ സാമഗ്രികൾ വാങ്ങിച്ചുകൊടുത്താൽ എല്ലാം ആയി എന്നാണ്. ഈ പറഞ്ഞത് കോൺക്രീറ്റിങ് എന്ന ഒരു പ്രക്രിയയുടെ മാത്രം കാര്യമാണ്.

അതുപോലെ ഉള്ള നൂറുകണക്കിന് പ്രക്രിയകൾ ചേരുന്ന ഒരു കാര്യമാണ് വീട് നിർമ്മാണം. ഇവയിൽ ഓരോന്നിലും ഉണ്ട് ഇങ്ങനെ ശ്രദ്ധിക്കേണ്ട നൂറുകണക്കിന് പോയന്റുകൾ. മാത്രമല്ല നമ്മൾ നിർമ്മാണ സാമഗ്രികൾ വാങ്ങിച്ചു കൊടുക്കുമ്പോൾ വേറെയും ചില പ്രശ്നങ്ങൾ ഉണ്ട്. അത് പിന്നെപ്പറയാം. തൽക്കാലം ഒന്ന് മാത്രം മനസ്സിലാക്കുക. സാധനങ്ങൾ എല്ലാം നമ്മൾ തന്നെ വാങ്ങിച്ചുകൊടുത്തു എന്നതുകൊണ്ട് മാത്രം ഉൽപന്നം നന്നാവണം എന്നില്ല. അത് വീട് ആയാലും ശരി, വീട്ടിനകത്തുണ്ടാക്കുന്ന പുട്ട് ആണെങ്കിലും ശരി...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Importance of Workmanship in House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com