ADVERTISEMENT

ഒരു പണിക്കും പോകാത്തവനെ പിടിച്ചു പെണ്ണ് കെട്ടിച്ചാൽ അവൻ പിന്നീടങ്ങോട്ട് തരക്കേടില്ലാതെ ജീവിച്ചു പൊക്കോളും എന്ന ഒരു ശരാശരി മലയാളിയുടെ ചിന്താമണ്ഡലത്തിൽ നിന്നാണ് തന്റെ മകനെ കല്യാണം കഴിപ്പിക്കാനുള്ള തീരുമാനം റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ലോനപ്പൻ ചേട്ടൻ എടുക്കുന്നത്.

തീരുമാനം കേട്ടതും കേൾക്കാത്തതും ചെറുക്കൻ പറഞ്ഞു:

"സംഗതിയൊക്കെ കൊള്ളാം, പക്ഷേ എനിക്കുള്ള പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തും "

ലോനപ്പൻ ചേട്ടൻ ഒന്നാലോചിച്ചു, പിന്നെ എങ്ങും തൊടാതെ പറഞ്ഞു:

" ഒക്കെ നിന്റെ ഇഷ്ടം, പക്ഷേ ഞാൻ നിനക്ക് വേണ്ടി കണ്ടുവച്ചിരുന്നത് നമ്മുടെ ബിൽഗേറ്റ്‌സ് അച്ചായന്റെ മോളെയാണ്"

ബിൽഗേറ്റ്സ് എന്ന് കേട്ടതും ചെറുക്കന്റെ കണ്ണുതള്ളി.

"എങ്കിൽ പിന്നെ എല്ലാം അപ്പന്റെ ഇഷ്ടം പോലെ"

തൊട്ടടുത്ത ദിവസം രാവിലെ ലോനപ്പൻ ചേട്ടൻ ബിൽഗേറ്റ്സ് അച്ചായന്റെ വീട്ടിലെത്തി, കാപ്പിയും പലഹാരവും ഒക്കെ കഴിഞ്ഞപ്പോൾ പുള്ളി പതുക്കെതന്റെ വിഷയം പുറത്തിറക്കി.

" ഞാൻ നമ്മുടെ കുഞ്ഞുമോൾക്ക് ഒരാലോചനയുമായി വന്നതാണ് "

പറഞ്ഞു തീർന്നതും ബിൽഗേറ്റ്‌സ് അച്ചായൻ പറഞ്ഞു:

" ഓ, അവള് കുഞ്ഞല്ല്യോ ..? പോരാത്തേന്ന് പഠിപ്പും കഴിഞ്ഞിട്ടില്ല. രണ്ടു കൊല്ലം കൂടി കഴിയട്ടെ."

ഉത്തരം കിട്ടിയതും ലോനപ്പൻ ചേട്ടൻ പൊടിയും തട്ടി കസേരയിൽ നിന്നും എഴുന്നേറ്റു.

" എങ്കിൽ അങ്ങനെ. ഞാനീ പറഞ്ഞ ചെറുക്കൻ വേൾഡ് ബാങ്ക് വൈസ് പ്രസിഡണ്ടായിരുന്നു, അതുകൊണ്ടു പറഞ്ഞെന്നു മാത്രം."

വേൾഡ്‌ബാങ്ക് വൈസ് പ്രസിഡണ്ട് എന്ന് കേട്ടതും ബിൽഗേറ്റ്‌സ് അച്ചായൻ ഒന്ന് ഇളകി, പിന്നെ മൂപ്പര് കലണ്ടറിൽ നോക്കി പറഞ്ഞു:

" എന്തായാലും ലോനപ്പൻ ചേട്ടൻ കൊണ്ടുവന്ന ഒരാലോചനയല്ലേ, നമുക്ക് നോക്കാം, ഒത്തുവന്നാൽ ഈ കർക്കിടകം കഴിഞ്ഞു ചിങ്ങത്തിൽ നമുക്കങ്ങു നടത്താം"

മറുപടി കിട്ടിയതും ലോനപ്പൻ ചേട്ടൻ നേരെ വേൾഡ് ബാങ്കിലേക്ക് വച്ചുപിടിച്ചു, ബാങ്കിന്റെ ഒരു മൂലയ്ക്ക് സിഗരറ്റും പുകച്ചുകൊണ്ടു നിന്നിരുന്ന പ്രസിഡന്റിന്റെ അടുത്തെത്തി.

" ആരിത്, ലോനപ്പൻ ചേട്ടനോ, എന്തൊക്കെയുണ്ട് ചേട്ടാ വിശേഷം ..?"

" ഞാൻ നിങ്ങൾക്ക് ഒരു പുതിയ വൈസ് പ്രസിഡന്റിനെ തരാനാണ് വന്നിരിക്കുന്നത് "

ലോനപ്പൻ ചേട്ടന്റെ പ്രപ്പോസൽ കേട്ടതും പ്രസിഡന്റ് കൈമലർത്തി.

" ഉള്ളത് പറയണമല്ലോ ലോനപ്പൻ ചേട്ടാ, ബിസിനസ്സൊക്കെ കുറവാണ്. ഉള്ളവന്മാർക്കു തന്നെ ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടാണ്"

ലോനപ്പൻ ചേട്ടൻ ഒന്ന് ഇരുത്തി മൂളി.

" ഞാൻ പറയാനുള്ളത് പറഞ്ഞു, ഈ പറഞ്ഞ ചെറുക്കൻ നമ്മുടെ ബിൽഗേറ്റ്സിന്റെ മരുമോനാണ്, അതുകൊണ്ടു പറഞ്ഞെന്നു മാത്രം."

ബിൽഗേറ്റ്സ് എന്ന് കേട്ടതും പ്രസിഡന്റിന്റെ മനസ്സിൽ ലഡ്ഡുവും ജിലേബിയും ഒരുമിച്ചു പൊട്ടി, ലോനപ്പൻ ചേട്ടന്റെ കൈ പിടിച്ചുകൊണ്ടു പുള്ളി പറഞ്ഞു :

" എന്നാപ്പിന്നെ നേരത്തേ പറയണ്ടായോ ..? ചേട്ടൻ ചെറുക്കനോട് നാളെത്തന്നെ വന്നു ജോയിൻ ചെയ്യാൻ പറ."

പണ്ടെങ്ങോ ആരോ ഈമെയിലിൽ ഫോർവേർഡ് ചെയ്ത ഈ കഥ എനിക്ക് ഓർമവന്നത് ഈയടുത്ത് നാട്ടിൽ പോയി ഒരു സൈറ്റ് വിസിറ്റ് ചെയ്തപ്പോഴാണ്. അക്കാര്യം പറയും മുൻപ് നമുക്ക് ലോനപ്പൻ ചേട്ടന്റെ കഥയിലേക്ക്‌ തിരിച്ചു വരാം. ഇവിടെ പരസ്പരം യാതൊരു ബന്ധവും ഇല്ലാത്ത മൂന്ന് വ്യക്തികളെയാണ് ലോനപ്പൻ ചേട്ടൻ കൂട്ടിക്കെട്ടുന്നത്. അങ്ങനെ കൂട്ടിക്കെട്ടുന്നത് വഴി ഒറ്റയടിക്ക് അയാൾ നിർമ്മിച്ചെടുക്കുന്നത് ഒരുപാട് കാര്യങ്ങളാണ്. ഈ കൂട്ടിക്കെട്ടൽ എങ്ങാൻ പിഴച്ചാൽ കാര്യങ്ങൾ എല്ലാം കയ്യിൽനിന്നു പോകും, അതോടെ ലോനപ്പൻ ചേട്ടന്റെ കാര്യവും ഹുദാഗവാ.

ഒരു കെട്ടിടം രൂപകൽപന ചെയ്യുമ്പോൾ, നിർമ്മിക്കുമ്പോൾ ഒരു എൻജിനീയർ ചെയ്യുന്നതും ഇതേ കൂട്ടിക്കെട്ടൽ തന്നെയാണ്. പരസ്പരം ഒരു ബന്ധവും ഇല്ലാതെ നിൽക്കുന്ന, പല അളവുകളിലും ദിശകളിലും സജീവമായി നിൽക്കുന്ന ടൺ കണക്കിന് ലോഡുകളെയാണ് അയാൾ ഇങ്ങനെ കൂട്ടിക്കെട്ടുന്നത്.

ഈ കൂട്ടിക്കെട്ടലിനെയാണ് 'ഫ്രയിമിങ്' എന്ന് പറയുന്നത്. ഇത്തരത്തിൽ ബീമുകളും തൂണുകളും കൊണ്ട് കൂട്ടിയിണക്കി ഫ്രയിമിങ് നടത്തപ്പെട്ട കെട്ടിടങ്ങളെയാണ് ഫ്രെയിംഡ് സ്ട്രക്ച്ചറുകൾ എന്ന് പറയുന്നത്. സാധാരണയായി നാം കാണുന്ന മാളുകൾ, വലിയ ആശുപത്രികൾ, ബഹുനില കെട്ടിടങ്ങൾ എല്ലാം തന്നെ ഇത്തരം ഫ്രെയിംഡ് സ്ട്രക്ച്ചറുകൾ ആയിരിക്കും. കാരണം എന്തെന്നാൽ അവയിൽ ചെലുത്തപ്പെടുന്ന ലോഡുകൾ അതിഭീമാകാരവും സങ്കീർണ്ണവും ആയിരിക്കും എന്നതുതന്നെ.

ഇനിയും ഈ ഫ്രയിമിങ് എന്നുവച്ചാൽ എന്താണെന്ന് പിടികിട്ടാത്തവർക്കായി ഒന്നുകൂടി പറയാം. ലൂസായി കെട്ടിയ ഒരുപറ്റം പുസ്തകങ്ങൾ എളുപ്പം ചിതറിപ്പോകാൻ ഇടയുണ്ട്, എന്നാൽ നല്ല ബലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുകെട്ടിയ ഒരുകെട്ട് പുസ്തകങ്ങൾ അങ്ങനെ എളുപ്പത്തിൽ ചിതറിപ്പോകില്ല. ഈ കെട്ടിനെയാണ് ഫ്രയിമിങ് എന്ന് പറയുന്നത് എന്ന് സാമാന്യമായി പറയാം. ഇതിലപ്പുറം പറയാൻ എനിക്ക് സൗകര്യമില്ല.

എന്നാൽ നമ്മുടെ സാധാരണ ചെറിയ വീടുകൾ ഒക്കെ മിക്കവാറും നിർമ്മിക്കപ്പെടുന്നത് വാൾ ബെയറിങ് സാങ്കേതിക വിദ്യയിലാണ്, ഇത്തരം കേസുകളിൽ ലോഡ് താങ്ങുന്നത് മിക്കവാറും ഭിത്തികൾ ആയിരിക്കും. വളരെ വലിയ വീടുകൾ പണിയുന്നവർക്കോ, സവിശേഷ സാഹചര്യങ്ങളിൽ ഉള്ളവർക്കോ, കയ്യിൽ ഇഷ്ടംപോലെ കാശുള്ളവർക്കോ ഒക്കെ ഫ്രയിമിഡ്‌ സ്ട്രക്ച്ചർ സാങ്കേതികവിദ്യയിലും വീട് പണിയാം, അത് അവരുടെ കാര്യം.

എന്ന് കരുതി വാൾ ബെയറിങ് രീതിയിൽ നിർമ്മിക്കപ്പെടുന്ന വീടുകളിൽ ഫ്രയിമിങ് ആവശ്യം ഇല്ല എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. ഇത്തരം വീടുകളിൽ ഈ ഫ്രയിമിങ് ഒരു പരിധിവരെ നിർവ്വഹിക്കുന്നത് ഈ ഭിത്തികൾ തന്നെയാണ്. പോരാത്തതിന് ആവശ്യമുള്ള സ്ഥലങ്ങളിൽ ചിലപ്പോൾ ബീമുകളോ തൂണുകളോ വേണ്ടിവന്നേക്കാം. ഇതൊക്കെ പ്ലാനിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

അല്ലാതെ ചുമ്മാ രണ്ടു റൂമും, ഒരു ഹാളും അടുക്കളയും, നാല് കക്കൂസും വരച്ചുവയ്ക്കൽ അല്ല ഈ പ്ലാനിങ്. എന്നാൽ എവിടെ, എങ്ങനെയാണ് ഈ ബീമുകളും തൂണുകളും നൽകേണ്ടത് എന്ന് ഒറ്റയടിക്ക് പറയാനാവില്ല. സാഹചര്യങ്ങൾക്കനുസരിച് എൻജിനീയർ എടുക്കുന്ന തീരുമാനമാണത്, ഒരുവേള അത് ആർക്കിടെക്ട് പോലും തീരുമാനിക്കേണ്ട കാര്യമല്ല.

ഇനി നമുക്ക് നാട്ടിൽ ഞാൻ വിസിറ്റ് ചെയ്‌ത സൈറ്റിലോട്ടു പോകാം. കഴിഞ്ഞ അവധിക്കാലത്ത് ചെങ്ങന്നൂരിനടുത്താണ് ഒരു പുതിയ നിർമ്മാണത്തിനായി സൈറ്റ് കാണാൻ ഞാൻ എത്തുന്നത്. സൈറ്റ് ഒക്കെ കണ്ടുകഴിഞ്ഞു ലോനപ്പൻ ചേട്ടനെപ്പോലെ ചായകുടിയും കഴിഞ്ഞു പുറത്തിറങ്ങാൻ നേരത്താണ് ഉടമയുടെ ചേട്ടൻ ഒരാവശ്യം ഉന്നയിക്കുന്നത്.

അദ്ദേഹത്തിന്റെ വീടുപണി അടുത്തുതന്നെ നടക്കുന്നുണ്ട്, ആ സൈറ്റിലും ഒന്ന് കയറണം, പുരുഷു ഒന്ന് അനുഗ്രഹിക്കണം. പക്ഷേ ഒരു പ്രശ്നമുണ്ട്. മറ്റൊരാളുടെ സാങ്കേതിക കാർമികത്വത്തിൽ പുരോഗമിക്കുന്ന സൈറ്റിൽ വലിഞ്ഞു കയറിച്ചെല്ലുക, അഭിപ്രായം വിളമ്പുക എന്നൊക്കെ പറയുന്നത് പ്രൊഫഷണൽ മര്യാദകൾക്ക് നിരക്കുന്ന കാര്യമല്ല.

പക്ഷേ ഇവിടെ ആ പ്രശ്നം ഇല്ല. കാരണം എവിടെനിന്നോ ഒരു പ്ലാൻ ഉണ്ടാക്കിച്ചു, ഏതോ മറ്റൊരാളെക്കൊണ്ട് ത്രീഡിയും ഉണ്ടാക്കിച്ചു മുന്നേറുന്ന ഒരു ജോലിയാണത്. ആളും നാഥനും ഇല്ല എന്നർത്ഥം. അങ്ങനെ സൈറ്റിൽ പോയപ്പോഴാണ് നേരത്തേ പറഞ്ഞ ഫ്രയിമിങ്ങിന്റെ അഭാവം ഞാൻ നേരിൽ കാണുന്നത്.

home-mistakes

സിറ്റൗട്ടിലേയും, ബാൽക്കണിയിലെയും തൂണുകളെ ചുവരുമായി ബന്ധിപ്പിക്കുന്ന ഒരു ബീം പോലും ആ വീട്ടിൽ ഇല്ല. തൂണുകൾ നേരെ സ്ളാബിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അങ്ങേയറ്റം അരക്ഷിതം, അശാസ്ത്രീയം, തകർന്നു വീഴാത്തത് ദൈവകാരുണ്യം കൊണ്ടാണെന്നു പറയാം. എന്നാൽ ഇനി തകർന്നു വീഴില്ല എന്നുള്ളതിനു യാതൊരു ഗ്യാരന്റിയും ഇല്ല. എന്നാൽ ഇത്തരം ഫ്രയിമിങ് ഇല്ലാത്ത വീടുകളും നിലനിൽക്കുന്നുണ്ടല്ലോ എന്നൊരു മറുചോദ്യം വരാം.

നിന്നേക്കാം. പക്ഷേ കെട്ടിടത്തിന്റെ ആയുസ്സു കുറവാകും. പത്തോ അമ്പതോ കൊല്ലം നിൽക്കേണ്ട കെട്ടിടം പകുതി ആയുസ്സു എത്തുമ്പോഴേക്കും വിള്ളലുകളും പൊട്ടലുകളും കാരണം ജീർണ്ണാവസ്ഥയിൽ എത്തും. എന്തായാലും കോൺട്രാക്ടറെ വിളിപ്പിച്ചു.

" ത്രീഡിയിൽ കണ്ടതുപോലെ ചെയ്തതാണ് " അയാൾ കൈമലർത്തി.

ത്രീഡിക്കാരന് ആളുപോയി.

" എനിക്കിതിനെക്കുറിച്ചൊന്നും അറിയില്ല. ഞാൻ ത്രീഡി വരയ്ക്കാൻ പഠിച്ചിട്ടേ ഉള്ളൂ "

ഉസ്താദ് ഫ്ലാറ്റ് ..

സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും കേരളത്തിലെ വലിയൊരളവു വീടുകളുടെയും സ്ട്രക്ച്ചറൽ എൻജിനീയറിങ് തീരുമാനിക്കുന്നത് ഇന്ന് ത്രീഡിക്കാരാണ്. വീടുകളുടെ ഭംഗി കൂട്ടാനായി ഇവർ ആദ്യം ചെയ്യുന്നത് ബീമുകൾ ഒഴിവാക്കുന്നതാണ്. അതുപോലെ അശാസ്ത്രീയമായ കാന്റിലിവറുകളും ഇഷ്ടംപോലെ കാണാം. അല്ലെങ്കിൽ ത്രീഡിയിൽ കാണിക്കുന്ന ബീമുകൾക്ക് നാമമാത്രമായ കനം മാത്രമേ ഇവർ കാണിക്കൂ. കാരണം അവർക്കു ആകെ വേണ്ടത് ഭംഗിയാണ്, കയ്യടിയാണ്.

എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല.

ഒരു ബീമിന്റെ കനം നിശ്ചയിക്കുന്നത് സങ്കീർണ്ണമായ അനേകം കാൽക്കുലേഷനുകൾക്ക് ശേഷമാണ്, ആവണം. അതുപോലെ ഒരു കെട്ടിടത്തിലെ എല്ലാ ബീമുകൾക്കു മുകളിലും ചുവർ വേണം എന്ന് യാതൊരു നിർബ്ബന്ധവും ഇല്ല. മേൽപ്പറഞ്ഞ ഫ്രയിമിങ്ങിനു വേണ്ടിയും ചിലപ്പോൾ ബീം നിർമ്മിക്കേണ്ടിവരും. ത്രീഡി ചെയ്യുന്നവർ ഭാവനാസമ്പന്നരാണ്, കലാകാരന്മാരാണ്. എന്നാൽ കല അല്ല എൻജിനീയറിങ്.

" നക്ഷത്രങ്ങളേ, നിങ്ങൾ ഭൂമിയിലോട്ടിറങ്ങി വരിക " എന്ന് മാനത്തു നോക്കി കവിക്ക് പാടാം.

അതുകേട്ടു ഏതെങ്കിലും നക്ഷത്രം എങ്ങാൻ ഭൂമിയിലേക്ക് വന്നാലുള്ള പൊല്ലാപ്പുകൾ ഒന്നും കവിക്ക് ചിന്തിക്കേണ്ട കാര്യമില്ല. അതുപോലെയാണ് ഇതും.

ഏതു കെട്ടിടം തകർന്നു വീണാലും നാം പഴി ചാരുന്നത് കോൺട്രാക്ടറെ ആയിരിക്കും. എന്നാൽ ഒരു കോൺട്രാക്ടർ മൂലം ഒരു കെട്ടിടം തകരുന്നതിനേക്കാൾ എത്രയോ അധികമാണ് എൻജിനീയറിങ് പിഴവ് മൂലം ഒരു കെട്ടിടം തകരാനുള്ള സാധ്യത, വിശേഷിച്ചും നമ്മുടെ കേരളത്തിൽ. അതിനാൽ വീടുകളുടെ രൂപകൽപനയിലും, നിർമ്മാണവേളയിലും പരിചയസമ്പന്നരായ സാങ്കേതികവിദഗ്ധരുടെ സേവനം ഉറപ്പുവരുത്തുക.

അത് ബിൽഗേറ്റ്‌സ് അച്ചായന്റെ വലിയ വീട്ടിൽ ആയാലും ശരി ..ലോനപ്പൻ ചേട്ടന്റെ ചെറിയ വീട്ടിൽ ആയാലും ശരി ..

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Importance of Framing and Structural Stability in House- Expert talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com