വീടുപണിമൂലം നല്ല ബന്ധങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്; ബുദ്ധിപരമായി ചിന്തിക്കൂ

house-mistake-suresh
Representative shutterstock image
SHARE

ജീവിതത്തിലായാലും ജോലിയിലായാലും മുന്നോട്ടുള്ള പ്രയാണത്തിന് വിഷയത്തിലുള്ള അറിവുപോലെതന്നെ പ്രധാനപ്പെട്ടതാണ് വൈകാരിക ബുദ്ധി (Emotional Inteligence). ഈ ഒരു സംഗതി വേണ്ട അളവിൽ ഇല്ലാത്തതുകൊണ്ടുമാത്രം, വേണ്ടുവോളം അക്കാദമിക് ബ്രില്യൻസ് ഉള്ള പലരും അവർ  എത്തേണ്ടയിടത്ത് എത്താതെ പോകാറുണ്ട്.

വീടുപണിയിലും വളരെ ആവശ്യം വേണ്ട ചില ബുദ്ധികളാണ് വിവേക ബുദ്ധി, നിരീക്ഷണ ബുദ്ധി, വൈകാരിക ബുദ്ധി മുതലായവ... എല്ലാറ്റിനെയും പറ്റി എഴുതിയാൽ നീണ്ടു പോകുന്നതിനാൽ ബാക്കിയൊക്കെ അവിടെ നിൽക്കട്ടെ! മിക്കവർക്കും പണി കിട്ടാറുള്ള വൈകാരിക ബുദ്ധിയുടെ പരിധിയിൽ പെടുന്ന ചെറിയ ഒരു സംഗതിയെപറ്റി പറയാം.

മിക്കവാറും വീടുപണി കഴിയുമ്പോഴേക്കും നമുക്ക് നമ്മുടെ കുറച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുണ്ടാക്കുന്ന മാനസിക സമ്മർദം ചെറുതല്ല. അതിന്റെ മൂലകാരണം മേല്പറഞ്ഞ വൈകാരികതയാണ്. സ്വന്തം വീട് പണിയുമ്പോൾ അതുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന സ്വന്തക്കാർ ഉണ്ടാവാം, അത് ഭാര്യയുടേതോ ഭർത്താവിന്റെയോ വകയിലൊരു അമ്മാവന്റെയോ ആകാം. ഇവരെ നമ്മൾ പണി ഏല്പിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഒരു ഞാണിന്മേൽ കളിയാണത്, അങ്ങോട്ടോ ഇങ്ങോട്ടൊ ഒന്ന് തെന്നി ബന്ധം വഷളായാൽ, 'പണ്ട് നമ്മൾ പനിച്ചു കിടന്നപ്പോൾ ചുക്കു കാപ്പിയിട്ടു തന്ന അമ്മായിയുടെ കൊച്ചുമോൾടെ കെട്ടിയോനാണ്, ഈ ഉത്തമനായ കോൺട്രാക്ടർ. നീ അവനോട് മറുത്തൊന്നും പറയരുത്' എന്ന തരത്തിലുള്ള അശരീരി നാനാദിക്കിൽ നിന്നും പലവുരു കേൾക്കും. ഒട്ടുമിക്ക ആശാന്മാർക്കും 'പണി വേറേ, വ്യക്തി ബന്ധം വേറെ' എന്ന് മനസിലാക്കാൻ കഴിയാതെ ഇതു രണ്ടും കോൺക്രീറ്റ് കുഴയ്ക്കുന്നത് പോലെ കൂട്ടി കുഴച്ചു നാശമാക്കി നമ്മുടെ സ്വസ്ഥത മുഴുവനും കളയും. ജാഗ്രതൈ!

house-construction

ഞാൻ ഒരു പരിധിവരെ പ്രയോഗിച്ച് വിജയിച്ച ഒരു സൂത്രം പറയാം- വീടുപണിയുടെ ഓരോ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട ജോലി കരാറ് കൊടുക്കുമ്പോൾ നമ്മുടെ സ്വന്തക്കാരോ കൂട്ടുകാരോ അത് ചെയ്യുന്നവരാണെങ്കിൽ ആദ്യം അവരെ വിളിക്കുക. എന്നിട്ട് അവരോട് പറയുക-എനിക്ക് എന്തെങ്കിലും ഒരാപത്ത് വരുമ്പോഴോ, മറ്റു സഹായം ആവശ്യമുള്ളപ്പോഴോ ആരെയെങ്കിലും വിളിക്കാൻ മുതിരുമ്പോൾ ആദ്യം മനസ്സിൽ എത്തുന്ന മുഖങ്ങളിൽ ഒന്നാണ് നിങ്ങളുടേത്.എനിക്കീ ഊഷ്മളമായ ബന്ധം ജീവിതാവസാനം വരെ കൊണ്ട് പോകണമെന്നുണ്ട് അതിനാൽ എന്നെ ഒന്ന് സഹായിക്കണം എന്ന്. 

നമ്മൾ വീടുപണിയുകയാണെന്നറിയാവുന്നവർ മിക്കവാറും നമ്മൾ കടം ചോദിക്കാനുള്ള കളമൊരുക്കുകയാണെന്ന് കരുതുമ്പോൾ പറയുക- ഈ ബന്ധം അങ്ങോളം നിലനിന്നു പോകാൻ ഞാനീ കരാർ മറ്റൊരു കക്ഷിക്ക് കൊടുക്കുകയാണ് സഹകരിക്കണം'.. ദീർഘവീക്ഷണത്തോട് കണ്ടാൽ രണ്ടാൾക്കും ഇത് കൊണ്ട് ഗുണമേയുണ്ടാകൂ എന്ന് നയപരമായി അവരെ പറഞ്ഞ് മനസിലാക്കണം.

kerala-house-construction-view

ആദ്യം അവർക്കിത് അസ്കിതയുണ്ടാക്കുമെങ്കിലും നല്ലൊരു ബന്ധം വഷളാകുന്നതിനേക്കാൾ എത്രയോ നല്ലതാണെന്ന് പിന്നീടവർക്ക് ബോധ്യം വന്നോളും. ഈ ടെക്നിക്കിൽ നമ്മൾ പ്രതീക്ഷിക്കേണ്ട ഒരു പാർശ്വഫലമുണ്ട്, പ്രസ്തുത കക്ഷി എപ്പോൾ നമ്മുടെ വീട്ടിൽ വന്നാലും മറ്റേ കക്ഷി ചെയ്ത ജോലിയിലെ കുറ്റം കണ്ടു പിടിക്കും! അത് നമ്മൾ പണ്ട് കടകളിലൊക്കെ കാണാറുള്ള കുടവയറുള്ള കുമ്പേര പട്ടരുടെ പ്രതിമ തല കുലുക്കാറുള്ളത് പോലെ തല കുലുക്കി മറ്റേ ചെവിയിലൂടെ കളഞ്ഞേക്കണം.

ഇതുകൊണ്ട്  ഉടമയ്ക്ക് ഉണ്ടാകുന്ന ഗുണങ്ങൾ നിരവധിയാണ്, ഓരോ ഘട്ടത്തിലും സമയത്തിന് ആസൂത്രണം ചെയ്ത പോലെ പണി തീരുന്നില്ലെങ്കിൽ പ്രതികരിക്കാം, ഗുണനിലവാരത്തിൽ വീഴ്ച സംഭവിച്ചാൽ മുഖം കറുത്ത് സംസാരിക്കാം, കൊടുക്കാനുള്ള കാശിന്റെ കാര്യം കണക്ക് നോക്കി ഉറപ്പ് വരുത്തി ഓരോ ഘട്ടത്തിലും കൊടുക്കാനുള്ളത് മാത്രം കൊടുക്കാം...ഇതൊന്നും ചിലപ്പോ സ്വന്തക്കാരായാൽ നടന്നെന്ന് വരില്ല.

'അടുപ്പക്കാരേണേൽ ചുളുവിൽ കാര്യം നടക്കുകേലേ ഇവനിതെന്താ' എന്നാണെങ്കിൽ ഞാനൊരുദാഹരണം പറയാം. വീടുപണി കഴിഞ്ഞ വീടുകളിൽ നിങ്ങൾ ചെന്നപ്പോൾ ഉടമസ്ഥൻ അവിടുത്തേക്ക് എടുത്ത തടിയെപറ്റി പറഞ്ഞതൊന്ന് ഓർത്ത് നോക്കിയേ...ഞാൻ കേട്ടതിൽ മുഴുവനും ഏതെങ്കിലും ഒരു മാമന്റെയോ, മച്ചാന്റെയോ പരിചയത്തിൽ, ചുളുവിലയ്ക്ക് കിട്ടിയ നല്ല മുന്തിയ ഇനമായിരിക്കും! ചുരുക്കത്തിൽ കേരളത്തിലെ എല്ലാ വീടും പണിഞ്ഞിരിക്കുന്നത് ചുളുവിലയ്ക്ക് കിട്ടിയ തടി കൊണ്ടാണ്! അപ്പോൾ  ചോദ്യമിതാണ്. ആശാന്മോരെ...ഈ കണ്ട തടിയെല്ലാം വിറ്റ മച്ചമ്പിമാർ അത് നഷ്ടത്തിൽ വിറ്റതാണോ! ഗുട്ടൻസ് ഏകദേശം പുടികിട്ടിയില്ലേ...

അറിയാവുന്നവരായാൽ ലാഭത്തിന് കാര്യം നടക്കും എന്ന് കുരുതുന്നതിൽ വലിയ കഴമ്പില്ല. ഒരാളും അവനവന്റെ കച്ചവടം നഷ്ടത്തിലാക്കി നമുക്ക് വീട് ഉണ്ടാക്കി തരികേല എന്ന് നാം ഓർക്കേണ്ടതുണ്ട്, അതിനാൽ വീടുപണി പൂർത്തിയാക്കുമ്പോൾ പഴയ ബന്ധുക്കളും,കൂട്ടുകാരും നിലനിൽക്കുന്നതിനോടൊപ്പം പുതിയ നല്ല ബന്ധങ്ങളും ഉണ്ടാവാൻ എല്ലാവരെയും നമ്മുടെ വൈകാരിക ബുദ്ധിയും,സർവ്വേശ്വരനും അനുഗ്രഹിക്കട്ടെ.

NB- എല്ലാ കേസും ഇങ്ങനെയാവണമെന്നില്ല, അതിനാൽ തന്നെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ വീടുപണി കൊടുത്തവർ ഇത് വായിച്ച് ബേജാറാവേണ്ടതില്ല. Emotional intelligence നോട് കൂടിയുള്ള കരുതൽ എടുക്കാനുള്ള ഒരോർമ്മപെടുത്തലായി മാത്രം കണ്ടാൽ മതി.

മികച്ച വീട് വിഡിയോ ഒറ്റക്ലിക്കിൽ

***

ലേഖകൻ ചാർട്ടേർഡ് സിവിൽ എൻജിനീയറാണ്

English Summary- Emotional Intelligence in House Construction; Expert Talks

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS