താരദമ്പതികളായ ബിപാഷ ബസുവിനും കരൺസിങ് ഗ്രോവറിനും ഫിറ്റ്നസിനോടുള്ള അഭിനിവേശം ബോളിവുഡിലും ആരാധകർക്കിടയിലും പ്രശസ്തമാണ്.. യോഗ, പൈലേറ്റ്സ്, ഏറോബിക്സ് തുടങ്ങിയവ ഇവരുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ മുംബൈയിൽ താരങ്ങൾ സ്വന്തമാക്കിയ വീട്ടിലും ഫിറ്റ്നസിനുതന്നെയാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
2016ൽ വിവാഹിതരായതിനുശേഷം വ്യായാമം ചെയ്യുന്നതിനായി കൂടുതൽ സൗകര്യങ്ങളുള്ള ഒരു വീട് ഇരുവരും ചേർന്ന് കണ്ടെത്തുകയായിരുന്നു. മുംബൈയിലെ ബാന്ദ്രയിലാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.
ബിപാഷയും കരണും പങ്കുവയ്ക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ വീടിന്റെ ധാരാളം ചിത്രങ്ങളും ആരാധകർക്കിടയിലേക്ക് എത്തുന്നുണ്ട്. ഫിറ്റ്നസിനോട് അഭിനിവേശമുള്ള ആരും കൊതിക്കുന്ന തരത്തിൽ ഒരു ഫിറ്റ്നസ് സോൺ തന്നെ ഇരുവരും ചേർന്ന് ഈ വീട്ടിൽ ഒരുക്കിയെടുത്തിരിക്കുന്നു.
ഔട്ട്ഡോർ ലിവിങ്ങിന്റെ മനോഹാരിതയും അതേസമയം സ്വകാര്യതയും ഒരേപോലെ ഉറപ്പുവരുത്തുന്ന പ്രത്യേക ഇടമാണ് റൂഫ് ടോപ്പിലുള്ളത്. ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്ന ഈ ഇടത്തിൽ യോഗ സ്റ്റുഡിയോയ്ക്കും വർക്ക് ഔട്ട് സ്റ്റേഷനും പുറമേ വായിക്കാനായി പ്രത്യേക സ്ഥലവും കോഫി ടേബിളും ഒരുക്കിയിട്ടുണ്ട്.
അഭിനയം, വ്യായാമം എന്നിവ കഴിഞ്ഞാൽ കരണിന് ഏറ്റവും ഇഷ്ടമുള്ള മേഖല പെയിന്റിങ്ങാണ്. അതിനാൽ അദ്ദേഹത്തിന് പെയിന്റിങ് ചെയ്യുന്നതിനായി പ്രത്യേക ഇടം വീട്ടിൽ ഒരുക്കാനും ബിപാഷ മറന്നിട്ടില്ല. ബാന്ദ്രയിലെ പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിലാണ് ഈ ആർട്ട് സ്പേസ് ഒരുക്കിയിരിക്കുന്നത്.
ലാളിത്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന വീട്ടിലെ ലിവിങ് റൂമിൽ വിവാഹദിനത്തിലേതടക്കം ഇരുവരുടെയും മനോഹരമായ നിമിഷങ്ങളുടെ ധാരാളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോവോളും ഉണ്ട്. സ്വാഭാവിക വെളിച്ചം ധാരാളമായി അകത്തേക്ക് ലഭിക്കുന്ന വിധത്തിലാണ് വീടിന്റെ രൂപകല്പന.
English Summary- Bipasha Basu Fitness House in Mumbai